‘ആഭിചാര’ സംവാദം:ശിർക്കാരോപണം അതിരുവിടുമ്പോൾ.!
‘ആഭിചാര’ സംവാദം:
ശിർക്കാരോപണം അതിരുവിടുമ്പോൾ.!
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
(Skssf ഇസ്തിഖാമ സംസ്ഥാന സമിതി അംഗം) (സുപ്രഭാതം ഓൺലൈനിൽ വന്ന ലേഖനം)
ഏറെക്കാലമായി മുജാഹിദ് ഗ്രൂപ്പുകൾ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ് ആഭിചാരം(സിഹ്റ്).
ഇത് കേവലം ശാഖാപരമായ ചെറിയ തർക്കമല്ല. മറിച്ച് തൗഹീദിന്റെയും ശിർക്കിന്റെയും ഇടയിലുള്ള തർക്കമാണ്.
മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു ചെറിയ വിഭാഗം സിഹ്റിന് യാഥാർത്ഥ്യം ഇല്ല എന്ന് വാദിക്കുമ്പോൾ മറ്റു വിഭാഗങ്ങളെല്ലാം സിഹ്റിന് യാഥാർത്ഥ്യം ഉണ്ടെന്നും അത് ചെയ്യൽ ഹറാമും കുഫ്റും ആണെന്നും വാദിക്കുന്നു. ഈ തർക്കം നിലനിർക്കെ തന്നെയാണ് 2016ൽ മുജാഹിദുകൾ ഐക്യ സമ്മേളനം നടത്തിയത്. ഐക്യ സമ്മേളനത്തിൽ ഒന്നായി തീർന്ന വ്യത്യസ്ത മുജാഹിദ് ഗ്രൂപ്പുകളിൽ ആഭിചാരം അംഗീകരിക്കുന്നവരും അംഗീകരിക്കാത്ത വരും ഉണ്ടായിരുന്നു. മാത്രമല്ല ഇവർ തമ്മിൽ നിലനിന്നിരുന്ന പത്തിൽ അധികം വിഷയങ്ങൾ പരിഹരിക്കാതെയാണ് ഈ ഐക്യ നാടകം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ചത്.
അതുകൊണ്ടുതന്നെ പ്രശ്നം പിന്നീട് രണ്ടുമാസം തികയുന്നതിന് മുമ്പ് തന്നെ കൂടുതൽ വഷളായി. നമ്മൾ തമ്മിൽ നിലനിൽക്കുന്ന പത്തിലധികം വിഷയങ്ങളിൽ തീരുമാനം ഉണ്ടാക്കാതെ ഒന്നാവാൻ ആവില്ലെന്ന് പറഞ്ഞുകൊണ്ട് മടവൂർ വിഭാഗത്തിലെ ഒരു വിഭാഗം ഐക്യം പൊട്ടിച്ച് തിരിച്ചുപോയി. പക്ഷേ ആ കൂട്ടത്തിൽ നിന്ന് തന്നെ ഹുസൈൻ മടവൂരും അല്പം അനുയായികളും ഔദ്യോഗിക കെ.എൻ.എമ്മിൽ ഉറച്ചുനിന്നു.
തിരിച്ചുപോയവർ ‘മർക്കസുദ്ധഅവ’ എന്ന പേരിൽ സംഘടന രൂപീകരിച്ചു.
ഇവർ തങ്ങളുടെ പഴയ വിശ്വാസങ്ങളിൽ തന്നെ ഉറച്ചു നിന്നു.
ആ വിശ്വാസങ്ങളിൽ ഒന്നാണ് ‘ആഭിചാരത്തിന് യാഥാർത്ഥ്യമില്ല’ എന്നത്
ഐക്യ നാടകത്തോടെ മടവൂർ അടക്കമുള്ള കെ.എൻ.എമ്മിൽ ഉറച്ചു നിൽക്കുന്ന മടവൂർ വിഭാഗം മുജാഹിദുകൾക്കും ഇപ്പോഴുള്ള വിശ്വാസം ഇതുതന്നെയാണ്.
അതുകൊണ്ടാണ് കഴിഞ്ഞ വർഷം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പത്രക്കാർ ‘സിഹ്റിന് യാഥാർത്ഥ്യമുണ്ടോ?’ എന്ന് ടി.പി അബ്ദുള്ള കോയ മദനിയോട് ചോദിച്ചപ്പോൾ ‘അറിയില്ല’ എന്ന രസകരമായ മറുപടി നൽകി അദ്ദേഹം മുങ്ങിയത് വാർത്തയായത്.
സിഹ്റ് അടക്കമുള്ള നീറിപുകയുന്ന വിഷയങ്ങൾ മുന്നോട്ടുവച്ച് പരസ്പരം മുശ്രിക്കുകളും കാഫിറകുളുമാക്കി മുജാഹിദ് ഗ്രൂപ്പുകളിൽ അണികൾ സോഷ്യൽ മീഡിയകളിൽ നിരന്തരം സംഘട്ടനത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു.
എന്നാൽ ഈ കഴിഞ്ഞ ജനുവരി മൂന്നിന് മർക്കസുദ്ദഅവ വിഭാഗവും മുജാഹിദ് വിസ്ഡം വിഭാഗവും തമ്മിൽ ‘ആഭിചാരം’ എന്ന വിഷയത്തിൽ ഒരു സംവാദം നടന്നു.
ആ സംവാദത്തിന്റെ രസകരമായ വിശേഷങ്ങളാണ് ഇനി പറയാൻ പോകുന്നത്.
രണ്ടു വിഭാഗത്തിന്റെയും വാദങ്ങൾ ഇങ്ങനെ
വീസ്ഡം വിഭാഗം
"ആഭിചാരം എന്ന അർത്ഥത്തിലുള്ള സിഹ്ർ വൻപാപങ്ങളിലുൾപെട്ടതും ചെയ്യാൻ പാടില്ലാത്തതുമാണ്. എന്നാൽ അതിന് യാഥാർഥ്യവും സ്വാധീനവുമുണ്ട് എന്നത് അഹ്ലുസ്സുന്നയുടെ വിശ്വാസമാണ്. അത് വിശ്വസിക്കുന്നവർ കാഫിറും മുശ്രിക്കുമല്ല."
മർക്കസുദ്ദഅവ വിഭാഗം
"ആഭിചാരം എന്ന അർത്ഥത്തിലുള്ള സിഹ്റിന് യാഥാർഥ്യവും സ്വാധീനവുമുണ്ട് എന്ന് വിശ്വസിക്കുന്നവർ കാഫിറും മുശ്രിക്കുമാണ്"
സംവാദം തുടങ്ങുന്നതിനു മുമ്പ് തന്നെ ഒരു വിഭാഗം മുശിരിക്കായി കഴിഞ്ഞിരുന്നു.
മാത്രമല്ല സംവാദത്തിൽ അബ്ദുൽ മജീദ് മദനി വിസ്ഡം വിഭാഗത്തെ ചൂണ്ടി പറഞ്ഞത് ശ്രദ്ധേയമാണ്. ‘നിങ്ങളെ അത്രയും ശിർക്ക് ഇവിടുത്തെ സുന്നികൾക്കില്ലാ’ എന്നാണ്.
ഒരു നൂറ്റാണ്ടോളം കാലമായി സുന്നികളെ മുശ്രിക്കുകളും കാഫിറുകളും ആക്കാൻ പണിയെടുത്തവർ ഏറ്റവും വലിയ ശിർക്കിന്റെ കൂടാരമായി തീർന്നു എന്നാണ് അവർ തന്നെ വിശ്വസിക്കുന്നത്.
സംവാദം തുടങ്ങി വിസ്ഡം വിഭാഗത്തിന്റെ ഫൈസൽ മൗലവിയുടെ ഊഴം വന്നപ്പോൾ
മറുവിഭാഗവും മുശിരിക്ക് തന്നെ എന്ന് ഫൈസൽ മൗലവി രേഖകൾ ഉദ്ധരിച്ച് സമർത്ഥിച്ചു.
ചുരുക്കി പറഞ്ഞാൽ അങ്ങോട്ടുമിങ്ങോട്ടും ശിർക്കിന്റെ ഏറ്.
ഒരാൾ മുജാഹിദ് ആയാൽ ഏതെങ്കിലും ഒരു ശിർക്ക് ഗ്രൂപ്പിലേക്ക് കടന്നുവെന്നും അവരുടെ വിശ്വാസങ്ങൾ പുലർത്തുന്നതോടെ തൽക്ഷണം അയാൾ മുശ്രിക്കായി മാറുന്നു എന്നുമാണ്
ഈ സംവാദം പൊതു സമൂഹത്തിന് നൽകിയ സന്ദേശം.
മാത്രമല്ല ഒരു വിഭാഗം ബുഖാരിയിലെ മുഴുവൻ ഹദീസുകൾ വിശ്വസിക്കാൻ ഞങ്ങൾക്ക് ആവില്ലെന്നും പല സയണിസ്റ്റ് ആശയങ്ങളും അതിൽ ഉണ്ടെന്നുമുള്ള അതിഗൗരവതരമായ വാദവും ഈ സംവാദത്തിലൂടെ പുറത്തെടുത്തു.
സി.എൻ അഹ്മദ് മൗലവിയും ചേകന്നൂരും എവിടെ നിന്നാണോ തുടങ്ങിയത് അവിടേക്ക് ഒരു വിഭാഗം മുജാഹിദുകൾ എത്തിച്ചേർന്നിരിക്കുന്നു എന്ന് സാരം.
ഇസ്ലാമിൻറെ ശത്രുക്കളായ ഓറിയൻറലിസ്റ്റുകൾ ഇസ്ലാമിനെ തകർക്കാൻ കണ്ടെത്തിയ പ്രധാന മാർഗങ്ങളിലൊന്നായിരുന്നു ഹദീസ് നിഷേധം. ഹദീസ് നിവേദകരിൽ ന്യൂനതകളും കളവുകളും ആരോപിച്ചായിരുന്നു ഇവരുടെ തുടക്കം.
ഈ പണിയാണ് ഇപ്പോൾ മുജാഹിദുകൾ എടുത്തു കൊണ്ടിരിക്കുന്നത്.
മുസ്‌ലിം ലോകത്തെ മതഭ്രഷ്ടരാക്കി ചിത്രീകരിച്ചുകൊണ്ടാണ് ഇവരുടെ പൂർവപിതാവ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് രംഗപ്രവേശം ചെയ്തത്. മണ്‍മറഞ്ഞ മഹാത്മാക്കളോട് പ്രകടിപ്പിക്കുന്ന ആദരവ്, അവരെ മധ്യവര്‍ത്തികളായി കണ്ടുകൊണ്ടുള്ള സഹായാര്‍ത്ഥന, അവരുടെ മഖ്ബറകളില്‍ നടക്കുന്ന സിയാറത്ത്, ആത്മീയ സരണിയായ ത്വരീഖത്തുകളുമായുള്ള ബന്ധം തുടങ്ങിയവയുടെ പേരിലാണ് ലോക മുസ്‌ലിംകളെല്ലാം യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്നു പുറത്തു പോയി എന്നദ്ദേഹം ആരോപിച്ചത്. ഇബ്‌നു തീമിയ്യന്‍ ചിന്തകളെ തീവ്രഭാവത്തോടെ അവതരിപ്പിച്ച അയാൾ പലപ്പോഴും തന്റെ മാതൃകാപുരുഷനെ പിന്നിലാക്കി. ഇബ്നു തൈമിയ്യ അനുവദനീയമെന്നു വിധിയെഴുതിയ പല കാര്യങ്ങളും ‘ശിര്‍ക്ക്’ എന്നു പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ പിന്തുണകൂടി ലഭിച്ചപ്പോള്‍ അതിനു രൗദ്രഭാവവും നശീകരണാത്മകതയുമുണ്ടായി.
അങ്ങനെ ശിർച്ച് ഈ ലോകത്ത് നിരവധി പണ്ഡിതന്മാരെയും സാധാരണക്കാരെയും കൊന്നൊടുക്കി. ഇതൊക്കെ ചെയ്തത് ഭരണകൂടത്തെ കൂട്ടുപിടിച്ചായിരുന്നു.
ശിർക്ക് ആരോപിച്ച് മദീനയിലെ പച്ച ഖുബ്ബ തകർക്കാൻ പോലും ഇവർ പലവുരു ശ്രമിച്ചു.
ഇവരുടെ പേരുകൾ കേരളത്തിൽ എത്തിയതോടെ മലയാള നാട്ടിലും ശിർക്കാരോപണത്തിന്റെ പടക്കുതിരകളായി ഇവർ മാറി.
പക്ഷേ പതിറ്റാണ്ടുകൾ ഏതാനും പിന്നിട്ടപ്പോൾ സ്വന്തം അണികളെ ചേരിതിരിഞ്ഞ് മുശ്രിക്കുകൾ ആക്കാൻ തുടങ്ങി. ഇരയെ കിട്ടിയില്ലെങ്കിൽ സ്വന്തം മക്കളെ ഭക്ഷിക്കുന്ന വന്യമൃഗങ്ങളെ കുറിച്ച് കേട്ടിട്ടില്ലേ.?
ഇതാണ് ഇപ്പോൾ നിലവിൽ മുജാഹിദ് ഗ്രൂപ്പുകളുടെ അവസ്ഥ.
ഇക്കൂട്ടർ ഇങ്ങനെ ഇസ്ലാമിൽ ഏറ്റവും ഗൗരവമേറിയ പാപമായ ശിർക്ക് പരസ്പരം ആരോപിക്കുന്നത് ഇവരിൽ ഒരു വിഭാഗത്തിന് പോലും യഥാർത്ഥ തൗഹീദ് എന്താണെന്ന് തിരിഞ്ഞിട്ടില്ല എന്ന പരമ സത്യമാണ് വിളിച്ചോതുന്നത്.
ഇസ്ലാമിൻറെ അടിസ്ഥാന ശിലയായ തൗഹീദിൽ വന്ന പിഴവ് തിരുത്താൻ തയ്യാറാകാത്ത പക്ഷം ഇവർ ഇനിയും പരസ്പരം പിഴച്ച വാദങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും.
എന്താണ് തൗഹീദ്?
അല്ലാഹു അല്ലാതെ മറ്റാരു ഇലാഹും ( ആരാധ്യൻ ) ഇല്ലെന്നുള്ള വിശ്വാ സത്തിന്നാണ് തൗഹീദ് എന്നു പറയുന്നത് . ഭാഷാർത്ഥത്തിൽ തൗഹീദിന് ഏകനാക്കുക എന്നർത്ഥം . അതായത് ഈ ലോകമത്രയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നതും ഏതൊരുപകാരത്തി ന്റെയും ഉപ്രദവതത്തിന്റെയും സാക്ഷാൽ ഉടമസ്ഥനും ആദ്യന്തരഹിതനും സർവൾക്തനും അന്യാശ്രയം ഇല്ലാത്തവനുമായ അല്ലാഹു ഏകൻ മാത്രമാ ന്നെന്നും അതിന് മറ്റാരുടെയെങ്കിലും സഹായമോ സഹകരണമോ പങ്കാളി ത്തമോ പ്രേണയോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും അതിന്നു ആവശ്യമില്ലന്നും ഉണ്ടാവാൻ പാടില്ലെന്നും അവനല്ലാതെ ഈ ലോകത്തിനു മാറ്റാരു സഷ്ടാവില്ലെന്നും ഉണ്ടാകാൻ പാടില്ലെന്നും അത്കൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ. മറ്റാരെയും ആരാധിച്ചുകൂടെന്നും ഉള്ള വിശ്വാസം മുഖേനെ അല്ലാഹുവിനെ ഏകനാക്കുക എന്നതാണ് അതിന്റെ വിവക്ഷ.
എന്താണ് ശിർക്ക്?
തൗഹീദിനെ വിപരീത പദമാണ് ശിർക്ക് ഇരുട്ടും വെളിച്ചവും പോലെ പരസ്പരവിരുദ്ധങ്ങളായ രണ്ടു വിശ്വാസങ്ങളാണ് ഇവ. വൈരുദ്ധ്യങ്ങൾ ഒരുമിച്ചു കൂടുക, ഇരുട്ടും വെളിച്ചവും ഒരിടത്ത് ഒരു അവസരം ഉണ്ടാവുക എന്നത് അസംഭവ്യമാണ്. അപ്രകാരംതന്നെ തൗഹീദും ശിർക്കും രണ്ട് വിരുദ്ധ വിശ്വാസങ്ങൾ ഒരേ അവസരത്തിൽ ഒരാളിലൂടെ നിലനിൽക്കുകയില്ല.
ഒരു മുവഹിദിനെ മുശ്രിക് എന്നോ ഒരു മുശ്രികിനെ
മുവഹിദ് എന്നോ
വിളിക്കാൻ സാധ്യമല്ല.
ഒരാളുടെ ഹൃദയത്തിൽ ശിർക്ക് കടന്നുകൂടിയാൽ തൗഹീദും
തൗഹീദ് കടന്നുകൂടിയാൽ ശിർക്കും തകർന്നുവീഴുന്നു.
ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുന്നു.
പങ്ക് ചേർക്കുക എന്നത്രേ ശിർക്ക് എന്ന പദത്തിൻറെ ഭാഷാർത്ഥം. ഇസ്ലാമിക വീക്ഷണത്തിൽ അതിനു നൽകുന്ന നിർവചനം
‘അല്ലാഹുവിന് തുല്യമായതോ , കീഴിലുള്ളതോ ആയ മറ്റു ഇലാഹോ ഇലാഹുകളോ ഉണ്ടെന്ന് വിശ്വസിക്കൽ’
എന്താണ്.
ഭൗതികവും അഭൗതികവുമായ എല്ലാ കഴിവുകളും അല്ലാഹുവിന്റെതാണ്.
മലക്കുകൾ ജിന്നുകൾ അമ്പിയാക്കൾ ഔലിയാക്കൾ മരണപ്പെട്ട മഹാത്മാക്കൾ...തുടങ്ങിആർക്കും സ്വന്തമായി ഒരുകഴിവുമില്ല എന്നാണ്
അഹ് ലുസ്സുന്ന വിശ്വസിക്കുന്നത്.
എന്നാൽ സാധാരണക്കാർക്ക്
അല്ലാഹു സാധാരണ കഴിവ് കൊടുക്കന്നത് പോലെ അസാധാരണക്കാരായ മഹാത്മാക്കൾക്ക് അസാധാരണമായ കഴിവ് അല്ലാഹു കൊടുക്കുമെന്ന് ഖുർആൻ ഹദീസ് എന്നീ
പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്.
ഇത്തരം മഹാന്മാർ മുഖേന നമുക്ക് സഹായം ലഭിച്ചാൽ
അതിന്റെയഥാർത്ഥ ഉടമസ്ഥൻ അല്ലാഹുതന്നെയാണെന്നാണ് സുന്നികൾ വിശ്വസിക്കുന്നത്.
ഭക്ഷണം നൽകുന്നതും രോഗം സുഖപ്പെടുത്തുന്നതും
അല്ലാഹുവാണെന്ന് ഖുർആൻ പറയുന്നു.മറ്റുള്ളവർ മുഖേന ഭക്ഷണം ലഭിച്ചാൽ അത് അല്ലാഹു നൽകിയതാണെന്ന് നാം വശ്വസിക്കുകയുംഅവനെ സ്തുതിക്കുകയും ചെയ്യുന്നു.
മറ്റുള്ളവരോട് ഭക്ഷണം തേടൽ ശിർക്കാണെന്ന്ആരും പറയുന്നില്ല.
രോഗം സുഖപ്പെടുത്തുന്നവൻ അല്ലാഹുവാണെന്ന് വിശാവസിക്കുന്ന നാം ഡോക്ടറെ സമീപിക്കുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നു. മരുന്ന്കൊണ്ട് രോഗംസുഖപ്പെട്ടാലുംമന്ത്രം
കൊണ്ടോ പ്രാർത്ഥന കൊണ്ടോ രോഗം സുഖപ്പെട്ടാലും സുഖപ്പെടുത്തിയവൻ അല്ലാഹുവാണെന്നാണ് മുസ്‌ലിമിന്റെ വിശ്വാസം.
മഹാന്മാരോട് സഹായം തേടലും ഇത് പോലെതന്നെ
യാണ്.
അമ്പിയാക്കൾ ഔലിയാക്കൾ മഹാത്മാക്കൾ തുടങ്ങിയവർ മുഖേന സഹായം ലഭിച്ചാലും അത് അല്ലാഹുവിന്റെ സഹായം തന്നെയാണ്.
ഈ കാര്യം മുജാഹിദുകൾ തന്നെ അറിയാതെ എഴുതി വച്ചിട്ടുണ്ട്.
" അല്ലാഹുവിൽ നിന്നല്ലാതെ
യാതൊരു സഹായവുമില്ല "
(സൂറതുൽ അൻഫാൽ 10 )
ഈആയത്തിന്റെ വിശദീകരണമായി മുജാഹിദിന്റെ ഖുർആൻ പരിഭാഷയിൽ കൊടുത്ത വിശദീകരണം ശ്രദ്ധേയമാണ്.
കുറിപ്പ് നമ്പർ 262
"ഏത് തരത്തിൽ ആര് വഴിക്ക്
സഹായം കിട്ടുന്നുവെന്കിലും അതൊക്കെ അന്തിമ വിശകലനത്തിൽ അല്ലാഹുവിൽ നിന്നുള്ളതാണ്. അവൻ തീരുമാനിക്കാതെ ഒരുകാര്യവും നടക്കുകയില്ല."
(ചെറിയ മുണ്ടം അബ്ദുൽ ഹമീദ്, കുഞ്ഞിമുഹമ്മദ് പറപ്പൂര് എന്നിവരുടെ പരിഭാഷ പേജ് 253)
പരിഭാഷയിൽ ഇങ്ങനെ കുറിച്ചു എങ്കിലും മുജാഹിദുകളുടെ വിശ്വാസത്തിൽ ഇത് അൽപം പോലും ഇല്ല.
ഉണ്ടെങ്കിൽ സിഹ്റിന്റെ പേരിൽ അടിപിടി കൂടേണ്ടി വരില്ലായിരുന്നു.
മഹാന്മാരായ പണ്ഡിതന്മാർ പഠിപ്പിച്ച
മേൽപ്പറഞ്ഞ നിർവചനങ്ങളെ മാറ്റിമറിച്ച് കാര്യകാരണ ബന്ധത്തിന് അതീതം അധീനം എന്നിങ്ങനെ രണ്ട് വ്യാഖ്യാനം തൗഹീദിനും ശിർക്കിനും സ്വന്തം പോക്കറ്റിൽ നിന്ന് നൽകിയവരാണ് ഇപ്പോൾ സിഹ്ർ വിഷയത്തിൽ ആകെ കുടുങ്ങിയിരിക്കുന്നത്.
സിഹ്ർ വിഷയത്തിൽ മുജാഹിദുകളുടെ വിശ്വാസം മൂന്നായി പരിണമിച്ചതും അങ്ങനെയാണ്.
ഒന്ന്:
ആഭിചാരത്തിന് യാഥാർത്ഥ്യമുണ്ടെന്നും അതിൽ പിശാചിൻറെ ഇടപെടൽ ഉണ്ടെന്നും, എങ്കിലും അത് കാര്യകാരണ ബന്ധത്തിന് പുറത്തല്ല എന്ന് ഒരു വിഭാഗം വാദിക്കുന്നു.
രണ്ട്:
ആഭിചാരത്തിന് യാഥാർത്ഥ്യമുണ്ട്.
പക്ഷേ അതിൽ പിശാച് ഇടപെടുന്നില്ല. കാരണം അവ്യക്തമാണ്.
മൂന്ന്:
ആ വിചാരത്തിന് യാഥാർത്ഥ്യം ഇല്ല.
അങ്ങനെ യാഥാർത്ഥ്യമുണ്ടെന്ന് വിശ്വസിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകും. നബി(സ) തങ്ങൾക്ക് സിഹ്റ് ബാധിച്ചു എന്നത് ശരിയല്ല.
മൂന്നാം കക്ഷിക്ക് തങ്ങളുടെ വാദം തെളിയിക്കാൻ നിരവധി ഹദീസുകൾ നിഷേധിക്കേണ്ടി വരികയും ചില ഖുർആൻ ആയത്തുകൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് വ്യാഖ്യാനം നൽകുകയും ചെയ്യേണ്ടിവന്നു.
രണ്ടാം വിഭാഗത്തിന് കുറച്ച് ഹദീസുകളും ഖുർആനിക ആയത്തുകളും കോട്ടിമാറ്റി പുതിയ വ്യാഖ്യാനം നൽകേണ്ടിവന്നു.
ഒന്നാം വിഭാഗത്തിന് തങ്ങളുടെ തൗഹീദ് ശിർക്ക് നിർവചനങ്ങളിൽ വെള്ളം ചേർക്കേണ്ടി വന്നു.
ഫൈസൽ മൗലവി സംവാദത്തിൽ പറഞ്ഞതുപോലെ ‘രക്ഷപ്പെടേണ്ടവർക്ക് ഇപ്പോൾ രക്ഷപ്പെടാം’.
മുജാഹിദ് ഗ്രൂപ്പുകളിൽ അകപ്പെട്ടു പോയിട്ടുള്ള സാധാരണക്കാർ ഇനിയെങ്കിലും കാര്യം മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഇഹപര പരാജയം ഏറ്റുവാങ്ങാൻ തയ്യാറായി കൊള്ളുക.
Post a Comment