ഉമറി(റ)ന്റെ പരാജയം

ഒരിക്കല്‍ ഉമര്‍ അബൂ ബക്‌റിനെ പരാജയപ്പെടുത്തണ മെന്നാഗ്രഹിച്ചു. ഇസ്‌ലാമിന്റെ മാര്‍ഗത്തിലുള്ള നന്‍മകളുടെ മാര്‍ഗ്ഗത്തിലുള്ള ആരോഗ്യകരമായ മത്സരമായിരുന്നു അത്. സദ്കര്‍മ്മങ്ങളില്‍ അബൂ ബക്‌റിനെ പോലെയാകാന്‍ ആ സമൂഹത്തിലെ എല്ലാവരും കൊതിച്ചു. ഒരിക്കലെങ്കിലും ഇസ്‌ലാമിന്റെ കാര്യത്തില്‍ അബൂബക്‌റിനെ പരാജയപ്പെടുത്തണം.

‘അല്ലാഹുവിന്റെ പ്രവാചകരേ, ഇന്ന് ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നത് എന്റെ സമ്പത്തിന്റെ പകുതിയും ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കാനായിട്ടാണ്’. തിരുമേനി ഉമറിനോടു ചോദിച്ചു. ‘എന്താണ് നീ നിന്റെ കുടുംബത്തിനു വേണ്ടി മാറ്റി വച്ചിരിക്കുന്നത്’? ‘ സമ്പത്തിന്റെ മറ്റേ പകുതി  കുടുംബത്തിനായി നീക്കി വച്ചിട്ടുണ്ട് നബിയേ’.
അപ്പോഴാണ് അബൂ ബക്ര്‍ കടന്നു വരുന്നത്. അബൂബക്ര്‍ പറഞ്ഞു:’ തിരുമേനിയേ എന്റെ സമ്പത്തു മുഴുവനും ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിച്ചിരിക്കുന്നു. ഇതു കേട്ടപ്പോള്‍ തിരുമേനി ചിരിച്ചില്ല. തിരുമേനി വീണ്ടും ചോദിച്ചു:’ അബൂ ബക്ര്‍ എന്താണ് ഇനി താങ്കളുടെ വീട്ടില്‍ സമ്പത്തായി അവശേഷിക്കുന്നത്. അബൂബക്കര്‍ മറുപടി കൊടുത്തു: ‘അല്ലാഹുവും റസൂലും മാത്രമേയുള്ളൂ എന്റെ വീട്ടില്‍.’ അല്ലാഹുവും പ്രവാചകനും മാത്രം അവശേഷിക്കാന്‍ പാകത്തിന് എല്ലാം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്ന അബൂ ബക്കറിനെ കണ്ടു തിരുമേനി വെളുക്കെ ചിരിച്ചു. സന്തോഷത്തിന്റെ പുഞ്ചിരി. അതൊരു സമാശ്വാസത്തിന്റെയും ആത്മനിര്‍വൃതിയുടെയും ചിരിയായിരുന്നു. ഒരു കാര്യത്തിലെ പൂര്‍ണ്ണതയില്‍ എത്തിയതിലുള്ള സംതൃപ്തിയുടെ പുഞ്ചിരി.
പുണ്യവും സത്കര്‍മ്മവും ഇസ്‌ലാമില്‍ നിശ്ചയിക്കപ്പെടുന്നത് ഒരാള്‍ നല്‍കുന്ന പണത്തിന്റെ വലുപ്പത്തിനനുസരിച്ചല്ല, എത്ര കൊടുത്തു എന്നതല്ല, എത്ര കൊടുക്കാതിരിക്കുന്നുവെന്നതാണ് ഇവിടെ അളവുകോല്‍. ഓരോ ആളുകളും തങ്ങളുടെ അവസ്ഥയനുസരിച്ച് കൊടുക്കുന്ന തുകയില്‍  ഏറ്റക്കുറിച്ചിലുകളുണ്ടാകും. എന്നാല്‍ എത്ര ബാക്കി വച്ചിട്ടുണ്ട് എന്നത് ഒരാളുടെ കൊടുക്കാനുള്ള സന്നദ്ധതയെയാണ് സൂചിപ്പിക്കുന്നത്. ഉമറും മറ്റു പലരും ഇസ്‌ലാമിക മാര്‍ഗത്തില്‍ നല്‍കിയ ധനവും സമ്പത്തും അബുബക്ര്‍ നല്‍കിയതിനേക്കാള്‍ വളരെ കൂടുതലാകാം. എന്നാല്‍ ഒന്നുമില്ലായ്മയില്‍ നിന്നും ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ എല്ലാം നല്‍കാനുള്ള സന്നദ്ധതയാണ് അബൂബക്‌റിനെ മറ്റാരേക്കാളും മഹാനാക്കുന്നത്.

(അവലംബം- ഹദീസ്)