ബിലാലിന്റെ ബാങ്കൊലി


നബി (സ്വ) തങ്ങള്‍ വഫാതായ ശേഷം ഒരിക്കല്‍ പോലും ബിലാല്‍ (റ) ബാങ്ക് വിളിക്കുകയുണ്ടായില്ല. പ്രവാചകര്‍ (സ്വ) ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ആര്‍ക്കു വേണ്ടി ബാങ്ക് വിളിക്കാനാണ്. ബിലാല്‍ (റ) പിന്നീടൊരിക്കലും ബാങ്ക് വിളിക്കാന്‍ മസ്ജിദു നബവിയിലെ പീഡത്തില്‍ കയറുകയുണ്ടായില്ല.
നബി (സ്വ) യുടെ വഫാതിനു ശേഷം ബിലാല്‍ (റ), അബൂബക്കര്‍ സിദ്ദീഖ് (റ) ന്‍റെ അടുത്ത് വന്നു. കണ്ണുകളില്‍ ദുഃഖം ചുവപ്പു വരകള്‍ വീഴ്ത്തിയിരുന്നു. ദുഖഭാരം മുഖത്ത് അവശത വരുത്തിയിരുന്നു.
"ഏറ്റവും നല്ല സല്‍കര്‍മ്മം ജിഹാദ് ആണെന്ന് നബി (സ്വ) പറയുന്നത് ഞ്ഞാന്‍ കേട്ടിട്ടുണ്ട്. " -ബിലാലിന്റെ കണ്ണുകള്‍ ചാലിട്ടൊഴുകി.
"താങ്കള്‍ എന്ത് ചെയ്യാന്‍ പോവുന്നു ?, ബിലാല്‍" -ആശ്ചര്യ ഭാവത്തില്‍ അബൂബക്കര്‍ (റ) ചോദിച്ചു.
"ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ശഹീദ് ആവുന്നത് വരെ യുദ്ധം ചെയ്യാനാഗ്രഹിക്കുന്നു."
"അപ്പൊ ഞങ്ങള്‍ക്ക് ആര് ബാങ്ക് വിളിക്കും?"- സിദ്ദീഖ് (റ) ചോദിച്ചു.
"റസൂല്‍ (സ്വ) നു അല്ലാതെ മറ്റു ആര്‍ക്കും വേണ്ടി ഞാന്‍ ബാങ്ക് വിളിക്കില്ല" -ബിലാലിന്റെ കണ്ണുകളില്‍ കണ്ണീര്‍ തുള്ളികള്‍ പ്രളയം തീര്‍ത്തു, കവിളിലൂടെ അതു ഒഴുകി കൊണ്ടിരുന്നു.
"ക്ഷമിക്കൂ ബിലാല്‍, ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ബാങ്ക് വിളിക്കൂ" -സിദീഖ് (റ) വിന്റെ വാക്കുകള്‍ക്കും ദുഖത്തിന്റെ ഭാരമുണ്ടായിരുന്നു.
"നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടിയാണ് എന്നെ സ്വതന്ത്രനാകിയതെങ്കില്‍ നിങ്ങള്ക്ക് എന്ത് വേണമെങ്കിലും ആവാം, അതല്ല അല്ലാഹുവിനു വേണ്ടിയാണെങ്കില്‍ എന്നെ വിട്ടേക്കുക"
" അല്ലാഹുവിനു വേണ്ടിയാണ് ഞാന്‍ നിങ്ങളെ സ്വതന്ത്രനാക്കിയത്‌"- സിദ്ദീഖ് (റ) അദ്ധേഹത്തെ ഇഷ്ടപ്രകാരം പോവാന്‍ അനുവദിച്ചു.
സൈന്യത്തോടൊപ്പം ബിലാലും (റ) ശാമിലേക്ക് തിരിച്ചു. അല്ലാഹുവിന്റെ റസൂലില്ലാത്ത മദീന ..... ബിലാലിന് (റ) അത് ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല.

വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി. ഒരിക്കല്‍ ബിലാല്‍ (റ) ഉറങ്ങുകയായിരുന്നു. നബി (സ്വ) സ്വപ്നത്തില്‍ വന്നു അദ്ധേഹത്തൊടു ചോദിച്ചു.
"ബിലാല്‍, എന്തിനാണ് നമ്മോട് ഈ പിണക്കം. എന്നെ സന്ദര്‍ശിക്കാന്‍ ഇനിയുംസമയമായില്ലേ?"
ബിലാല്‍ (റ) ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു. വിടര്‍ന്ന നെറ്റിതടത്തില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു. നെഞ്ചില്‍ മദീനയിലെത്താനുള്ള മോഹം തുടി കൊട്ടി. അദ്ദേഹം മദീനയിലേക്ക് യാത്ര പുറപ്പെട്ടു.
മദീനയിലെത്തിയ ബിലാല്‍ (റ) പ്രവാചകരുടെ (സ്വ) ഖബറിനടുത്തെത്തി. ഖബറിനരികിലിരുന്നു. കാലുകള്‍ വിറക്കാന്‍ തുടങ്ങി. ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു. മദീനയില്‍, പ്രവാചക സന്നിധിയില്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും. കണ്ണുകളില്‍ കാഴ്ച മങ്ങി തുടങ്ങി. താടിയെള്ളിലൂടെ കണ്ണീര്‍ കണങ്ങള്‍ ചാലിട്ടൊഴുകി.
നബി (സ്വ) യുടെ പേരക്കുട്ടികള്‍, ഹസ്സന്‍ ഹുസൈന്‍ (റ) അവിടേക്ക് കടന്നു വന്നു. ബിലാലിനെ കണ്ടതും അവര്‍ ഒരിക്കല്‍ കൂടി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. പ്രവാചക പൌത്രന്മാരുടെ വാക്കുകള്‍ ബിലാലിനു (റ) എങ്ങനെ അനുസരിക്കാതിരിക്കാനാവും. എന്റെ ഹബീബിന്റെ പേരക്കുട്ടികളെ ഞാന്‍ എങ്ങനെ നിരാശരാക്കും. ബിലാല്‍ മസ്ജിദു നബവിയിലെ തന്റെ പീഡത്തില്‍ കയറി.

അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍............."
മദീന വീണ്ടും ഉറക്കമുണര്‍ന്നു. ബിലാലിന്റെ (റ) ശബ്ദം വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. നബിയുടെ സ്വഹബത് മുഴുവന്‍ പള്ളിയിലേക്കോടി.വീടുകളില്‍ നിന്നും കുട്ടികളും സ്ത്രീകളും ഇറങ്ങി
"പ്രവാചകന്‍ (സ്വ) തിരിച്ചു വന്നിരിക്കുന്നു " - അവര്‍ സന്തോഷത്താല്‍ വിളിച്ചു പറഞ്ഞു.
"അശ്ഹദു അന്ന മുഹമ്മദന്‍ ............."
ബിലാലിന് (റ) വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നിന്നു. കണ്ണുകളില്‍ ഇരുട്ട് കയറി. വാക്കുകള്‍ ഇടറി. നബി (സ്വ) യുടെ ഓര്‍മ്മകള്‍ ബിലാലിന്റെ(റ) മനസ്സില്‍ ഘോഷയാത്ര തീര്‍ത്തു. അദ്ധേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ മദീന വിറങ്ങലിച്ചു നിന്നു. പ്രവാചകരുടെ മരണ ദിവസം കഴിഞ്ഞാല്‍ മദീന ഇത്രമാത്രം കണ്ണീരൊഴുക്കിയ ദിവസം ഉണ്ടായിട്ടില്ലെന്ന് ചരിത്രം.