റജബ് മാസം വരവായ്...!!!


റജബുമാസത്തിലെ പ്രാര്‍ത്ഥന
അനസ്(റ)ല്‍നിന്നു നിവേദനം: നബി(സ) റജബു മാസം സമാഗതമായാല്‍ അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വശഅ്ബാന വബില്ലാഗ്നാ റമളാന്‍ എന്നു പ്രാര്‍ത്ഥിച്ചിരുന്നു.
ഇത് നിരവധി പണ്ഡിതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഈ പ്രാര്‍ത്ഥനതയില്‍ നബി(സ) യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതുപോലെ പ്രാര്‍ത്ഥികലാണ് അഭികാമ്യം. ബല്ലിഗ്‌നാ റമളാന്‍ എന്നാണു ഹദീസില്‍ വന്നിട്ടുള്ളത്. ശഹ്‌റുറമളാന്‍ എന്നു വന്നതുകാണുന്നില്ല.

പുണ്യദിനരാത്രികളില്‍ ഇബാദത്തു ചെയ്യാന്‍വേണ്ടി ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കല്‍ സുന്നത്താണെന്നു ഈ ഹദീസ് ഉദ്ധരിച്ചു പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. റമളാനിലേക്ക് ഞങ്ങളെ എത്തിക്കണേ എന്നാണല്ലോ ഈ പാര്‍ത്ഥനയിലെ അവസാനത്തിലുള്ളത്. പ്രസ്തുത പ്രാര്‍ത്ഥനയ്ക്കുശേഷം പലരും പ്രാര്‍ത്തിക്കുന്ന വവഫ്ഫിഖ്‌നാലിസ്സിയാമി… എന്ന വാക്യം ഹദീസില്‍ വന്നതായി കണ്ടിട്ടില്ല.

റജബ് എന്ന പദം മുന്‍സരിഫ് ആയിട്ടും ഗയ്ര്‍ മുന്‍സരിഫ് ആയിട്ടും ഉപയോഗിക്കും. ‘ഫീ റജബിന്‍’ എന്നും ഫീറജബ് എന്നും പ്രാര്‍ത്ഥിക്കാം. ഗയ്ര്‍ മുന്‍സരിഫായി ഉപോയഗിക്കുമ്പോള്‍ അലമ്, അദ്‌ല് എന്നീ രണ്ടു ഇല്ലത്തുകളാണിവിടെയുള്ളത്. അര്‍റജബ് എന്നതില്‍ നിന്നുള്ളതാണ് റജബ്. ഇത് നഹ്വീ ഗ്രന്ഥമായ ഖുള്‌രി (2/107 )സ്വബ്ബാന്‍( 3/176) എന്നിവയിൽ കാണാം



അല്ലാഹുമ്മ ബാരിക്‌ലനാ.. എന്ന പ്രാര്‍ത്ഥന ശഅ്ബാന്‍ മാസത്തില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കിലും ഫീ റജബിന്‍ എന്ന പദം ഉപേക്ഷിക്കേണ്ടതില്ല. ഉപേക്ഷിക്കണമെന്നതിനു രേഖയുമില്ല. അതേ സമയം ഹദീസില്‍ വന്നത് അതേ പടി കൊണ്ടുവരണമെന്നു ഇമാമുകള്‍ പഠിപ്പിച്ചിട്ടുമുണ്ട്.
ചുരുക്കത്തില്‍ പ്രസ്തുത പ്രാര്‍ത്ഥന എപ്പോള്‍ ദുആ ചെയ്യുകയാണങ്കിലും ഹദീസില്‍ വന്ന പദത്തിനോട് പിന്‍പറ്റലാണു അഭികാമ്യം
. ശഅ്ബാന്‍ മാസത്തില്‍ കഴിഞ്ഞ റജബില്‍ ബറകത്ത് നല്‍കണേ എന്നു പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥ ശൂന്യത ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍ റജബില്‍ തുടങ്ങി വച്ചതില്‍ ബറകത്ത് നല്‍കണമേ എന്നോ മറ്റോ അര്‍ത്ഥ കല്‍പ്പനയും നല്‍കാമല്ലോ.
 റജബ് ഇരുപത്തി ഏഴാം രാവില്‍ ഭക്ഷണ വിഭവങ്ങളൊരുക്കി വീട്ടുകാരെയും കുട്ടികളെയും സന്തോഷിപ്പിക്കുന്ന പതിവ് പലയിടത്തും ഉണ്ട്. ഇതു നല്ല ആചാരമാണ്.

റജബിൽ വിടപറഞ്ഞ മഹത്തുക്കൾ

ഇമാം മുസ്ലിം(റ)



അബുല്‍ഹസന്‍ മുസ്ലിം ഇബ്നുല്‍ ഹജ്ജാജ്
 അല്‍ഖുറൈശി എന്നാണ് മുഴുവന്‍ പേര്. ഹി: 204(ക്രി.വ: 817)ല്‍ ബുഖാറക്കടുത്ത നിശാപൂരില്‍, ഖുറാസാനിലെ കുലീനരായ അറബ് മുസ്ലിംകളുടെ കുടുംബത്തില്‍ ജനിച്ചു. നാലു ഖലീഫമാരുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രപിതാക്കള്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുഹദ്ദിസു കൂടിയായിരുന്ന പിതാവില്‍നിന്ന് ഇമാം മുസ്ലിമിന് അളവറ്റ ധനം അനന്തരാവകാശമായി ലഭിച്ചു. വിവിധ വിജ്ഞാന കേന്ദ്രങ്ങളിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇമാം മുസ്ലിം ഹദീസുകള്‍ അന്വേഷിച്ചിറങ്ങി. അവസാനം നിശാപൂരില്‍ (നൈസാബൂര്‍) താമസമാക്കി.
 ശിഷ്ടകാലം ഹദീസ് തരം തിരിക്കുന്നതിനും പഠിപ്പിക്കുന്നതിനും ചെലവഴിച്ചു. ഹി:261 (ക്രി.വ: 874)ല്‍ നിര്യാതനായി. ആധികാരികതയിലും വിശ്വാസ്യതയിലും സ്വഹീഹുല്‍ ബുഖാരിക്കുശേഷം സ്വഹീഹു മുസ്ലിം പരിഗണിക്കപ്പെടുന്നു. ബുഖാരിയും മുസ്ലിമും ഒന്നിച്ചു സ്വീകരിച്ച ഹദീസിനെ മുത്തഫഖുന്‍ അലൈഹി(ബുഖാരിയും മുസ്ലിമും യോജിച്ചത്) എന്നു വിളിക്കുന്നു.



ഖാജാ മുഈനുദ്ദീന്‍ ഛിശ്തി (റ) – അജ്മീര്‍.




ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തി ഖാജാ മുഈനുദ്ദീന്‍ ഛിശ്തി അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രമാണ് അജ്മീര്‍ ശരീഫ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 135 കി.മീ ദൂരം സഞ്ചരിച്ചാല്‍ അജ്മീരിലെത്താം. മഷാശൃ1141-ല്‍ സിജിസ്ഥാനില്‍ ജനിച്ച ഖാജ റസൂല്‍ (സ്വ) യുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഛിശ്തിയ്യ ത്വരീഖത്തിന്റെ ശൈഖായ മഹാന്‍ 1192 ലാണ് അജ്മീരിലെത്തിയത്. അന്ന് അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൃഥിരാജിന്റെ ഭരണത്തിലായിരുന്നു. പിന്നീട് സുല്‍ത്താന്‍ മുഹമ്മദ് ഗോറി അക്രമണം നടത്തുകയും ക്രൂരനായ പൃഥിരാജില്‍ നിന്ന് രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. ഖാജ (റ)യുടെ ആത്മീയ സാന്നിധ്യം മനസ്സിലാക്കി ധാരാളം ആളുകള്‍ അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു. അവിടുത്തെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും പ്രവര്‍ത്തനവും കാരണം ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാം സ്വീകരിച്ച് സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നു വന്നു.
1236-ലാണ് മഹാനവര്‍കള്‍ വഫാത്തായത്.

അബ്ബാസ്(റ).




അബ്ദുൽ മുത്തലിബിന്റെ പന്ത്രണ്ടു സന്തതികളിലൊരാളും മുഹമ്മദു നബി(സ)യുടെ പിതൃസഹോദരനുമായിറ്റുന്നുഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്. ധനികനും വർത്തകപ്രമാണിയും തത്ത്വചിന്തകനുമായിരുന്ന അബ്ബാസ്(റ) ആദ്യകാലത്ത് ഇസ്ലാമിന്റെ ഒരു എതിരാളികൂടിയായിരുന്നു. ബദർയുദ്ധത്തിൽ ഇസ്ലാമികപക്ഷത്തിനെതിരായി ശത്രുക്കളുടെകൂടെ ചേർന്ന് ഇദ്ദേഹം യുദ്ധം ചെയ്തു. യുദ്ധത്തിൽ ബന്ധനസ്ഥനാക്കപ്പെട്ടതിനെ തുടർന്ന് സ്വന്തമായി പ്രതിഫലം നൽകി വിമോചിതനായി. അതിനുശേഷം ഇസ്ലാംമതം സ്വീകരിക്കുകയും മതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഒരു ധർമഭടനായി മറ്റു മുസ്ലീങ്ങളോടൊപ്പം അടരാടുകയും ചെയ്തിട്ടുണ്ട്. ഖുറൈഷികളിൽവച്ചു തന്ത്രജ്ഞനും ബുദ്ധിശാലിയുമായിരുന്നുവെങ്കിലും അബ്ബാസ് ബദർയുദ്ധംപോലെയുള്ള സന്ദിഗ്ധഘട്ടങ്ങളിൽ ശത്രുപക്ഷത്തു ചേർന്നു വർത്തിച്ചതിനാൽ തനിക്കു ശേഷം ഖലീഫയെ തിരഞ്ഞെടുക്കുവാൻ ഉമർ നിയമിച്ച സമിതിയിലോ അതുപോലുള്ള മറ്റു രാഷ്ട്രീയ മതരംഗങ്ങളിലോ ഇദ്ദേഹത്തിന് സ്ഥാനം ലഭിച്ചില്ല. 88-ആമത്തെ വയസ്സിൽ, എ.ഡി. 653-ൽ ഹിജ്റ 230ൽ  റജബ് മാസം 12ന് വെള്ളിയഴ്ച മദീനയിൽവച്ച് ഇദ്ദേഹം വഫാത്തായി.

ഇമാം തുർമുദി(റ)




മുഹമ്മദ് ബിന്‍ ഈസാ ബിന്‍ സൂറത്ത് അത്തുര്‍മുദി എന്ന് ശരിയായ പേര്. അബൂ ഈസാ എന്ന് ഓമനപ്പേര്. ഹിജ്‌റ 210 ല്‍ ഉസ്ബകിസ്താനിലെ തുര്‍മുദില്‍ ജനിച്ചു.
ചെറുപത്തില്‍തന്നെ ഹദീസ് വിജ്ഞാന ശാഖയില്‍ തല്‍പരനാവുകയും അതില്‍ പരിജ്ഞാനം നേടാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്തു. സ്വന്തം നാട്ടിലും പരിസരത്തുമായി അനവധി പണ്ഡിതന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിജ്ഞാന ദാഹം അവരില്‍ പരിമിതപ്പെടാന്‍ അനുവദിച്ചില്ല. അതുകൊണ്ടുതന്നെ, വിജ്ഞാനത്തിന്റെ വിളനിലങ്ങളായ വിശ്വപ്രസിദ്ധ കേന്ദ്രങ്ങള്‍ തേടി യാത്ര പുറപ്പെടാന്‍ അദ്ദേഹം തയ്യാറായി.

ഖുറാസാന്‍, ഇറാഖ്, ഹിജാസ് എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ യാത്രാ കേന്ദ്രങ്ങള്‍. ഈ യാത്രയില്‍ അനവധി പണ്ഡിതന്മാരെ കണ്ടുമുട്ടുകയും അവരില്‍നിന്നും ഹദീസ് സ്വീകരിക്കുകയും ചെയ്തു. തന്റെ ജ്ഞാനപുഷ്ടിക്കുവേണ്ടി ആയിരത്തിലേറെ ഗുരുജനങ്ങളെ സമീപിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഖുതൈബ ബിന്‍ സഈദ്, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, മുഹമ്മദ് ബിന്‍ അംറ് അല്‍ ബല്‍ഖി, മഹ്മൂദ് ബിന്‍ ഗൈലാന്‍, ഇസ്മാഈല്‍ ബിന്‍ മൂസാ അല്‍ ഫസാരി തുടങ്ങിയ ജ്ഞാനികളില്‍ നിന്നും അദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

ജാമിഇനു പുറമെ വേറെയും അനവധി ഗ്രന്ഥങ്ങള്‍ വ്യത്യസ്ത വിഷയങ്ങളിലായി അദ്ദേഹത്തിന്റെതായിട്ടുണ്ട്. ശമാഇലുത്തുര്‍മുദി, അസ്മാഉ സ്വഹാബ, കിതാബുന്‍ ഫില്‍ ജര്‍ഹി വ ത്തഅ്ദീല്‍, കിതാബുന്‍ ഫി താരീഖ് എന്നിങ്ങനെ പോകുന്നു അതില്‍ സുപ്രധാന ഗ്രന്ഥങ്ങളുടെ പേരുകള്‍. ഹിജ്‌റ 279 റജബ് മാസം തുര്‍മുദില്‍വെച്ച് മരണപ്പെട്ടു. 70 വയസ്സുണ്ടായിരുന്നു.


മുആവിയ(റ)



അബൂസുഫ്‌യാൻ(റ)ന്റെ മകനായ മുആവിയ(റ) പിതാവിന് മുമ്പേ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരിൽ പെട്ട ഉമ്മു ഹബീബ(റ)യുടെ സഹോദരനാണ്. തിരുനബി(സ്വ)യുടെ വഹ്‌യ് രേഖപ്പെടുത്താൻ എൽപ്പിച്ചിരുന്ന സ്വഹാബി പ്രമുഖനുമാണ്. നബി(സ്വ)യുടെയും അദ്ദേഹത്തിന്റെയും പിതൃപരമ്പര പിതാമഹൻ അബ്ദുമനാഫിൽ സന്ധിക്കുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിന് വർഷങ്ങൾക്ക് മുമ്പാണ് ജനനം. മക്കയിൽ നബി(സ്വ)ക്കും വിശ്വാസികൾക്കും പീഡനങ്ങളേൽക്കേണ്ടി വന്ന കാലത്ത് ഖുറൈശി പ്രമുഖന്റെ പുത്രനായിരുന്നിട്ടും മുആവിയ(റ)യിൽ നിന്നു അവിടുത്തേക്ക് വിഷമങ്ങളൊന്നും നേരിട്ടിരുന്നില്ല.
ഇസ്‌ലാം പരസ്യമാക്കിയ ശേഷം നബി(സ്വ)യോടൊപ്പമുള്ള മുആവിയ(റ)യുടെ ജീവിതം ഹ്രസ്വമെങ്കിലും ധന്യമായിരുന്നു. ഹിജ്‌റ എട്ട് റമളാനിലായിരുന്നു മക്കാ വിജയം. അതിനു തൊട്ടടുത്ത മാസത്തിലാണ് ഹുനൈൻ സംഭവം. അതിൽ നബി(സ്വ)യോടൊപ്പം മുആവിയ(റ) സംബന്ധിക്കുകയുണ്ടായി. നൂറ് ഒട്ടകങ്ങളും നാൽപത് ഊഖിയ(1600 ദിർഹം)യും ഗനീമത്തിൽ നിന്ന് അദ്ദേഹത്തിനു റസൂൽ(സ്വ) നൽകുകയുമു ണ്ടായി.

സാഹചര്യത്തിന്റെ തേട്ടം പോലെ ഒരു നിയോഗമായി മുസ്‌ലിം ഉമ്മത്തിന് നായകത്വം നൽകി മുആവിയ(റ). നബി(സ്വ)യുമായുള്ള സഹവാസത്തിന്റെ ഗുണം ഭൗതിക ജീവിതത്തിലും പാരത്രിക ലോകത്തും ലഭ്യമാവുന്ന ഭാഗ്യവാന്മാരാണവരെല്ലാം. ഹിജ്‌റ 60 റജബ് 21-നായിരുന്നു മുആവിയ(റ)യുടെ വിയോഗം.

ഇമാം നവവി(റ)



ഇമാം ശാഫിഈ(റ)യുടെ കാലം മുതല്‍ ഹിജ്‌റ ഏഴാം നൂറ്റാണ്ട് വരെയുള്ള നീണ്ട നാലു നൂറ്റാണ്ടിലേറെക്കാലം ശാഫിഈ കര്‍മധാരയിലുണ്ടായ മുഴുവന്‍ കര്‍മശാസ്ത്ര വികാസങ്ങളെയും വിലയിരുത്തുകയും യോഗ്യമായവയെ പ്രബലപ്പെടുത്തുകയും (തര്‍ജീഹു സ്വഹീഹ്) ചെയ്യുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കാന്‍ ഭാഗ്യം ലഭിച്ചത് ഇമാം നവവി(റ) എന്ന പണ്ഡിതപ്രതിഭയ്ക്കായിരുന്നു. തനിക്കു മുന്‍പ് വന്ന എല്ലാ കര്‍മശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായങ്ങളേക്കാളും രചനകളേക്കാളും തന്റെ പ്രബലപ്പെടുത്തലുകള്‍ക്കും (തര്‍ജീഹാത്ത്) രചനകള്‍ക്കും മുന്‍ഗണന ലഭിക്കും വിധം, ശാഫിഈ കര്‍മശാസ്ത്ര സരണിയുടെ വളര്‍ച്ചാഗതിയെ തന്നെ മാറ്റിയെഴുതുകയായിരുന്നു ഹിജ്‌റ 631-ല്‍ (ക്രി.1233) ജനിച്ച ആ വലിയ പണ്ഡിതന്‍. ഇന്നും ഏത് കര്‍മശാസ്ത്ര തീര്‍പ്പുകളുടെയും അവ്വലും ആഖിറുമായി ഇമാം നവവി(റ) പരിഗണിക്കപ്പെട്ടുപോരുന്നു.

വിവിധ വിഷയങ്ങളില്‍ വലിയ ജ്ഞാനത്തികവ് നേടാനും ധാരാളം രചനകള്‍ നിര്‍വഹിക്കാനും 45വര്‍ഷത്തെ തന്റെ ജീവിതത്തിനിടയില്‍ എങ്ങനെ സാധിച്ചുവെന്നത് ചരിത്രാന്വേഷികള്‍ക്ക് എന്നും കൗതുകമാണ്. വിവാഹം പോലും കഴിക്കാതെ, ഇസ്‌ലാമിക ജ്ഞാനസമ്പത്തിനു കാവലിരുന്ന ആ ജീവിതം ഹിജ്‌റ 676-ല്‍(ക്രി.1277) വിടവാങ്ങി.

ഇമാം അബൂ ഹനീഫ(റ).




നുഅ്മാന്‍ എന്ന് യഥാര്‍ഥ നാമം. ഇമാമുല്‍ അഅ്‌ളം എന്ന പേരില്‍  അറിയപ്പെട്ടു. പിതാവ് സാബിത് പേര്‍ഷ്യന്‍ വംശജനായ കച്ചവടക്കാരനായിരുന്നു. അബ്ദുല്‍ മലികിന്റെ ഭരണകാലത്ത് ഹിജ്‌റ 80 ല്‍ കൂഫയില്‍ ജനിച്ചു. ഇരുപതില്‍പരം സ്വഹാബികളെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അനസ് ബ്‌നു മാലിക് (റ), മഅ്ഖല്‍ ബിന്‍ യസാര്‍ (റ) തുടങ്ങിയവര്‍ അതില്‍ ചിലരാണ്.

പിതാവ് ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടതിനാല്‍ കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുഹദ്ദിസ് ഇമാം ശുറഹ്ബീല്‍ ശഅ്ബിയുടെ നിര്‍ദേശപ്രകാരം വിജ്ഞാനരംഗത്തേക്ക് ഇറങ്ങി. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവഗാഹം നേടി. അവരുടെ ബുദ്ധിവൈഭവവും പാണ്ഡിത്യവും സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. പ്രധാന മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബ് കോഡ്രീകരിക്കുകയും ജനങ്ങളുടെ ആരാധനകളും പ്രവര്‍ത്തനങ്ങളും ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.


പാണ്ഡിത്യത്തിന്റെ വിഷയത്തില്‍ ഇമാം ശാഫിഈ  അബൂ ഹനീഫ (റ) നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. കര്‍മശാസ്ത്ര വിഷയത്തില്‍ ഭൂമിയിലുള്ള എല്ലാവരും അബൂഹനീഫയുമായി  കട്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇടക്കിടെ അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശിക്കുകയും  അവിടെവെച്ച് പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നു ഇമാം ശാഫിഈ (റ).

ഖലീഫ മന്‍സൂര്‍ ഒരിക്കല്‍ അദ്ദേഹത്തെ കൂഫയില്‍നിന്നു ബഗ്ദാദില്‍ കൊണ്ടുവരികയും അവിടത്തെ ഖാസി സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, അദ്ദേഹം അതിന് തയ്യാറായില്ല. ഖലീഫ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. തന്റെ കല്‍പന തള്ളിക്കളഞ്ഞ ഇമാം അബൂഹനീഫയെ കുപിതനായ ഖലീഫ ജയിലിലടച്ചു. ശേഷം, അദ്ദേഹം അവിടെവെച്ചായിരുന്നുവത്രെ മരണപ്പെട്ടിരുന്നത്. അദ്ദേഹം സ്വതന്ത്രമാക്കപ്പെട്ടിരുന്നുവെന്നും ഒരഭിപ്രായമുണ്ട്. ഹിജ്‌റ വര്‍ഷം 150 ന് ബഗ്ദാദില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. അഅ്‌ളമിയ്യ എന്ന സ്ഥലത്ത് വിഖ്യാത ഇമാം അബൂ ഹനീഫ മസ്ജിദിനരികെ അന്ത്യവിശ്രമം കൊള്ളുന്നു.


ഇമാം ശാഫിഈ (റ).





വിശ്വപ്രസിദ്ധ മദ്ഹബിന്റെ ഇമാമുംവൈജ്ഞാനിക മേഖലയില്‍ അതുല്യമായവ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തപണ്ഡിതനാണ് മഹാനായ ഇമാം ശാഫിഈ(റ). അബൂ അബ്ദില്ല മുഹമ്മദ്ബ്‌നുഇദ്‌രീസിബ്‌നില്‍ അബ്ബാസിബ്‌നിഉസ്മാനിബ്‌നു ശാഫിഇബ്‌നി സ്സാഇബ്‌നിഉബൈദിബ്‌നു അബ്ദിയസീദ് ബ്‌നുഹാശിമിബ്‌നില്‍ മുഥലിബ്ബ്‌നി അബ്ദി മനാഫ്എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ നാമം.പിതാവ് വഴിയും മാതാവ് വഴിയും ഖുറൈശിഗോത്രക്കാരനായ അദ്ദേഹം ഉന്നതതറവാട്ടുകാരനാണ്.

ഹിജ്‌റ 150 (ക്രിസ്താബ്ദം 767) റജബ്മാസത്തിലാണ് ഇദ്‌രീസ് ഫാതിമ എന്നദമ്പതികളുടെ മകനായി മഹാനവര്‍കള്‍ഗസയില്‍ പിറവിയെടുത്തത്.കച്ചവടക്കാരനായിരുന്ന പിതാവ് ശാഫിഈ(റ)യുടെ ജനനത്തിന ഉടനെമരണപ്പെടുകയും ശേഷം മാതാവിന്റെപരിലാളനയില്‍ വളരുകയും ചെയ്തു.ചെറുപ്പത്തിലെ അതിബുദ്ധിമാനായിരുന്നതന്റെ മകനെ മാതാവ് രണ്ടാം വയസ്സില്‍മക്കയില്‍ കൊണ്ടുപോവുകയുംഹറമിനടുത്ത് താമസമാക്കുകയും ചെയ്തു.

ശാഫിഈ മദ്ഹബിന്റെ ഇമാമായമഹാനവര്‍കള്‍ ആ മദ്ഹബില്‍ പ്രസിദ്ധമായപല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പ്രധാനമായുംകര്‍മശാസ്ത്രത്തിലാണ് അദ്ദേഹത്തിന്റെഗ്രന്ഥങ്ങള്‍ വിരചിതമായത്. ഉമ്മ്, അമാലില്‍കുബ്‌റ, ജലാഉസ്സഗീര്‍, മുഖ്ത്വസറുല്‍ബുല്‍ഖൈനി, മുഖ്ത്വസറുല്‍ ബുവൈഥി,മുഖ്ത്വസറുല്‍ മുസ്‌നി, മുഖ്ത്വസറുല്‍ റബീഅ്എന്നിവയാണ് കൃതികള്‍. കര്‍മശാസ്ത്രനിദാനശാത്രത്തില്‍ ആദ്യം വിരചിതമായരിസാല ശാഫി (റ)യുടെ കൃതിയാണ്.

ഹിജ്‌റ 198 മുതല്‍ 204 ല്‍ വഫാതാകുന്നത്വരെ മഹാനവര്‍കള്‍ ഈജിപ്തിലാണ്ജീവിച്ചിരുന്നത്. ജനങ്ങള്‍ക്ക് അധ്യാപനംനല്‍കുകയും ഗ്രന്ഥ രചന നടത്തുകയുംചെയ്തിരുന്ന അദ്ദേഹത്തിനു ചില രോഗങ്ങള്‍കാരണം ജോലികള്‍ അവസാനിപ്പിക്കേണ്ടിവന്നു. തന്റെ ശിഷ്യനായ മുസ്‌നി (റ) ഒരുദിവസം സന്ദര്‍ശിച്ചുസുഖവിവരങ്ങളന്വേഷിച്ചു. അപ്പോള്‍അദ്ദേഹംതന്റെ അവസാന നിമിഷങ്ങള്‍അടുത്തു എന്നതിനുള്ള ചിലവാചകങ്ങള്‍പറഞ്ഞു പറഞ്ഞു. അങ്ങിനെഹിജ്‌റ 204 റജബ് മാസം വെള്ളിയാഴ്ചഅദ്ദേഹം ലോകത്തോട് വിടപറഞ്ഞു.നഫീസത്തുല്‍ മിസ്‌രിയ്യ (റ)മഹാനവര്‍കളുടെപേരില്‍ മയ്യിത്ത് നിസ്‌കരിച്ചിട്ടുണ്ട്.

ഇബ്നു ഹജറുൽ ഹൈത്തമി(റ).




 അഹ്മദ് എന്നാണ് പേര് അന്‍സാരികളില്‍ ചെന്നു ചേരുന്നതാണ് അവിടുത്തെ പൂര്‍വ്വ പിതാക്കന്‍മാരെന്ന് ശ്രുതിയുണ്ട്. പിതാമഹന്‍ അനിവാര്യതക്കല്ലാതെ സംസാരിക്കാറില്ല. മൗനം ധാരാളം. ഇതിനാല്‍ ഹജര്‍ എന്ന് വിളിപ്പേര് കിട്ടി. ജനനം ഈജിപ്തിലെ അബുല്‍ ഹൈതം ഗ്രാമത്തില്‍ ഹി: 909-ല്‍. നാട്ടിലെ പതിവനുസരിച്ച് ദര്‍സില്‍ ചേര്‍ക്കും മുമ്പ് സയ്യിദ് അഹ്മദുല്‍ ബദവി (റ) എന്നവരുടെ മഖാമില്‍ കൊണ്ട് വന്ന് ഓത്തിന് തുടക്കം കുറിച്ചു. ഹി: 924-ല്‍ അല്‍-അസ്ഹറില്‍ ചേര്‍ന്നു. പ്രധാന ഗുരു സകരിയ്യല്‍ അന്‍സാരി(റ).പഠന സമയത്ത് അല്‍ഫിയ്യ എന്ന നഹ്‌വ് ഗ്രന്ഥത്തിന് ശര്‍ഹ് രചിച്ചു. ഹി: 41 മുതല്‍ താമസം മക്കയില്‍.

 അമ്പതിലധികം രചനകള്‍. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി! മഹാത്ഭുതം!! മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് എന്നിവ അവിടുത്തെ രചനകളില്‍ പ്രധാനങ്ങളാണ്. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് എഴുതിയയച്ച ഫത്‌വകള്‍ ലോകത്തിന് വലിയ മുതല്‍ക്കൂട്ടായി. അവ വാള്യങ്ങളിലായി പ്രിന്റ് ചെയ്യപ്പെട്ടു. സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു.

വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഫിഖ്ഹിയ്യായ മറുപടി അവിടുത്തെ തുഹ്ഫയില്‍ പണ്ഡിതര്‍ കണ്ടെത്തുന്നു. പലവിധ രോഗങ്ങളുണ്ടായിട്ടും മക്കയിലിരുന്നു കൊണ്ടുള്ള ദര്‍സും ഫത്‌വ നല്‍കലും അവസാനം വരെ തുടരാന്‍ ഭാഗ്യം സിദ്ധിച്ചു. ഹി: 974 റജബ് 23 തിങ്കളാഴ്ച പകല്‍ വഫാത്തായി. ജന്നതുല്‍ മുഅല്ലയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്നരികില്‍ ഖബര്‍.


::::::റജബ് ന്റെ രഹസ്യം ::::::::

നമ്മുടെ ജീവിത യാത്രയില്‍ ഓരോ മാസങ്ങള്‍ക്കും ചില നിര്‍ണ്ണയങ്ങളുണ്ട്. ഓരോ സ്ഥലങ്ങള്‍ക്കുമുള്ളത് പോലെ. ഓരോ വ്യക്തികള്‍ക്കുമുള്ളത് പോലെ. ഗാംഭീര്യതയില്‍ .

പൂര്‍ണ്ണ ശ്രദ്ധയില്‍  ഹൃദയം കൊണ്ട് ശ്രവികൂ

തിരുനബി(സ)യുടെ തിരുവചനങ്ങള്‍ ഓര്‍മയില്ലേ. റജ‍ബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാന്‍ എന്റെ മാസമാണ്. റമദാന്‍ എന്റെ ഉമ്മത്തിന്റെ മാസമാണ്. അനേകം അര്‍ത്ഥ തലങ്ങളുണ്ടിതിന്. നഫ്സിനോടും ഖല്‍ബിനോടും റൂഹിനോടും ബന്ധപ്പെട്ട ചില രഹസ്യങ്ങളാണത്. ആത്മാവ് അല്ലാഹുവില്‍ ലയിക്കുന്നതിന് വേണ്ടി നഫ്സും ഖല്‍ബും നടത്തേണ്ട തയ്യാറെടുപ്പുകളാണത് പ്രതിനിധീകരിക്കുന്നത്.

അമ്മാറയും ലവ്വാമയുമൊക്കെയായി നഫ്സിന്റെ വിവിധ ലോകങ്ങളെ മറികടക്കേണ്ടതെങ്ങനെ എന്നതിന്റെ സൂചനകളാണിവ.

നിഷ്കളങ്ക സ്നേഹവും സമ്പൂർണ്ണ അനുധാവനവും ഈ അനുഗ്രഹീത അവസ്ഥയില്‍ ഒരു നിമിഷം പോലും ഒഴിയാതെയുള്ള ജീവിത ഗമനവുമാണവ വിശദീകരിക്കുന്നത്.

മനുഷ്യ ജന്മത്തിലെ ഏറ്റവും അനുഗ്രഹീത യാത്രയാണ് റജബിന്റെ സമ്മാനം, നഫ്സിന്റെ തടവറക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആത്മാവിനെ മോചിപ്പിച്ച് ഉണര്‍വ്വിന്റെ ഊര്‍ജ്ജത്തില്‍ അല്ലാഹുവിലേക്ക് നടത്തുന്ന യാത്രയാണത്. നമുക്കുള്ളിലെ ‘ഹറമി’ല്‍ നിന്ന് നമുക്കുള്ളിലെ ‘അഖ്സ’യിലേക്കാണതിന്റെ പ്രാരംഭം. അനുഗ്രഹീത ആത്മാക്കളുടെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങി, നഫ്സെന്ന ഭൂമിയുടെ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി ആത്മാവിന്റെ സപ്തവാനങ്ങളുടെ വാതായനങ്ങള്‍ തുറക്കാനാകണം. നമുക്കള്ളിലെ ഏഴാകാശങ്ങളിലുമിരിക്കുന്ന പ്രവാചകന്മാരെയും മാലാഖമാരെയും അറിയണം. അതെല്ലാം മറികടന്ന് സിദ്റതുല്‍ മുന്‍തഹയെന്ന മഹത്തായ സ്ഥാനവും കടന്ന് ‘ഖാബ ഖൗസൈനി ഔ അദ്ന’യില്‍ തന്റെ നാഥനില്‍ ലയിക്കുന്ന അത്യാഹ്ലാദത്തിന്റെ സായൂജ്യതയില്‍ നിര്‍ഭരമാകുന്ന അനശ്വര യാത്ര.

ഈ സമ്മാനം ഏറ്റുവാങ്ങാനും അനുഭവിക്കാനുമാണ് റജ‍ബ് നമ്മോട് ആവശ്യപ്പെടുന്നത്. അഞ്ചുനേരം മാത്രമല്ല അനുനിമിഷവും അത് സംഭവിച്ചുകൊണ്ടേയിരിക്കണം. അതിന് നമുക്കുള്ളിലെ ജിബ്‌രീലിനെ കണ്ടെത്തണം. ബുറാഖിനെ കണ്ടെത്തണം.

 ഇതാണ് റജബിന്റെ സന്ദേശം. ഇതാണ് ജീവിതത്തിന്റെ നിയോഗം.

ഇതറിഞ്ഞ ഞാൻ  തലകുനിച്ചിരുന്നു, തന്റെ യഥാര്‍ത്ഥ യാത്ര ഇനിയും തുടങ്ങാനിരിക്കുന്നേയുളളൂ എന്ന ദു:ഖ സത്യം  തിരിച്ചറിഞ്ഞു, നിറഞ്ഞു നില്‍ക്കുന്ന ന്യൂനതകളിലേക്ക് നോക്കി  ദു:ഖാകുലനായി പോയി .

 റജബിന്റെ സൗഭാഗ്യമാണ് ഉവൈസുല്‍ ഖര്‍നി(റ) യും ഷൈഖ് ഉൽ ഇസ്ലാം ഇബ്രാഹിം നിഅസ്സെ കൗലഖി (റ) വും . അവരുടെ  ജീവിതമാണ് റജബിന്റെ സന്ദേശം. നിഷ്കളങ്ക സ്നേഹവും അര്‍ഥപൂര്‍ണ്ണമായ അനുധാവനവും. ഇവ രണ്ടിലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള സ്ഥിരതയുമാണ് വിശുദ്ധ ജീവിതത്തിന്റെ സംഗ്രഹം

. ഉമ്മത്തിന്റെ മാണിക്യമായ ഉവൈസുൽ ഖർനി (റ)  തിരുനബി(സ)യിലൂടെ വിശുദ്ധ സമ്മാനങ്ങള്‍ കൊടുത്തയച്ചത് അല്ലാഹു തന്നെയായിരുന്നു. അവ കൈമാറാനെത്തിയ തിരുനബി(സ)യുടെ സന്തതസഹചാരികളായ ഉമറുല്‍ ഫാറൂഖ്(റ)വിനോടും അലിയ്യുല്‍ മുര്‍തദ(റ)യോടും അവിടുന്ന് ചോദിച്ച ഒരു ചോദ്യമുണ്ട്.

എനിക്ക് തിരുദൂതരെ ഒന്ന് വിശദീകരിച്ച് തരൂ എന്നായിരുന്നു ആ ചോദ്യം. കണ്ടവര്‍ കാണാത്ത, കാണാത്തവര്‍ കണ്ട അതിമഹത്തായ ഒരു അനുഭവമായിരുന്നു ആ ചോദ്യത്തിന്റെ ഉത്തരം.

ആ ഉത്തരത്തിന്റെ സാക്ഷാത്ക്കാരമാണ് റജബ് നമ്മോട് ആവശ്യപ്പെടുന്നത്. തന്റെ അരുമ സന്തതിയുടെ ജീവിതത്തിലൂടെ റജബ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഈ അവാച്യമായ അനുഭവമാണ്. അനിര്‍വ്വചനീയമായ അനുഭൂതിയാണ്. ആ വിശുദ്ധ ദര്‍ശനത്തിന്റെ സാക്ഷാത്ക്കാരമാണ് നമ്മുടെ ജീവിതത്തിന്റെ മോക്ഷവും സാഫല്യവും.

 പൈശാചികതയുടെ അക്രമങ്ങളില്‍ പെട്ട് നന്മകളഖിലം നഷ്ടപ്പെട്ട പാവങ്ങളുടെ അത്താണിയും . കാലങ്ങള്‍ക്കിപ്പുറം, ദേശാന്തരങ്ങള്‍ക്കിപ്പുറം എന്നും എപ്പോഴും അവര്‍ ആ രാജകീയ സിംഹാസനത്തില്‍ ഉജ്ജ്വല പ്രൗഢിയോടെ വിരാചിച്ചുകൊണ്ടിരിക്കുന്നു.
നമുക്ക് അവിടുത്തെ കരങ്ങളിലാണ് സ്വര്‍ഗ്ഗീയ വാതായനങ്ങള്‍ തുറക്കാനുള്ള വിജയ മന്ത്രങ്ങളിരിക്കുന്നത്. അവിടുത്തെ സംതൃപ്തിയില്‍ സാക്ഷാത്കരിക്കപ്പെടുന്നത് തിരുനബി(സ)യുടെ സ്നേഹ വാത്സല്യമാണ്, അല്ലാഹുവിന്റെ അനുകമ്പയാണ്.

 റജബിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. അത് ഒരു ഇടത്താവളം മാത്രമാണ്. ശഅ്ബാനിലൂടെ റമദാനിലൂടെ അല്ലാഹുവില്‍ വലയം പ്രാപിക്കുന്ന അനുഗ്രഹ പൂര്‍ണ്ണിമയുടെ അനശ്വരതയാണ് ആ യാത്രയുടെ സാക്ഷാത്ക്കാരം.

റജബ് ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ജിബ്രീലുമൊത്ത് ബുറാഖിലേറി സപ്ത വാനങ്ങള്‍ക്കപ്പുറത്തേക്കുള്ള വിശുദ്ധയാത്രയെക്കുറിച്ച് ഉവൈസ്(റ)വിന്റെ ദിവ്യാനുരാഗത്തിന്റെ തിരുദര്‍ശനത്തെക്കുറിച്ച്..

അങ്ങനെയങ്ങനെ ജ്ഞാനതീര്‍ത്ഥം പകര്‍ന്ന് തിരിച്ചറിവിന്റെ പാഥേയമൊരുക്കി റജബ് നമുക്ക് യാത്രാ മംഗളം ഒതുക യായി ..

റജബിന്റെ വഴിയമ്പലത്തിൽ നമുക്ക് പകര്‍ന്നുകിട്ടിയ പാഥേയങ്ങളുമായി, തിരിച്ചറിവിന്റെ പുതിയ ഊര്‍ജ്ജവുമായി, നഫ്സിന്റെയും ഖല്‍ബിന്റെയും റൂഹിന്റെയും ചക്രവാളങ്ങള്‍ക്കുമപ്പുറം ദിവ്യാനുരാഗത്തിന്റെ സ്വര്‍ഗ്ഗീയ സാഫല്യത്തിലേക്ക് നമുക്ക് യാത്ര തുടരാം

റജബിന്റെ വിശുദ്ധിയുടെ വഴിവിളക്കുകള്‍ക്ക് തിരിതെളിയിച്ച് നമുക്ക് യാത്ര തുടരാം