പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ (ന:മ)
മുസ്ലിം കൈരളിയുടെ സാന്ത്വനത്തിന്റെ പൂമരത്തണൽ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ബഹുവന്ദ്യരായ പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകളായ സയ്യിദ ആഇശ ചെറുകുഞ്ഞി ബീവിയുടെയും രണ്ടാത്തെ മകനായി 1941 നവംബര്‍ 28 ഹി. 1360 ദുല്‍ഖഅദഃ 8 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് ജനിച്ചു.
സയ്യിദ് അഥവാ തങ്ങന്മാര്‍ എന്നറിയപ്പെടുന്ന നബികുടുംബ പരമ്പരയിലെ അനേകം മഹദ് വ്യക്തിത്വങ്ങള്‍ കേരളത്തിലെ മുസ്‌ലിം സാമുദായിക ജീവിതത്തെയും കേരളീയ പൊതുമണ്ഡലത്തെയും സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളെയുമൊക്കെ ആഴത്തില്‍ സ്വാധീനിച്ചത് ആ അധ്യായത്തിലെ കനമുള്ള ഏടുകളാണ്. മുസ്‌ലിംസമുദായത്തെ മുഖ്യധാരയിലേക്ക് ആനയിച്ചതും പോരാട്ടവീര്യം പ്രദാനം ചെയ്തതും സമന്വയത്തിന്റെയും സമവായത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ പഠിപ്പിച്ചതും ഇവരായിരുന്നു. ഇസ്‌ലാം മതപ്രബോധന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തിയ മതനേതാക്കളും സാമൂഹിക രംഗങ്ങളെ കര്‍മോന്മുഖമാക്കിയ രാഷ്ട്രീയ നായകന്മാരും പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് വൈതാളികന്മാര്‍ക്കെതിരെ പോരാടിയ സമരനായകന്മാരും വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും തുറകളെ ജ്വലിപ്പിച്ച ഗ്രന്ഥകാരന്മാരും കവികളും മറ്റും അവരിലുണ്ടായിരുന്നു.
പാരമ്പര്യവും കടപ്പാടും നിലനിര്‍ത്തുന്നതാണ് പാണക്കാട് തങ്ങന്‍മാരുടെ പേരുകള്‍. പി.എം.എസ്.എ. പൂക്കോയ തങ്ങളെ പിതൃസഹോദരന്‍ അലി പൂക്കോയ തങ്ങളാണ് വളര്‍ത്തിയത്. മക്കളില്ലാതിരുന്ന അലി പൂക്കോയ തങ്ങള്‍, പൂക്കോയ തങ്ങള്‍ക്ക് പാണക്കാട് കൊടപ്പനക്കല്‍ തറവാടു വീടും നല്‍കി. തന്നെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ അലീ പൂക്കോയ തങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ പി.എം.എസ്.എ. തങ്ങള്‍ മക്കളുടെയെല്ലാം പേരിനൊപ്പം അലി ചേര്‍ത്തു. ശിഹാബ് എന്നത് കുടുംബപ്പേരാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്താന പരമ്പരയ്ക്ക് കേരള സമൂഹം ആദരിച്ചു നല്‍കുന്ന സ്ഥാനമാണ് തങ്ങള്‍ എന്നത്. തങ്ങന്‍മാര്‍ പലരുടെയും ഔദ്യോഗിക പേരിനൊപ്പം തങ്ങള്‍ എന്നത് ഉണ്ടാകാറില്ല.
ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്‌ത്രവുമായിരുന്നു ഉമറലി ശിഹാബ് തങ്ങളുടെ മുഖമുദ്രകള്‍. അതുകൊണ്ടാണ് അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട് കൊടപ്പനക്കലിലെ ആ സാനിധ്യം തേടി തറവാട്ടിലെത്തിയിരുന്നത്.
അനേകകാലം പരസ്പരം പോരാടി വസ്‌തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ഉമറലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത് പതിവായിരുന്നു. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തിയിരുന്നു. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമായിരുന്നു അവര്‍ക്കുള്ള മരുന്നുകള്‍.
പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഉമറലി ശിഹാബ് തങ്ങള്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കാനഞ്ചേരി, അച്ചിപ്പുറം, ഒറവംപുറം എന്നിവടങ്ങളില്‍ അഞ്ച് വര്‍ഷത്തെ ദര്‍സ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് 1964 ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേരുകയും 1968 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കി. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കയ്യില്‍ നിന്നായിരുന്ന സനദ് ഏറ്റുവാങ്ങിയത്.
പൊന്മള പുവാടന്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, ശംസുല്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ടി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്.
1968 ഏപ്രില്‍ 28 ന് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പുത്രി സയ്യിദ ഖദീജ മുല്ല ബീവിയുമായിട്ടായിരുന്നു ഉമറലി തങ്ങളുടെ വിവാഹം.
സമസ്ത വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍, വയനാടി ജില്ലാ ഖാസി, ജംഇയ്യത്തുല്‍ ഖുളാത്തി വല്‍ മഹല്ലാത്ത് ചെയര്‍മാന്‍, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് അംഗം, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ മെമ്പര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, കേരളാ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗം, സുന്നി അഫ്കാര്‍ വാരിക മാനേജിംഗ് ഡയറക്ടര്‍, 1970 മുതല്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ജനറല്‍ സെക്രട്ടറി, പാണക്കാട് വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, പാണക്കാട് ദാറുല്‍ ഉലൂം ഹൈസകൂള്‍ മാനേജര്‍, 2006 ല്‍ മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്റെറി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ മാനേജിംഗ് കമ്മിറ്റി അംഗം, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്, കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫതുല്‍ ഇസ്‌ലാമിയ്യഃ, പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ യതീം ഖാനഃ, ആക്കോട് ഇസ്‌ലാമിക് സെന്റര്‍, വയനാട് വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമി, എളേറ്റില്‍ വാദി ഹുസ്‌ന, കൊടിഞ്ഞി സുന്നി എഡ്യുക്കേഷണല്‍ സെന്റര്‍, ഒളവട്ടൂര്‍ യതീംഖാന, മുണ്ടുപറമ്പ് യതീംഖാന, മൈത്ര യതീംഖാന, വട്ടത്തൂര്‍ യതീംഖാന, മേല്‍മുറി എം.ടി.സി ബി.എഡ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സാരഥ്യമരുളി.
സമസ്ത, വഖ്ഫ് ബോര്‍ഡ്, എസ്.വൈ.എസ് തുടങ്ങിയ കര്‍മ്മ വഴികളില്‍ തങ്ങള്‍ കാഴ്ചവെച്ച സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.
സ്വന്തമായ ജീവിത നിഷ്ഠകളും കര്‍മ്മ രീതികള്‍ കൊണ്ടും വേറിട്ടു നിന്ന മഹാനുഭാവനായിരുന്നു ഉമറലി ശിഹാബ് തങ്ങള്‍. വ്യത്യസ്തമായ കര്‍മ്മ മേഖലകളില്‍ മുഴുകുമ്പോഴും അധികാരങ്ങളും നേതൃത്വവും ആലങ്കാരികതക്കപ്പുറം ഉത്തരവാദിത്തമാണെന്ന ഉത്തമ ബോധ്യത്തോടെ പ്രവര്‍ത്തിച്ച നായകന്‍ കൂടിയായിരുന്നു ഉമറലി തങ്ങള്‍. അചഞ്ചലമായ തീരുമാനങ്ങളും സ്വീകാര്യമായ പരിഹാരങ്ങളും തങ്ങളുടെ രീതിയായിരുന്നു.
ഭൂമിയില്‍ ഇസ്‌ലാം മത പ്രബോധനം പൂര്‍ത്തീകരി, ഖുര്‍ആന്‍ എന്ന ദിവ്യാദ്ഭുത ഗ്രന്ഥം ലോകത്തിന് എത്തിച്ചു നല്‍കിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ വംശ പരമ്പരയിലെ കണ്ണിയായ പാണക്കാട് കുടുംബത്തിൽ നിന്ന് മുഹമ്മദ് നബിയുടെ സന്താന പരമ്പരയില്‍ നാല്‍പതാം തലമുറയാണ് ഉമറലി ശിഹാബ് തങ്ങളും സഹോദരന്‍മാരും. മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ മകന്‍ ഇമാം ഹുസൈനിലൂടെയാണ് പ്രവാചകന്റെ കുടുംബപരമ്പര ആരംഭിക്കുന്നത്. മുഹമ്മദ് നബി മുതല്‍ ഉമറലി ശിഹാബ് തങ്ങള്‍ വരെയുള്ള വംശാവലി ഇങ്ങനെ:
1) മുഹമ്മദ് നബി
2) ഫാത്തിമ
3) ഇമാം ഹുസൈന്‍
4) സയ്യിദ് സൈനുല്‍ ആബിദീന്‍ അലി
5) സയ്യിദ് മുഹമ്മദുല്‍ ബാഖിര്‍
6) സയ്യിദ് ജഅഫര്‍ സാദിഖ്
7) സയ്യിദ് അലിയ്യുല്‍ ഉറൈളി
8) സയ്യിദ് മുഹമ്മദ്
9) സയ്യിദ് ഈസന്നഖീബ്
10) സയ്യിദ് അഹമ്മദുല്‍ മുഹാജിര്‍
11) അല്‍ ആരിഫു ബില്ലാഹി അലവി
12) സയ്യിദ് മുഹമ്മദ്
13) അല്‍ ആരിഫു ബില്ലാഹി അസ്സയ്യിദ് അലവി
14) അസ്സയ്യിദ് അലിഖാലി അഖ്സം
15) അല്‍ ആരിഫു ബില്ലാഹി സാഹിബുല്‍ മിര്‍ബാത്ത്
16) സയ്യിദുല്‍വലിയ്യു അലി
17) അസ്സയ്യിദുല്‍ മുഹമ്മദുല്‍ ഫ്ഖീഹുല്‍ മുഖദ്ദം
18) സയ്യിദ് അലവി
19) സയ്യിദ് അലി
20) സയ്യിദ് മുഹമ്മദ് മൌലദ്ദവീല
21) സയ്യിദ് അബ്ദുറഹിമാന്‍ സഖാഫ്
22) സയ്യിദ് അബൂബക്കറിസ്സഖ്‌റാന്‍
23) സയ്യിദ് ഷെയ്ഖ് അലി
24) സയ്യിദ് അബ്ദുറഹിമാന്‍
25) സയ്യിദ് അഹമ്മദ്
26) സയ്യിദ് ശിഹാബുദ്ദീന്‍ അഹമ്മദ്
27) സയ്യിദ് ഉമര്‍
28) സയ്യിദ് ശിഹാബൂദ്ദീന്‍
29) സയ്യിദ് ഉമര്‍ മെഹബൂബ്
30) സയ്യിദ് അലി ശിഹാബുദ്ദീന്‍
31) സയ്യിദ് മുഹമ്മദ്
32) സയ്യിദ് അലി
33) സയ്യിദ് അഹമ്മദ്
34) സയ്യിദ് അലി ശിഹാബുദ്ദീന്‍
35) സയ്യിദ് ഹുസൈന്‍
36) സയ്യിദ് മുഹളാര്‍
37) സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍
38) സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍
39) സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ (പി.എം.എസ്.എ. പൂക്കോയ തങ്ങള്‍)
40) സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സഹോദരന്‍മാരും.
നാടും കുടുംബവുമായി അഗാധമായ ബന്ധം സ്ഥാപിച്ചിരുന്ന ഉമറലി ശിഹാബ് തങ്ങളുടെ ജീവിതവും പെരുമാറ്റവും എന്നന്നേക്കും എല്ലാവര്‍ക്കും ഒരു മാതൃക കൂടിയാണ്. പുറത്തെ ഗൗരവത്തിനപ്പുറം അകത്ത് വലിയൊരു സ്‌നേഹ സാഗരം സൂക്ഷിച്ചിരുന്ന ബഹുവന്ദ്യരായ ഉമറലി ശിഹാബ് തങ്ങള്‍ 2008 ജൂലൈ 3 റജബ് മാസം ഒന്നിന് വ്യാഴാഴ്ച രാത്രി 10.10 ന് നമ്മോട് വിട പറഞ്ഞു. അല്ലാഹു അവരോടൊപ്പം നമ്മെയും സ്വര്‍ഗത്തില്‍ ഒരു മിച്ചു കൂട്ടട്ടെ – ആമീന്‍
Post a Comment