ത്വരീഖത്തിൽ ചേരൽ നിബന്ധമാണോ?


ഒരു മുറബ്ബിയായ ശൈഖിനെ സ്വീകരിച്ചിരിക്കേണ്ടതിന്റെ പ്രാധാന്യം.

മഹാന്മാരായ പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നത് കാണുക.


ഓ സത്യവിശ്വാസികളെ ..നിങ്ങള്‍ അല്ലാഹുവിനു തഖ്‌വ ചെയ്യുക .അവനിലേക്ക് ഒരു വസീലയെ തേടുകയും അവന്‍റെ മാര്‍ഗത്തില്‍ നന്നായി പ്രയത്നിക്കുകയും ചെയ്യുക .എന്നാല്‍ നിങ്ങള്‍ക്ക് വിജയിക്കാം .(മാഇദ 35 ).


തഖ്‌വ ചെയ്തു ജീവിച്ചാല്‍ പോരാ, ഒരു വസീലയെ തേടുകയും വേണമെന്നു ഈ സൂക്തത്തിലൂടെ അല്ലാഹു ഉണര്‍ത്തി .
ഒരു ശൈഖിനെ സ്വീകരിക്കാനാണ്‌ ഇതിലൂടെ അല്ലാഹു കല്‍പിക്കുന്നതെന്ന് ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്.

പ്രമുഖ മുഫസ്സിറായ ഇസ്മാ ഈലുല്‍ ഹഖി അല്‍ ബറൂസവി(റ)പറയുന്നു :

"നീ മനസ്സിലാക്കുക , ഈ ആയത്തില്‍ ഒരു വസീലയെ തേടിപ്പിടിക്കാന്‍ വളരെ വ്യക്ത്തമായി കല്‍പ്പന വന്നിരിക്കുന്നു . ഒരു വസീല അനിവാര്യമാണെന്നത് കൊണ്ടാണത് .കാരണം ഒരു വസീല കൊണ്ടല്ലാതെ അല്ലാഹു വിലേക്കെത്തുകയില്ല .വസീലയെന്നാല്‍ ഹഖീഖത്തിലെത്തിയ ആത്മജ്ഞാനികളും ത്വരീഖത്തിന്‍റെ ശൈഖുമാരുമാണ് (റൂഹുല്‍ ബയാന്‍ 3 / 468 ).

ബഹുമാനപ്പെട്ട ഇബ്നു അജീബ (റ) ഈ സൂക്തത്തെ വിശദീകരികച്ച് അവസാനമായി പറയുന്നു :

"ചുരുക്കത്തില്‍ ഏറ്റവും വലിയ വസീലയും വലിയ വിജയവും ശൈഖിന് കീഴ്പെടുന്നതില്‍ മാത്രമാണ് .കാരണം നിന്‍റെ ഇനത്തില്‍പെട്ട ഒരാള്‍ക്ക്‌ കീഴ്പ്പെടാന്‍ നിന്‍റെ ശരീരം വെറുക്കും .അല്ലാവുവിന്‍റെ പ്രത്യേക പരിഗണന ലഭിച്ച ഒതുക്കമുള്ള ശരീരമല്ലാതെ ഒരു ശൈഖിന് കീഴില്‍ നില്‍ക്കുകയില്ല .(അല്‍ ബഹറുല്‍ മദീദ്-2 \63 )

ഒരു വസീലയെ തേടിപ്പിടിക്കാന്‍ കല്‍പിച്ചതിനു പുറമെ ഒരു മുസ്ലിമിനോട് ദിവസവും ചുരുങ്ങിയത് പതിനേഴു പ്രാവശ്യമെങ്കിലും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ പ്രാര്‍ത്ഥനയാണ്


اهدنا الصراط المستقيم صراط اللذين أنعمت عليهم -سورة الفاتح
"ഞങ്ങളെ നീ അനുഗ്രഹിച്ചവരുടെ പാതയായ സന്‍മാര്‍ഗത്തിലൂടെ നീ വഴിനടത്തേണമേ " .ഇങ്ങനെ പ്രാര്‍ഥിക്കാന്‍ പറഞ്ഞത് അല്ലാഹുവാണ് .അവനോട് തന്നെ യാണ് പ്രാര്‍ഥിക്കുന്നതും. പിന്നെ നേരായ പാത ഏതാണെന്ന് വിശദീകരിച്ച് 'നീ അനുഗ്രഹിച്ചവരുടെ പാതയായ നേരായ പാത ' എന്ന് പ്രാര്‍ഥിക്കാന്‍ പറഞ്ഞതിന്‍റെ താല്‍പര്യമെന്താണ്..?. അതാണ്‌ നേരായ പാതയെന്നു അല്ലാഹു നമ്മെ ബോദ്ധ്യപ്പെ ടുത്തുകയാണിവിടെ .അല്ലാഹു അനുഗ്രഹിച്ചവരുടെ പാതയാ ണതെന്നു അവന്‍ തന്നെ നമ്മെ ഒര്‍മപ്പെടുത്തിയിരിക്കുന്നു.

ആ പാത അറിയാനും അത് അനുധാവാനും ചെയ്യാനും ഉദ്ധേശിക്കുന്നവരോട് ഇമാം റാസി(റ) പറയുന്നു:

സന്‍മാര്‍ഗത്തിലൂടെ ദൈവീക ബോധനത്തിന്‍റെ സ്ഥാനങ്ങളിലെത്താന്‍ ഉദ്ധേശിക്കുന്ന ഒരാള്‍ക്ക്‌ ,അവനെ നേരായ മാര്‍ഗത്തിലെത്തിക്കുകയും പിഴവുകളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും വേര്‍പെടുത്തുകയും ചെയ്യുന്ന ഒരു ശൈഖിനെ തുടരുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നാണ് ഈ  സൂക്തം അറിയിക്കുന്നത് .കാരണം അധിക ജനങ്ങളിലും ന്യൂനതകള്‍ കൂടുതലാണ് ശരിയും തെറ്റും വേര്‍ തിരിച്ചറിയാനും അല്ലാഹുവിനെ മനസ്സിലാക്കാനും അവരുടെ ബുദ്ധി പര്യാപ്തമല്ല .അതുകൊണ്ട് ഈ വിഷയങ്ങളില്‍ പൂര്‍ണനായ ഒരാളെ പിന്തുടരല്‍ ആ ന്യൂനതകള്‍ ഉള്ളവര്‍ക്ക് നിര്‍ബന്ധമാണ് .അദ്ധേഹത്തിന്‍റെ ബുദ്ധിയുടെ പ്രകാശം വഴി അവരുടെ ബുദ്ധിശക്തി കൂടും . അപ്പോഴേ അവര്‍ക്ക് വിജയ കവാടങ്ങളിലെത്താനും പൂര്‍ണതയുടെ സോപാനങ്ങളിലേറാനും കഴിയൂ.. (തഫ്സീറുല്‍ കബീര്‍ 1 :189 190 )

അല്ലാഹു അനുഗ്രഹിച്ച വരുടെ പാതയെന്നാല്‍ മശാഇഖുമാരുടെ പാത അഥവാ ത്വരീഖത്താണെന്നാണ് ഇമാം റാസി(റ) ഇവിടെ വ്യക്തമാക്കുന്നത്. ആ പാത പിന്തുടരുകയേ നേര്‍വഴിയിലെത്താന്‍ മാര്‍ഗമുള്ളൂ എന്ന ദ്ധേഹം തുറന്നു പറഞ്ഞു. ദിവസവും പാതിനേഴ് പ്രാവശ്യം ഈ പാതയിലെത്താന്‍ അലസമായി പ്രാര്‍ഥിക്കുകയും ഈ പാതയെ കുറിച്ച് കേള്‍കുമ്പോള്‍ മുഖം തിരിക്കുകയും ചെയ്യുന്നത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല.

അല്ലാഹു വീണ്ടും ആജ്ഞാപിക്കുന്നു .

واتّبع سبيل من أناب اليّ- لقمان 15
"എന്നിലേക്ക് മുന്നിട്ട് മടങ്ങിയവരുടെ വഴിയാണ് നിങ്ങള്‍ പിന്തുടരേണ്ടത് "

ഈ സൂക്തത്തില്‍ പറഞ്ഞ 'അല്ലാഹുവിലേക്ക് മുന്നിട്ട് മടങ്ങിയവര്‍ ' എന്നതുകൊണ്ട്‌ ഉദ്ധേശിക്കുന്നത് ആരെയാണെന്ന് വിശദീകരിച്ചു മഹാനായ ഇബ്നു അജീബ(റ) പറയുന്നു;
ആന്ധരികജ്ഞാനമനുസരിച്ച തര്‍ബിയത്തിന്‍റെ ശൈഖാണത് (അല്‍ബഹരുല്‍മദീദ് )

അല്ലാഹു പറയുന്നു :

يا أيّها الذين آمنوا اتقوا الله وكونوا مع الصادقين -التوبة 119
"ഓ സത്യ വിശ്വാസികളെ നിഇങ്ങള്‍ അല്ലാഹുവിനു തഖ് വാ ചെയ്യുക അതോടൊപ്പം സത്യസന്ധമായി ജീവിക്കുന്നവരോടൊപ്പം ചേരുക".
ഈ സൂക്തത്തില്‍ കേവലം സത്യം പറയുന്നവരോടൊപ്പം ചേരാന്‍ കല്‍പിക്കുകയല്ല അല്ലാഹു ചെയ്യുന്നത് . കാരണം അത്തരക്കാര്‍ അന്യ മതസ്ഥരില്‍ പോലുമുണ്ടാവും . നമ്മെ സൃ ഷ്ട്ടിച്ചതിന്‍റെ ലക്‌ഷ്യം മനസ്സിലാക്കി അത് സത്യ സന്തമായി ജീവിതത്തില്‍ പകര്‍ത്തുന്നവരോടൊപ്പം ചേരാനാണ് ഈ സൂക്തത്തില്‍ അല്ലാഹു കല്‍പ്പിക്കുന്നത്.


ഈ സൂക്തത്തെ വിശദീകരിച് കൊണ്ട് റൂഹുല്‍ ബയാനില്‍ ഇസ്മാ ഈലുല്‍ ഹഖി (റ) പറയുന്നു.:


അതുകൊണ്ട് മോനേ...നിന്നെ മാര്‍ഗ ദര്‍ശനം നടത്തുകയും നിന്‍റെ ചിന്തകളെ പരിരക്ഷിക്കുകയും ചെയ്യുന്ന ഒരു ശൈഖിനെ ശക്തമായ പരിശ്രമാത്തോടെ നീ തേടിപ്പിടിക്കുക ...റൂഹുല്‍ ബയാന്‍ 675 / 3
പൂര്‍വ്വിക മഹത്തുക്കളെല്ലാം ഒരു ശൈഖിനെ സ്വീകരിക്കേണ്ടതിന്‍റെ അനിവാര്യത വളരേ ഗൌരവപൂര്‍വ്വം ഉണര്‍ത്തിയിട്ടുണ്ട് .ശൈഖും ത്വരീഖത്തുമില്ലാതെ ഒരാള്‍ക്ക്‌ അല്ലാഹു അനുഗ്രഹിച്ചവരുടെ പാതയിലെത്താനും പൂര്‍ ണ സംസ്ക്കരണം സിദ്ധിക്കാനും സാധിക്കില്ലന്നത് കൊണ്ടാണത് .

ബഹുമാനപ്പെട്ട ശൈഖ് മുഹിയുധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) പറയുന്നു


ഖുര്‍'ആനും സുന്നത്തും ആരിഫീങ്ങളായ മശാഇഖുമാരെയും പിന്തുടര്‍ന്നില്ലെങ്കില്‍ നീ ഒരിക്കലും വിജയിക്കുകയില്ല (അല്‍ ഫത് ഹു റബ്ബാനി )

ത്വരീഖത്ത് സ്വീകരിക്കൽ ശർഇയ്യായ വാജിബല്ല.

മുകളിൽ വിശദീകരിച്ചത് മുഴുവൻ ത്വരീഖത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. എന്നാൽ ചിലർ പറയുന്നത് പോലെ അത് നിർബന്ധമായ കാര്യമല്ല.
ശറഇയ്യായ വുജൂബില്ല എന്നർത്ഥം. ത്വരീഖത്ത് സ്വീകരിക്കാത്തവർ മുഅ്മിനാകില്ലെന്നത് ചിലരുടെ തികണ്ഡവാദം മാത്രം.

ശൈഖ് അബുൽ അബ്ബാസ്(റ) പറയുന്നു: തർബിയതിന്റെ ശൈഖിനെ (ത്വരീഖത്തിന്റെ ശൈഖ്) സ്വീകരിക്കൽ ഏതൊരു വ്യക്തിക്കും നിർബന്ധമുള്ള കാര്യമല്ല. എന്നാൽ ശൈഖുത്തഅ്‌ലീം (ശരീഅത്ത് നിയമങ്ങൾ പഠിപ്പിക്കുന്ന ശൈഖ്/ഉസ്താദ്) അങ്ങനെയല്ല; അതെല്ലാവർക്കും അനിവാര്യമത്രെ (അൽ മിഅ്‌യാറുൽ മുഅർറബ് 12/295).

എന്നാൽ ചില മഹാന്മാരുടെ (ഉദാ; ഇമാം ഗസ്സാലി(റ).) ഗ്രന്ധങ്ങളിൽ അത് വുജൂബാണെന്ന പരാമർശം കാണാം.
ചില പണ്ഡിതർ( ഉദാ; സുയൂത്വി(റ)) അതിന്ന് ശറഇൽ യാതൊരു അടിസ്ഥാനവുമില്ല. എന്നും പറഞ്ഞതായി കാണുന്നുണ്ട്. ഇത് കൊണ്ട് അവർ ഉദ്ധേശിച്ചത് എന്താണെന്ന് പണ്ഡിതന്മാർ തന്നെ പറയുന്നത് കാണുക.


അഥവാ “വുജൂബ് നള്രിയ്യാ”ണ് ത്വരീഖത്ത് സ്വീകരിക്കൽ .
എന്ന് പറഞ്ഞാൽ അത് സ്വീകരിക്കാത്തതിന്റെ പേരിൽ ആഖിറത്തിൽ സിക്ഷ ഉണ്ടാവില്ല എന്ന് സാരം. ദാഹിച്ചു അവശനായവൻ വെള്ളത്തിലേക്ക് ആവശ്യമുള്ളവനാവുകയും വെള്ളമന്വേഷിച്ചില്ലെങ്കിൽ മരിക്കുമെന്ന അവസ്ഥ സംജാതമാവുകയും ചെയ്താൽ വെള്ളമന്വേഷിക്കൽ അനിവാര്യമാണെന്ന് പറയുംപോലെ ആത്മീയ ദാഹം നേരിടുന്നവൻ യഥാർത്ഥ ശൈഖിനെ അന്വേഷിക്കലും ബുദ്ധിപരമായ അനിവാര്യമാണെന്ന് പറയാം.
ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്വാൻ’ എന്ന ആപ്തവാക്യം വലിച്ചുനീട്ടി ഏതൊരാൾക്കും ഏതെങ്കിലുമൊരു ത്വരീഖത്തിൽ പ്രവേശിക്കൽ നിർബന്ധമാണെന്ന് ശഠിക്കുന്നവരുടെ വാദം ശരിയല്ലെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

ആരാണ് ശൈഖ്
ശൈഖ് അഹ്മദ് ളിയാഉദ്ദീൻ(റ) എഴുതുന്നു: മുരീദ് തന്റെ ശരീരത്തെ ഏൽപ്പിക്കുന്ന ശൈഖിന്റെ നിബന്ധനകൾ അഞ്ചെണ്ണമാകുന്നു. 1, വ്യക്തമായ ആസ്വാദന ശേഷിയുള്ള ബുദ്ധിശക്തി. 2, ശരിയായ അറിവ്. 3, ഉയർന്ന മനക്കരുത്ത്. 4, തൃപ്തികരമായ അവസ്ഥ. 5, ഫലപ്രദമായ ഉൾക്കാഴ്ച. ബാഹ്യവും ആന്തരികവുമായ വിജ്ഞാനത്തിന്റെ ഗുണങ്ങളൊന്നും പരിപൂർണമായി മേളിക്കാത്ത ഒരു ശൈഖുമായി സഹവസിക്കുന്ന മുരീദുമാർ തീർച്ചയായും നാശത്തിലാണ് (ജാമിഉൽ ഉസ്വൂൽ/39)



ശൈഖുമാർ നാല് വിധം

  • ശൈഖുത്തഅ്‌ലീം (പഠിപ്പിക്കുന്ന ഗുരുനാഥൻ).ദീനീ വിജ്ഞാനങ്ങൾ പഠിപ്പിച്ച് കൊടുക്കുന്ന ഗുരുനാഥനാണ് ശൈഖുത്തഅ്‌ലീം. ജ്ഞാനവും ഭക്തിയും ആത്മാർത്ഥതയും മേളിച്ചവരാണ് ശൈഖെങ്കിൽ വിദ്യാർത്ഥികൾ തീർച്ചയായും നല്ലവരായി മാറും.
  • ശൈഖുത്തബർറുക് (ബറകത്തിന് വേണ്ടി തുടരപ്പെടുന്ന വ്യക്തി. പുണ്യലബ്ധിക്കു വേണ്ടി തുടരപ്പെടുന്ന വ്യക്തിയാണ് ശൈഖുത്തബർറുക്. പുണ്യലബ്ധിക്ക് യോഗ്യരായ ആരെയും തബർറുകിന്റെ ശൈഖായി സ്വീകരിക്കാമെന്ന് ഇബ്‌നുഹജർ(റ)വും ഇമാം ശഅ്‌റാനി(റ)വും വ്യക്തമാക്കുന്നുണ്ട് (അൽ ഫതാവൽ ഹദീസിയ്യ/76, അൽ അൻവാറുൽ ഖുദ്‌സിയ്യ 1/64)
  • .ശൈഖുത്തർഖിയത് (സ്ഥാനാരോഹണം കൊടുക്കുന്ന ശൈഖ്).ക്രമേണയുള്ള പരിപാലനത്തിലൂടെയല്ലാതെ പെട്ടെന്ന് തന്റെ മുരീദിനെ മേൽപദവിയിലേക്ക് എത്തിക്കാൻ പ്രാപ്തിയുള്ള ശൈഖാണ് തർഖിയത്തിന്റെ ശൈഖ്
  • ശൈഖുത്തർബിയത് (വളർത്തിയെടുക്കുന്ന ശൈഖ്).  തന്റെ മുരീദ് അല്ലാഹുവിലേക്ക് ചേരുകയും സദ്‌വൃത്തനാവുകയും ചെയ്യുന്നതുവരെ അൽപാൽപമായി നിയന്ത്രിച്ചും തിരുത്തിയും വളർത്തിയെടുക്കുന്ന ശൈഖാണ് ശൈഖുത്തർബിയ. 
യഖീനിലെത്തിയാൽ നിസ്കരിക്കണ്ട?

അല്ലാമാ സഅ്ദുദ്ദീനുത്തഫ്താസാനി(റ) രേഖപ്പെടുത്തി: 


പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരാളും ശറഇന്റെ ആജ്ഞകളും വിലക്കുകളും ബാധകമല്ലാത്തൊരവസ്ഥയിലേക്ക് തീർച്ചയായും എത്തുകയില്ല. എന്നാൽ ചില വിലക്കുകളെ അവഗണിച്ചവർ ഇപ്രകാരം പറയുന്നു: ഒരടിമ (അല്ലാഹുവിനോടുള്ള) മഹബ്ബത്തിൽ പരമാവധി സ്ഥാനമെത്തിക്കുകയും തന്റെ ഹൃദയം സ്ഫുടമാവുകയും കാപട്യമില്ലാത്ത വിധം വിശ്വാസത്തെ അവിശ്വാസത്തേക്കാൾ തിരഞ്ഞെടുക്കുകയും ചെയ്താൽ ശറഇന്റെ ആജ്ഞകളും വിലക്കുകളും അവന് ബാധകമാവുന്നതോ വൻ കുറ്റങ്ങൾ ചെയ്യുന്നതുകൊണ്ട് അല്ലാഹു അവനെ നരകത്തിൽ കടത്തുന്നതോ അല്ല. മറ്റു ചിലർ ഇപ്രകാരം പറയുന്നു: ഉപരിസൂചിത അവസ്ഥയെത്തിയാൽ ബാഹ്യ ഇബാദത്തുകളായ നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയവ അവന് ബാധകമല്ലാതാവും. (അല്ലാഹുവിലുള്ള) ചിന്ത മാത്രമാവും അവന്റെ ഇബാദത്ത്. ഇപ്പറഞ്ഞതെല്ലാം പിഴച്ച മാർഗവും കുഫ്‌റുമാ(അവിശ്വാസം)കുന്നു. കാരണം ഈമാനിന്റെയും മഹബ്ബത്തിന്റെയും വിഷയത്തിൽ ജനങ്ങളിൽ വെച്ച് ഏറ്റവും പരിപൂർണർ അമ്പിയാക്കളാണ്. വിശിഷ്യാ അല്ലാഹുവിന്റെ ഹബീബായ മുഹമ്മദ് നബി(സ്വ). എന്നിട്ടും ശറഈ കൽപനകൾ അവരിലാണ് പരിപൂർണമായുള്ളത് (ശർഹുൽ അഖാഇദ്/148).