ഖത്തപ്പുര; കെട്ടലും,ഓതലും



വഹാബികൾ പൊങ്കാലയിടുന്ന ഇമ്മിണി വലിയ ശിർക്കാ(?)ണ് ഖത്തപ്പുര.
എന്നാൽ അവരുടെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യതുൽ ഹറാനിയുടെ കബ്റിന് മുകളിൽ പോലും ഖുർആൻ പാരായണം ചെയ്യപ്പെടുന്നതായാണ് അറിവ്. അതിരിക്കട്ടെ,  ഈ വിഷയത്തിൽ പണ്ഡിത വീക്ഷണമെന്ത് എന്നാണ് നമുക്കറിയേണ്ടത്.
ഖബറിന്മേല്‍ തണലിന് വേണ്ടിയുള്ള പുര ഉണ്ടാക്കല്‍ കറാഹത്താണെന്ന് ഫുകഹാഅ് നിരീക്ഷിച്ചതായി കാണാം.
എന്നാൽ ഇത് ഖുർആൻ ഓതുന്നവർക്കുള്ള പുരയുടെ കാര്യമല്ല. അത് ഫുഖഹാഅ് വെക്തമാക്കുന്നത് നോക്കൂ..

  “എന്നാൽ ഖബറിന്മേല്‍ ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് ചൂട്, തണുപ്പ് എന്നിവ തടുക്കുക പോലുള്ള  ഉദ്ദേശ്യത്തോട് കൂടിയാണെങ്കില്‍ അതില്‍ കറാഹത്തില്ല.” (ശര്‍വാനി 3/197).

ഇതാണ് ശാഫിഈ മദ്ഹബിലെ പണ്ഡിത വീക്ഷണമെന്ന് മനസ്സിലായല്ലോ..

പക്ഷെ പണ്ഡിതന്മാരെ അംഗീകരിക്കുന്നവരല്ല വഹാബികൾ അവർക്ക് നബിയും സ്വഹാബത്തും ചെയ്തത് നേരിട്ട് കിട്ടണം, ഇത്തരം ആധുനിക മുജ്തഹിദുകൾക്കും തെളിവ് നമ്മുടെ പക്കലുണ്ട്.
ബഹു. ഇബ്നു അബീശൈബ(റ) മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) വഴിയായി നിവേദനം ചെയ്യുന്നു: ബഹു. ഉമര്‍(റ) സൈനബ(റ)യുടെ ഖബറിന്മേല്‍ കൂടാരം വെച്ച് കെട്ടിയിരുന്നു. ഇബ്നുഅബീശൈബ(റ) തന്നെ അബൂഅത്വാഇ(റ)ല്‍ നിന്ന് നിവേദനം: ഇബ്നുഅബ്ബാസ്(റ) വഫാത്തായപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. ബഹു. ഇബ്നുല്‍ ഹനഫിയ്യ(റ)യാണ് ജനാസ സംസ്കരണത്തിന് നേതൃത്വം നല്‍കിയത്. ഖബറടക്കം ചെയ്തശേഷം അവര്‍ ഖബറിന്മേല്‍ പുരകെട്ടുകയും മൂന്നുദിവസം അത് ശേഷിക്കുകയും ചെയ്തു. (മുസ്വന്നഫു ഇബ്നു അബീശൈബ 3/335).

സ്വഹാബികളാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലായല്ലോ

 ഇനി എന്താണ്  ഹനഫീ മദ്ഹബിന്റെ വീക്ഷണം എന്നു നോക്കാം. ഹനഫീ ഗ്രന്ഥമായ റദ്ദുല്‍ മുഖ്താറിൽ (1/946) ഇതേ അപിപ്രായ തന്നെ കാണാം.

മറ്റൊരു ഹദീസ് കാണുക.
അബൂമഅ്ശര്‍(റ) മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) വഴിയായി നിവേദനം ചെയ്യുന്നു: “സൈനബ ബിന്‍ത് ജഹ്ശി(റ)ന്റെ ഖബര്‍ കുഴിക്കുന്ന ചൂടുള്ള ദിവസത്തില്‍ ഉമര്‍(റ) ശ്മശാനത്തില്‍ നിന്നുകൊണ്ട് ഇവരുടെ മേല്‍ ഞാനൊരു കൂടാരം കെട്ടിയെങ്കില്‍ എന്നുപറയുകയും കൂടാരം പണിയുകയും ചെയ്തു. ജന്നത്തുല്‍ ബഖീഇലെ ഖബറിന്മേല്‍ ആദ്യമുണ്ടായിരുന്ന കൂടാരം അതായിരുന്നുവെന്ന് മറ്റൊരു നിവേദനത്തിലും കാണാം.

രണ്ടാം ഖലീഫ ഉമർ(റ) ഖത്തപ്പുര കെട്ടാൻ നിർദ്ധേശിച്ചതായി ഗ്രന്ഥങ്ങൾ പറയുന്നത് നോക്കുക.
മുഹമ്മദുബ്നു ഇബ്റാഹിം(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: “ചൂട് കഠിനമായതുകൊണ്ട് സൈനബ(റ)യുടെ ഖബറിന്മേല്‍ കൂടാരം പണിയാന്‍ ഉമര്‍(റ) കല്‍പ്പിച്ചു. ബഖീഇലെ ഖബറിന്മേല്‍ ആദ്യമുണ്ടായിരുന്ന കൂടാരം അതായിരുന്നു” (ത്വബഖാതു ഇബ്നിസഅദ് 8/113).


ഇസ്ലാമിക ലോകത്ത് അനിഷേധ്യരായ പണ്ഡിത വൃന്ദം തന്നെ ഈ പ്രവണത സുന്നത്താണെന്ന പക്ഷക്കാരാണ്. ചിലത് ഇവടെ ഉദ്ധരിക്കാം.

ഇമാ സുയൂത്തി(റ)

ബഹു. ഇബ്നു അസാകിര്‍(റ) തബ്യീനു കദ്ബില്‍ മുഫ്തരി പേജ് 287ല്‍ പറയുന്നു: “ശൈഖ് അബുല്‍ ഫത്ഹ്(റ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു. ശൈഖ് നസ്വ് റുബ്നു ഇബ്റാഹീമി(റ)ന്റെ ഖബറിന്മേല്‍ ഞങ്ങള്‍ ഏഴുദിവസം ഖുര്‍ആന്‍ പാരായണം ചെയ്തു. ഓരോ ദിവസവും ഇരുപത് ഖത്തം ഓതിയിരുന്നു. ഇത് ബഹു. സുയൂത്വി(റ) തന്റെ ഫതാവ 2/194ല്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഇമാം സുയൂത്വി തന്റെ ഫതാവാ 2/194ല്‍ പറയുന്നു: ഇത് പോലെ ധാരാളം ഇമാമുകളുടെ താരീഖില്‍ ഞാന്‍ കണ്ടിട്ടുണ്ട്.

ഇബ്നു കസീർ(റ)

ബഹു. അബൂജഅ്ഫരില്‍ ഹമ്പലി(റ) വഫാത്തായപ്പോള്‍ അഹ്മദുബ്നു ഹമ്പലി(റ)ന്റെ ഖബറിനരികില്‍ മറവു ചെയ്യുകയും ജനങ്ങള്‍ അവിടെവെച്ച് പതിനായിരം ഖത്തം ഓതിത്തീര്‍ക്കുകയും ചെയ്തിരുന്നുവെന്ന് ഇബ്നു തൈമിയ്യയുടെ സ്വന്തം ശിഷ്യൻ ബഹു. ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതു വന്നിഹായ 12/119ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുല്ലാ അലിയ്യുൽ ഖാരി(റ)

മാത്രമല്ല, ഇതുപോലെ അന്‍സ്വാരികളായ സ്വഹാബികള്‍ ചെയ്തിരുന്നുവെന്ന് ഖല ജാമിഇല്‍ ശഅബി(റ)ല്‍ കാണാം (മിര്‍ഖാത് 2/382).

ഇമാം നവവി(റ)

വഹാബികൾ ഈ വിഷയത്തിൽ ശാഫിഈ ഇമാമിന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കാറുണ്ട് എന്നാൽ
രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന
ഇമാം നവവി(റ) പറയുന്നത് കാണുക;

 “ഖബറിനരികില്‍ വെച്ച് സൌകര്യമുള്ളത്ര ഖുര്‍ആന്‍ പാരായണം നടത്തലും ശേഷം ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തലും സുന്നത്താണ്. ഇമാം ശാഫിഈ(റ) വ്യക്തമാക്കിയതാണ് ഇക്കാര്യം. അവിടുത്തെ അസ്വ്ഹാബ് ഇതിന്റെ മേല്‍ ഏകോപിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 5/311).


ഇമാം നവവി(റ) പറയുന്നു: “ഖബറിനരികില്‍ ഖുര്‍ആന്‍ ഓതുന്നത് സംബന്ധമായി ഖാളി അബുത്വയ്യിബി(റ)നോട് ചോദ്യമുന്നയിക്കപ്പെട്ടപ്പോള്‍ അവിടുന്നിപ്രകാരം മറുപടി നല്‍കി. ഓതിയവന് പ്രതിഫലം ലഭിക്കും. അതിന്റെ പുണ്യവും അനുഗ്രഹവും മയ്യിത്തിനും പ്രതീക്ഷിക്കപ്പെടാം. ഈ ആവശ്യത്തിനുവേണ്ടി ഖുര്‍ആന്‍ പാരായണം ചെ യ്യല്‍ സുന്നത്ത് തന്നെയാണ്. മാത്രമല്ല ഖുര്‍ആന്‍ പാരായണാനന്തരം ദുആ ചെയ്യല്‍ ഉത്തരം ലഭിക്കാന്‍ ഏറ്റവും അടുത്ത മാര്‍ഗമാണ്. ദുആഅ് മയ്യിത്തിന് ഫലം ചെയ്യുന്നതുമാണ്” (റൌള 1/657).

ഇമാം സുബ്കി(റ)

എല്ലാവരും അംഗീകരിക്കുന്ന ഇമാം റാസി(റ) തനിക്ക് മരണമാസന്നമായപ്പോള്‍ തന്റെ ഖബറിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വസ്വിയ്യത് ചെയ്തത് ഇമാം സുബ്കി(റ) തന്റെ  ത്വബഖാതി( 8/92) ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഐനി(റ)

ധാരാളം ഹദീസുകള്‍ കൊണ്ട് ഇത് സുന്നത്താണെന്ന് ബഹു. ഐനി(റ) ഉംദതുല്‍ഖാരി( 3/118)ല്‍ സ്ഥാപിച്ചിട്ടുണ്ട്.


ഇങ്ങനെയുള്ള ധാരാളം തെളിവുകളാല്‍ സ്ഥിരപ്പെട്ടതും സ്വഹാബികള്‍ അടക്കമുള്ള സജ്ജനങ്ങള്‍ അനുഷ്ഠിച്ചതുമാണ് ഖബറിന്റെമേല്‍ (ഖത്തപ്പുരകെട്ടി) ഖുര്‍ആന്‍ പാരായണം ചെയ്യല്‍. അതുകൊണ്ട് തന്നെയാണ് ശാഫിഈ ഇമാമും അല്ലാത്തവരും ഖബറിടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ സുന്നത്താണെന്ന് തറപ്പിച്ചുപറഞ്ഞത്.
ഇതുപോലെ മറ്റു ഫിഖ്ഹീ കിതാബുകളിലും കാണാവുന്നതാണ്.