മഖ്ദൂം സാനിയെ കുറിച്ച് പുതിയ മൗലിദ് ഗ്രന്ഥം



അധിനിവേശത്തിന്റെ വിഷപ്പാമ്പുകള്‍ രാഷ്ട്രത്തിന് നേരെ വിഷം ചീറ്റിയപ്പോള്‍ മേല്‍ക്കൂര നഷ്ടപ്പെട്ട ഒരു ജനവിഭാഗത്തില്‍ ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന് ധിഷണാപരമായ നേതൃത്വം നല്‍കിയവരാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ).


പറങ്കികള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ജ്വലിച്ചു നിന്ന കുഞ്ഞാലി മരക്കാരുടെ ആത്മീയോര്‍ജ്ജവും മഖ്ദൂമീ പിന്തുണയുടെ കരുത്തായിരുന്നു. ഇവരെ ചേര്‍ത്താണ് സാമൂതിരി പറങ്കികള്‍ക്കെതിരേ പ്രതിരോധ സേന രൂപപ്പെടുത്തുന്നത്.

അധിനിവേശ വിരുദ്ധ സമരത്തിലെ അതുല്യ സംഭാവനയാണ് മഖ്ദൂം രണ്ടാമന്‍ രചിച്ചതാണ് ‘തുഹ്ഫതുല്‍ മുജാഹിദീന്‍’.
ലോകത്തെ 15-ഓളം’ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഊ ഗ്രന്ഥം വാസ്‌കോഡഗാമയുടെ ആഗമനം മുതലുള്ള കേരള ചരിത്രം ആധികാരികമായി പ്രതിപാദിക്കുന്നു.
ഈ ഗ്രന്ഥമാണ് ചരിത്രപഠനത്തിന്‍ ലോകസഞ്ചാരികളും ചരിത്രകാരന്‍മാരും അവലംബമാക്കുന്നത്.
 ധര്‍മ്മയോദ്ധാക്കള്‍ക്കു താങ്ങുപകര്‍ന്ന ഈ കൃതി നാല് ഭാഗങ്ങളണ്ട്.നാലാം പകുതിയില്‍ എ.ഡി 1498 മുതല്‍ 1583 വരെയുള്ള പോര്‍ച്ചുഗീസ് പരാക്രമങ്ങള്‍ വിവരിച്ചിട്ടുണ്ട്.ആത്മീയോപദേശവും തൂലികയും വഴി പണ്ഡിത ദൗത്യത്തിലൂടെ പ്രതിരോധ പര്‍വം തീര്‍ത്ത മഖ്ദൂമീ പൈതൃകം രാജ്യത്തെ നവോത്ഥാന മുന്നേറ്റത്തിന്റെ തങ്കലിപിചേര്‍ത്ത ചരിത്രം കൂടിയാണ്.

അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തെപോലെ കഴിഞ്ഞിരുന്ന മലബാര്‍ മുസ്‌ലിം ജനതയെ ആത്മീയതയുടെ ഉത്തുംഗതയിലെത്തിച്ച് മുസ്‌ലിം നവജാഗരണ യത്‌നങ്ങള്‍ക്ക് ശക്തിപകരുകയായിരുന്നു മഖ്ദും(റ).

വിജ്ഞാന നെറുകയില്‍ മലബാറിന്റെ കീര്‍ത്തിയും പെരുമയും എത്തിക്കുന്നതില്‍ മഖ്ദൂം സഗീർ വഹിച്ച പങ്ക് അനല്‍പവും അതുല്യവുമാണ്.
ലോകത്ത് തന്നെ കീർത്തിപരത്തിയ ഫത്ഹുൽമുഈൻ എന്ന ഗ്രന്ഥം വിരചിതമായത് ആ കരങ്ങളിലൂടെയായിരുന്നു.
ഇന്ത്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഫത്ഹുല്‍ മുഈനിന്റെ പ്രസാധനം നടന്നു. ഈജിപ്ത് അടക്കം പലരാഷ്ട്രങ്ങളിലേയും മതസ്ഥാപനങ്ങളില്‍ പാഠ്യവിഷയമാണീ ഗ്രന്ഥം. മക്കയിലേയും യമനിലേയും മററും ഉന്നത പണ്ഡിതര്‍ ഇതിന് വ്യാഖ്യാനമെഴുതിയെന്നത് ഇന്ത്യന്‍ മുസ്‌ലീംങ്ങള്‍ക്ക് അഭിമാനിക്കാവുന്ന വൈജ്ഞാനിക മുന്നേറ്റമാണ്.


مناقب الشيخ الإمام المخدوم الصغير   
എന്ന പേരിൽ മഖ്ദൂം സാനിയെ കുറിച്ച് ഉസ്താദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര രചിച്ച മൗലിദ് ഗ്രന്ഥം ഏറെ ശ്രദ്ധേയമാവുകയാണ്. അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥ രചനകൾ നടത്തിയ ഉസ്താദ് മലപ്പുറം ജില്ലാ ജംഇയ്യത്തുൽ മുദരിസീൻ ജനറൽ സെക്രട്ടറി കൂടിയാണ്.                                                                               മഖ്ദൂം(റ)ന്റെ ജീവചരിത്രം ഹൃസ്വമായി അനാവരണം ചെയ്യുന്ന  ഗ്രന്ഥം വളരെ ലളിതമായ ഭാഷയിലാണ് രചിച്ചിട്ടുള്ളത്. മഖ്ദൂം(റ)ന്റെ വൈജ്ഞാനിക മുന്നേറ്റങ്ങളും മഹാനിൽ നിന്ന് ഇമാം ശാഫിഈ(റ) വരെ എത്തുന്ന ഗുരുപരമ്പരയും ഈ ചെറുകൃതിയിൽ വിവരിക്കുന്നുണ്ട്. ലോക പ്രശസ്തി നേടിയ ഫത്ഹുൽ മുഈൻ ഉൾപ്പടെ മഖ്ദൂം(റ) രചിച്ച ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും മൻഖൂസ് മൗലിദിന്റെ മഹത്വം വരച്ചുകാണിക്കുകയും ചെയ്യുന്ന ഈ മനാഖിബ് പാരായണം ചെയ്യുന്നത് മുതഅല്ലിമീങ്ങൾക്കും മതരംഗത്ത് സേവനം ചെയ്യുന്നവർക്കും മറ്റുള്ളവർക്കും ഏറെ ഫലപ്രാപ്തിയുള്ളതായിരിക്കും.

മനാഖിബ് ലഭിക്കാൻ ബന്ധപ്പെടുക.
Alathurpad Dars Students Association
+91 70125 72402