ശൈഖുനാ ടി.കെ.എം ബാവ മുസ്ലിയാർ


സി ടി.കെ. എം ബാവ മുസ്ലിയാരുടെ വിയോഗത്തോടെ സമസ്തക്ക് നഷ്ടമായായത് ഒരു സാത്വികനായ പണ്ഡിതനെയാണെങ്കിൽ കാസർക്കോടിന് നഷ്ടമായത് തങ്ങളുടെ പ്രിയപ്പെട്ട ഖാസിയെയാണ്. കാസര്‍കോട്ട് ദീര്‍ഘമായ 29 വര്‍ഷമാണ് അദ്ദേഹം ഖാസിയായി സേവനമനുഷ്ഠിച്ചത്. മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ ചരിത്രം നന്നായി അറിയാവുന്ന അപൂര്‍വം പണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു ഖാസി.

മാലിക് ദീനാര്‍ ജുമാമസ്ജിദിന് കീഴിലുള്ള അനാഥാലയത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിച്ചു. ഖാസി പദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് അദ്ദേഹത്തെ വഫാത്താകുന്നതിന്റെ മൂന്നു വര്‍ഷം മുമ്പ് മാലിക്ദീനാര്‍ ഉറൂസിന്റെ പ്രൗഢമായ ചടങ്ങില്‍ ആദരിച്ചിരുന്നു.

പള്ളിയില്‍ എത്തുന്ന ആളുകളോടും തളങ്കര ഖാസി ഹൗസിലെ സന്ദര്‍ശകരോടും സ്‌നേഹത്തോടെ പെരുമാറുകയും അവരുടെ പ്രയാസങ്ങള്‍ ആരായുകയും അവയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുമായിരുന്ന ഖാസി സര്‍വാദരണീനായനായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ വ്യക്തിയെ ഒരിക്കലും അദ്ദേഹം മറക്കുമായിരുന്നില്ല. ലളിതമായ ജീവിതം നയിച്ചിരുന്ന ശൈഖുന പ്രവര്‍ത്തികളിലും സംസാരത്തിലും അതീവ സൂക്ഷ്മതയും ഇസ്ലാമിക ചര്യകളില്‍ കാര്‍ക്കശ്യവും പുലര്‍ത്തിയിരുന്നു. ചരിത്ര പസിദ്ധമായ മാലിക്ദീനാര്‍ ഉറൂസിന്റെ വിജയകരമായ നടത്തിപ്പിലും നിയന്തണത്തിലും ഖാസി വഹിച്ചിരുന്ന പങ്ക് നിസ്തുലമാണ്. കാസര്‍കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഇസ്ലാമിക ചടങ്ങുകളിലെയും സ്ഥാപനങ്ങളുടെ സംഘാടന സമിതികളിലെയും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.  ദീര്‍ഘ കാലം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചു.

നിരവധി സ്തലങ്ങളിലായി അഞ്ച് പതിറ്റാണ്ടോളം ദർർസ് നടത്തിയ മഹാൻ ജീവിതം മുഴുവൻ ഇലാഹീ മാർഗത്തിൽ ചിലവഴിച്ചു.
നിലപാടുകളിലെ കണിശതയും തീരുമാനങ്ങളിലെ ദീർഗ ദൃഷ്ടിയും അദ്ധേഹത്തെ വെതിരിക്തനായ പണ്ഡിതനാക്കി.

കാസര്‍കോട് ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി, പ്രസിഡന്റ്, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ട്രഷറര്‍, സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, എന്നീ നിലകളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമായിരുന്നു ടി.കെ.എം.ബാവ മുസ്ലിയാര്‍ നിര്‍വഹിച്ചിരുന്നത്. മരണപ്പെടുന്നതിനോടടുത്തായി കുമ്പള, മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാസി പട്ടവും ബാവ മുസ്ലിയാരെ തേടിയെത്തിയിരുന്നു. ഇ.കെ. ഹസന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് 1983 മെയ് 19നാണ് ടി.കെ.എം ബാവ മുസ്്‌ലിയാര്‍ കാസര്‍കോട് സംയുക്ത ഖാസിയായി ചുമതലയേറ്റത്.

മുഅല്ലിം ക്ഷേമ നിധി സംസ്ഥാന ഉപദേഷ്ടാവ്, വെളിമുക്ക് പള്ളിയാല്‍ മഹല്ല് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ബാവമുസ്‌ലിയാര്‍ കൊണ്ടോട്ടിയിലെ 40 മഹല്ലുകളുടെ ഖാസി, ഫറോക് പുറ്റെക്കാട് മഹല്ല് ഖാസി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. 1976 ജൂലൈ 31ന് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാവമുസ്‌ലിയാര്‍ 1989 ഫെബ്രുവരി 21നാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡണ്ടാകുന്നത്. മദ്രസാ പ്രസ്ഥാനത്തെ രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പഠനരീതിയിലും പരീക്ഷാസമ്പ്രദായത്തിലും കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അങ്ങനെ ശൈഖുന നടത്തിയ പരിവർത്തനങ്ങൾ നിരവധിയാണ്.
നാടിനും പ്രസ്ഥാനത്തിനും കനത്ത നഷ്ടം സമ്മാനിച്ച് 2013 ജൂൺ 16 ഞായറാഴ്ച്ച മഹാൻ ഈ ലോകത്തോട് വിട പറണഞ്ഞു.