സ്ത്രീ പള്ളിപ്രവേശം-6

മുഫസ്സിറുകൾ എന്ത് പറയുന്നു.

നാൾക്കുനാൾ തൗഹീദും മറ്റ് ആശയങ്ങളും മാറ്റിപ്പറയുന്ന വഹാബികൾ ഈ വിഷയത്തിലും പല തിരുത്തുകളും തിരിമറികളും നടത്തിയതായി ചരിത്ത്തിൽ കാണാം. എന്നാൽ
അഹ്‌ലുസുന്നത്തി വല്‍ ജമാഅഃയുടെ കാഴ്ചപ്പാട് എന്നും വളരെ വ്യക്തമാണ്. സ്ത്രീകള്‍ ജുമുഅഃ ജമാഅത്തുകള്‍ക്കുവേണ്ടി പള്ളിയില്‍ പോകുന്നത് നിര്‍ബന്ധമോ സുന്നത്തോ അല്ലെന്നും അവള്‍ക്ക് വീട്ടില്‍ വെച്ച് നമസ്‌ക്കരിക്കലാണ് ഉത്തമമെന്നുമാണത്. അതിനെതിരില്‍ അത് നിര്‍ബന്ധമാണെന്നോ സുന്നത്താണെന്നോ തെളിയിക്കാന്‍ അഹ്‌ലുസുന്നത്തി വല്‍ ജമാഅഃയുടെ എതിരാളികള്‍ക്ക് ഇന്നേവരെ സാധിച്ചിട്ടില്ലെന്നത് പരസ്യമായ സത്യമാണ്. പരിശുദ്ധ ഖുര്‍ആന്‍ പള്ളിയെക്കുറിച്ച് പറയുന്ന സ്ഥലങ്ങളിലെല്ലാം പുരുഷന്മാരെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ഇത് മുന്‍കാല മുഫസ്സിറുകള്‍ ശരിവെക്കുകയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആനിലെ
 
فِي بُيُوتٍ أَذِنَ اللَّهُ أَنْ تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ (النور) 
എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) പറയുന്നു:
السؤال الثاني لم خص الرجال بالذكر والجواب لأن النساء لسن من أهل التجارات أو الجماعات (الرازي) 

രണ്ടാമത്തെ ചോദ്യം: പുരുഷന്മാരെ പറഞ്ഞ് പ്രത്യേകമാക്കാന്‍ കാരണമെന്ത്?
ഉത്തരം : സ്ത്രീകള്‍ കച്ചവടത്തിന്റെയും ജമാഅത്തിന്റെയും ആളുകളല്ല എന്നതാണ് കാരണം. (റാസി 24: 6) സാധാരണ ഉണ്ടാവാറുള്ള സംശയങ്ങള്‍ക്ക് ചോദ്യോത്തര രൂപത്തില്‍ ഇമാം റാസി(റ) മറുപടി പറയുന്നതാണ് ഇത്. ഇനി ഇത് പരുശുദ്ധ ഖുര്‍ആനിലെ ഈ ആയത്തിനെ വ്യാഖ്യാനിച്ച് പല പണ്ഡിതന്മാരും ഇത് രേഖപ്പെടുത്തിയതായി കാണാന്‍ കഴിയും. ഉദാഹരണം: ഖുര്‍ത്വുബി 12/257, ഇബ്‌നു കസീര്‍ 3/295, റൂഹുല്‍ മആനി 10/260. ഖുര്‍ആന്‍ പള്ളിയെ പരാമര്‍ശിച്ച മറ്റൊരു ആയത്താണ്

لَا تَقُمْ فِيهِ أَبَدًا لَمَسْجِدٌ أُسِّسَ عَلَى التَّقْوَى مِنْ أَوَّلِ يَوْمٍ أَحَقُّ أَنْ تَقُومَ فِيهِ فِيهِ رِجَالٌ يُحِبُّونَ أَنْ يَتَطَهَّرُوا وَاللَّهُ يُحِبُّ الْمُطَّهِّرِينَ (التوبة) ഇതിന്റെ വ്യാഖ്യാനത്തിലും പണ്ഡിതന്മാര്‍ ഇത് തെളിയിക്കുന്നു. ഇതുപോലെ ജുമുഅഃ സൂറത്തിലെ
 
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ (الجمعة) 
എന്ന ആയത്തിന്റെ വ്യാഖ്യാനത്തിലും പണ്ഡിതന്മാര്‍ ഇത് വിശദീകരിക്കുന്നുണ്ട്. പുറമെ ഇവിടെ എല്ലാം അവര്‍ ഉദ്ധരിക്കുന്ന ചില ഹദീസുകള്‍ അതും തെളിവായി നമുക്ക് സ്വീകരിക്കാം. ഇബ്‌നു കസീര്‍(റ) തന്നെ പറയുന്നത് കാണുക:
 
فأما النساء فَصَلاتهن في بيوتهن أفضل لهن؛ لما رواه أبو داود، عن عبد الله بن مسعود، رضي الله عنه، عن النبي صلى الله عليه وسلم قال: "صلاة المرأة في بيتها أفضل من صلاتها في حجرتها، وصلاتها في مخدعها أفضل من صلاتها في بيتها" (ابن كثير) 
അപ്പോള്‍ സ്ത്രീകളുടെ നമസ്‌ക്കാരം അവരുടെ വീടുകളിലായിരിക്കലാണ് അവര്‍ക്ക് ഉത്തമം. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)നെ തൊട്ടും അദ്ദേഹം നബി(സ)യെ തൊട്ടുമായി അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് അതിന് തെളിവ്. നബി(സ) പറയുന്നു: സ്ത്രീ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ വീട്ടിലെ മറ്റു ഭാഗങ്ങളില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. എന്നാല്‍ അവള്‍ അവളുടെ അറയില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. (ഇബ്‌നു കസീര്‍)
നോക്കൂ..! ഈ ഹദീസില്‍ നിന്ന് ഇബ്‌നു കസീര്‍(റ)വിന് മനസ്സിലായത് വീടിന്റെ ഉള്ളറകളില്‍ നമസ്‌ക്കരിക്കണമെന്ന്. എന്നാല്‍, ചില പുതിയ മുഹദ്ദിസുകള്‍(?)ക്ക് മനസ്സിലാവുന്നത് അവള്‍ പുരുഷന്മാരോട് കൂടെ ജുമുഅഃ ജമാഅത്തിന് പള്ളിയില്‍ പോകല്‍ സുന്നത്താണെന്നും.
  بيوتهن خير لهن 
അവള്‍ക്ക് അവളുടെ വീടാണ് ഉത്തമം (ഇബ്‌നു കസീര്‍ 3: 296)
ബൈഹഖി റിപ്പോര്‍ട്ട് ചെയ്തതായി അല്ലാമാആലൂസി(റ)യും ഇബ്‌നു കസീറും(റ) പറയുന്നു:
 
خير مساجد النساء قعر بيوتهن" 
സ്ത്രീകളുടെ പള്ളികളില്‍ ഉത്തമമായത് അവരുടെ വീടുകളുടെ ഉള്ളറയാണ്.(റൂഹുല്‍ മആനി 12: 260, ഇബ്‌നു കസീര്‍ 3: 295)
ഈ ഹദീസുകളെല്ലാം ആ പണ്ഡിതന്മാര്‍ക്ക് തെളിവാണ്. എന്നാല്‍ അത് തെളിവല്ലെന്ന് പറയുന്നവര്‍ പിന്നെ എങ്ങനെ സുന്നത്തി വല്‍ ജമാഅഃയുടെ ആള്‍ക്കാരാണെന്ന് പറയുന്നത്? വൈരുദ്ധ്യങ്ങളില്ലെങ്കില്‍ പിന്നെ അത് ബിദ്അത്തിന്റെ പാര്‍ട്ടിയാകുമോ?