മിഅ്റാജ് നോമ്പ് സുന്നത്ത്
നബി(സ) യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബി(സ)യിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്.
ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ് – മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.
പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്.
മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) പ്രത്യേക വിധത്തില്‍ സംഭാഷണവും നടത്തി. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം.
അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം.
ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അന്പത് വഖ്ത് നിസ്കാരവുമായിട്ടാണ് നബി(സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി(അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്. (ബുഖാരി 1/51)
നൂറ്റാണ്ട് മുന്പ് മരണപ്പെട്ട മൂസാനബി(അ) സത്യത്തില്‍ നബി(സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ തര്‍ക്കിക്കുയും ശിര്‍ക്കാരോപിക്കുകയും ചെയ്ത് സമയം കൊല്ലുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ.
മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍ . മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.
മിഅ്റാജ് ദിനത്തിലെ നോന്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോന്പ് അറുപത് മാസത്തെ നോന്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361).
അനസ് (റ) വില്‍ നിന്ന് നിവേദനം – നബി(സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോന്പനുഷ്ടിക്കുകയും നോന്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.
അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോന്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)
എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്, ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി’അരാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്, ( ബാജൂരി:1/544, ഇആനത്:2/264, ഇഹ്യ : 1/328 കാണുക )
റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ (സ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെകുറിച്ച് ബോധവാന്‍മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്.
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. ഫതാവല്‍ കുബ്റ 2/54 നോക്കുക.
ഇമാം ജൗസി(റ) ഉദ്ധരിക്കുന്നു.
عَنْ أَبِي هُرَيْرَةَ ، قَالَ : ” مَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ الْيَوْمُ الَّذِي نُزِلَ فِيهِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالرِّسَالَةِ أَوَّلُ يَوْمٍ هَبَطَ فِيهِ ” .
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം, നബി(സ) പറഞ്ഞു “ആരെങ്കിലും റജബ് 27 ന് നോമ്പനുഷ്‌ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവന് നല്‍കും”.
(ഇമാം ജൗസി - അൽ മുൻതളം ഫീ താരീഖിൽ ഉമം.)
ചരിത്രത്തിലെ മിക്ക കാര്യങ്ങളിലും ഒന്നിലധികം അഭിപ്രായങ്ങളുണ്ടാകും. നബി(സ) ജനിച്ചത്, നുബുവ്വത് കിട്ടിയത്, ഹിജ്റ ചെയ്തത്, ഇതിലെല്ലാം ഇത്തരം അഭിപ്രായാന്തരങ്ങള്‍ കാണാം.
ചരിത്രകാരന്മാര്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപെടുത്തിയതു കൊണ്ട് അത് ഇപ്പോഴും വ്യക്തമല്ല എന്നര്‍ത്ഥമാക്കേണ്ടതില്ല.
ആരെങ്കിലും എപ്പോഴെങ്കിലും എതിരഭിപ്രായം പറയുകയോ രേഖപെടുത്തുകയോ ചെയ്താല്‍ ശേഷമുള്ളവര്‍ അത് എടുത്തുദ്ധരിക്കും, അതിന്‍റെ സത്യാവസ്ഥ വ്യക്തമാണെങ്കിലും.
കാലങ്ങളായി മുസ്ലിം ലോകം റജബ് 27 മിഅ്റാജിന്‍റെ ദിനമായി അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. മഹാന്മാരായ ഫുഖഹാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ മിഅ്റാജ് ദിനം എന്ന നിലക്ക് അന്നു നോമ്പു നോല്‍ക്കല്‍ സുന്നത്താണെന്ന് രേഖ പെടുത്തുകയും ചെയ്ത സ്ഥിതിക്ക് അതില്‍ സംശയിക്കേണ്ടതില്ല.
റജബ് 27 ൽ നോമ്പം സുന്നത്താണെന്നതിന് 5 മാനങ്ങൾ നമുക്ക് കണ്ടെത്താനാകും.
1) നോമ്പു ഹറാമല്ലാത്ത ഏതു ദിവസവും നിരുപാധിക സുന്നത്ത് നോമ്പു അനുഷ്ടിക്കാം.
2) എല്ലാ മാസവും അവസാനത്തെ മൂന്നു ദിവസങ്ങള്‍ നോമ്പു നോല്‍ക്കല്‍ സുന്നത്താണ്. ചില മാസങ്ങളില്‍ 29 ദിവസങ്ങളേ ഉണ്ടാവാറുള്ളൂ എന്നതിനാല്‍ സൂക്ഷ്മതക്കു വേണ്ടി 27ലും നോല്‍ക്കാവുന്നതാണ്.
3) യുദ്ധം ഹറാമായ നാലു മാസങ്ങളില്‍ നോമ്പു നോല്‍ക്കുന്നത് പ്രത്യേകം സുന്നത്താണ്.
4) റജബ് മാസത്തില്‍ നോമ്പിനു പ്രത്യേക സുന്നത്തുണ്ട്
5) റജബ് 27നു നോമ്പു നോല്‍ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഹദീസ് പ്രസിദ്ധരായ പണ്ഡിതന്മാര്‍ റിപോര്‍ട്ടു ചെയ്യുകയും വിശ്വാസ യോഗ്യരായ ഫുഖഹാക്കള്‍ അവരുടെ കിതാബുകളില്‍ അത് സുന്നത്താണെന്നു രേഖപ്പെടുത്തുകയുo ചെയ്തിട്ടുണ്ട്.
Post a Comment