വഹാബിസം ഒരു പഠനം-2


ഉസ്മാന്‍ ബിന്‍ മുഅമ്മറിന്റെ പിന്തുണയോടെ ശൈഖ് നജ്ദി ആദ്യം കൈവെച്ചത് ഉയയ്‌നയിലെ സൈദ് ബിന്‍ ഖത്താബി(റ)ന്റെ മഖ്ബറമേലാണ്. ഉമര്‍ ബിന്‍ ഖത്താബ്(റ)ന്റെ സഹോദരനായ സൈദ്(റ) യമാമ യുദ്ധത്തില്‍ മുസൈലിമത്തുല്‍ കദ്ദാബുമായി ഏറ്റുമുട്ടി മരണപ്പെട്ട പ്രമുഖ സ്വഹാബിയായിരുന്നു. ശൈഖും ഇത്തിരിപ്പോന്ന അനുയായികളും ചേര്‍ന്ന് ആ മഖ്ബറ തകര്‍ത്ത രംഗം വഹാബീ ചരിത്രകാരനായ ഉസ്മാന്‍ ബിന്‍ ബിശ്ര്‍ വിവരിക്കുന്നതിങ്ങനെ: ”പിന്നീട് ശൈഖ്, ജബലിയ്യയിലെ സൈദ് ബിന്‍ ഖത്താബിന്റെ ഖബ്‌റും ഖുബ്ബയും തകര്‍ക്കാനാണ് ലക്ഷ്യമിട്ടത്. തന്റെ ഈ ആഗ്രഹം ഭരണാധികാരി ഉസ്മാനോട് ശൈഖ് തുറന്നു പറയുകയും അദ്ദേഹം അനുമതി നല്‍കുകയും ചെയ്തു. പക്ഷേ, ജബലിയ്യാവാസികളുടെ ശക്തമായ എതിര്‍പ്പ് അദ്ദേഹത്തെ ആശങ്കപ്പെടുത്തി. അങ്ങനെ അവര്‍ അറുനൂറോളം പട്ടാളക്കാരുടെ അകമ്പടിയോടെ ഖുബ്ബ തകര്‍ക്കാനെത്തി. അപ്പോഴേക്കും ജബലിയ്യാവാസികളെല്ലാം അവരെ പ്രതിരോധിക്കാനെത്തിയിരുന്നു. പട്ടാളത്തെ ഉപയോഗിച്ച് ഉസ്മാന്‍ അവരെ വിരട്ടിയോടിച്ചു. ജനങ്ങളെല്ലാം പിന്‍മാറിയപ്പോള്‍ ഉസ്മാന്‍ പറഞ്ഞു: ‘ഇതു തകര്‍ക്കാന്‍ എനിക്കു ധൈര്യം വരുന്നില്ല’. ‘എങ്കില്‍ ആ കോടാലി ഇങ്ങു തരൂ’ എന്നു പറഞ്ഞുകൊണ്ട് ശൈഖ് അതു വാങ്ങുകയും സ്വന്തം കൈകൊണ്ട് ആ ഖുബ്ബ തകര്‍ത്തു നിരപ്പാക്കുകയും ചെയ്തു.” (ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദ്: 1/10)
ഉയയ്‌നയിലെ പ്രമുഖ ഗോത്രങ്ങളുടെ സമ്മര്‍ദ്ദ ഫലമായി ശൈഖിനെ ഉസ്മാന്‍ അവിടെ നിന്നും പുറത്താക്കുകയായിരുന്നു. പിന്നീടദ്ദേഹം 30 കി.മീ. ദൂരത്തുള്ള ദര്‍ഇയ്യയിലെത്തുകയും ഭരണാധികാരിയായിരുന്ന ഇബ്‌നു സഊദിനെ സമീപിക്കുകയും അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ശൈഖ് നജ്ദിയുടെ ആശയങ്ങള്‍ സ്വീകരിക്കാന്‍ തുടക്കത്തില്‍ വിസമ്മതിച്ചിരുന്ന ഇബ്‌നു സഊദിനെ പിന്നീട് പാട്ടിലാക്കിയത് അദ്ദേഹത്തിന്റെ ഭാര്യയെ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. ഒരു കെട്ടു ബന്ധത്തിലൂടെ ഇബ്‌നു സഊദുമായുള്ള ബന്ധവും സുദൃഢമാക്കാന്‍ ശൈഖിനു സാധിച്ചു. ഈ കൂട്ടുകെട്ടാണ് പിന്നീട് സഊദി അറേബ്യന്‍ സാമ്രാജ്യത്തിനു വഴി തുറന്നതും വഹാബിസത്തിന്റെ പ്രചാരണം എളുപ്പമാക്കിയതും.
6
എ.ഡി. 1760-ല്‍ ശൈഖ് നജ്ദിയും ഇബ്‌നു സഊദും തമ്മില്‍ ദര്‍ഇയ്യയില്‍ ഒരു കരാറില്‍ ഒപ്പുവെച്ചു. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യത്വ വികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന് ശൈഖ് ഉറപ്പു നല്‍കി. തങ്ങള്‍ സ്ഥാപിക്കുന്ന രാഷ്ട്രത്തിന്റെ മതകാര്യം നജ്ദിക്കും പുത്ര പരമ്പരക്കും, ഭരണ നേതൃത്വം ഇബ്‌നു സഊദിനും പുത്ര പരമ്പരക്കും നല്‍കപ്പെടുമെന്നും ലക്ഷ്യപൂര്‍ത്തീകരണത്തിനു പരസ്പരം സര്‍വ്വ സഹകരണവും നല്‍കുമെന്നും കരാറില്‍ പറഞ്ഞിരുന്നു. ഇസ്‌ലാമും ആധുനിക സമൂഹവുമെല്ലാം തിരസ്‌കരിച്ച രാജവാഴ്ചയെ തൗഹീദിന്റെ പേരില്‍ എക്കാലത്തേക്കും അടിച്ചേല്‍പിക്കുകയായിരുന്നു പ്രസ്തുത കരാറിലൂടെ.
സാമ്രാജ്യ വികസന തല്‍പരനായിരുന്ന ഇബ്‌നു സഊദ് അതിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. ദര്‍ഇയ്യയിലെ ജനങ്ങളോട് വര്‍ഷംതോറും നികുതി വാങ്ങിയിരുന്ന ഇബ്‌നു സഊദിനെ അതില്‍ നിന്നു പിന്തിരിപ്പിച്ചുകൊണ്ട് ശൈഖ് നജിദി പറഞ്ഞു: ‘വരാന്‍ പോകുന്ന ജിഹാദില്‍ നിന്നു കിട്ടുന്ന വരുമാനം ഈ നികുതി പണത്തേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും.’ അഥവാ അറേബ്യയിലുടനീളം ജിഹാദിന്റെ പേരില്‍ കൊള്ളയും കൊലയും നടത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു വഹാബി ആചാര്യന്‍. മുസ്‌ലിം നാടുകള്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ തന്നെ അല്ലെന്നും ‘തൗഹീദ്’ അംഗീകരിക്കാത്ത അവിടങ്ങളിലെ ജനങ്ങളോട് ജിഹാദ് ചെയ്യാന്‍ ഇസ്‌ലാം പറയുന്നുണ്ടെന്നും അതിലൂടെ കിട്ടുന്ന സമ്പത്തുകള്‍ മുഴുവനും ഗനീമത്താണെന്നും ഉപദേശിച്ചു. ലക്ഷക്കണക്കിനു സത്യവിശ്വാസികളെ വഹാബീ തൗഹീദ് അംഗീകരിക്കാത്തതിന്റെ പേരില്‍ അറുകൊല ചെയ്യാനും ഗനീമത്തുകളെന്ന പേരില്‍ അവരുടെ സമ്പാദ്യം കൊള്ള ചെയ്തു കൊണ്ടുപോകാനും ഇബ്‌നു സഊദിനും കൂട്ടര്‍ക്കും പ്രചോദനം നല്‍കിയത് ശൈഖ് നജ്ദിയുടെ ഈ നിലപാടായിരുന്നു.
രക്തരൂക്ഷിത കലാപത്തിനാണ് അറേബ്യയില്‍ ഇബ്‌നു സഊദ് തുടക്കം കുറിച്ചത്. ഇമാം ഹസന്‍(റ), ഹസ്രത്ത് ത്വല്‍ഹ(റ) തുടങ്ങിയ പ്രമുഖ സ്വഹാബികളുടേതുള്‍പ്പെടെ നിരവധി മഖ്ബറകളും മസാറുകളും അദ്ദേഹം തകര്‍ത്തിട്ടുണ്ട്. 1765-ല്‍ ഇബ്‌നു സഊദ് മരണമടഞ്ഞു. പിന്നീട് അധികാരത്തിലേറിയ പുത്രന്‍ അബ്ദുല്‍ അസീസ് പിതാവിനേക്കാള്‍ വലിയ തീവ്രതയോടെയാണ് വഹാബിസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. 1802-ല്‍ ഒരു അജ്ഞാതന്റെ കുത്തേറ്റു ഇദ്ദേഹം വധിക്കപ്പെടുകയായിരുന്നു. പുത്രന്‍ സുഊദാണ് പിന്നീട് അധികാരത്തിലേറിയത്. വലിയ തീവ്രവാദിയായിരുന്ന സുഊദ് പിതാവിന്റെ ജീവിതകാലത്തു തന്നെ നിരവധി അക്രമങ്ങള്‍ക്കും വഹാബി വല്‍കരണത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്. 1802-ല്‍ നജ്ഫിലും കര്‍ബലയിലും അദ്ദേഹം നടത്തിയ ആക്രമണം കുപ്രസിദ്ധമാണ്

അതേക്കുറിച്ച് വഹാബീ ചരിത്രകാരന്‍ തന്നെ രേഖപ്പെടുത്തുന്നതിങ്ങനെ.
”ഹിജ്‌റ 1216-ലാണ് സുഊദ് തന്റെ കാലാള്‍പ്പടയോടും കുതിരപ്പടയോടും കൂടി അക്രമത്തിനു പുറപ്പെട്ടത്. നജ്ദിലെ തെക്കന്‍ പ്രദേശങ്ങളിലെയും ഹിജാസിലെയും തിഹാമയിലെയും നഗരവാസികളില്‍ നിന്നും മറ്റുമായി സംഘടിപ്പിച്ച സൈന്യമായിരുന്നു അത്. അദ്ദേഹം കര്‍ബലക്കു നേരെ നീങ്ങുകയും ഹുസൈനിന്റെ നഗരത്തിലുള്ള ജനങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്തു. ദുല്‍ഖഅ്ദ് മാസത്തിലായിരുന്നു അത്. മുസ്‌ലിംകള്‍ (വഹാബികള്‍) നഗരത്തിന്റെ മതിലുകള്‍ എടുത്തുചാടി അകത്തെത്തുകയും അങ്ങാടികളിലും സ്വന്തം വീടുകളിലുമുള്ള മിക്ക ജനങ്ങളെയും കൊന്നൊടുക്കുകയും ചെയ്തു. എന്നിട്ടവര്‍ ഹുസൈനിന്റെ ഖബറിനുമേല്‍ കെട്ടിപ്പൊക്കിയ എടുപ്പുകള്‍ തകര്‍ത്തു. അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം കൈക്കലാക്കി. മഖാമിനു ചുറ്റുമുണ്ടായിരുന്ന ലോഹ അഴികള്‍ ഇളക്കിയെടുത്തു. മരതകവും മാണിക്യവും മറ്റു രത്‌നങ്ങളും പതിച്ചവയായിരുന്നു ഈ അഴികള്‍. നഗരത്തില്‍ കണ്ടതൊക്കെയും അവര്‍ എടുത്തു. ആയുധങ്ങള്‍, തുണിത്തരങ്ങള്‍, പരവതാനികള്‍, സ്വര്‍ണ്ണം, വെള്ളി, ഖുര്‍ആന്റെ അമൂല്യ പ്രതികള്‍, വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ ഇങ്ങനെ കണക്കില്ലാത്ത സാധനങ്ങള്‍ അവര്‍ കൈക്കലാക്കി. ഒരു പ്രഭാതത്തിനപ്പുറം അവര്‍ കര്‍ബലയില്‍ തങ്ങിയില്ല. രണ്ടായിരത്തോളം പേരെ കൊല്ലുകയും കിട്ടാവുന്നത്ര സമ്പത്ത് കൈക്കലാക്കുകയും ചെയ്ത ശേഷം ഏതാണ്ട് ഉച്ച നേരത്ത് അവര്‍ മടങ്ങി. (ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദ്: 1/121,22)
ഇപ്രകാരം വഹാബീ സൈന്യം 1217 (1803)ല്‍ ത്വാഇഫും 1220 (1805)ല്‍ മക്കയും അക്രമിച്ചു നിരവധി വിശ്വാസികളെ കൊന്നൊടുക്കുകയും അവരുടെ സമ്പത്ത് കൊള്ള ചെയ്യുകയും മഖ്ബറകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. വഹാബീ നേതാവായിരുന്ന ഇ.കെ. മൗലവി എഡിറ്ററായി അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍ ഇത്തിഹാദ്’ മാസിക അതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു.
”എന്നാല്‍ വഹാബികള്‍ ഈ അവസരം അസ്സലായി ഉപയോഗിച്ചു. അവര്‍ വേഗം ഹിജാസിലേക്കു കുതിക്കുകയും ഹറമൈനിയില്‍ പ്രവേശിച്ചു അവിടെയുണ്ടായിരുന്ന ഔലിയാക്കളുടെ മഖ്ബറകളും മറ്റും പൊളിച്ചു അവിടെയുണ്ടായിരുന്ന രത്‌നങ്ങളും മറ്റും കൊള്ളയടിച്ചു. പരസ്യമായി മാര്‍ക്കറ്റില്‍ ലേലം ചെയ്തു വിറ്റു. ഈ സംഭവം ഹിജ്‌റ 1220 ക്രിസ്താബ്ദം 1805-ലാണ് നടന്നത്.” (അല്‍ ഇത്തിഹാദ് 1956 സപ്തംബര്‍)
ശൈഖ് നജ്ദിയും സുഊദ് രാജവംശവും എന്തെല്ലാം ഹീനമാര്‍ഗങ്ങളുപയോഗിച്ചാണ് അറേബ്യയില്‍ വഹാബിസം അടിച്ചേല്‍പിച്ചതെന്ന് ഈ ഉദ്ധരണികളില്‍ നിന്നു മനസ്സിലാക്കാം. ഖവാരിജിസത്തിനു ശേഷം വഹാബിസമല്ലാതെ മറ്റൊരു കക്ഷിയും സമുദായത്തെ മൊത്തത്തില്‍ മതഭ്രഷ്ടു കല്‍പ്പിച്ചു അറുകൊല ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിട്ടില്ല. താന്‍ ആവിഷ്‌കരിച്ചെടുത്ത ഉട്ടോപ്യന്‍ തൗഹീദ് സ്വീകരിക്കാന്‍ വിസമ്മതിച്ചവരെ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശൈഖ് നജ്ദി ശ്രമിച്ചത്. അതിനു വേണ്ടി സുഊദ് വംശത്തിലെ മൂന്നു രാജാക്കന്മാരെയും തന്റെ ജീവിത കാലത്ത് അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തി. സുഊദ് ബിന്‍ അബ്ദില്‍ അസീസിന്റെ ഭരണകാലത്ത് 1792 ജൂണ്‍ 22നാണ് വഹാബിസത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് മരണമടഞ്ഞത്.


അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാ, ഔലിയാ, ഷുഹദാ, സ്വാലിഹുകളുടെ അന്ത്യവിശ്രമകേന്ദ്രങ്ങൾ അല്ലാഹു തൃപ്തിപ്പെട്ട സ്വർഗീയ പൂന്തോപ്പുകൾ ആണ്. അല്ലാഹു ദുആക്ക് ഉത്തരം നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട പുണ്യസ്ഥാനങ്ങളിൽ പെട്ടവയാണ്. മഹാന്മാരുടെ അന്ത്യവിശ്രമ സങ്കേതങ്ങളിൽ സിയാറത്ത് സജീവമാക്കുവാനും ആ ഖബ്.ര് ശരീഫുകൾ സാധാരണക്കാരുടെ ഖബ്.റുകളിൽ നിന്നും വ്യത്യസ്തമായി സംരക്ഷിക്കപ്പെടുവാനും വേണ്ടി സജ്ജീകരിക്കപ്പെടുന്ന സൗകര്യങ്ങൾക്ക് പൊതുവേ ജാറങ്ങൾ, മഖാമുകൾ, മസാറുകൾ എന്നെല്ലാം പറയപ്പെടുന്നു. അതിനു ഒരു നിയതമായ രൂപമോ ഘടനയോ ഉണ്ടായികൊള്ളണമെന്നുമില്ല.

മഹാന്മാരുടെ ഖബ്.റിടങ്ങൾക്ക് ഇസ്.ലാമിൽ പ്രത്യേക പ്രാധാന്യം ഉണ്ട്. പരീക്ഷണങ്ങൾ നേരിട്ട ഗുഹാവാസികളായ വിശ്വാസികളുടെ അന്ത്യവിശ്രമസങ്കേതമായ ആ പ്രസിദ്ധമായ ഗുഹയെ പറ്റി വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.
മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ ഗുഹയിൽ തന്നെ അവർ ഒന്നിച്ച് മരണമടഞ്ഞപ്പോൾ അവിടെ സന്നിഹിതരായ അന്നത്തെ മുസ്.ലിം രാജാവായ ദഖ്.യാനൂസും വിശ്വാസി സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു.
قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَّسْجِداً
“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവർക്ക് സമീപം ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു:
نعبد الله فيه ونستبقي آثار أصحاب الكهف بسبب ذلك المسجد،
“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും ആ മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെ സ്മരണ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ വിശ്വാസികൾ പറഞ്ഞു”.

ഇമാം നസഫി(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു:
يصلي فيه المسلمون ويتبركون بمكانهم.
“ആ പള്ളിയിൽ മുസ്.ലിംകൾ നിസ്കരിക്കുകയുംഅസ്ഹാബുൽ കഹ്ഫിന്റെ സ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയും ചെയ്യും”.
അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി തങ്ങളുടെ കനീസയും ആരാധനാലയവും പണിയുകയും തങ്ങളുടെ ആരാധനകൾ നടത്തുകയും ചെയ്യും എന്നു പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുവാനും ആ മഹാന്മാരുടെ ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട് ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെ മുസ്.ലിം ലോകം നടത്തി വരുന്ന അനുഷ്ടാനങ്ങളും കർമ്മങ്ങളും യഥാർത്ഥത്തിൽ അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമാണെന്നും അവിശ്വാസികളുടെ ആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നും ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു.


(ما بين بيتي ومنبري روضة من رياض الجنة(
"എന്റെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെ റസൂലിന്റെ പ്രശസ്തമായ ഹദീസ് ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം ബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.
(باب فضل بين القبر والمنبر(
‘ഖബ്.റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്ന അധ്യായം’ എന്നാണ് ഇമാം ബുഖാരി(റ) നൽകിയ പേർ. അതേ വാചകത്തിൽ തന്നെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നു കൂടി ഓർക്കുക.

അപ്പോൾ മഹാന്മാരുടെ അന്ത്യവിശ്രമസങ്കേതങ്ങളും പരിസരവും പുണ്യസ്ഥലങ്ങളാണെന്നും അല്ലാഹുവിനു ആരാധിക്കുവാനും ദുആ ചെയ്യാനും ഉത്തരം ലഭിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ ആണെന്നും വിശുദ്ധ ഖുർആനും തിരുവചനങ്ങളും സലഫുസ്സ്വാലിഹുകളായ ഇമാമുമാരും ഒന്നടങ്കം പഠിപ്പിക്കുന്നു. അതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ പ്രീതിയും അവനിൽ നിന്നുള്ള വിജയവും മാത്രം കാംക്ഷിച്ച് ജീവിക്കുന്ന മുസ്.ലിം ഉമ്മത്ത് അത്തരം സ്ഥലങ്ങളിൽ ചെന്ന് തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഹാരത്തിനായി സമർപ്പിക്കുന്നത്. ഇതെല്ലാം അനിസ്.ലാമികവും അന്ധവിശ്വാസവും ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത അല്പജ്ഞാനികൾ മാത്രം.

പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അൻബിയാഇന്റെയും സ്വാലിഹുകളുടെയും ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന് നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

وكذلك ما يذكر من الكرامات وخوارق العادات التي توجد عند قبور الأنبياء والصالحين ، مثل نزول الأنوار والملائكة عندها ، وتوقي الشياطين والبهائم لها ، واندفاع النار عنها وعمن جاورها ، وشفاعة بعضهم في جيرانه من الموتى ، واستحباب الإندفان عند بعضهم ، وحصول الأنس والسكينة عندها ونزول العذاب بمن استهان بها ، فجنس هذا حق قال وما في قبور الأنبياء والصالحين من كرامة الله ورحمته ، وما لها عند الله من الحرمة والكرامة فوق ما يتوهمه اكثر الخلق ا.هـ. بحروفه (ابن تيمية في كتابه اقتضاء الصراط المستقيم ص 374 )
"അമ്പിയാ-സ്വാലിഹുകളുടെ മഖ്ബറകൾക്ക് സമീപം അനുഭവപ്പെടുന്ന അസാധാരണ സംഭവങ്ങളെയും കറാമത്തുകളെയും സംബന്ധിച്ച് പറയപ്പെടുന്ന കാര്യങ്ങൾ - അഥവാ, മഹാന്മാരുടെ മഖ്ബറകളുടെ സമീപത്ത് പ്രകാശവും മലക്കുകളും ഇറങ്ങൽ, അവിടേക്ക് ശൈത്വാനിനും മൃഗങ്ങൾക്കും പ്രവേശനം തടഞ്ഞു കൊണ്ട് സംരക്ഷിക്കൽ, തീപിടുത്തത്തില്‍ നിന്ന് മഹാന്മാരുടെ മഖ്ബറകളെയും ചുറ്റുഭാഗങ്ങളെയും തടയൽ, മഖ്ബറയില്‍ ഉള്ള മഹാന്മാര് അവരുടെ തൊട്ടടുത്തുള്ള ഖബ്.റുകളിൽ ഉള്ളവര്ക്ക് വേണ്ടി ശുപാര്ശ ചെയ്യൽ, അതുപോലെ മഹാന്മാരുടെ മഖ്ബറയുടെ അടുക്കൽ മറവു ചെയ്യൽ സുന്നത്താണെന്ന് ചില പണ്ഡിതന്മാര് പറഞ്ഞത്, മഖ്ബറയിൽ ചെന്നാൽ മനശാന്തിയും സമാധാനവും ലഭിക്കൽ, ഖബ്.റിനെ നിസ്സാരപ്പെടുത്തിയവർക്ക് ശിക്ഷ ഇറങ്ങൽ - ഇവയെല്ലാം സത്യം തന്നെയാണ്. അമ്പിയാഇന്റെയുംഔലിയാഇന്റെയും മഖ്ബറകളിൽ നിന്നുള്ള റഹ്.മത്തും കറാമത്തും, അല്ലാഹിന്റെ അടുക്കൽ അവക്കുള്ള പവിത്രതയും ആദവരും സൃഷ്ടികളിൽ അധികം പേരും ഊഹിക്കുന്നതിലും അപ്പുറമാണ്”. (ഇബ്നു തീമിയ്യ – ഇഖ്.തിളാഉ സ്വിറാഥിൽ മുസ്ഥഖീം; പേജ്: 374)

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ ആയതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്.ലിം സമുദായത്തെ ഖബ്.ര് പൂജകരായി ചിത്രീകരിക്കുക വഴി ശത്രുക്കളെ പ്രീതിപ്പെടുത്താൻ വേണ്ടി വഹാബിസത്തിന്റെ പിഴച്ച മാറാപ്പും പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങളായ കുപ്രചരണങ്ങൾ നടത്തുന്നതായി കാണാം. ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള ഇബാദത്താക്കി മാറ്റുവാൻ വേണ്ടി, മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകൾ മുസ്.ലിംകളുടെ മേൽ ആരോപിക്കുന്ന അതേ അടവു തന്നെയാണ് ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്. പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി നമസ്കരിക്കുകയും അവിടെ കനീസകൾ പണിതു കൊണ്ട് അല്ലാഹു അല്ലാത്ത ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന തിരുഹദീസുകളെ ദുർവ്യാഖ്യാനം ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ സിയാറത്തിനും ബറകത്തിനും വേണ്ടി സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ ബഹുദൈവ വിശ്വാസികളായി മുദ്ര കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു വരുന്നത്.
10
വാസ്തവത്തിൽ ആ ഹദീസുകൾ ആരെ കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു കണ്ണോടിക്കുക.
" اشتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد ".
"തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു".
ഏതാണ് ആ ജനത?
ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം.
"لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد "
"യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു"
അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്?

ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു.
" أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ"

ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല.

ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.
وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)
“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല”. (ഫത്ഹുല്‍ ബാരി)

അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ. ജാറങ്ങളുമായി ഈ ഹദീസുകൾക്ക് ഒരു ബന്ധവും ഇല്ല തന്നെ. ഇത്തരം ശില്പങ്ങളോ പ്രതിമകളോ ഉള്ള ആരാധനാലയങ്ങൾ ആണോ ജാറങ്ങൾ?
സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് എവിടെ ആയാലും മതത്തിൽ കർശനമായി വിലക്കപ്പെട്ടതാണ്. ഇലാഹ് എന്ന വിശ്വാസത്തോടെ ഉള്ള സുജൂദ് ആണെങ്കിൽ മതത്തിൽ നിന്നും പുറത്തു പോകുന്ന കർമ്മവും ആണ്. ഇതെല്ലാം പണ്ഡിതർ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്.
ജാറങ്ങളിൽ നടക്കുന്നത് സിയാറത്തും ഖുർആൻ പാരായണവും ദുആയും തുടങ്ങി പ്രമണങ്ങളിൽ സ്ഥിരപ്പെട്ട സൽകർമ്മങ്ങൾ ആണ്. ദീനിൽ വിവരമില്ലാത്ത ആളുകൾ നടത്തുന്ന അനാചാരങ്ങളെയോ ദുർവൃത്തികളെയോ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. ചിലയിടങ്ങളിൽ അമുസ്.ലിംകളോ മുസ്.ലിംകളിലെ തന്നെ ദീനിന്റെ ബാലപാഠം പോലും പഠിക്കാൻ കഴിയാത്തവരോ ആയ ആളുകൾ അവിടെ സുജൂദ് ചെയ്യുന്നുണ്ടായിരിക്കാം. അതൊന്നും സുന്നത്ത് ജമാഅത്തിന്റെ അക്കൗണ്ടിൽ കുത്തിത്തിരുകേണ്ടതില്ല. ആ പേരും പറഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുന്ന കുതന്ത്രങ്ങളുമായി ഊരു ചുറ്റുകയാണ് പുത്തൻവാദികൾ.