സ്ത്രീ പള്ളിപ്രവേശം-1


സ്ത്രീകളും ജമാഅത്തും
സംശയങ്ങൾക്ക് മറുപടി

നാട്ടിൽ ജമാഅത്ത് നിസ്ക്കാരം നിർവഹിക്കപ്പെടൽ സാമൂഹ്യ ബാധ്യതയാണ് എന്ന അപിപ്രായ പ്രകാരം അത് സ്ത്രീകളുടെ കൂടി ബാധ്യത അല്ലേ?


ഇബ്നുഹജർ(റ) പറയുന്നു;

ജമാഅത്ത് സാമൂഹ്യബാധ്യതയാണെന്ന വീക്ഷണപ്രകാരം പ്രായപൂർത്തിയെത്തിയ സ്വതന്ത്രരായ പുരുഷന്മാർ നിശ്ചിത സമയത്തിൽ നിർവ്വഹിക്കപ്പെടുന്ന അഞ്ചു നേരത്തെ നിസ്കാരങ്ങൾ ജമാഅത്തായി നിർവ്വഹിക്കൽ നിർബന്ധമാണ്. എന്നാൽ മാത്രമേ നാട്ടിലുള്ള മറ്റുള്ളവർ കുറ്റവിമുക്തരാവുകയുള്ളു. (തുഹ്ഫ: 2/247)

അല്ലാമ സിയാദി(റ)യെ ഉദ്ദരിച്ച അല്ലാമ ശർവാനി(റ) എഴുതുന്നു:

ജമാഅത്ത് നിർബന്ധബാധ്യതയില്ലാത്ത സ്ത്രീകൾ, കുട്ടികൾ, പോലെയുള്ളവർ ജമാഅത്ത് നിർവ്വഹിക്കുന്നതുകൊണ്ടു  നാട്ടുകാരുടെ ബാധ്യത വീടുന്നതല്ല. (ശർവാനി: 2/248)

അല്ലാമ ബുജൈരിമി(റ) പറയുന്നു:

فلا يسقط بفعل الصبيان والارقاء والنساء
(بجيرمي ١/٢٨٩)

കുട്ടികളും അടിമകളും സ്ത്രീകളും നിർവ്വഹിക്കുന്നതുകൊണ്ട് ബാധ്യത ഒഴിവാക്കുന്നതാല്ല. (ബുജൈരിമി: 1/289)

ഇതിൽ നിന്ന് മനസ്സിലായി
  • സ്ത്രീകൾക്ക് ജമാഅത്ത് സാമൂഹ്യബാധ്യത അല്ല.
  • ബാധ്യതവീടാൻ പുരുഷന്മാർ തന്നെ നിസ്കരിക്കണം
  • പുരുഷർ ജാമാഅത്തായി നിസ്കരിക്കാതെ സ്ത്രീകൾ ജമാഅത്തായി നിസ്കരിച്ചാലും എല്ലാവരും കുറ്റക്കാരാകും

നിസ്കാരം പള്ളിയിലാണോ വീട്ടിലാണോ ഉത്തമം?
പള്ളിയിലെങ്കിൽ സ്ത്രീകളെ എന്തിന് വിലങ്ങണം?


. ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം:

"സമയം നിശ്ചയിക്കപ്പെട്ടതല്ലാത്ത നിസ്കാരങ്ങൾ മനുഷ്യൻ വീട്ടിൽ വെച്ച് നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമം". (ബുഖാരി: 687)

ഈ ഹദീസിനെ വിശദീകരിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:

ഇവിടെ 'മർഅ്' ന്റെ വിവക്ഷ പുരുഷ വർഗ്ഗമാണ്. അതിനാൽ 'സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമം' എന്ന മുസ്ലിം(റ) ഉദ്ദരിച്ച ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ ഇതിൽനിന്നൊഴിവാണെന്ന് പറയുന്നത് ഈ ഹദീസിനെതിരല്ല. (ഫത്ഹുൽ ബാരി: 3/144)

ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു:

സ്ത്രീ അല്ലാത്തവർക്ക് പള്ളിയിൽ വെച്ചുള്ള ജമാഅത്താണ് പള്ളിയുടെ പുറത്തുള്ള ജമാഅത്തിനേക്കാൾ ഉത്തമം. "സമയം നിശ്ചയിക്കപ്പെട്ടതല്ലാത്ത നിസ്കാരങ്ങൾ മനുഷ്യൻ വീട്ടിൽ വെച്ച് നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമം" എന്ന മുത്തഫഖുൻ അലൈഹിയായ ഹദീസാണ് ഇതിനു പ്രമാണം. അപ്പോൾ സമയം നിശ്ചയിക്കപ്പെട്ട അഞ്ചുനേരത്തെ ഫർളു നിസ്കാരങ്ങൾ പള്ളിയിൽ വെച്ച് ജമാഅത്തായി നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമം. (തുഹ്ഫ: 2/251)

അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങൾ പോലെ ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളും പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമമെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അല്ലാമ ഇബ്നു ഖാസിം(റ) പറയുന്നു:

പള്ളിയിൽവെച്ച് നിർവ്വഹിക്കുന്നതാണ്  കൂടുതൽ ഉത്തമമെന്ന വിഷയത്തിൽ അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങൾ പോലെയാണ് ജമാഅത്തായിനിർവ്വഹിക്കൽ സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളും. പെരുന്നാൾ നിസ്കാരം, ഗ്രഹണനിസ്‌കാരം പോലുള്ളതിന്റെ അധ്യായത്തിൽ പറയുന്നതിൽ നിന്നു ഇത് മനസ്സിലാക്കാം. (ഇബ്നു ഖാസിം: 2/251)


അല്ലാമ ജമൽ എഴുതുന്നു:

പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമമെന്ന വിഷയത്തിൽ ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളും ഫർള് നിസ്കാരങ്ങൾ പോലെയാണ്. ളുഹാ നിസ്കാരം, ഇഹ്റാമിന്റെ സുന്നത്തുനിസ്‌കാരം, ത്വവാഫിന്റെ സുന്നത്തുനിസ്കാരം, നന്മയെ തേടുന്ന സുന്നത്തു നിസ്കാരം, യാത്ര കഴിഞ്ഞുവന്നവന്റെ സുന്നത്തു നിസ്കാരം എന്നിവയും ഇവയോട് താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു. (ജമൽ: 1/503)

ഇതിൽ നിന്ന് മനസ്സിലായി⬆
  • ഫർള് നിസ്ക്കാരങ്ങൾ പള്ളിയിൽ വെച്ച് നിർവഹിക്കപ്പെടലാണ് എറ്റവും ഉത്തമം.
  • ഫർള് പോലെതന്നെയാണ് ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളും.
  • എന്നാൽ സ്ത്രീകൾ ഈ ശ്രേഷ്ടതയിൽ നിന്ന് ഒഴിവാണ്.

സ്ത്രീകൾക്കും ജമാഅത്ത് സുന്നത്ത് തന്നെയല്ലേ?
പിന്നെന്ത് കൊണ്ട് പരപുരുഷന്മാരുടെ കൂടെ അവർക്ക് നിസ്കരിച്ച് കൂട?


സ്ത്രീകൾക്ക് ജമാഅത്ത് വ്യക്തിപരമായ ബാധ്യതയോ സാമൂഹ്യബാധ്യതയോ ഇല്ല. അവർക്കത് സുന്നത്താണ്. പക്ഷെ അതിൽ രണ്ടഭിപ്രായമുണ്ട്. ഖാളീ റുഅ് യാനി(റ) ആ രണ്ട് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അവയിൽ ഒന്ന് പുരുഷന്മാർക്ക് ജമാഅത്ത് സുന്നത്തുള്ളതുപോലെ തന്നെ സ്ത്രീകൾക്കും അത് സുന്നത്താണ് എന്നാണ്. ജമാഅത്തിനെക്കുറിച്ച് പരാമർശിക്കുന്ന ഹദീസുകൾ എല്ലാവരെയും ഉൾകൊള്ളിക്കുന്നതാണ് എന്നാണ് ഇതിന്റെ ന്യായം. എന്നാൽ അധിക പണ്ഡിതന്മാരുടെയും അഭിപ്രായവും പ്രബലമായ വീക്ഷണവും പുരുഷന്മാർക്ക് ജമാഅത്ത് ശക്തിയായ സുന്നത്തുള്ളതുപോലെ സ്ത്രീകൾക്കത് ശക്തിയായ സുന്നത്താണ് എന്നാണ്. അതിനാൽ ജമാഅത്ത് ഉപേക്ഷിക്കൽ സ്ത്രീകൾക്ക് കറാഹത്തില്ല. പുരുഷന്മാർക്ക് കറാഹത്തുമാണ്. അബൂഹനീഫ(റ)യും മാലിക്കും(റ) അഭിപ്രായപ്പെടുന്നത് സ്ത്രീകൾ ജമാഅത്തായി നിസ്കരിക്കൽ കറാഹത്താണ് എന്നാണ്. ഇമാം അഹ്മദ്(റ)ൽ നിന്നു ഉദ്ധരിക്കുന്ന ഒരു അഭിപ്രായവും അതാണ്. എന്നാണ് അദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രബലമായി വന്നിട്ടുള്ളത് നമ്മുടെ മദ്ഹബ് പോലുള്ളതാണ്. (ശർഹുൽ വജീസ്: 4/286)


അപ്പോൾ സ്ത്രീകൾ സ്വന്തമായി ജമാഅത്ത് നിസ്കരിക്കുന്നത് ശാഫിഈ, ഹമ്പലീ മദ്ഹബുകളിൽ സുന്നത്തും മാലികീ, ഹനഫീ മദ്ഹബുകളിൽ കറാഹത്തുമാണ്. സുന്നത്താണെന്ന് പറയുന്ന രണ്ട് മദ്ഹബുകളിൽ തന്നെ പുരുഷന്മാർക്കത് ശക്തിയായ സുന്നത്തായതുപോലെ സ്ത്രീകൾക്കത് ശക്തിയായ സുന്നത്തില്ല എന്നുമാണ്. അതിനാൽ ജമാഅത്ത് ഒഴിവാക്കൽ പുരുഷന്മാർക്ക് കറാഹത്താണ്. സ്ത്രീകൾക്ക് കറാഹത്തല്ല.

സ്ത്രീകൾക്ക് ജമാഅത്ത് ശക്തിയായ സുന്നത്തില്ലെന്ന് നാം മനസ്സിലാക്കിയല്ലോ. ഇനി അവർ ആ ജമാഅത്ത് എവിടെ വെച്ചു നിർവ്വഹിക്കണമെന്ന് നമുക്ക് നോക്കാം. ഇബ്നു ഹജർ(റ) എഴുതുന്നു:

അപ്പോൾ സ്ത്രീ അവളുടെ വീട്ടിൽ വെച്ച് ജമാഅത്ത് നിർവ്വഹിക്കുന്നതാണ് കൂടുതൽ നല്ലത്. "നിങ്ങളുടെ സ്ത്രീകൾക്ക് പള്ളികൾ നിങ്ങൾ വിലക്കരുത്. എന്നാൽ അവരുടെ വീടുകളാണ് അവർക്കു കൂടുതൽ ഉത്തമം" എന്ന ഹദീസാണ് ഇതിനു പ്രമാണം. (തുഹ്ഫ: 2/252)

അല്ലാഹു പറയുന്നു:

"നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക".


പ്രസ്തുത ആയത്തിൽപ്പറഞ്ഞ നിർദ്ദേശം നബി(സ്)യുടെ ഭാര്യമാർക്കുമാത്രം ബാധകമല്ല. മറിച്ച് മുസ്ലിം സമുദായത്തിലെ എല്ലാ സ്ത്രീകൾക്കും ബാധകമാണ്. അല്ലാമാ ഇബ്നു കസീർ എഴുതുന്നു:

നബി(സ്)യുടെ ഭാര്യമാരോട് അല്ലാഹു നിർദ്ദേശിച്ച മര്യാദകളാണ് ആയത്തിൽ പറഞ്ഞത്. ഈ സമുദായത്തിലെ സ്ത്രീകൾ പ്രസ്തുത വിഷയത്തിൽ അവരോടു തുടരേണ്ടവരാണ്. (ഇബ്നു കസീർ: 3/483)

ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ പള്ളിയിൽ പോകാൻ പാടില്ലെന്ന് സ്വഹാബത്തിൽ ആരെങ്കിലും മനസ്സിലാക്കിയിരുന്നുവോ എന്നതാണ് മറ്റൊരു പ്രശ്നം. രേഖകൾ പരിശോദിക്കുമ്പോൾ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. മേൽ ആയത്തിന്റെ തഫ്സീറിൽ ലോക പണ്ഡിതനായ ഇമാം ജലാലുദ്ദീൻ സുയൂത്വി(റ) ഉദ്ധരിക്കുന്നു:

ഉമ്മുനാഇല(റ)യിൽ നിന്ന് ഇബ്നു അബീഹാതിം (റ) ഉദ്ധരിക്കുന്നു: അബൂബർസ(റ) വീട്ടിൽ വന്നപ്പോൾ അടിമ സ്ത്രീയെ വീട്ടിൽ കണ്ടില്ല. അന്വേഷണത്തിൽ പള്ളിയിൽ പോയതാണെന്ന് വിവരം ലഭിച്ചു. അവൾ വന്നപ്പോൾ ശകാരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: "നിശ്ചയം സ്ത്രീകൾ (വീട്ടിൽ നിന്ന്) പുറപ്പെടുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അവർ അവരുടെ വീടുകളിൽ ഒതുങ്ങിക്കൂടാൻ അല്ലാഹു അവരോടു നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. അവർ ജനാസയെ അനുഗമിക്കാനോ പള്ളിയിൽ പോകുവാനോ ജുമുഅക്ക് പങ്കെടുക്കുവാനോ പാടില്ല.". (അദ്ദുർറുൽ മൻസൂർ: 8/155)

കർമശാസ്ത്ര പണ്ഡിതന്മാരും ഈ വിഷയത്തിന് മേൽ ആയത്ത് പ്രമാണമായി പറയുന്നുണ്ട്. പ്രമുഖ ഹനഫീ പണ്ഡിതൻ സൈനുൽ ആബിദീൻ ഇബ്നു നുജൈമ്(റ) (മരണം: ഹി: 970) എഴുതുന്നു:

"നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക" എന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ ജമാഅത്തുകളിൽ പങ്കെടുക്കരുത്. (അൽ ബഹ്‌റുർറാഇഖ്: 1/380) 

ഹദീസുകൾ പരിശോധിക്കാം: അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു:

ഇബ്നു ഉമർ(റ)യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ സ്ത്രീകൾക്ക് പള്ളികൾ വിലക്കരുത്. എന്നാൽ അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം". (അബൂദാവൂദ്: 2/274, ഹദീസ് നമ്പർ 480)

ഈ ഹദീസിന്റെ സ്വീകാര്യത വിവരിച്ച ഇമാം നവി(റ) എഴുതുന്നു:

ഈ ഹദീസിന്റെ പരമ്പര ഇമാം ബുഖാരി(റ)യുടെ നിബന്ധനയൊത്ത സ്വഹീഹാണ്. (ശർഹുൽ മുഹദ്ദബ്: 4/197)

ഇമാം അസ്ഖലാനി(റ) എഴുതുന്നു:

أخرجه أبو داود، وصححه ابن خزيمة. (فتح الباري: ٣٥٠/٢)

പ്രസ്തുത ഹദീസ് അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു ഖുസൈമ(റ) അത് പ്രബലമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. (ഫത്ഹുൽ ബാരി: 2/350)
ഒരു നിസ്കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്കാരങ്ങളുടെ പ്രതിഫലം ലഭിക്കുന്ന മദീനാ പള്ളിയിൽ നബി(സ) നേതൃത്വം നൽകുന്നതും അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന് ഖുർആൻ വിശേഷിപ്പിച്ച സ്വഹാബികിറാം(റ) മഅ്മൂമുകളായി നിസ്കരിക്കുന്നതുമായ ജമാഅത്തിൽ പങ്കെടുത്ത്‌ നിസ്കരിക്കാൻ നബി(സ)യോട് നേരിട്ട് അനുവാദം ചോദിച്ച സ്വഹാബീ വനിതകളോട് 'വന്നോളൂ' എന്നല്ല അവിടുന്ന് പറഞ്ഞത്. പ്രത്യുത എന്റെ പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനേക്കാൾ നിങ്ങൾക്കു പ്രതിഫലം ലഭിക്കുക നിങ്ങളുടെ വീടുകളുടെ ഉള്ളറയിൽ വെച്ച് നിസ്കരിച്ചാലാണ്. എന്നാണു. ഇമാം അഹ്മദും(റ) ഇബ്നു ഖുസൈമ(റ) യും മറ്റു നിവേദനം ചെയ്ത ഹദീസിൽ വായിക്കാം:

അബ്ദുല്ലാഹിബ്നു സുവൈദുൽ അൻസ്വാരി(റ) തന്റെ അമ്മായിയിൽ നിന്നുദ്ധരിക്കുന്നു. മഹതി അബൂഹുമൈദി(റ) ന്റെ ഭാര്യയാണ്. മഹതി നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: "നിശ്ചയം ഞാൻ അങ്ങയോടപ്പം നിസ്കരിക്കുവാൻ ആഗ്രഹിക്കുന്നു'. അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിശ്ചയം നിനക്ക് എന്റെ കൂടെ നിസ്കരിക്കുവാൻ അതിയായ ആഗ്രഹമുണ്ടെന്ന കാര്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ വീട്ടിലെ മറ്റൊരു റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീട്ടിലെ ഏതെങ്കിലും ഒരു റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ ജനതയുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ ജനതയുടെ പള്ളിയിൽ വെച്ച്  നിസ്കരിക്കുന്നത് എന്റെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". അങ്ങനെ മഹതിയുടെ നിർദ്ദേശ പ്രകാരം തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ ഭാഗത്ത് നിസ്കരിക്കാൻ സൗകര്യം ഏർപ്പെടുത്തി മരണം വരെ അവിടെവെച്ചായിരുന്നു മഹതി നിസ്കരിച്ചിരുന്നത്. (സ്വഹീഹ് ഇബ്നു ഖുസൈമ: 3/95, മുസ്നദു അഹ്മദ്: 6/371)

ഈ ഹദീസിൽ പറഞ്ഞ കാര്യം ഒരു ഉദാഹരണത്തിലൂടെ നമുക്ക് മനസ്സിലാക്കാം; മദീനാ പള്ളിയിൽ വെച്ച് നിസ്കരിച്ചാൽ ഒരു നിസ്കാരത്തിന് ചുരുങ്ങിയത് 1000 ആണല്ലോ. എന്നാൽ അത് പുരുഷന്മാർക്ക് മാത്രമാണെന്നാണ് ഇബ്നുഖുസൈമ(റ) അഭിപ്രായപ്പെടുന്നത്. ഇനി സ്ത്രീകൾക്ക് അതുണ്ടെന്നു സങ്കൽപ്പിച്ച് നമുക്ക് ഉദാഹരണം പറയാം.

ഒരു സ്ത്രീ മദീനാ പള്ളിയിൽ വന്ന് നിസ്കരിച്ചാൽ 1000, പള്ളിയിൽ പോകാതെ സ്വന്തം ജനതയുടെ പള്ളിയിൽ വെച്ച് നിസ്കരിച്ചാൽ 1500, വീടിന്റെ ഒരു ഭാഗത്തായാൽ 2000, ഏതെങ്കിലും ഒരു റൂമിലായാൽ 2500, പ്രൈവറ്റ് റൂമിലായാൽ 3000. എങ്കിൽ പിന്നെ ഈ 3000 നഷ്ടപ്പെടുത്തി 1000- നുവേണ്ടി പള്ളിയിൽ പോകുന്നത് ബുദ്ദിയാണോ?!!!!!

ഒന്ന് ഒന്നിനേക്കാൾ ഉത്തമമാണെന്ന് പറയുന്നത് പ്രതിഫലത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. അതുവെച്ചുകൊണ്ടുള്ള കണക്കാണ് മേൽപറഞ്ഞത്.

പ്രസ്തുത ഹദീസിന്റെ സ്വീകാര്യത വിവരിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:

ഇമാം അഹ്മദ്(റ) ന്റെ നിവേദക പരമ്പര ഹസനാണ്. അബൂദാവൂദ്(റ) ഉദ്ദരിച്ച ഇബ്നു മസ്ഊദ്(റ)ന്റെ ഹദീസ് ഇതിനു സാക്ഷിയായി ഉണ്ട്. (ഫത്ഹുൽ ബാരി: 2/350)

ഇതിൽ നിന്ന് മനസ്സിലായി⬆
  • സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്താണെങ്കിലും പുരുശൻമാരെ പോലെ ശക്തിയേറിയ സുന്നത്തല്ല.
  • സ്ത്രീകൾ ജമാഅത്ത് ഒഴിവാക്കൽ കറാഹത്തില്ല.
  • സ്തീകൾ വീട്ടിൽ നിന്ന് നിസംകരിക്ലാണ് ഏറ്റവും ഉത്തമമെന്ന് നബി തങ്ങൾ പഠിപ്പിച്ചിരിക്കുന്നു.