സ്ത്രീ-പുരുഷ സമത്വമെന്ന മിഥ്യ


സ്ത്രീപുരുഷ സമത്വവാദികളും,സ്ത്രീവിരുദ്ധ ഇസ്ലാമിനെ അവതരിപ്പിക്കുന്നവരും വെച്ച് പുലർത്തുന്ന ചില മിഥ്യാ ധാരണകളുടെ ചുരുളയിക്കാൻ തുടർന്ന് വായിക്കുക...


സ്ത്രീത്വത്തിന് പരിശുദ്ദി നൽകി സ്ത്രീയെ, ഇസ്‌ലാം ആദരിച്ചു. മറ്റുമതങ്ങളിൽ നിന്ന് വ്യതിരിക്തവും യുക്തി ഭദ്രവുമായ നിലപാടുകളാണ് സ്ത്രീയുടെ വിഷയത്തിൽ ഇസ്‌ലാം കൈകൊണ്ടത്. സ്ത്രീകൾ നിങ്ങളുടെ വസ്ത്രങ്ങളും നിങ്ങൾ അവരുടെ വസ്ത്രങ്ങളുമാണെന്നാണ് ഖുർആനിന്റെ അധ്യാപനം. ഭൂമിയിലെ വിഭവങ്ങളിൽ ഏറ്റവും മഹത്തരമായത് സച്ചരിതയായ സ്ത്രീയാണെന്ന് ഇസ്‌ലാമിന്റെ പ്രവാചകർ(സ) അനുയായികളെ പഠിപ്പിച്ചു.

സ്ത്രീപ്രകൃതിക്കനുസരിച്ചുള്ള മുഴുവൻ അവകാശങ്ങളും ഇസ്‌ലാം അവർക്കു കൽപ്പിച്ച് നൽകിയിട്ടുണ്ട്. പുരുഷന് സ്നേഹം നൽകി ജീവിതം സന്തോഷകരമാക്കുന്ന സ്ത്രീ കയ്യേറ്റങ്ങൾക്ക്‌ വിധേയയാവാതിരിക്കാൻ ആവശ്യമായ മുഴുവൻ നിയമ നിർദ്ദേശങ്ങളും ഇസ്‌ലാം സമൂഹത്തിന്‌ ഓതിക്കൊടുത്തിയിട്ടുണ്ട്.

പെണ്കുഞ്ഞു ജനിക്കുന്നതുപോലും അപമാനമായിക്കണ്ട ഒരു കാടൻ സമൂഹത്തിൽ ശക്തമായ പരിവർത്തനത്തിലൂടെയാണ് സ്ത്രീകൾക്ക് അർഹമായ സ്ഥാനം ഇസ്‌ലാം നേടിക്കൊടുത്തത്. അല്ലാഹുവിന്റെ അനുഗ്രഹമാണ് പെൺകുഞ്ഞുങ്ങളെന്നും മൂന്ന് പെണ്മക്കളെ വളർത്തിയെടുത്ത് സത്യസന്ധരായ ഭർത്താക്കന്മാർക്ക് വിവാഹം കഴിച്ചു കൊടുക്കുന്ന പിതാവിന് സ്വര്ഗ്ഗമാണ്‌ പ്രതിഫലമെന്നും തിരു നബി(സ) ഉദ്ഘോഷിച്ചു. പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്ന കാടൻ സംസ്‌കൃതിക്കെതിരെ വിശുദ്ധ ഖുർആൻ ശക്തമായി പ്രതികരിക്കുകയാണ്. "ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെൺകുട്ടികൾ അന്ത്യദിനത്തിൽ ചോദിക്കപ്പെട്ടാൽ, എന്തിന് വേണ്ടിയാണവർ കൊലചെയ്യപ്പെട്ടത്". മക്കയുടെ മനസ്സാക്ഷിയിൽ പടർന്നു കയറിയ ഇസ്‌ലാമിന്റെ ലളിത സുന്ദര സന്ദേശങ്ങൾ അറേബ്യായുടെ  ദുരാചാരങ്ങൾക്ക്  അറുതി വരുത്തി. ജീവിക്കാനുള്ള അവകാശം നേടിക്കൊടുത്ത് സ്ത്രീ സമൂഹത്തിന്റെ പരിശുദ്ദിയും മൂല്യവും ഇസ്‌ലാം ഉയർത്തിപ്പിടിച്ചു.

ശാരീരികമായി പുരുഷനേക്കാൾ ന്യൂനതകളുള്ള സ്ത്രീക്ക് പൂർണ്ണ സംരക്ഷണം ഇസ്‌ലാം നൽകുന്നു. മകൾ, ഭാര്യ, മാതാവ്, സഹോദരി എന്നിങ്ങനെ മുഴുവൻ അവസ്ഥകളിലും സ്ത്രീ സംരക്ഷണം ഇസ്‌ലാം പുരുഷനിൽ നിക്ഷിപ്തമാക്കി. മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്ന് ഇസ്‌ലാം ആവർത്തിച്ച് ഉദ്‌ഘോഷിക്കുന്നുണ്ട്. മാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗം എന്ന പ്രാവാചകാധ്യാപനം സ്ത്രീകളുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതാണ്.

പൂർവ്വജീവിതത്തിൽ അവൾ ആസ്വാദിച്ചിരുന്ന ഉയർന്ന ജീവിത നിലവാരം പോലും താഴ്ത്താൻ ഇസ്‌ലാം അനുവാദം നൽകിയിട്ടില്ല. വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും വ്യവസ്ഥാപിത മാർഗ്ഗങ്ങൾ നിർവ്വചിച്ച് സ്ത്രീത്വത്തിന്റെ ആദരണീയ വ്യക്തിത്വം ഇസ്‌ലാം കാത്ത് സൂക്ഷിക്കുന്നു. ഭാര്യഭർത്താക്കൾ പരസ്പരം വസ്ത്രങ്ങളാണെന്ന മതത്തിന്റെ അധ്യാപനം സ്ത്രീകളുടെ തുല്യപരിഗണന തന്നെയാണ് വ്യക്തമാക്കുന്നത്.

മുഴുവൻ മേഖലയിലും അനുവർത്തിക്കേണ്ട നിയമങ്ങൾ ഇസ്‌ലാം സ്ത്രീക്ക്  നൽകിയിട്ടുണ്ട്. ഇസ്‌ലാമിക രീതിയിലുള്ള ജീവിത പ്രയാണത്തിൽ അവളുടെ പരിശുദ്ദിക്ക് കളങ്കമേൽക്കേണ്ടിവരില്ല. പ്രപഞ്ചനാഥൻ ക്രമീകരിച്ച നിയമസംഹിതയിലെ നിയന്ത്രണങ്ങൾ ഒരു പക്ഷെ, വർത്തമാന സാഹചര്യത്തിലെ അൽപ ബുദ്ദികൾക്ക് അരോചകമായിതോന്നാം. സ്ത്രൈണതയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന ധർമമാണ് യഥാർത്ഥത്തിൽ ഇത്തരം നിയമശാസനകൾ നിർവ്വഹിക്കുന്നത്.

സ്ത്രീ സമൂഹത്തിന്റെ രംഗ പ്രവേശം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പുത്തൻ സാമ്ര്യാജ്യത്വ അജണ്ടകളാണ് ഇസ്‌ലാമിനകത്ത് സ്ത്രീ അസ്വാതന്ത്രയാണെന്ന് മുറവിളികൂട്ടുന്നവരുടെ ലക്‌ഷ്യം. സ്ത്രൈണതയുടെ അംഗലാവണ്യം വിൽപനച്ചരക്കാക്കി ലാഭം കൊയ്യുന്ന ഇത്തരം ആഗോള കുത്തകകൾ യഥാർത്ഥത്തിൽ സ്ത്രീയുടെ പരിശുദ്ദിക്ക് കളങ്കം ചാർത്തുകയാണ് ചെയ്തത്.

സുരക്ഷിതത്വത്തിന്റെ അരമനകളിൽ നിന്നും ആഗോളീകരണത്തിന്റെ ചൂഷണ വലയത്തിലേക്കാണ് വർത്തമാന സമൂഹത്തിലെ പുത്തൻ സാമ്രാജ്യത്വം സ്ത്രീയെ പടിയിറക്കിക്കൊണ്ടുപോകുന്നത്. സാന്മാർഗികതയും സദാചാരവും പാടെ അവഗണിക്കുന്ന ഒരു തലമുറയെ imperialism ലക്ഷ്യമിടുന്നു. പ്രലോഭനങ്ങളുടെയും വശീകരണത്തിന്റെയും പുതിയ പാതയിൽ അകപ്പെട്ട മുസ്ലിം മങ്കമാർ അരങ്ങ് വാഴുന്നതും സാമ്രാജ്യത്വത്തിന്റെ ഹിഡൻ അജണ്ടകളുടെ വിജയമാണ്. തിരുചര്യയുടെയും വിശുദ്ധ ഖുർആനിന്റെയും അധ്യാപനങ്ങളെ തിരസ്കരിക്കുന്ന ആധുനിക നാരിമാർ തങ്ങളകപെട്ടത് ചൂഷണത്തിന്റെ ദുരന്തഭൂമിയിലാണെന്ന് തിരിച്ചറിയുന്നില്ല.

പ്രകൃതിപരമായ തന്നെ ദൗര്ബല്യങ്ങളുള്ളവരാണ് സ്ത്രീകൾ. പുരുഷനോളം ഊർജ്ജസ്വലതയും തന്റേടവും പ്രകടിപ്പിക്കാൻ സ്ത്രീകൾക്കാവില്ല. കായിക ശക്തിയിലും മനക്കരുത്തിലും ബുദ്ദിവൈഭവത്തിലും പുരുഷനൊപ്പം സ്ത്രീ എത്തുകയുമില്ല. തുല്യ വയസ്സുള്ള സ്ത്രീ പുരുഷന്മാർ തൂക്കം, പൊക്കം, അവയവങ്ങളുടെ പ്രവർത്തനക്ഷമത, തുടങ്ങിയവയിലെല്ലാം കാര്യമായ അന്തരമുള്ളതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

ബുദ്ദി, വിജ്ഞാനാദികളുടെ സിരാകേന്ദ്രമായ തലച്ചോറിന്റെ കാര്യത്തിൽ വരെ ഈ വ്യത്യാസം ഏറെ പ്രകടമാണ്. പുരുഷന്റെ തലച്ചോർ 1375 ഗ്രാം ഉള്ളപ്പോൾ സ്ത്രീയുടേത് 1260 ഗ്രാം മാത്രമാണുള്ളത്. രക്സ്തവും രക്തത്തിലെ ചുവന്ന അണുക്കളും പുരുഷ ശരീരത്തിലാണ് കൂടുതലുള്ളത്. 100 ക്യൂബിക് സെന്റീമീറ്റർ പുരുഷ രക്തത്തിൽ 16 ഗ്രാം 'ഹീമോഗ്ലോബിൻ' ഉള്ളപ്പോൾ സ്ത്രീ രക്തത്തിൽ അതിന്റെ അളവ് 14 ഗ്രാം മാത്രമാണ്. അതുപോലെ സ്ത്രീയുടെ ഹൃദയം പുരുഷന്റേതിനേക്കാൾ 50 ഗ്രാം കുറവാണ്. അതിന്റെ മാംസപേശികളിലും കാണും ഈ അന്തരം. അപ്പോൾ പ്രവർത്തനശേഷി സ്വാഭാവികമായും കുറയുമല്ലോ?. പ്രകൃതിപരമായ ഇത്തരം ദൗർബല്യങ്ങൾ പരിഗണിച്ചുകൊണ്ട് വ്യക്തവും സുതാര്യവുമായാണ് സ്ത്രീകളെ സംബന്ധിച്ചുള്ള നിയമസംഹിതകൾ ഇസ്‌ലാം രൂപകൽപന ചെയ്തിരിക്കുന്നത്. ജീവിത പ്രയാണത്തിലെ മുഴുവൻ മേഖലയിലും അനുവർത്തിക്കേണ്ട വ്യക്തമായ അധ്യാപനങ്ങൾ വിശുദ്ധ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുടെ മതമായ ഇസ്‌ലാമിന്റെ ആ അധ്യാപനങ്ങളാണ് അവർ ഉൾക്കൊള്ളേണ്ടത്.

സ്ത്രീയും പുരുഷനും തുല്യമല്ലെന്ന് വിശുദ്ധ ഖുർആനും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:
الرجال قوامون علي النساء بما فضل الله بعضهم علي بعض وبما انفقوا من اموالهم.
النساء34

"പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌".

പ്രസ്തുത ആയത്ത് വിവരിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു:

"ബുദ്ദിയുടെ പരിപൂർണ്ണത, നല്ല നിയന്ത്രണം, പ്രവർത്തനങ്ങൾക്കും ഇബാദത്തുകൾക്കുമുള്ള അധികശക്തി തുടങ്ങിയവ കൊണ്ട് അല്ലാഹു തആല പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ ശ്രേഷ്ടത നൽകിയിട്ടുണ്ട്. പ്രവാചകത്വം, നേത്രത്വം, അധികാരം, മതചിഹ്നങ്ങൾ നിലനിർത്തുക, പ്രശ്നങ്ങളിൽ സാക്ഷ്യം വഹിക്കുക, യുദ്ധത്തിന്റെയും ജുമുഅഃയുടെയും ബാധ്യത തുടങ്ങിയവകൊണ്ട് അല്ലാഹു പുരുഷന്മാരെ പ്രത്യേകമാക്കിയത് അതുകൊണ്ടാണ്. (ബൈളാവി: 2/85)

അല്ലാമ അബൂഹയ്യാൻ(റ) എഴുതുന്നു: 

وذكروا أشياء مما فضل به الرجال على النساء، فقال الربيع : الجمعة والجماعة(التفسير الكبير المسمى البحر المحيط: ٢٣٩/٣)

സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് ശ്രേഷ്ഠത കല്പിക്കപ്പെട്ടതിന്റെ നിരവധി കാര്യങ്ങൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണമായി ജുമുഅയും ജമാഅത്തും റബീഅ്(റ) പറഞ്ഞിരിക്കുന്നു. (അൽബഹ്‌റുൽ മുഹീത്: 3/239)

ഇതേ ആശയം മറ്റു തഫ്സീർ ഗ്രൻഥങ്ങളിലും കാണാം.

മർയം ബീവി(റ) യുടെ മാതാവ് ഹന്ന(റ) പറഞ്ഞതായി ഖുർആൻ പഠിപ്പിക്കുന്നു:
والله اعلم بما وضعت وليس الذكر كالانثي
ال عمران36

"എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല".

പ്രസ്തുത പരാമർശത്തെ അധികരിച്ച് അല്ലാമ ഖാസിൻ(റ) എഴുതുന്നു:

وليس الذكر كالانثي يعني في خدمة الكنيسة والعباد الذين فيها وفي الكلام تقديم وتأخير تقديره وليس الانثي كالذكر والمراد منه تفضيل الذكر علي الانثي لان الذكر يصلح للخدمة للكنيسة ولاتصلح الانثي لذالك لضعفها وما يحصل لها من الحيض لانها عورة ولا يجوز لها الحضور مع الرجال)(الخازن1/230)

"ആണ് പെണ്ണിനെപ്പോലെയല്ല" അതായത് ആരാധനാലയത്തിനും അതിലുള്ള ദാസന്മാർക്കും സേവനം ചെയ്യുന്നതിൽ ആണ് പെണ്ണിനെപ്പോലെയല്ല. പ്രസ്തുത പരാമർശത്തിൽ മുന്തിക്കലും പിന്തിക്കലും നടത്തിട്ടുണ്ട്. 'പെണ്ണ് ആണിനെപ്പോലെയല്ല' എന്നാണ് പറയേണ്ടിയിരുന്നത്. സ്ത്രീയേക്കാൾ പുരുഷന് ശ്രേഷ്ഠതയുണ്ടെന്ന് വിവരിക്കലാണ് ഉദ്ദേശ്യം. കാരണം ആരാധനാലയത്തിന് സേവനം ചെയ്യാൻ പുരുഷനെപറ്റും. സ്ത്രീയെ അതിന് പറ്റില്ല. കാരണം അവൾ ദുർബ്ബലതയുള്ളവളും അവൾക്കുണ്ടാകുന്ന ആർത്തവവും അതിനു തടസ്സമാണ്. അവൾ മറഞ്ഞിരിക്കേണ്ടവളുമാണ്.പുരുഷന്മാർക്കൊപ്പം ഹാജറാകാൻ അവൾക്കുപറ്റില്ല. (ഖാസിൻ: 1/230)