മദാഇൻ സ്വാലിഹ്: ചരിത്ര ലിഘിതങ്ങളിലെ കൗതുകം
മദീനയില്‍ നിന്നും 370 കിലോമീറ്റര്‍ വടക്ക് ഭാഗത്തുള്ള അല്‍ഉല പട്ടണത്തില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെ 13.5 കിലോമീറ്ററോളം ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്ന കൂറ്റന്‍ പാറമലകള്‍ അടങ്ങുന്ന പ്രദേശമാണ് ‘ഹിജ്‌ര്‍‘ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മദായിന്‍ സ്വാലിഹ്.
സുഊദി അറേബ്യയില്‍ മദീനക്കും തബൂക്കിനുമിടയില്‍ മദായിന്‍ സ്വാലിഹിനെ തേടി വരുന്നവര്‍ക്ക് ഇവിടെ അധികനേരം ചെലവഴിച്ച് ഉല്ലസിക്കാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സ്വാലിഹ് നബിയുടെ നഗരങ്ങള്‍ അഥവാ മദായിന്‍ സ്വാലിഹ്.
വെള്ളപ്പൊക്കത്തിലൂടെ നശിപ്പിക്കപ്പെട്ട നൂഹ് (അ) നബിയുടെ സുമേറിയന്‍ ജനത, ഏഴ് രാത്രിയും ഏഴ് പകലും നീണ്ട കൊടുങ്കാറ്റിലൂടെ നശിപ്പിക്കപ്പെട്ട ഹൂദ് (അ) നബി നിയോഗിക്കപ്പെട്ട ആദ് സമുദായം, ഘോര ശബ്ദത്തിലൂടെ ഉന്മൂലനാശം വരുത്തിയ സ്വാലിഹ് (അ) നബിയുടെ സമൂദ് ഗോത്രം, ഭൂകമ്പത്തിലൂടെ നശിപ്പിക്കപ്പെട്ട ശുഐബ് (അ) നബി നിയോഗിതനായിരുന്ന മദായിന്‍ സമൂഹം, ചെങ്കടലില്‍ മുക്കി നശിപ്പിക്കപ്പെട്ട മൂസ (അ) നബി നിയോഗിതനായ ഈജിപ്റ്റിലെ ഫറോവമാരുടെ കീഴിലെ ജനത തുടങ്ങിയവയെല്ലാം എന്നെന്നേക്കുമുള്ള ജനതക്ക് പാഠമായി ഖുര്‍ആന്‍ കഥ വിവരിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചരിത്രാവശിഷ്ടങ്ങള്‍ ബാക്കിയാക്കപ്പെടുകയും ചെയ്ത സംഭവങ്ങളാണ്. ഭൂമിയിലൂടെ സഞ്ചരിക്കുവാനും അക്രമികളും കുറ്റവാളികളുമായിട്ടുള്ളവരുടെ പര്യവസാനം എങ്ങനെയെന്ന് കണ്ടുമനസ്സിലാക്കുവാനും ഖുര്‍ആന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ഈ രീതിയില്‍ നശിപ്പിക്കപ്പെട്ട സമൂദ് ഗോത്രത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ബാക്കി നില്‍ക്കുന്ന സഊദി അറേബ്യയിലെ ഒരു പ്രദേശമാണ് മദായിന്‍ സ്വാലിഹ്.
വിശുദ്ധ ഖുര്‍ആന്‍ സൂറ അഅറാഫ് (73 -75), സൂറ ഹൂദ് (61-68), സൂറ ശുഅറാഅ് (141-159), സൂറ നംല് (45-53) തുടങ്ങിയിടങ്ങളില്‍ ആവര്‍ത്തിച്ച് വിശദീകരിക്കുന്നുണ്ട്.
ആദ് സമുദായത്തിനുശേഷം നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചതും ഭൂമിയില്‍ നിങ്ങള്‍ക്ക് ഈ അധിവാസ സൗകര്യം പ്രദാനംചെയ്തതും ഓര്‍ക്കണമെന്ന് ഖുര്‍ആന്‍ സമൂദ് ജനതയോട് പറയുന്നുണ്ട്. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നുവെന്നും പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുന്നുവെന്നും ഉണര്‍ത്തിയശേഷം ദൈവത്തിന്റെ ശക്തിയുടെ അടയാളങ്ങളെക്കുറിച്ച് അശ്രദ്ധരാകരുതെന്നും ഭൂമിയില്‍ നാശമുണ്ടാക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
അറേബ്യയിലെ അതിപുരാതനമായ രണ്ടാമത്തെ സമുദായമായാണ് സമൂദിനെ കണക്കാക്കുന്നത്. ആദിനുശേഷമുള്ള ഇവരുടെ കഥകള്‍ വിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് മുമ്പുതന്നെ അറബികളില്‍ പ്രചാരം നേടിയിരുന്നു.
വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക. ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ കച്ചവടസംഘങ്ങള്‍ മദായിന്‍ സ്വാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന്‍ ഈ വഴി യാത്ര ചെയ്തിരുന്നുവെന്നും പുരാവസ്തുക്കള്‍ക്കിടയിലെ കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂദിന്റെ നഷ്ടാവശിഷ്ടങ്ങളിലൂടെ ചുറ്റിക്കറങ്ങിയ അനുചരന്മാരോട് അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമാണിതെന്നും ഉല്ലാസ വേദിക്കപ്പുറം വിലാപ വേദിയാണിതെന്നും ചൂണ്ടിക്കാട്ടി അവിടെ നിന്ന് വേഗം കടന്നുപോകാന്‍ പ്രവാചകന്‍ നിര്‍ദേശിക്കുകയുണ്ടായി.
ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന സമുദായമാണ് സമൂദ് ഗോത്രം. അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരുന്നു സ്വാലിഹ് നബി (അ).
സമതലങ്ങളില്‍ വലിയ ഗോപുരങ്ങള്‍ നിര്‍മ്മിക്കുകയും പാറകള്‍ തുരന്ന് വലിയ വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്ന ഈ സമൂഹം ദൈവാനുഗ്രഹങ്ങള്‍ വിസ്‌മരിച്ച് അഹങ്കരിക്കുകയും ഏകദൈവാരാധനയില്‍ നിന്ന് അകലുകയും ചെയ്തപ്പോള്‍ സ്വാലിഹ് (അ) അവരെ ഏകദൈവാരാധനയിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പ്പിക്കുകയും ചെയ്തു.
സ്വാലിഹ് നബിയില്‍ വിശ്വസിക്കുവാന്‍ തക്ക ദൃഷ്ടാന്തങ്ങള്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹു അസാധാരണമാം വിധം ഒരു ഒട്ടകത്തെ സൃഷ്ടിക്കുകയും അതിനെ അക്രമിക്കരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ വെള്ളം കുടിക്കുന്ന കിണറില്‍ നിന്ന് ആഴ്ചയില്‍ ഒരു ദിവസം വെള്ളം കുടിക്കുവാന്‍ ഈ ഒട്ടകത്തിനും ബാക്കി ആറു ദിവസം ഥമൂദ് ജനതക്കും ഊഴം നിശ്ചയിച്ചു നല്‍കി.
എന്നാല്‍ അക്രമികളായ ആ ജനത ഇത് ലംഘിക്കുകയും ഒട്ടകത്തെ കൊന്നുകളയുകയും ചെയ്തു. യാതൊരു നന്മയും ചെയ്യാത്ത തിന്മകള്‍ മാത്രം കൈമുതലായുള്ള ഒമ്പത് ആക്രമി സംഘങ്ങള്‍ ഇവിടെയുണ്ടായിരുന്നു. അവര്‍ സ്വാലിഹ് (അ) നബിയെയും ജനതയെയും കൊലചെയ്യുവാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. എന്നാല്‍ അല്ലാഹു അവരുടെ തന്ത്രങ്ങള്‍ പരാജയപ്പെടുത്തി സ്വാലിഹ് (അ) നബിയെയും ജനതയെയും രക്ഷപ്പെടുത്തി.
ഘോര ശബ്ദത്തിലൂടെ കമിഴ്ന്ന് വീണ് കിടക്കുന്ന രീതിയില്‍ അവരെ നശിപ്പിക്കുകയും മുമ്പെങ്ങും ഇവിടെ ജീവിച്ചിട്ടില്ലാത്തവിധം ഉന്മൂലനാശം വരുത്തുകയും ചെയ്തു.
ദൈവിക ശിക്ഷയിറങ്ങിയ പ്രദേശമെന്ന നിലക്ക് മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഈ പ്രദേശം 2008 ല്‍ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടി.
സഊദി അറേബ്യയില്‍ നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം തേടുന്ന പ്രദേശമാണ് മദായിന്‍ സ്വാലിഹ്.
പാറകള്‍ തുരന്ന് വീടുകള്‍ തയ്യാറാക്കിയതില്‍ ചെറുതും വലുതുമായ 132 ശിലാവനങ്ങള്‍ ഈ പ്രദേശത്ത് നിലനില്‍ക്കുന്നു. സമൂദ് ഗോത്രത്തിന്റെ വാസ്തു, ശില്പ നിര്‍മ്മാണ നൈപുണ്യം മനസ്സിലാക്കാനുതകുന്ന ഈ വീടുകള്‍ക്ക് പുറമെ അറുപതോളം കിണറുകളും ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും, ലിഖിതങ്ങളും, ചിത്രകലകളും അല്‍ഉല മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
കുടുതൽ ചിത്രങ്ങൾ താഴെ
Post a Comment