തലപ്പാവ് തിരുചര്യയാണ്.


തലപ്പാവ് ധരിക്കൽ തിരു ചര്യയും പ്രതിഫലാർഹമായ കർമ്മവുമാണ്.
 നബി(സ്വ) തലപ്പാവ് ധരിച്ചിരുന്നതായി ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്.

  وعن عمرو بن حريث : أن النبي - صلى الله عليه وسلم  خطب وعليه عمامة سوداء ، قد أرخى طرفيها بين كتفيه يوم الجمعة . رواه مسلم

ഇമാം മുസ്ലിം, അബൂദാവൂദ്, നസാഈ, ഇബ്നുമാജ(റ. ഹും) തുടങ്ങിയവര്‍ ബഹു. അംറുബ്നു ഹുറൈസി(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) ഖുത്വുബ നിര്‍വഹിക്കുമ്പോള്‍ കറുത്ത തലപ്പാവണിഞ്ഞിരുന്നു (അത്തര്‍ഖീസുല്‍ ഹബീര്‍ 2/70).

ഈ ഹദീസ് ഇബ്നുസഅദ്(റ), ഇബ്നുഅബീശൈബ(റ), അഹ്മദുബ്നു ഹമ്പല്‍(റ) തുടങ്ങിയവരും നിവേദനം ചെയ്തതായി ഇമാം സുയൂത്വി(റ) പറഞ്ഞതിനുശേഷം, നബി(സ്വ)യും ധാരാളം സ്വഹാബാക്കളും മറ്റുള്ളവരും തലപ്പാവണിഞ്ഞിരുന്നതായി വിവിധ ഹദീസുകള്‍ കൊണ്ട് തെളിയിച്ചിട്ടുണ്ട് (ഫതാവാ സുയുത്വി 1/76, 77, 78 നോക്കുക).

ബഹു. അലി(റ)ന് നബി(സ്വ) തലപ്പാവണിയിച്ച് കൊടുത്തുവെന്ന് ഇബ്നു അബീശൈബ(റ)യും അബൂദാവുദത്ത്വയാലസി(റ)യും ബൈഹഖി(റ)യും നിവേദനം ചെയ്തിട്ടുണ്ട് (അല്‍ മവാഹിബുല്ലദുന്നിയ്യ 5/12 സുര്‍ഖാനി സഹിതം നോക്കുക).

അബൂഉമാമ(റ)യില്‍ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം: ‘നബി(സ്വ) തലപ്പാവണിയിച്ച് കൊടുത്തിട്ടല്ലാതെ ഒരാളെയും കാര്യകര്‍ത്താവാക്കി നിയമിക്കാറുണ്ടായിരുന്നില്ല’ (അല്‍ ജാമിഉസ്സഗീര്‍ 2/114).
ഇത്രയും ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട സുന്നത്താണ് തലപ്പാവണിയല്‍ എന്ന് വ്യക്തമാകുമ്പോള്‍ ഇത് വെറും അറേബ്യന്‍ ആചാരമാണെന്നും സുന്നത്തല്ലെന്നും പറയുന്നത് മൌഢ്യമാണ്. ഇനി ആചാരമാണെന്ന് സമ്മതിച്ചാല്‍ തന്നെ നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ശേഷമുള്ള സദ്വൃത്തരുടെയും ആചാരങ്ങള്‍ തന്നെയാണല്ലോ പിന്തുടരാന്‍ ഏറ്റവും അര്‍ഹമായത്. മാത്രമല്ല, മുന്‍കാല അമ്പിയാക്കന്മാരുടെയും മുര്‍സലുകളുടെയും ചര്യയായിരുന്നു തലപ്പാവണിയല്‍. ജിബ്രീല്‍(റ) തലപ്പാവണിഞ്ഞായിരുന്നു ഇറങ്ങിവന്നിരുന്നതെന്ന് ഹദീസില്‍ വന്നതുതന്നെ മതിയായ തെളിവാണ്. അതൊരു വിഭാഗത്തിന്റെ ആചാരമല്ലെന്നതിന് തെളിവാണ് അബ്ദുറഹ്മാന്‍(റ)ന് നബി(സ്വ) തലപ്പാവണിയിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞത്. ‘ഇപ്രകാരം തലപ്പാവണിയുക, അതാണേറ്റവും ഭംഗിയുള്ളത്.’ ഇത്രയും കാര്യങ്ങള്‍ അത്താജുല്‍ ജാമിഇലില്‍ ഉസ്വുല്‍ 1/150ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഇതുകൊണ്ട് തന്നെ ബഹു. ഇബ്നുഹജര്‍(റ) പറയുന്നു: ‘നിസ്കാരത്തിനും ഭംഗിക്കും വേണ്ടി തലപ്പാവണിയല്‍ സുന്നത്താണ്. കാരണം ധാരാളം ഹദീസുകള്‍ കൊണ്ട് തെളിഞ്ഞതാണത്. നബി(സ്വ) കറുത്ത തലപ്പാവണിഞ്ഞിരുന്നുവെന്നും ബദ്റില്‍ മലകുകളിറങ്ങിയപ്പോള്‍ മഞ്ഞ തലപ്പാവണിഞ്ഞിരുന്നുവെന്നും സ്വഹീഹായി വന്നിട്ടുണ്ടെങ്കിലും അത് സാധ്യതകള്‍ക്ക് വിധേയമായ സംഭവങ്ങളാണ്. വെള്ളവസ്ത്രം ധരിക്കാന്‍ നബി   (സ്വ) കല്‍പ്പിച്ചതായി സ്വഹീഹായ ഹദീസില്‍ വന്നതുകൊണ്ട് തലപ്പാവ് വെള്ളയായിരിക്കലാണ് ഏറ്റവും ഉത്തമമായത്’ (തുഹ്ഫ 3/36) നോക്കുക).

നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. അതാണ് ഏറ്റവും ഉത്തമമായത് എന്ന ആശംയ വരുന്ന ഹദീസ് നസാഈ(റ) ഒഴികെയുള്ള അസ്വ്ഹാബുസ്സുനന്‍, ഇമാം ശാഫിഈ(റ), അഹ്മദുബ്നു ഹമ്പല്‍(റ), ഇബ്നുഹിബ്ബാന്‍(റ), ഹാകിം(റ) ബൈഹഖി(റ) തുടങ്ങിയവര്‍ ഇബ്നു അബ്ബാസ്(റ) വഴിയായി നിവേദനം ചെയ്തിട്ടുണ്ടെന്ന് ബഹു. അസ്ഖലാനി(റ) അത്തല്‍ഖീസ്വുല്‍ ഖബീര്‍ 2/69ല്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഇത് കൂടി കാണുക .
നബി തങ്ങളുടെ തലപ്പാവിനെ കുറിച്ച് ഹൈസമി തന്റെ മജ്മഇൽ പറയുന്നു;
فعن أبي حازم رضي الله عنه قال: قلت لابن عمر رضي الله عنهما كيف كان رسول الله صلى الله عليه وسلم يعتم؟ قال: كان يدير كُوَرَ العمامة على رأسه يقرنها -وفي رواية ويغرزها من ورائه- ويرسل لها ذؤابة بين كتفيه. ذكره الهيثمي في المجمع، وقال رواه الطبراني في الأوسط ورجاله رجال الصحيح خلا أبا عبد السلام وهو ثقة.