മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം part 3
✍️ Aslam saquafipayyoli
അന്ധവിശ്വാസങ്ങൾ
ഇസ്‌ലാമിൽ പ്രചരിച്ചത്
സ്വഹാബികളിലൂടെയോ.!!
സഹാബികൾ ഏകോപിച്ച കാര്യങ്ങൾ പോലും തള്ളിക്കളയുകയും അവരുടെ പ്രവർത്തനത്തിൽ ശിർക്ക് കണ്ടെത്തുകയും ചെയ്തതിന്റെ ഉദാഹരണങ്ങൾ നമ്മൾ പറഞ്ഞു. ഇനി അവരെ രൂക്ഷമായി വിമർശിക്കുന്ന മറ്റൊരു ഭാഗം ശ്രദ്ധിക്കൂ,
അതായത് മുസ്ലീങ്ങളിൽ അന്ധവിശ്വാസം കടന്നു വരാനുള്ള കാരണക്കാർ സ്വഹാബികളാണത്രേ. (നഊദുബില്ലാഹ്.)
ഇസ്രാഈലി പുരാണേതിഹാസങ്ങൾ ഇസ്‌ലാമിൽ കടന്നുവന്നതെങ്ങനെ എന്ന് വിശദീകരിച്ചുകൊണ്ട്
കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:
"മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവർത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഇസ്റാഈലീ കഥകളാണ്. "
ഈ കഥകളത്രയും ഇസ്‌ലാമിലേക്ക് കടത്തിവിട്ടവർ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ പ്രമുഖരുമാണെന്ന് മൗലവിമാർ പരിചയപ്പെടുത്തുന്നു.
" തമീമുദ്ദാരി, കഅബുൽ അഹ്ബാർ, വഹബുബ്നു മുനബ്ബഹ്, അബ്ദുല്ലാഹിബ്നു സലാം എന്നീ നാലു പേരിലാണ് ഇത്തരം റിപ്പോർട്ടുകളധികവും ചെന്നെത്തുക. "
ഇതിന് കൂടുതൽ സഹായം ചെയ്തുകൊടുത്തത് ഉമർ (റ) വും ഉസ്മാൻ(റ) വും ആയിരുന്നത്രേ.
" രണ്ടു കാരണങ്ങളാണ് ഇസ്രാഈലി കഥകൾ മുസ്‌ലിംകളിൽ പ്രചരിക്കാൻ ഇടവരുത്തിയത്. ഇസ്‌ലാമിന്റെ ആരംഭ ദശയിൽ നബിയുടെ വിയോഗ ശേഷം പള്ളിയിൽ വച്ചു കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു. ഹ: ഉമറിന്റെ അവസാനകാലത്ത് തന്നെ ഇത് തുടങ്ങിവച്ചിരുന്നു. എന്നാൽ ഉസ്മാൻ(റ) അവർകളുടെ കാലം മുതൽക്കാണ് സർവപ്രചാരം സിദ്ധിച്ചത്...."
സഹാബിയായ തമീമുദ്ദാരി (റ) ഈ കൊടുംപാതകത്തിന് നേതൃത്വം കൊടുത്തുവെന്നും ഉമർ(റ) വും ശേഷം ഉസ്മാൻ (റ) വും ഇതിന് സമ്മതം നൽകിയെന്നും മൗലവി തുടർന്നെഴുതുന്നു:
" (സ്വഹാബിയായ)തമീമുദ്ദാരിയാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അദ്ദേഹം ജനങ്ങൾക്ക് ഉപദേശം നൽകട്ടെ എന്ന് ഉമർ(റ) വോട് സമ്മതം ചോദിച്ചു. ഉമർ അനുവദിച്ചില്ല. അങ്ങനെ ഖിലാഫത്തിന്റെ അവസാനത്തിൽ ഉമർ(റ) പുറപ്പെടുന്നതിനു മുമ്പ് വെള്ളിയാഴ്ച പ്രസംഗിക്കുവാൻ അനുവാദം നൽകി. ഉസ്മാന്റെ കാലത്ത് ആഴ്ചയിൽ രണ്ടുപ്രാവശ്യം പ്രസംഗിക്കുന്നതിന് അനുമതി കൊടുത്തു ഈ കഥകൾ അധികവും വാസ്തവ വിരുദ്ധങ്ങളായിരുന്നു...."
ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന് നബി(സ) വിശേഷിപ്പിച്ച ഇബ്നു അബ്ബാസ്(റ) ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത അബൂഹുറൈറ(റ) എന്നീ സ്വഹാബികളെയും
ഉത്തമ നൂറ്റാണ്ടിൽ ജീവിച്ചവരെയും മൗലവിമാർ ഈ പട്ടികയിൽ ചേർത്തിയെഴുതുകയും ഹദീസുകളെ സംശയത്തിന്റെ മുനയിൽ നിർത്താനും മൗലവി നന്നായി ശ്രമിച്ചിട്ടുണ്ട്.
" വഹബുബിന് മുനബ്ബഹും ഈ കൂട്ടത്തിൽപ്പെട്ട ഒരു കഥാകാരൻ തന്നെയാണ്. അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ നിന്ന് 72 എണ്ണം വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു എന്നാൽ മൂന്നാമത്തെ ദേഹമായ കഅബുൽ അഹ്ബാറിൽ നിന്നാണ് ഇസ്രാഈലി കഥകൾ ഏറ്റവും അധികം പ്രചരിച്ചിരിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഹ : ഇബ്നു അബ്ബാസ്(റ)വും മുഹദ് സുകൾ ഒന്നാം സ്ഥാനം അർഹിക്കുന്ന ഹ: അബൂഹുറൈറ (റ) വുമാണ് കഅബിൽ നിന്ന് ഏറ്റവും അധികം റിപ്പോർട്ട് ചെയ്തതെന്ന് വരുമ്പോൾ ഇസ്രാഈലി പുരാണേതിഹാസങ്ങൾ ഇസ്‌ലാമിൽ എത്രമാത്രം പ്രചരിച്ചിട്ടുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. "
(അൽ മനാർ മാസിക
1959 മെയ് പേ: 151 , 152)
നിങ്ങൾ സഹാബികളെ പിന്തുടരണം, അവർ വിശ്വസിച്ചതുപോലെ നിങ്ങൾ വിശ്വസിക്കണം, അവരെ അല്ലാഹുവും റസൂലും തൃപ്തിപ്പെട്ടിരിക്കുന്നു.
തുടങ്ങി അല്ലാഹുവിന്റെയും റസൂലിന്റെയും അംഗീകാരം ഏറ്റു വാങ്ങിയ മുത്ത്നബിയുടെ നക്ഷത്ര തുല്യരായ സ്വഹാബികളെയാണ് വഹാബി മൗലവിമാർ ഈ ലേഖനത്തിലൂടെ തള്ളിക്കളയുന്നത്.
സ്വഹാബികളിൽ നിന്ന് നമ്മുടെ മുൻഗാമികൾ ഗ്രഹിച്ചെടുത്തത് ശരിയായ ദീനല്ലെന്നും, ഖുർആനും ഹദീസും ദുർവ്യാഖ്യാനിച്ചു മൗലവിമാർ പ്രചരിപ്പിക്കുന്നതാണ് ശരിയായ ദീനെന്നും വിശ്വസിക്കാൻ അണികളെ പാകപ്പെടുത്തിയെടുക്കുകയാണ്
ഇത്തരം ലേഖനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.
46 കൊല്ലത്തിനുശേഷം
അത് പിൻവലിച്ചു
ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ കടത്തിക്കൂട്ടിയത് സഹാബികളാണെന്ന ഏറ്റവും വൃത്തികെട്ട സ്വഹാബി നിന്ദ്യത മൗലവിമാർ പ്രചരിപ്പിച്ചപ്പോൾ അതിനെതിരെ ശക്തമായി അഹ്‌ലുസുന്നയുടെ പണ്ഡിതന്മാർ പ്രതികരിച്ചു.
പലതും പറഞ്ഞു മൗലവിമാർ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചു. ചില സമയങ്ങളിൽ മിണ്ടാതിരുന്നു. വഹാബികൾ അത് ശരിവെക്കുകയും സ്വഹാബികൾ ഇസ്‌ലാമിൽ അന്ധവിശ്വാസങ്ങൾ കടത്തിക്കൂട്ടിയവരാണെന്ന് വിശ്വസിച്ചു പോരുകയും ചെയ്തു.
വഹാബികൾ ബിദ്അത്തുകാരാണെന്നതിന് ഏറ്റവും വലിയ തെളിവായി സുന്നികൾ ഇതുയർത്തിക്കാട്ടി. സ്റ്റേജുകളിലും പേജുകളിലും സജീവ ചർച്ചയായി. "ഞാനും എന്റെ സ്വഹാബികളും സ്വീകരിച്ച മാർഗ്ഗമാണ് രക്ഷയുടെ മാർഗം" എന്ന ഹദീസും "സ്വഹാബികൾ വിശ്വസിച്ചതുപോലെ വിശ്വസിക്കണമെന്ന" ഖുർആനിക നിർദ്ദേശവും ചേർത്തുകൊണ്ടുള്ള വിശദീകരണമായപ്പോൾ വിശ്വാസികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനെളുപ്പമായി.
ഒടുവിൽ 46 വർഷം പിന്നിട്ടപ്പോൾ രക്ഷയില്ലാതെ ഈ പിഴച്ച ആശയം അവർക്ക് തിരുത്തേണ്ടി വന്നു.
1959 മെയ് മാസത്തെ അൽ മനാറിൽ വന്ന സ്വഹാബി നിന്ദക്ക് 2006 ജനുവരി മാസത്തിലെ അൽമനാറിൽ വന്ന തിരുത്ത് ഇങ്ങനെ വായിക്കാം :
"1959 - ൽ അൽമനാർ മാസികയിൽ ഞാൻ എഴുതിയ "ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങനെ " എന്ന ലേഖനത്തിലെ ചില പരാമർശങ്ങൾ എടുത്തുദ്ധരിച്ച് വിമർശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണക്കുറിപ്പ്...അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന്റെ പാഠപുസ്തകങ്ങളിൽ അഹ്മദ് അമീൻ രചിച്ച 'ഫജിറുൽ ഇസ്‌ലാം' എന്ന ഗ്രന്ഥവും ഉൾപ്പെട്ടിരുന്നു. ഖുർആൻ തഫ്സീർ സംബന്ധിച്ച് ഈ ഗ്രന്ഥത്തിൽ അദ്ദേഹം പറഞ്ഞ ചില ആശയങ്ങൾ അവയിലെ കുഴപ്പം മനസ്സിലാക്കാതെ ഞാൻ പ്രസ്തുത ലേഖനത്തിൽ ഉൾപ്പെടുത്തി...
ലേഖനം അന്ന് വിമർശിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിച്ച് എഴുതുകയും ചെയ്തിരുന്നു...
കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്തപ്പോഴാണ് അഹ്മദ് അമീനിന്റെ പ്രസ്തുത ആശയങ്ങൾ പണ്ഡിതന്മാരുടെ പൊതു ധാരണക്ക് വിരുദ്ധമാണെന്ന് മനസ്സിലായത്. 1959ൽ പ്രസിദ്ധീകൃതമായ അൽമനാർ ലേഖനമോ അതിലെ ഉദ്ധരണികളാ വായിക്കുകയോ കേൾക്കുകയോ ചെയ്തവരിൽ അതിലെ വിമർശന വിധേയമായ പരാമർശം ഞാൻ ഉപേക്ഷിച്ചത് അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ധാരണ തിരുത്തുന്നതിനാണ് ഈ വിശദീകരണം."
(അൽ മനാർ മാസിക
2006 ജനു: പേ: 47 )
ഞങ്ങൾ ഖുർആന്റെയും ഹദീസിന്റെയും ആളുകൾ ആണെന്ന് പറയുകയും ഏതൊക്കെയോ അർദ്ധയുക്തിവാദികളുടെ ഗ്രന്ഥങ്ങൾ
വായിക്കുകയും പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ് വക്കം മൗലവി മുതൽ ഇന്നോളമുള്ള സർവ്വ മൗലവികളും പിഴക്കാനുള്ള കാരണം.
നോക്കൂ, ഈ ഗൗരവമേറിയ പിഴവ് പിൻവലിച്ചു കിട്ടാൻ 46 വർഷം വേണ്ടിവന്നു. ഇതിനിടയിൽ ഈ പിഴച്ച ആശയങ്ങൾ വിശ്വസിച്ച് മരിച്ചു പോയവരുടെ ഗതിയെന്തായിരിക്കും.
സ്വഹാബികളെ
തള്ളിപ്പറയാൻ തന്നെയാണ്
മൗലവിമാരുടെ നിർദ്ദേശം
ഇസ്‌ലാമിൽ സ്വഹാബികൾ പരിഗണിക്കപ്പെടേണ്ടവരല്ല, അവർ പലപ്പോഴും നബി(സ)ക്കെതിരെ പ്രവർത്തിച്ചവരാണെന്നും ഇസ്‌ലാമിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടത്തിക്കൂട്ടിയവരാണെന്നും അണികളെ ധരിപ്പിക്കുക വഴി സ്വഹാബികളെ കുറിച്ചുള്ള ഒരു മോശമായ ചിത്രം അണികളിൽ സ്ഥാപിച്ചെടുക്കാൻ മൗലവിമാർക്ക് സാധിച്ചിട്ടുണ്ട്.
ചില ഉദാഹരണങ്ങൾ കൂടി നമുക്ക് വായിക്കാം.
കെ എൻ എം മടവൂർ വിഭാഗം പ്രസിഡണ്ടായിരുന്നു മങ്കട അബ്ദുൽ അസീസ് മൗലവി എഴുതുന്നു:
"നബി(സ)യുടെയും അബൂബക്കർ സിദ്ദീഖിന്റെയും കാലത്തും ഉമറിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിലും മുത്വലാഖ് ഒരു ത്വലാഖായിട്ടാണ് പരിഗണിച്ചിരുന്നത്. ജനങ്ങൾ ഈ ആനുകൂല്യം വ്യാപകമായി ദുരുപയോഗപ്പെടുത്തിയപ്പോൾ ഉമർ മുത്വലാഖ് മൂന്നു ത്വലാഖുകളായി പരിഗണിക്കാം എന്ന് നിർദ്ദേശിച്ചു. ഇത് നബിയുടെ സുന്നത്തിന് വിരുദ്ധമാണെന്നതിൽ സംശയമില്ല. ഈ സമയത്ത് ഉമറിന്റതല്ല നബിയുടെ കൽപ്പനയാണ് സ്വീകരിക്കേണ്ടത് എന്ന് ഇബ്നു തൈമിയ്യ സിദ്ധാന്തിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. "
(മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ
പ്രസാധനം: യുവത)
ഉമർ(റ)നെയും അക്കാലത്തെ സ്വഹാബികളെയും നബി(സ)യെ ധിക്കരിച്ചവരിൽ ഉൾപ്പെടുത്തി സ്വഹാബികളോടുള്ള മതിപ്പ് നഷ്ടപ്പെടുത്തുകയല്ലേ മൗലവിമാർ ഇതുവഴി ചെയ്തുകൊണ്ടിരിക്കുന്നത്.
ഇബ്നു തൈമിയ്യയുടെ ഈ പിഴച്ച ചിന്താഗതി തന്നെയാണ് ഇന്നും വഹാബികൾ കേരളത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഉമർ (റ)വിനെ തള്ളിക്കളയാനുള്ള മുജാഹിദ് പണ്ഡിതസഭ മുൻ പ്രസിഡന്റായിരുന്ന കെ. ഉമർ മൗലവിയുടെ നിർദ്ദേശം കാണുക:
"അപ്പോൾ പ്രവാചക വചനത്തെ കാൾ മറ്റേതൊരാളുടെ വാക്കിനെയും മുന്തിക്കാൻ ഒരിക്കലും പാടില്ല. അതാരായാലും ശരി. എല്ലാ ബിദ്അത്തും ദുർമാർഗ്ഗമാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ടെന്നതിൽ ആർക്കും സംശയമില്ല. സംഘടിതമായി തറാവീഹ് നമസ്കരിക്കുന്നതിനെ പറ്റി ബിദ്അത്ത് എന്ന് ഉമർ(റ) പറഞ്ഞതായി കാണുകയും ചെയ്യുന്നു. ഇവിടെ നാം എന്താണ് വേണ്ടത്. നബി(സ) പറഞ്ഞു എന്ന് സ്ഥിരപ്പെട്ട വിഷയം അതേപടി നിരുപാധികം സ്വീകരിക്കുക. വ്യത്യസ്തമായി പറയപ്പെടുന്നത് തള്ളിക്കളയുക. ഇതല്ലാതെ നമുക്ക് നിവൃത്തിയില്ല."
(ഫാത്തിഹയുടെ തീരത്ത്
പേജ്: 119
പ്രസാധനം: കെ.എൻ.എം )
ഉമർ(റ) ഇവിടെ പറഞ്ഞത് ബിദ്അതിന്റെ ഭാഷാപരമായ പ്രയോഗമാണെന്നും നബി(സ) എല്ലാ ബിദ്അതും പിഴച്ചതാണെന്ന് പറഞ്ഞത് സാങ്കേതികാർത്ഥത്തിലുളള ബിദ്അതിനെ കുറിച്ചാണെന്നുമുള്ള പണ്ഡിത വിശദീകരണം മൂടിവച്ചുകൊണ്ടാണ് ഉമർ(റ)വിനെ ഒരു പ്രവാചക വിരോധിയാക്കും വിധം മൗലവിയുടെ ഈ വിശദീകരികരണം. ഇതെല്ലാം സ്വഹാബികളെ ജീവിതത്തിൽ നിന്നും മാറ്റിനിർത്താനുള്ള ഒരു തരം പരിശീലനമാണ്.
ഇസ്‌ലാമിന്റെ കെട്ടുറപ്പിനെ തകർത്തെറിയാനുള്ള ശ്രമം
മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വക്കം മൗലവി ഈജിപ്തിലെ അർദ്ധ യുക്തിവാദിയായ അഫ്ഗാനിയിൽ നിന്നും സ്വീകരിച്ച പിഴച്ച ചിന്താഗതികളെ കുറിച്ചാണല്ലോ നാം പറഞ്ഞു വന്നത്.
ഒന്ന്, ഹദീസ് നിഷേധം.
രണ്ട്, സ്വഹാബികളെ അവഗണിച്ചത്.
മൂന്ന്, തഖ്ലീദ് വിരോധം.
അറിവില്ലാത്തവർ അറിവുള്ളവരെ പിന്തുടരുന്നതിനാണല്ലോ തഖ്ലീദ് എന്ന് നാം പറയുന്നത്. ഇത് ഇസ്‌ലാമിൽ സ്ഥിരപ്പെട്ട ഒന്നാണ്.
സ്വഹാബികളുടെ കാലം മുതലേ മുസ്‌ലിം ലോകത്ത് തഖ്ലീദുണ്ട്.(വിശദമായി വഴിയെ)
തഖ്ലീദ് ഇസ്‌ലാമിന്റെ ഒരു കെട്ടുറപ്പാണ്. എന്തും മതത്തിന്റെ പേരിൽ വിളിച്ചു പറയാനുള്ള അവസരം നിഷേധിക്കുന്നത് തഖ്ലീദാണ്. ഇത് തകർത്തെറിയുക എന്നത് ശത്രുക്കളുടെ ലക്ഷ്യമാണ്.
ഗവേഷണ പടുക്കളായ പണ്ഡിതന്മാർ മാത്രം പ്രമാണങ്ങൾ പരിശോധിച്ചു മതവിധികൾ കണ്ടെത്തുകയും മറ്റുള്ളവർ അത് അംഗീകരിക്കുകയും ചെയ്യുക എന്ന ശക്തമായ കെട്ടുറപ്പിനെ തകർത്തുകൊണ്ട് ആർക്കും പ്രമാണങ്ങൾ പരിശോധിക്കുകയും മതം പറയുകയും ചെയ്യുക എന്ന ചിന്താഗതി പടച്ചു വിട്ടത് ജമാലുദ്ദീൻ അഫ്ഗാനിയാണ്. അതുവഴി പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് മുസ്ലിം സമൂഹത്തെ തമ്മിൽ തല്ലിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പിന്നീടുള്ള ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
കെ എൻ എം പ്രസിദ്ധീകരിച്ച തഖ്ലീദ് ഒരു പഠനം എന്ന പുസ്തകത്തിൽ നിന്ന് :
" തഖ്ലീദിനെ ശക്തിയായി എതിർക്കുക എന്നത് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഒരു പ്രധാന പരിപാടിയാകുന്നു. തഖ്ലീദ് കയ്യൊഴിച്ച് പരിശുദ്ധ ഖുർആനും തിരുസുന്നത്തും ആയുധമായി സ്വീകരിച്ചുകൊണ്ട് ആധുനികയുഗത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഇസ്‌ലാഹി പ്രസ്ഥാനം മുസ്ലിംകളെ ആഹ്വാനം ചെയ്യുന്നു......എന്നാൽ തഖ്‌ലീദിനെതിരിലുള്ള ചിന്താഗതിക്ക് വ്യാപകമായ പ്രചാരം സിദ്ധിച്ചത് അല്ലാമാ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി മുഖേനയായിരുന്നു."
(പേജ് : 156, 158)
ഗവേഷകരായ ഇമാമുകൾ മാത്രം നിർവഹിക്കേണ്ടതാണ് ഈജിപ്തിഹാദ്. സ്വഹീഹുൽ ബുഖാരി രചിച്ച ഇമാം ബുഖാരി(റ), സ്വഹീഹ് മുസ്‌ലിം എന്ന ഹദീസ് ഗ്രന്ഥം രചിച്ച ഇമാം മുസ്‌ലിം(റ), ലോകത്ത് അറിയപ്പെട്ട ഖുർആൻ വ്യാഖ്യാതാവ് ഇമാം റാസി(റ) ഇമാം നവവി(റ) തുടങ്ങിയ ഉന്നത പണ്ഡിതർക്ക് പോലും സാധ്യമാകാതിരുന്ന 'ഇജ്തിഹാദി'ന്റെ കവാടം മലർക്കെ തുറന്നിട്ടു കൊണ്ടാണ് "മതത്തെ നവീകരിക്കുന്നു " എന്ന പേരിൽ വക്കം മൗലവി രംഗത്ത് വന്നത്.
"വക്കം മൗലവിയുടെ കാലം വരെയും മലയാളി മുസ്ലിം പണ്ഡിതരുടെ ഇടയിൽ അത്തരം ഒരു ആഹ്വാനത്തിന് ധൈര്യമുണ്ടായിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. "
(വക്കം മൗലവി
ചിന്തകൾ രചനകൾ പേ: 70)
ഇതിനെല്ലാം വക്കം മൗലവിക്ക് ധൈര്യം പകർന്നത് അർദ്ധ യുക്തിവാദികളായ അഫ്ഗാനിയും അബ്ദുവുമാണ്. അതിനവർ ആദ്യം ചെയ്തത് ഇമാമുകളെ തള്ളുകയും അവരുടെ ഗ്രന്ഥങ്ങളെ വലിച്ചെറിയുകയും ചെയ്യുക എന്നതായിരുന്നു.
വക്കം മൗലവിയെ കുറിച്ച് വഹാബികൾ പുറത്തിറക്കിയ പുസ്തകമാണ് വക്കം മൗലവി ചിന്തകൾ രചനകൾ. അതിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചെഴുതിയിട്ടുണ്ട്.
"വക്കം മൗലവിയെ ഏറ്റവുമധികം സ്വാധീനിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ ശൈഖ് മുഹമ്മദ് അബ്ദു എന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ്. ഇസ്‌ലാമിന്റെ ആധുനികവത്ക്കരണം എന്ന പദ്ധതിയുടെ അതികായകനാണ് അദ്ദേഹം. യാതാസ്ഥിതിക വിഭാഗം അദ്ദേഹത്തെ എന്നും തെറ്റിദ്ധരിച്ചു. വക്കം മൗലവി അദ്ദേഹത്തെ റഹിമഹുല്ലാഹ് എന്ന് ആദരവോടെയാണ് അഭിസംബോധന ചെയ്യുന്നത്. അന്ധമായി പഴയ ഗ്രന്ഥങ്ങളെയും വ്യാഖ്യാനങ്ങളെയും പിന്തുടരുന്നതിനെ അബ്ദു തള്ളിക്കളഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ഗവേഷണത്തിലൂടെ വ്യാഖ്യാനങ്ങൾ ഉണ്ടായി വരണമെന്ന് അദ്ദേഹം നിലപാടെടുത്തു. ഇസ്‌ലാം യുക്തിയിലൂടെ തെളിയിക്കപ്പെടുന്ന ഒരു മതമായി അദ്ദേഹം വിചിന്തനം നടത്തി. ക്രിസ്ത്യൻ മുസ്‌ലിം സൗഹാർദത്തെ പ്രോത്സാഹിപ്പിക്കുക എന്നതും അദ്ദേഹത്തിൻ്റെ ഒരു നയമായിരുന്നു. ബഹുഭാര്യത്വത്തെ പുരാതന സംസ്കാരമായി കണ്ടു അവഗണിക്കപ്പെടേണ്ടതാണെന്നും അബ്ദു നിർദേശിച്ചു. "
(വക്കം മൗലവി
ചിന്തകൾ രചനകൾ
യുവത - പേ: 31)
ഇബ്നു അബ്ദിൽ വഹാബ്
മദ്ഹബ് സ്വീകരിച്ചിരുന്നു
ഇമാമുകളെ സ്വീകരിക്കരുത് അഥവാ തഖ്ലീദ് പാടില്ല എന്ന വാദം കേരളത്തിലേക്ക് വന്നത് ജമാലുദ്ദീൻ അഫ്ഗാനി വഴി തന്നെയാണ്. ഗൾഫ് സലഫികളായി അറിയപ്പെടുന്നവർ തഖ്ലീദ് വിരോധികളായിരുന്നില്ല. എന്നാൽ ഇബ്നു അബ്ദുൽ വഹാബ് തഖ്ലീദ് വിരോധിയാണെന്ന് ചില മൗലവിമാർ പ്രചരിപ്പിക്കുന്നുണ്ട്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്.
കെ എൻ എം നേതാക്കളായിരുന്ന കെ പി മുഹമ്മദ് മൗലവിയും എപി അബ്ദുൽ ഖാദിർ മൗലവിയും ചേർന്നെഴുതിയ ഒരു പഠനം എന്ന പുസ്തകത്തിൽ എഴുതുന്നു:
" ഈ ഘട്ടത്തിലാണ് (ഹിജ്റ 1115-1206) ചക്രവാളത്തിൽ ഒരു വെള്ളിരേഖ പ്രത്യക്ഷപ്പെട്ടത്. ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിനു അബ്ദുൽ വഹാബ് ആയിരുന്നു പ്രസ്തുത അത്ഭുതം. ഇസ്‌ലാമിന്റെ പൂർവ്വസങ്കേതമായ അറേബ്യൻ ഉപദ്വീപിൽ അദ്ദേഹം ജാതനായി. അന്നവിടെ നടമാടിക്കൊണ്ടിരുന്ന തഖ്ലീദിനെതിരിൽ അദ്ദേഹം ശക്തിയായി ആക്രമണം നടത്തി. "
(പേജ് : 186)
തഖ്ലീദ് വിരോധത്തിന് കൂടുതൽ ശക്തി ലഭിക്കാൻ ഇബ്നു അബ്ദുൽ വഹാബിലേക്ക് മൗലവിമാർ മനപൂർവ്വം ചേർത്തി പറഞ്ഞതാവാനാണ് സാധ്യത. എന്നാൽ ഇബിനു അബ്ദുൽ വഹാബ് ഹമ്പലി മദ്ഹബ് കാരനാണെന്നും അദ്ദേഹം മുജ്തഹിദായി രംഗത്ത് വന്നിരുന്നില്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്.
മുജാഹിദ് പണ്ഡിത സഭയുടെ മുൻപ്രസിഡണ്ട് കെ ഉമർ മൗലവി എഴുതുന്നു:
"മുഹമ്മദ് ബിനു അബ്ദുൽ വഹാബ് പുനരുത്ഥാരകനായിരുന്നെങ്കിലും കർമശാസ്ത്ര രംഗത്ത് ഹമ്പലി മദ്ഹബാണ് സ്വീകരിച്ചിരുന്നത്. "
(ഓർമ്മകളുടെ തീരത്ത്
പേജ് 77)
വഹാബികളുടെ വൈറ്റില ദഅവ ബുക്സ് പുറത്തിറക്കിയ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ജീവിതവും ദർശനവും എന്ന പുസ്തകത്തിൽ നിന്ന് :
"ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്‌ലാമിൽ ഒരു മദ്ഹബും സൃഷ്ടിച്ചിട്ടില്ല. ഹമ്പലി മദ്ഹബ് കാരനായിരുന്നു അദ്ദേഹം....ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഗവേഷണം ചെയ്തു പണ്ഡിതന്മാർ കാര്യങ്ങൾ തീരുമാനിക്കുന്നതാണ് ഇജ്തിഹാദ്. മദ്ഹബുകളെ തള്ളിക്കൊണ്ട് ഇബ്നു അബ്ദുൽ വഹാബ് ഇജ്തിഹാദിന് കൂടുതൽ പ്രാധാന്യം നൽകി എന്നൊരാക്ഷേപം അദ്ദേഹത്തിൻ്റെ എതിരാളികൾ ഉയർത്തിയിരുന്നു. അത് അടിസ്ഥാനരഹിതമാണ്. "
(പേജ് : 97, 134, )
മുജാഹിദ് പണ്ഡിതൻ
എം എ മുഹമ്മദലി സുല്ലമി എഴുതുന്നു:
"മുഹമ്മദ് ബിനു അബ്ദുൽ വഹാബ്(റ)യെപ്പോലും ഗൾഫ് സലഫികൾ മുത്വ്‌ലഖ് മുജ്തഹിദായി അംഗീകരിക്കുന്നില്ല. അദ്ദേഹത്തിന്റെയും മറ്റു സലഫി പണ്ഡിതരുടെയും നിലപാട് വിശദീകരിച്ചുകൊണ്ട് ശൈഖ് അബ്ദുല്ലാഹി ബ്നു മുഹമ്മദ് പറയുന്നത് നോക്കുക: ഞങ്ങളാരും ഇജ്തിഹാദ് മുത്വ്‌ലഖിന് അർഹരല്ല. അപ്രകാരം ഞങ്ങൾ അവകാശപ്പെടുന്നുമില്ല. എന്നാൽ ചില പ്രശ്നങ്ങളിൽ ഞങ്ങൾക്ക് ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും മനസ്സിലാകുന്ന കാര്യം നാല് ഇമാമുകളിൽ ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തോട് യോജിക്കുന്നതാണെങ്കിൽ അത് ഞങ്ങൾ സ്വീകരിക്കുന്നതാണ്. അത് ഞങ്ങളുടെ മദ്ഹബിൽ പറഞ്ഞതിന് വിരുദ്ധമാണെങ്കിലും ശരി. (അദുററുസനിയ്യ 1/126) ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പോലും മുജ്തഹിദ് മുത്‌ലഖല്ല. പ്രത്യുത മദ്ഹബിലെ ചില അഭിപ്രായങ്ങളോട് മാത്രം വിയോജിക്കുന്ന മദ്ഹബിന്റെ പരിധിയിൽ നിന്ന് വ്യതിചലിക്കാതെ ഗവേഷണം നടത്തുന്ന ഒരു മുജ്തഹിദുൽ മദ്ഹബ് ആയിരുന്നുവത്രെ! നമുക്കാകട്ടെ ഈ മലയാള നാട്ടിൽ തന്നെ ശതകണക്കിന് മുജ്തഹിദ് മുത്‌ലഖുകൾ (സർവ്വ സ്വതന്ത്രരായ ഗവേഷകർ ) ഉണ്ട് !. ഈ വിഷയത്തിലുള്ള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടും ഗൾഫ് സലഫികളുടെ വീക്ഷണവും തമ്മിലുള്ള അന്തരം ഇതിൽ നിന്നും സുതരാം വ്യക്തമാകുന്നു."
(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും
പേജ് : 117, 118 )
മാത്രമല്ല, ഇജ്തിഹാദിന് യാതൊരു സാധ്യതയും ഇക്കാലത്തില്ലെന്ന് പ്രഖ്യാപിച്ചവരാണ് ഗൾഫിലെ സലഫികൾ.
എം ഐ സുല്ലമി എഴുതുന്നു:
"മുജ്തഹിദ് മുത്വലഖ് ഉണ്ടാകാനുള്ള സാധ്യത പോലും അവർ തള്ളിക്കളയുന്നു. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ സൗദി അറേബ്യയിലെ പണ്ഡിത സമിതിയുടെ മുഖപത്രമായ മജല്ലത്തുൽ ബുഹൂസ് മാസികയിൽ എഴുതുന്നത് നോക്കുക:
"നവനവങ്ങളായ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനാൽ അവയുടെ മതവിധികൾ മനസ്സിലാക്കാൻ വേണ്ടി എല്ലാകാലത്തും മുജ്തഹിതുകൾ ആവശ്യമാണ്. ഇസ്‌ലാം എല്ലാ കാലത്തേക്കും എല്ലാ പ്രദേശങ്ങളിലേക്കും യോജിച്ച ആദർശമാണ്. ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും നിർധരിച്ചെടുക്കുന്ന വിജ്ഞാനങ്ങൾ പ്രശ്നങ്ങളുടെ പരിഹാരത്തിന് വലിയ മുതൽക്കൂട്ടാണ്. പക്ഷേ, ആരാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ളത് ? മുജ്തഹിദ് മുത്വലഖിനെ നമുക്ക് ആശിക്കാൻ പോലും സാധ്യമല്ല. അത്തരം മുജ്തഹിദുകളുടെ അഭാവത്തെകുറിച്ച് വളരെ കാലം മുമ്പ് മുതൽക്കുതന്നെ പണ്ഡിതർ വിലപിച്ചിരുന്നു.
(മജലത്തുൽ ബുഹൂസ്
ലക്കം 14 പേജ് 257 )"
(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും
പേജ് 117)
എന്നാൽ കേരള വഹാബികൾക്കാവട്ടെ മുജ്തഹിദുകൾക്കൊരു പഞ്ഞവും ഉണ്ടായിരുന്നില്ല!
ലോകത്ത് ഏറ്റവും കൂടുതൽ
മുജ്തഹിദുകൾ കേരളത്തിൽ !!
ലോകത്ത് ഏറ്റവും കൂടുതൽ തനി മുജ്തഹിദുകളുള്ള നാടാണത്രേ നമ്മുടെ കൊച്ചു കേരളം. മൗലവിമാരുടെ അവകാശ വാദമാണിത്. പുറത്തുനിന്ന് വീക്ഷിക്കുന്നവർക്ക്
കേരളത്തിലെ മൗലവിമാരുടെ വിവരമളക്കാൻ ഈ അവകാശവാദം ഏറെ ഉപകരിക്കും.
ഇമാം ബുഖാരി (റ) തങ്ങളെ പോലുള്ള പണ്ഡിത കുലപതികൾക്ക് സാധ്യമാക്കാത്തത് നമ്മുടെ നാട്ടിൽ ജീവിച്ചുകൊണ്ടിരിക്കുന്ന മൗലവിമാർക്ക് സാധിക്കുന്നു എന്നവകാശപ്പെടണമെങ്കിൽ എത്രത്തോളം അഹങ്കാരം മനസ്സിലുണ്ടായിരിക്കും.
അല്ലെങ്കിലും വിവരമില്ലെന്ന വിവരം പോലും ഇല്ലാതാകുമ്പോഴാണല്ലൊ ഒരാൾ മുജാഹിദാവുക.
മുജാഹിദ് പണ്ഡിതൻ
എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു:
"മദ്ഹബുകളെ തഖ്ലീദ് ചെയ്യുന്നത് പാടെ തിരസ്കരിച്ച മുജാഹിദുകൾ തങ്ങളെ ഏതെങ്കിലും ഒരു മദ്ഹബിലേക്ക് ചേർത്തു പറയാറില്ല. ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും നേരിട്ട് വിധികൾ നിർദ്ധാരണം ചെയ്തെടുക്കുന്ന മുജ്തഹിദ് മുത്വലഖുകൾ (തനി മുജ്തഹിദുകൾ) എല്ലാകാലത്തും ഉണ്ടാവുമെന്ന് മുജാഹിദുകൾ പഠിപ്പിച്ചുവരുന്ന ഒരാശയമാണ്. കെ പി മുഹമ്മദ് മൗലവി(റ)യും എ പി അബ്ദുൽ ഖാദിർ മൗലവിയും കൂടി രചിച്ച തഖ്ലീദ് ഒരു പഠനം എന്ന കൃതിയിൽ മജല്ലതുൽ മനാറിനെ ഉദ്ധരിച്ചു കൊണ്ടെഴുതുന്നു.
"എല്ലാ ചിന്ത സരണികളിലും പെട്ട പണ്ഡിതന്മാരെല്ലാം തന്നെ ഇജ്തിഹാദ് ഓരോ കാലത്തെയും സാമൂഹ്യ നിർബന്ധങ്ങളിൽ പെട്ടതാണെന്നുള്ളതിൽ ഏകാഭിപ്രായക്കാരാണ്. ഏതുകാലത്തും ഈ ചുമതല നിർവഹിക്കുന്ന ചിലരെങ്കിലുമുണ്ടായിരിക്കണം " (തഖ്ലീദ് ഒരു പഠനം പേജ് 116)
തുടർന്ന് വീണ്ടും പറയുന്നു :
"മുജ്തഹിദ് മുത്വലഖ് കൊണ്ട് മാത്രമേ ഈ സാമൂഹ്യ ബാധ്യത നിറവേറ്റുകയുള്ളൂ എന്നാണ് പണ്ഡിത വചനങ്ങളുടെ നേർക്കുനേരെയുള്ള വിവക്ഷ. " (അതേ പുസ്തകം പേജ് 117)
മൗലവി തുടരുന്നു ....
"നമ്മുടെ ഈ ചിന്താ സരണിയുടെ ഫലമായി നമ്മുടെ പണ്ഡിതന്മാർ ഏതെങ്കിലും ഒരു മദ്ഹബിലേക്ക് പ്രസ്ഥാനത്തെയും ആശയത്തെയും ചേർത്ത് പറയുവാൻ ലജ്ജിച്ചു. തൽഫലമായി എല്ലാവരും ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും നേരിട്ട് വിധികൾ സ്വീകരിക്കാൻ കഴിവുള്ളവരായി തീർന്നു.
അങ്ങനെ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ തനി മുജ്തഹിതുകളുള്ള (മുജ്തഹിദ് മുത്‌ലഖ്) പ്രദേശം നമ്മുടെ കൊച്ചു കേരളം തന്നെയാണെന്നതിൽ സന്ദേഹമില്ല. നമ്മുടെ മസ്ജിദുകളിലെ നൂറുകണക്കിന് ഖത്തീബുമാരും പ്രബോധന വിഭാഗത്തിന്റെ കീഴിലുള്ള അനേകം പ്രബോധകരും ജംഇയ്യത്തുൽ ഉലമയിലെ മുഴുവൻ അംഗങ്ങളും ഒരു മദ്ഹബും സ്വീകരിക്കാതെ ഇജ്തിഹാദ് നടത്തുന്നവരാണല്ലോ. നമ്മുടെ അഭിമാനകരമായ ഈ നേട്ടത്തെ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും ശിഷ്യഗണങ്ങളറിഞ്ഞെങ്കിൽ വിലമിതിക്കാനിടയുണ്ട്.
" (ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും 116)
ഈജിപ്തിലെ അർദ്ധ യുക്തിവാദികളോടൊപ്പം കൂടിയതിന്റെ മഹത്വം എടുത്തു പറയുകയാണ് എം ഐ മുഹമ്മദലി സുല്ലമി:
"നോക്കൂ, കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും ഗൾഫ് സലഫിസവും തമ്മിലുള്ള അന്തരം ! 50 വർഷത്തിനിടക്ക് ഒരു മതേതര രാഷ്ട്രത്തിൽ നമുക്ക് ആയിരക്കണക്കിന് മുത്‌ലഖ് മുജ്തഹിദ്കളെ വളർത്തിയെടുക്കാൻ കഴിഞ്ഞു. ഗൾഫ് സലഫികൾക്കോ ? ഭരണകൂടവും എണ്ണപ്പണവും ഉണ്ടായിട്ടുപോലും പല നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒരൊറ്റ മുജ്തഹിദ് മുത്‌ലഖിനെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. "
(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും പേ: 117)
ഇജ്തിഹാദ് നിർത്തി വെക്കാൻ മൗലവിമാരുടെ ആഹ്വാനം
ഇമാമുകളെ സ്വീകരിച്ച് വിശ്വാസവും കർമ്മവും ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്ന മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കാനും വിശ്വാസ കർമ്മ കാര്യങ്ങൾ തകർത്തെറിയാനും മൗലവിമാർക്ക് സാധിച്ചത് തഖ്ലീദ് വിരോധത്തിലൂടെയായിരുന്നു.
മദ് ഹബിന്റെ ഇമാമുകളെ സ്വീകരിക്കരുതെന്ന് പ്രഖ്യാപിച്ചു. അവരുടെ ഗ്രന്ഥങ്ങളെ പാള കിതാബുകളായി പരിഹസിച്ചു.
അത്യാവശ്യം അറബി വായിക്കാനും മനസ്സിലാക്കാനും കഴിയുന്നവരെയൊക്കെ ഗവേഷക(മുജ്തഹിദു) പദവിയിലേക്കുയർത്തി.
"ഖുർആനിലേക്ക് സുന്നത്തിലേക്ക്, പ്രമാണങ്ങളിലേക്ക് മടങ്ങുക " തുടങ്ങിയ ആകർഷണീയ പ്രമേയങ്ങളുമായി മുന്നോട്ടു പോയപ്പോൾ പലരും തെറ്റിദ്ധരിച്ചു. അത് ശരിയാണെന്ന് കരുതി. ഗവേഷണങ്ങൾ ആരംഭിച്ചു. അതോടെ കുഞ്ഞുങ്ങളുടെ കയ്യിൽ കളർ പെൻസിൽ കിട്ടിയ പോലെ സകലരും ഗവേഷണം നടത്തി ഫത്‌വയിറക്കി രംഗം വഷളാക്കി.
1921 വരെയുളള കേരള മുസ്‌ലിംകൾ മുരിക്കുകളാണെന്നാണ് ആദ്യവിധി. കേരളക്കരയിലെ പ്രശസ്തരായ ഔലിയാക്കളും മഖ്ദൂമുമാരും മമ്പുറം തങ്ങളും ഉമർ ഖാളിയും അറിയപ്പെട്ട മറ്റു ആലിമീങ്ങളും എല്ലാവരെയും ശിർക്കിന്റെയും പട്ടികയിൽ എഴുതി തള്ളി.
1941 ൽ ജമാഅത്തെ ഇസ്‌ലാമി എന്ന പേരിൽ പുതിയ ഗവേഷകർ വന്നു. സുന്നികളും മുജാഹിദുകളും കാഫിറാണെന്ന് പ്രഖ്യാപിച്ചു. 1970 കളിൽ ചേകന്നൂര് മൗലവി വന്നു. സുന്നികളും മുജാഹിദുകളും ജമാഅത്കാരും ഇസ്‌ലാമിനു പുറത്താണെന്ന് പ്രഖ്യാപിച്ചു. രണ്ടായിരത്തി രണ്ടോടെ മുജാഹിദ് വീണ്ടും പിളർന്നു. പരസ്പരം ശിർക്ക്, കുഫ്ർ ആരോപിച്ചു.
2012 ൽ വീണ്ടും പിളർന്നു. ശിർക്കാരോപണം വർദ്ധിക്കാൻ തുടങ്ങി. മുജാഹിദ്കൾക്കിടയിൽ തന്നെ ശിർക്കും തൗഹീദും തിരിച്ചറിയാത്ത വിധം കാര്യം ഗൗരവത്തിലായി. ബാപ്പ കാഫിറും മകൻ മുസ്‌ലിമുമായി വീടകങ്ങളിൽ തന്നെ പട പടർന്നു.
കാര്യങ്ങൾ ഇത്രത്തോളം വഷളായപ്പോഴാണ് മൗലവിമാർ ഇജ്തിഹാദ് (ഗവേഷണം ) നിർത്തിവെക്കാൻ തീരുമാനിക്കുന്നത്.
കെ എൻ എം മുഖപത്രമായ അൽ മനാർ മാസികയിൽ വന്ന ചില ഗൗരവചിന്തകൾ നമുക്ക് വായിക്കാം.
" ഇജ്തിഹാദ് വർദ്ധിക്കുന്നു :
പണ്ഡിത സഭയോടോ അതിന്റെ കീഴിലുള്ള ഫത്‌വാ ബോർഡിനോടോ ആലോചിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യാതെ സ്വന്തം നിലക്ക് ഫത്‌വ നൽകാനും വ്യാഖ്യാനം നൽകാനും ചിലരെങ്കിലും ഈ കാലത്ത് ശ്രമിക്കുന്നുണ്ട് എന്നത് നിഷേധിക്കാവതല്ല. പലപ്പോഴും അത്തരക്കാരുടെ വ്യാഖ്യാനങ്ങൾ ഭയാനകമായ വിപത്തുകളാണ് സമൂഹത്തിലും മുസ്‌ലിം സംഘടനക്കുള്ളിലും വരുത്തിവെക്കുന്നത്...
സ്വന്തം ഇഷ്ടപ്രകാരം (ഖുർആൻ) വ്യാഖ്യാനിക്കുന്നതിന് മുമ്പ് പണ്ഡിത സഭയുമായി കൂടിയാലോചിക്കുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കും. വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ പിന്നീട് തിരുത്താൻ മറ്റു പണ്ഡിതന്മാർ ഓടിനടക്കേണ്ട അവസ്ഥ വരാറുണ്ട്. "
(അൽമനാർ മാസിക
2012 ജൂൺ പേജ് 27 )
ഗുരുക്കന്മാരുടെ പൊരുത്തക്കേട് മാത്രം സമ്പാദിച്ച് വഴി തെറ്റി പോയ ഒരുപറ്റം യുവാക്കളുടെ പിടുത്തത്തിലാണ് വിസ്ഡം ഗ്രൂപ്പും, കെ എൻ എമ്മും.
ജാമിഅ: നദ്‌വിയ്യ:യുടെ പ്രിൻസിപ്പൽ സ്ഥാനത്ത് വരെ അത്തരക്കാരാണ് കയറിപ്പറ്റിയത്.
ഇളം തലമുറ മുതിർന്നവരിലും മുതിർന്നവർ ഇളയവരിലും ഇസ്‌ലാമിനെ കാണുന്നില്ല.
ചുരുക്കിപ്പറഞ്ഞാൽ മുജാഹിദിൽ എല്ലാവരും മുസ്‌ലിംകളാണെന്നുറക്കെ പറയാൻ പറ്റാത്ത അവസ്ഥ.
അൽമനാർ മാസികയുടെ എഡിറ്റോറിയൽ പേജിൽ
വന്ന വിലാപം നോക്കൂ.
"ആർക്കും ഫത്‌വ ഇറക്കാം. മുമ്പൊക്കെ പാണ്ഡിത്യത്തിൽ മുന്നിൽ നിൽക്കുന്നവരോടാണ് ചോദിക്കുക. അവരാണ് പഠിച്ച ശേഷം ഫത്‌വ നൽകുക. അത് ചോദിച്ചവനും അറിഞ്ഞവനും അതനുസരിച്ചിരുന്നു. ഇന്നോ, എത്ര പേരാണ് ഫത്‌വ ഇറക്കുന്നത്. ആരും ചോദിക്കാതെ തന്നെ ഫത്‌വകൾ ഇറങ്ങുന്നു. ഒന്നുമറിയാത്തവർ ആ ഫത്‌വാ സ്വീകരിക്കുന്നു. അതനുസരിച്ച് പ്രവർത്തിക്കുന്നു. "
(അൽമനാർ മാസിക
കെ എൻ എം മുഖപത്രം
2015 ആഗസ്റ്റ് പേജ് 6)
ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ.
സംഘടനയെ
തഖ്ലീദ് ചെയ്യണമെന്നോ ?
നബി(സ)യുടെ കാലം മുതൽ തന്നെ ഇസ്‌ലാം കേരളത്തിലെത്തിയെന്നാണ് ചരിത്രം. ഇസ്‌ലാമിക വിശ്വാസവും കർമ്മങ്ങളും ഇവിടെ പരിചയപ്പെടുത്തിയത് സ്വഹാബികളാണ്. സയ്യിദന്മാരെ ബഹുമാനിക്കുകയും ആലിമീങ്ങളെ ആദരിക്കുകയും അവരിൽ നിന്ന് വിശ്വാസങ്ങളും കർമ്മങ്ങളും സ്വീകരിക്കുകയും ചെയ്ത കേരളീയർ ഓരോ മഹല്ലിലെയും ഖത്തീബുമാരും ഖാളിമാരും നൽകുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് ഇസ്‌ലാമിക ചിട്ടയോടെ ജീവിക്കുന്നവരായിരുന്നു.
ഏതെങ്കിലും പണ്ഡിതനെ ചോദ്യം ചെയ്യാനോ അവമതിക്കാനോ അവർക്കറിയില്ലായിരുന്നു. പണ്ഡിതരാവട്ടെ, ഇമാമുകൾ പഠിപ്പിച്ചതിനപ്പുറം സ്വന്തം വകയായി ദീൻ പറയാനും തയ്യാറായിരുന്നില്ല.
1921 ലെ വഹാബി രംഗപ്രവേശത്തോടെ മതരംഗത്തെ അടുക്കും ചിട്ടയും മാറി തുടങ്ങി. സ്വഹാബികളെയും ഇമാമുകളെയും തള്ളി പറയാനും ഒരോരുത്തരും പ്രമാണങ്ങൾ നോക്കി കാര്യങ്ങൾ ചെയ്യാനും നിർദ്ദേശം വന്നു തുടങ്ങി. പണ്ഡിതന്മാരെ ചോദ്യം ചെയ്യാനുളള ധൈര്യം പകർന്നു നൽകി.
എല്ലാ മറകളും നീക്കി, പരസ്പരം ആദരവും ബഹുമാനവും ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാണ് ഒരു നൂറ്റാണ്ടിനിടയിൽ മൗലവിമാർക്ക് സാധിച്ചത്.
സമുദായത്തെ ഇമാമുകളുടെ പിന്നിൽ നിന്നും അടർത്തിയെടുത്ത് സ്വന്തം താല്പര്യങ്ങൾക്ക് കീഴിൽ വളർത്തിയെടുക്കുകയും അതുവഴി നേരായ മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കലായിരുന്നു മൗലവിമാരുടെ ലക്ഷ്യം.
പക്ഷേ, ആ ലക്ഷ്യം പൂർത്തിയായില്ല.
അണികൾ വളർന്നു വലുതായി. സ്വന്തം നേതൃത്വത്തെ ചോദ്യം ചെയ്യാൻ അവരും മുന്നോട്ടു വന്നു.
"നേതാക്കളെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനുയായികളായിരുന്നു നമ്മുടെയൊക്കെ ചെറുപ്പത്തിൽ. അഥവാ അമ്പതോ അതിലധികമോ കൊല്ലങ്ങൾക്ക് മുമ്പ്. ഇപ്പോഴോ നേതാവ് ഒരു കാര്യം പ്രസ്താവിച്ചാൽ ഉടനെ തന്നെ യുവതയുടെ , വിദ്യാർത്ഥികളുടെ ചോദ്യം ചെയ്യൽ. നേതാക്കന്മാരുടെ പ്രസ്താവനക്ക് ഒരു പ്രസക്തിയും അനുയായികൾ കൊടുക്കുന്നില്ല."
(അൽമനാർ മാസിക
2015 ആഗസ്റ്റ് പേജ് 4 )
മൗലവിമാർ പറയുന്ന ആശയത്തിൽ അടിയുറച്ചു നിൽക്കണമെന്നതാണ് മൗലവിമാരുടെ ആഗ്രഹം. ആ ' തഖ്‌ലീദി ' ന് അണികൾ വഴങ്ങാത്തതിന്റെ സങ്കടങ്ങൾ പ്രസ്ഥാനത്തിൻറെ മുഖപത്രമായ അൽമനാറിലൂടെ മൗലവിമാർ തന്നെ പങ്കുവെക്കുകയാണ്.
"മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് തെറിച്ചു നിന്നവരുടെയും അവസ്ഥ ഇതിൽനിന്ന് ഭിന്നമല്ല. താൻ ഒരു പ്രസ്ഥാനത്തിൻറെ ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കേണ്ടവനല്ലെന്ന അഹന്തയിൽ നിന്നാണ് വിമതനീക്കം ആരംഭിക്കുന്നത്. സ്വയം വിഗ്രഹമായി തോന്നുകയും വിഗ്രഹ നിർമിതിക്കാർ കൂടെ കൂടുകയും ചെയ്യുമ്പോൾ വ്യവസ്ഥയിൽ നിന്നും പുറത്ത് കടക്കണം എന്ന ചിന്ത സജീവമാകുന്നു. കുറ്റമറ്റ ഒരു ആദർശത്തിന്റെ അടിത്തറയിൽ നിന്ന് ശൂറയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ വിഗ്രഹങ്ങൾക്ക് അത് സഹിക്കില്ല."
(അൽ മനാർ മാസിക
2013 ജൂൺ പേ: 6)
മുജാഹിദ് സംഘടനാ തീരുമാനങ്ങൾക്കപ്പുറം അഭിപ്രായം പറയാനോ കാര്യങ്ങൾ മനസ്സിലാക്കാനോ പാടില്ലെന്നത് യഥാർത്ഥത്തിൽ സംഘടനയെ തഖ്‌ലീദ് ചെയ്യൽ തന്നെയല്ലേയെന്നാണ് അണികളിൽ ചിലരുടെ പക്ഷം.
ഇബാദത്തിലെ അട്ടിമറി
ഇബാദത്തിന്റെ നിർവചനം അട്ടിമറിച്ചു വെന്നതാണ് ഈജിപ്തിലെ അർദ്ധ യുക്തിവാദികളിൽ നിന്നും വക്കം മൗലവി സ്വീകരിച്ച നാലാമത്തെ കാര്യം.
ഇലാഹാണെന്ന് വിശ്വസിച്ചു കൊണ്ടുള്ള താഴ്മ / ഉപകാരോപദ്രവങ്ങളുടെ സാക്ഷാൽ ഉടമസ്ഥൻ എന്ന നിലക്കുള്ള താഴ്മ ഇതാണല്ലോ ഇബാദത്ത് (ആരാധന).
എന്നാൽ മൗലവിമാർ ഇതിലേക്ക് ചിലത് കൂടി കൂട്ടിച്ചേർത്തു. മനുഷ്യന് കഴിയാത്ത ഒരു കാര്യം മറ്റൊരു ശക്തിയോടെ വ്യക്തിയോടോ ആവശ്യപ്പെടുന്നത് ആ വ്യക്തിക്കുള്ള ഇബാദത്താ (ആരാധനയാ)ണ്.
വക്കം മൗലവി എഴുതുന്നു:
"മനുഷ്യശക്തിക്കപ്പുറമായുള്ള കാര്യങ്ങളിൽ ദൈവത്തോടല്ലാതെ മറ്റാരോടും നാം സഹായത്തെ അർത്ഥിക്കരുത്.... മനുഷ്യശക്തിക്കധീനങ്ങളല്ലാത്ത കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ദൈവത്തോടല്ലാതെ മറ്റാരോടെങ്കിലും സഹായത്തെ അർത്ഥിക്കുന്നത്, അവരെ ആരാധിക്കുന്നതുപോലെ തന്നെ അവർക്ക് ദിവ്യത്വമുണ്ടെന്ന് വിശ്വസിക്കുന്നതിന്റെ ഫലമാകയാൽ അന്യരെ ആരാധിക്കുന്നവരെ പോലെ തന്നെ അവരോട് മനുഷ്യശക്തിക്ക് പുറമേയുള്ള വിഷയങ്ങളിൽ സഹായത്തെ അർഹിക്കുന്നവരും അവരെ ദൈവത്തോട് സാദൃശ്യപ്പെടുത്തുകയാകുന്നു.
(വക്കം മൗലവിയുടെ ദീപിക
ഒറ്റ വാല്യത്തിൽ പേജ് 57 )
ഈ നിർവചനം ലോകത്തെ ഏതെങ്കിലും പണ്ഡിതന്മാർ പഠിപ്പിച്ചതല്ല.
മുൻഗാമികളിൽ ഒരാളും ഇങ്ങനെ നിർവചിച്ചിട്ടുമില്ല.
മുഅജിസത്ത് കറാമത്ത് മുഖേന സഹായം തേടുന്ന മുസ്‌ലിംകളെ മുശിരിക്കായി പ്രഖ്യാപിക്കാൻ ഈജിപ്തിലെ റഷീദുരിള പടച്ചുണ്ടാക്കിയതാണ് ഇബാദത്തിന് ഈ പുതിയ നിർവചനം.
അബ്ദുസ്സലാം സുല്ലമി തന്നെ ഈകാര്യം വ്യക്തമാക്കിയിട്ടുണ്ട്.
" ഇബാദത്തിന് നിർവചനമായി നാം പറയാറുള്ളത് ഇമാം റശീദുരിള തന്റെ തഫ്സീറിൽ പറഞ്ഞ അഭിപ്രായമാണ്. ഈ നിർവചനം സലഫുകളിൽ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാൻ സാധ്യമല്ല. "
(അൽ ഇസ്‌ലാഹ് 2007
ഫെബ്രുവരി പേ: 16 )
ഇബാദത്തിന് നൽകിയ ഈ നിർവചനത്തിന്റെ അർത്ഥശൂന്യത ഒരു നൂറ്റാണ്ട് തികയും മുമ്പ് മൗലവിമാർക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്.
സകരിയ സ്വലാഹി എഴുതുന്നു :
"മനുഷ്യന് കഴിയാത്തത് മനുഷ്യനല്ലാത്ത മറ്റു ജീവികളോട് ചോദിച്ചാൽ ശിർക്കാകുമെന്ന് ആരെങ്കിലും പറയുമോ ? മനുഷ്യനില്ലാത്ത വല്ല കഴിവും മറ്റു വല്ല ജീവിക്കും ഉണ്ടെങ്കിൽ അതിനെക്കുറിച്ച് അഭൗധിക കഴിവ് എന്ന് വകതിരിവുള്ളവൻ പറയുമോ ? വലിയ മരത്തടികൾ പിടിച്ചു വലിച്ചു കൊണ്ടുവരാൻ മനുഷ്യൻ പലപ്പോഴും ആനയുടെ സഹായം തേടാറില്ലേ ?. അത് അഭൗധിക സഹായ തേട്ടമാണോ? വലിയ ഘ്രാണശക്തിയുളള നായയെ കേസുകൾ തെളിയിക്കാൻ ഉപയോഗിക്കാറില്ലെ? അങ്ങനെ മനുഷ്യനില്ലാത്ത ഘ്രാണ ശക്തിയുള്ള പോലീസു നായയെ കൊണ്ട് കേസ് തെളിയിച്ചാൽ ശുദ്ധ ശിർക്കാകില്ലെ?
(അന്തം കെട്ട ചോദ്യങ്ങൾ
സകരിയ സ്വലാഹി പേ: 27)
ഒരു നൂറ്റാണ്ടോളം കാലം മുസ്‌ലിംകളിൽ ശിർക്കാരോപിക്കാൻ മൗലവിമാർ ഉയർത്തിപ്പിടിച്ച ഇബാദത്തിന്റെ ഈ നിർവചനം മുജാഹിദുകളിൽ തന്നെ വലിയൊരു വിഭാഗം ഇപ്പോൾ അംഗീകരിക്കുന്നില്ല.
(വിശദമായി വഴിയെ)
കെ എം മൗലവിയുടെ
ഒളിച്ചോട്ടം നാശത്തിലേക്ക്
ഈജിപ്തിലെ അർദ്ധ യുക്തിവാദികളിൽ നിന്നും വക്കം മൗലവി സ്വീകരിച്ച പ്രധാന ആശയങ്ങൾ എന്തൊക്കെയാണെന്ന് നാം മനസ്സിലാക്കി.
ഇനി, ഈ ആശയങ്ങൾ കേരളത്തിൽ വ്യാപകമായി പ്രചരിച്ചതെങ്ങിനെയെന്ന് പരിശോധിക്കാം. വക്കം മൗലവി ഒരു വലിയ ശിഷ്യ സമ്പത്തുള്ള പണ്ഡിതനോ ആകർഷണീയ പ്രഭാഷകനോ ആയിരുന്നില്ല. അതിനു പറ്റിയ ഒരാളെ ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രഭാഷകനും എഴുത്തുകാരനുമായ
തിരുരങ്ങാടിക്കാരൻ തയ്യിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ എന്ന കെ.എം മൗലവിയെ കുറിച്ചറിയുന്നത്.
1921 ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പുളിക്കൽ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന കെ.എം മൗലവിയെ കൊടുങ്ങല്ലൂരിലേക്ക് എത്തിച്ചത് അയാളുടെ ഭാര്യാ സഹോദരൻ എം സി സി അബ്ദുറഹ്മാൻ മൗലവിയാണ്.
"1922ൽ കെ എം മൗലവി സാഹിബ് അവർകൾ പുളിക്കൽ പി പി ഉണ്ണി മുഹ് യിദ്ദീൻ കുട്ടി മൗലവി സാഹിബിന്റെ വസതിയിൽ ഒളിവിൽ താമസിച്ചിരുന്ന കാലത്ത് എം സി സി അബ്ദുറഹ്മാൻ മൗലവി സാഹിബിന്റെ ഒരു രഹസ്യ സന്ദേശം ലഭിച്ചു.
അളിയാങ്ക (സഹോദരി ഭർത്താവായ കെ എം മൗലവി സാഹിബിനെ എം സി സി അങ്ങനെയാണഭിസംബോധനം ചെയ്തിരുന്നത് ) എല്ലാ കാര്യവും അല്ലാഹുവിൽ തവക്കുലാക്കി ഉടനെ കൊടുങ്ങല്ലൂരിലെത്തിച്ചേരണം. ഇവിടെ സുഖമായി കഴിഞ്ഞു കൂടാം. നാട്ടുരാജ ഭരണമാകയാൽ ബ്രിട്ടീഷുകാരുടെ ശർറ്( ഉപദ്രവം) ഭയപ്പെടേണ്ടതില്ല അല്ലാഹു അനുഗ്രഹിക്കട്ടെ. "
(കെ എം മൗലവി
ജീവചരിത്രം - പേജ് 87
കെ കെ കരീം - യുവത )
എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ സ്മരണികയിൽ കെഎം മൗലവി ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുന്നുണ്ട്.
'എന്റെ ജീവൻ രക്ഷിച്ച മനുഷ്യ സ്നേഹി' എന്നാണ് അനുസ്മരണ ലേഖനത്തിന് തലവാചകമായി ചേർത്തത്. (ഇതിൽ ശിർക്ക് വരുമോ എന്നത് വഹാബികളുടെ പുതിയ ചിന്ത പ്രകാരം ആലോചിക്കേണ്ടതാണ്.)
"ഖിലാഫത്ത് പ്രസ്ഥാനവും അതിനെ തുടർന്നുണ്ടായ ലഹളയും എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വഴിത്തിരിവായിരുന്നു. അക്കാലത്ത് അക്രമികളുടെ കയ്യിൽ പെടാതെ എന്നെ രക്ഷിച്ചത് അബ്ദുറഹ്മാൻ മൗലവിയുടെ അസൂയാർഹമായ ബുദ്ധിയും തന്റേടവുമായിരുന്നു."
(എം സി സി അബ്ദുറഹ്മാൻ
മൗലവി പേജ് : 12)
ഈ കാലത്താണ് കെ.എം മൗലവി വക്കം മൗലവിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുകയും പിഴച്ച ആശയങ്ങൾ പകർന്നെടുക്കുകയും ചെയ്തത്.
" 1921ലെ ലഹളക്ക് പ്രചോദനം നൽകി എന്ന കുറ്റം ചുമത്തപ്പെട്ട കെ എം മൗലവി സാഹിബ് അന്ന് ബ്രിട്ടീഷുകാരുടെ ഭരണത്തിലായിരുന്ന മലബാറിൽ നിന്ന് ഒളിച്ചോടുകയും കൊച്ചി സംസ്ഥാനത്തിലെ കൊടുങ്ങല്ലൂരിൽ അഭയം തേടുകയും ചെയ്തു. വക്കം അബ്ദുൽ ഖാദിർ മൗലവിയുടെ പരിഷ്കരണാശയങ്ങൾ മലബാർ മുസ്‌ലിംകൾക്കിടയിൽ പ്രചരിച്ചത് കെഎം മൗലവി യിലൂടെയായിരുന്നു."
(ഇസ്ലാമും കേരളത്തിലെ
സാമൂഹിക പരിവർത്തന
പ്രസ്ഥാനങ്ങളും - കെ എൻ എം പേ: 12)
" റഈസുൽ മുസ്‌ലിഹീൻ വക്കം എം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി സാഹിബുമായി കെഎം മൗലവി സാഹിബ് സമ്പർക്കം പുലർത്തിയത് കൊടുങ്ങല്ലൂർ നിവാസകാലത്തായിരുന്നു. അക്കാലം മുതൽക്കാണ് ഒരു പഴഞ്ചൻ മുദരിസായിരുന്ന തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ കെ എം മൗലവി എന്ന വിവാദ പുരുഷനും വിപ്ലവകാരിയുമായി മാറിയത്. "
(കെ എം മൗലവി
ജീവചരിത്രം പേ:16)
(റഈസുൽ മുസ്ലിഹീൻ എന്നാണ് അന്ന് വക്കം മൗലവിയെ വിശേഷിപ്പിച്ചിരുന്നത്. ഇന്നത്തെ മൗലവിമാർ ഇതൊക്കെ വിമർശിക്കുന്ന കാലമാണ്.)
നിഷ്പക്ഷ സംഘം
1922 ജനുവരി 14 നാണ് കെ എം മൗലവി തിരൂരങ്ങാടിയിൽ നിന്നും അഴീക്കോട്ടെത്തിച്ചേർന്നത്. ഭാര്യ സഹോദരനായ എം സി സി അബ്ദുറഹ്മാൻ മൗലവി, കെ എം സീതി സാഹിബ്, അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന കടവത്തൂർ ഇ.കെ മൗലവി തുടങ്ങിയവർ അവിടെ സ്വീകരണം നൽകി. ഇ കെ മൗലവി അവിടെ മദ്രസ അധ്യാപകനായിരുന്നു.
മൗലാനാ ചാലിലകത്തിന്റെ ശിഷ്യനും സംഘാടകനും പ്രഭാഷകനുമായ കെഎം മൗലവി കൊടുങ്ങല്ലൂരിലെത്തിയപ്പോൾ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി.
കൊടുങ്ങല്ലൂർ മുസ്‌ലിംകൾ പൊതുവേ വിദ്യാഭ്യാസമുള്ളവരും ഉദാരമതികളുമായിരുന്നു. പക്ഷേ, അവർക്കിടയിൽ ഗോത്രവയക്കും കേസും ഒരു ശാപമെന്നോണം വളർന്നിരുന്നു. ഇതിനൊരു പരിഹാരം വേണമെന്ന ചിന്ത മൗലവിയിൽ ഉടലെടുത്തു. ആദ്യ വെള്ളിയാഴ്ച തന്നെ മൗലവി അതിനു തുടക്കം കുറിച്ചു.
കെ കെ കരീം എഴുതിയ കെ എം മൗലവി സാഹിബ് എന്ന പുസ്തകത്തിൽ നിന്ന് :
"കെ.എം മൗലവി സാഹിബ് കൊടുങ്ങല്ലൂരിലെത്തിയതിന്റെ അടുത്ത വെള്ളിയാഴ്ച സ്ഥലത്തെ പൗരപ്രധാനികളുടെഅപേക്ഷയനുസരിച്ച് അഴീക്കോട്ടെ പള്ളിയിൽ നിന്ന് ജുമുഅ നിസ്കാരാനന്തരം ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗത്തിന്റെ ആരംഭത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. "ചിലർ പറയുന്നത് കേൾക്കാം മരിക്കുന്നതുവരെ നല്ലവണ്ണം കഴിഞ്ഞു കൂടണമെന്ന് ; എന്നാൽ ഞാൻ നിങ്ങളോട് ഉറപ്പിച്ചു വസിയ്യത്ത് ചെയ്യട്ടെ. അതെ മരിക്കുവോളം നല്ലവണ്ണം കഴിഞ്ഞു കൂടണം എന്നാൽ മരണാനന്തരവും നല്ലവണ്ണം കഴിഞ്ഞു കൂടാം. അതിനുള്ള മാർഗ്ഗമാണ് ഇസ്ലാം അനുസരിച്ച് ജീവിക്കലും മരിക്കലും. "
(പേജ് : 92)
ഉപദേശങ്ങൾക്ക് പുറമേ അത് പ്രാവർത്തികമാക്കാനുള്ള മാർഗവും കെഎം മൗലവി സ്വകരിച്ചു. മുസ്‌ലിംകളെയെല്ലാം ഒരുമിച്ചുകൂട്ടി വലിയ ഒരു സമ്മേളനം നടത്തി. 1922 ഏറിയാട് വെച്ചായിരുന്നു അത്. ആ സമ്മേളനത്തിലാണ് 'നിഷ്പക്ഷ സംഘം' രൂപീകരിക്കുന്നത്.
മുസ്‌ലിംകൾക്കിടയിലെ ഭിന്നിപ്പുകൾ പറഞ്ഞു തീർക്കുക, ഗോത്ര ഭിന്നിപ്പുകളിൽ കക്ഷി ചേരാതിരിക്കുക എന്നതായിരുന്നു ഈ സംഘത്തിൻറെ പ്രധാന ലക്ഷ്യം.
സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സെക്രട്ടറിയുമായിട്ടാണ് 11 അംഗ കമ്മിറ്റി നിലവിൽ വന്നത്. കെ എം മൗലവി, ഇ കെ മൗലവി, ടി.കെ മുഹമ്മദ് മൗലവി, ഇ മൊയ്തു മൗലവി, കെ എം സീതി സാഹിബ് , കെ കെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മുഹമ്മദ് ശറൂൽ, അറബി ശംനാട് തുടങ്ങിയവർ ഇതിൽ അംഗങ്ങളായിരുന്നു.
പാരമ്പര്യം മുറിച്ചുമാറ്റിയ
കെ എം മൗലവി
നിഷ്പക്ഷ സംഘത്തിന്റെ ലക്ഷ്യങ്ങൾ ആരെയും ആകർഷിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ പണ്ഡിതന്മാർ പലരും അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു നാട്ടിലുള്ള കുടുംബ കലഹങ്ങളും മറ്റു പ്രശ്നങ്ങളും പരിഹരിക്കുക എന്നതായിരുന്നല്ലോ അതിന്റെ മുഖ്യ ലക്ഷ്യം. ഇതിൽ ആരും ഒരു തെറ്റോ കുറ്റമോ കണ്ടിരുന്നുമില്ല.
എന്നാൽ മാസങ്ങൾക്കകം മറ്റൊരു പൊതുയോഗം ഏറിയാട് മൈതാനത്ത് വിളിച്ചു ചേർക്കുകയും അതിൽ ഈ സംഘത്തെ കേരള മുസ്ലിം ഐക്യ സംഘമാക്കി മാറ്റുകയും ചില പുതിയ പദ്ധതികൾ കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇതിന്റെ ഒന്നാം വാർഷികം (1923 ൽ ) ആഘോഷിച്ചപ്പോൾ വക്കം മൗലവി അധ്യക്ഷനായതും നേർച്ച , റാത്തീബ് , മാല, മൗലിദുകളെ അന്ധവിശ്വാസങ്ങളായി ഐക്യസംഘക്കാർ പ്രഖ്യാപിച്ചതും ഈ സംഘത്തിന് പിന്നിൽ വക്കം മൗലവിയുടെ കറുത്ത കരങ്ങളുണ്ടെന്ന് ജനങ്ങൾ തിരിച്ചറിയാൻ കാരണമായി.
അന്നത്തെ ജനവികാരം മൗലവിമാർ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് :
"വക്കം മൗലവി പിഴച്ച ആളാണെന്ന് മുസ്‌ലിയാർ വർഗ്ഗം മുമ്പ് തന്നെ ഫത്‌വ നൽകിയിരുന്നു. അദ്ദേഹം അധ്യക്ഷനായതിലൂടെ ഐക്യ സംഘത്തിന്റെ ശത്രുക്കൾക്ക് എതിർക്കാനുള്ള ഒന്നാന്തരം ഒരു ആയുധമാണ് ലഭിച്ചത്. കണ്ടില്ലേ..., ഒരു പിഴച്ച ആളെയല്ലേ ഇവർ അധ്യക്ഷനായി ക്ഷണിച്ചത്. അതുകൊണ്ട് ഐക്യ സംഘക്കാരും പിഴച്ചവർ തന്നെയാണ് എന്നവർ നാടുനീളെ പറഞ്ഞു നടന്നു. "
(ഐക്യ സംഘവും
കേരള മുസ്ലിംങ്ങളും പേജ് 24)
നിഷ്പക്ഷ സംഘം രൂപീകരിക്കുമ്പോഴുള്ള വക്കം മൗലവിയുടെ അസാന്നിധ്യവും പിന്നീട് അത് കേരള മുസ്ലിം ഐക്യ സംഘമായി വ്യാപിപ്പിച്ചപ്പോൾ അതിൻെറ തലപ്പത്ത് അയാൾ കയറി വന്നതും റശീദ് രിളയിൽ നിന്നും അബ്ദു, അഫ്ഗാനികളിൽ നിന്നും സ്വീകരിച്ച പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള മാർഗ്ഗം വെട്ടിത്തെളിഴിച്ചതാണെന്ന വസ്തുത പിന്നീടാണ് തിരിച്ചറിയുന്നത്.
ഈ ഒളിയജണ്ട മനസ്സിലാക്കാൻ വൈകിയതിനാൽ പല പണ്ഡിതന്മാരും സാധാരണക്കാരും ഐക്യ സംഘത്തെ പുകഴ്ത്തി പറയുകയും സമ്മേളനങ്ങളിൽ പങ്കു ചേരുകയും ചെയ്തിട്ടുണ്ട്. അതെല്ലാം അവർക്കുള്ള പണ്ഡിത അംഗീകാരമായി നാം മനസ്സിലാക്കരുത്.
മൗലാനാ ചാലിലകത്തിന്റെ ശിഷ്യനായ കെ എം മൗലവി കൊടുങ്ങല്ലൂരെത്തുമ്പോൾ നല്ലൊരു സുന്നി പണ്ഡിതൻ തന്നെയായിരുന്നു.
വക്കം മൗലവിയാണ് കെ എം മൗലവിക്ക് റശീദ് രിളയെ പരിചയപ്പെടുത്തിയതും അയാളുടെ പിഴച്ച ആശയത്തിലേക്ക് തള്ളിവിട്ടതും.
മുജാഹിദ് സ്ഥാപക നേതാക്കളിൽപ്പെട്ട
എൻ പി അബ്ദുസ്സലാം
മൗലവി എഴുതുന്നു:
"ഈജിപ്തിലെ പണ്ഡിതവര്യനായ സയ്യിദ് മുഹമ്മദ് റശീദ് രിളയുടെ അൽ മനാർ മാസിക കെ എം മൗലവി സാഹിബിന് വരാറുണ്ടായിരുന്നു.....
റശിദ് രിളയെപ്പറ്റി എനിക്ക് മതിപ്പുണ്ടാക്കിയത് കെ മൗലവി സാഹിബ് ആയിരുന്നു. കെ എം മൗലവി സാഹിബ് അദ്ദേഹവുമായി ബന്ധപ്പെട്ടത് വക്കം എം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവി സാഹിബ് മുഖേനയായിരുന്നു. ഞാൻ ഏറ്റവും ആദരിക്കുന്ന ആധുനിക പണ്ഡിതന്മാർ ക്രമപ്രകാരം താഴെപ്പറയുന്നവരത്രേ.
1 - സയ്യിദ് മുഹമ്മദ് റശീദ് രിള
2 - കെ എം മൗലവി
3 -എം സി സി അബ്ദുറഹ്മാൻ മൗലവി സാഹിബ്
4 -പി വി മുഹമ്മദ് മൗലവി സാഹിബ് (പുളിക്കൽ)
(കെ എം മൗലവി
ജീവചരിത്രം പേജ് 2)
സുന്നി പണ്ഡിത ശൃംഖലയിൽ പ്രമുഖനായ മൗലാനാ ചാലിലകത്ത് കുഞ്ഞമ്മത് ഹാജിയുടെ വിശ്വാസങ്ങൾക്കും കർമ്മങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുകയും അർദ്ധ യുക്തിവാദിയായ റശീദ് രിളയെ ഉസ്താദായി സ്വീകരിക്കുകയും ചെയ്തതോടെ സുന്നി പാരമ്പര്യത്തെ കെ എം മൗലവി അറുത്തുമാറ്റുകയാണ് ചെയ്തത്.
സുന്നി ഉലമാക്കളുടെ
ഇസ്‌ലാമിക പാരമ്പര്യം
മുജാഹിദുകളുടെ വിശ്വാസവും കർമ്മവും ശരിയല്ലെന്നതിനുള്ള ഒരു തെളിവ് അവരുടെ വിശ്വാസകർമ്മങ്ങൾക്ക് നബി (സ) യിലേക്ക് എത്തിച്ചേരുന്ന ഒരു പരമ്പര ഇല്ലെന്നതാണ്.
മത വിജ്ഞാനങ്ങൾ ആരിൽ നിന്ന് സ്വീകരിക്കുന്നു എന്നത് പ്രധാനം തന്നെയാണ്.
ഇമാം മുസ്‌ലിം (റ) തന്റെ സ്വഹീഹ് മുസ്‌ലിമിൽ രേഖപ്പെടുത്തുന്നു :
മുഹമ്മദ് ബിനു സീരീനി(റ)ൽ നിന്ന് നിവേദനം
"നിശ്ചയം ഈ വിജ്ഞാനം ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ചിന്തിക്കൂ."
ഇബ്നുൽ മുബാറക്(റ)നെ ഉദ്ധരിച്ച് ഹദീസ് പണ്ഡിതനായ ഇമാം മുസ്‌ലിം(റ) എഴുതുന്നു :
"പരമ്പര ദീനാണ്. പരമ്പര ഇല്ലായിരുന്നുവെങ്കിൽ ഉദ്ദേശിക്കുന്നവർ ഉദ്ദേശിക്കുന്നത് പറയുമായിരുന്നു."
പരമ്പരാഗത വിജ്ഞാനത്തിന് പകരം അവനവന് തോന്നിയത് മതമായി വിളിച്ചു പറയുന്നത് കൊണ്ടാണ് കുറഞ്ഞ കാലത്തിനിടയിൽ നൂറുകണക്കിന് വൈരുദ്ധ്യങ്ങൾ വിശ്വാസത്തിലും കർമ്മത്തിലും പടച്ചുവിടാൻ മൗലവിമാർക്ക് സാധിച്ചത്.
എന്നാൽ സുന്നികളുടെ വിജ്ഞാനം പരമ്പരാഗതമാണ്. അത് നബി(സ) തങ്ങളിലേക്ക് എത്തിച്ചേരുന്ന ശക്തമായ ഗുരു പരമ്പര സുന്നികൾക്ക് ഉണ്ട്.
സുന്നി ഉലമാ ഇന്റെ വ്യത്യസ്ത ഗുരുപരമ്പരയിൽ നിന്ന് ഒന്ന് താഴെ ചേർക്കുന്നു :
1- ശൈഖുനാ സുൽത്വാനുൽ ഉലമ
2- ഉസ്താദുൽ അസാതീദ് ഒ.കെ ഉസ്താദ്
3- സ്വദഖതുല്ലാഹ് ഉസ്താദ്
4- ഖുതുബി ഉസ്താദ്
5- ചാലിലകത്ത് ഉസ്താദ്
6- വളപ്പിൽ അ: അസീസ് മുസ്ല്യാർ
7- സൈനുദ്ധീൻ റംലി ഉസ്താദ്
8- ഔക്കോയ മുസ്ലിയാർ
9 - ഉമർ ഖാസി(റ)
10 - മമ്മിക്കുട്ടി ഖാസി(റ)
11 - അലി ഹസൻ മഖ്ദൂം(റ)
12 - അഹ്മദ് മഖ്ദൂം(റ)
13 - ഖാജ മഖ്ദൂം(റ)
14 - നൂറുദ്ദീൻ മഖ്ദൂം(റ)
15 - അ:അസീസ് മഖ്ദൂം(റ)
16 - അബ്ദുറഹ്മാൻ മഖ്ദൂം (റ)
17 - ഉസ്മാൻ മഖ്ദൂം
18 - അബ്ദുറഹ്മാൻ മഖ്ദൂ (റ)
19 - സൈനുദ്ദീൻ മഖ്ദൂം(റ)
20 - ഇബ്നു ഹജറുൽ ഹൈതമി(റ)
21 - സകരിയൽ അൻസ്വാരി(റ)
22 - ഇബ്നു ഹജറുൽ അസ്ഖലാനി (റ)
23 - അബ്ദുറഹീം ഇറാഖി(റ)
24 - ഇബ്റാഹീമുൽ അത്വാർ (റ)
25 - ഇമാം നവവി (റ)
26 - സല്ലാറുബ്നുൽഹസനുബ്നു ഉമറുബ്നു സഈദുൽ അർബലി(റ)
27 - മുഹമ്മദുൽ ഖസ് വീനി (റ)
28 - അബ്ദുൽ ഗഫാറുൽ ഖസ് വീനി(റ)
29 - ഇമാം റാഫിഈ(റ)
30 - മുഹമ്മദ് റാഫിഈ(റ)
31 - ഇമാം നൈസാബൂരി (റ)
32 - ഇമാം ഗസ്സാലി(റ)
33 - ഇമാം ഹറമൈനി (റ)
34 - ഇമാം ജുവൈനി (റ)
35 - അബൂബകറുൽ മർവസി(റ)
36 - മുഹമ്മദുൽ മർവസി(റ)
37 - അബൂ ഇസ്ഹാഖുൽ മർവസി(റ)
38 - അഹ്മദുൽ ബഗ്ദാദി(റ)
39 - ഉസ്മാൻ അൽ അൻമാത്വി (റ)
40 - റബീഅ് അൽ മുറാദി(റ)
41 - ഇമാം ശാഫിഈ(റ)
42 - ഇമാം മാലിക് (റ)
43 - നാഫിഅ് മൗലാ ഇബ്നു ഉമർ(റ)
44 - സ്വഹാബിയായ അബ്ദുല്ലാഹിബ്നു ഉമർ (റ) (1630 ഹദീസുകൾ നബി(സ)യിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.)
45 അഷ്റഫുൽ ഹൽഖ് മുഹമ്മദുർറസൂലുള്ളാഹി (സ).
മുത്ത് നബി (സ) യിൽ നിന്നും പരിശുദ്ധ ദീനുൽ ഇസ്‌ലാം നമ്മിലേക്ക് കൈമാറി വന്ന ഗുരു പരമ്പര പരിശുദ്ധമാവണം.
അവർ ഒരിക്കലും ശിർക്ക്, കുഫ്ർ, ബിദ്അത്തുകളുടെ പ്രചാരകരാവാൻ പാടില്ല.
സുന്നികളുടെ ഗുരു പരമ്പര പൂർണമായും പരിശുദ്ധമാണെന്ന് പറയാൻ നമുക്ക് സാധിക്കും. എന്നാൽ ഇതുപോലെ മുജ - ജമകളുടെ ആദർശം ഉൾക്കൊണ്ട ഒരു പരിശുദ്ധ ഗുരു പരമ്പര അവർക്കില്ലെന്നതാണ് അവർ പിഴച്ചവരാണെന്നതിന്റെ ഏറ്റവും വലിയ രേഖ.
പരാജയപ്പെട്ടുപോയ
പരമ്പര നിർമ്മാണം
വഹാബികൾക്ക് നബി (സ) തങ്ങളിലേക്ക് എത്തിച്ചേരുന്ന ആദർശ പരമ്പരയില്ലെന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.
സുന്നി പണ്ഡിതർ പ്രഭാഷണങ്ങളിൽ ഇതെടുത്തു പറയുമ്പോൾ സ്വാഭാവികമായും മൗലവിമാർ പ്രതിസന്ധിയിലാകും. പരമ്പര ഇല്ലാത്തവർ എന്ന ഒരു മോശപ്പേര് ഇല്ലാതാക്കാൻ അവസാനം അവർ കണ്ടെത്തിയ വഴി മൗലാനാ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഉസ്താദുമാരിൽ ചേർത്ത് പരമ്പര നിർമ്മിക്കുകയെന്നതാണ്. അതാവട്ടെ, പരാജയപ്പെടുകയാണ് ചെയ്തത്.
ഒരു മൗലവി എഴുതുന്നു:
" മുജാഹിദുകൾക്ക് പരമ്പരയില്ല എന്നു പറഞ്ഞ് റസൂലിലേക്ക് എത്തുന്ന തങ്ങളുടെ പരമ്പര ഒരു കോലത്തിൽ ഒപ്പിച്ചുണ്ടാക്കി അത് സ്റ്റേജിൽ വായിച്ച് മേനി നടിക്കാറുണ്ട് കാരന്തൂരികൾ. എന്നാൽ പരമ്പരയിലെ രണ്ട് കണ്ണി പിറകോട്ട് പോയി അവിടെ ചാലിലകത്ത് കുഞ്ഞമ്മത് ഹാജി എന്ന ഒരു വ്യക്തിയുള്ളതുകൊണ്ട് ആ പരമ്പര മുജാഹിദുകൾക്കും ബാധകമാണ് എന്ന് കാര്യം ഓർക്കാറില്ല. "
(ഇസ്‌ലാഹ് മാസിക
2010 ജനുവരി പേജ് 26)
ബദർ മൗലിദ് രചിച്ച വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാരുടെ പ്രധാന ശിഷ്യനും വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ച, വലിയ ശിഷ്യ സമ്പത്തുള്ള മഹത് വ്യക്തിത്വമാണ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.
ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ, പുതിയറ സുലൈമാൻ മുസ്‌ലിയാർ,
തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്. 1919 മഹാനവർകൾ വഫാത്തായി.
മൗലാനയുടെ വഫാത്ത് കഴിഞ്ഞ രണ്ടുവർഷം പിന്നിട്ടപ്പോഴാണ് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം ഉടലെടുക്കുന്നത്. മൗലാനയുടെ ജീവിതകാലത്ത് മുജാഹിദ് പ്രസ്ഥാനം സ്വപ്നം കാണുക പോലും ചെയ്തിട്ടില്ലെന്നർത്ഥം. പിന്നെയെങ്ങനെ ചാലിലകത്ത് മുജാഹിദ് പരമ്പരയിൽ വരും.
എന്നാൽ മൗലാനയുടെ ശിഷ്യന്മാരിൽ പെട്ട കെ എം മൗലവി, ഇ കെ മൗലവി, എംസിസി മൗലവിമാർ അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം വഴി തെറ്റി പോവുകയും പിഴച്ച കക്ഷിയായ റശീദ് രിളയെയും വക്കം മൗലവിയെയും ഉസ്താദായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ചാലിലകത്തിന്റെ വിശ്വാസ കർമ്മങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും മുജാഹിദ് പ്രസ്ഥാനത്തിന് രൂപം നൽകുകയും ചെയ്തു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അവർകൾക്ക് അവിടുത്തെ വഫാതിന് ശേഷം വന്ന ഈ പ്രസ്ഥാനവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.
വക്കം മൗലവിയുടെ തൗഹീദുമായി മൗലാനക്ക് യാതൊരു ബന്ധവുമില്ല യാഥാർത്ഥ്യം മൗലവിമാർ തന്നെ സമ്മതിക്കുന്നത് കാണുക:
മുജാഹിദ് പണ്ഡിതസഭയുടെ പ്രസിഡണ്ടായിരുന്ന കെ ഉമർ മൗലവി എഴുതുന്നു:
"മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇസ്‌ലാഹി പ്രസ്ഥാനത്തിൻറെ നേതാക്കളിൽ പ്രമുഖനായി വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല....എന്നാൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട് മൗലാന ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല "
(ഓർമ്മകളുടെ തീരത്ത്
കെ ഉമ്മർ മൗലവി 93 - 98)
കെ.കെ. കരീം എഴുതുന്നു :
"വക്കം മൗലവിയുടെ തൗഹീദ് പ്രസ്ഥാനവുമായി ചാലിലകത്ത് ഇഴുകിച്ചേർന്നില്ല "
(കെ എം മൗലവി
ജീവചരിത്രം പേജ് 46)
മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു:
" അദ്ദേഹം ശാഫിഈ മദ്ഹബ് പാരമ്പര്യം പിന്തുടർന്ന ഒരു പാരമ്പര്യ യാഥാസ്ഥിതിക പണ്ഡിതനായിരുന്നു. അദ്ദേഹം ഒരു സലഫി ആദർശക്കാരനായിരുന്നില്ല."
(അൽ ഇസ്‌ലാഹ് മാസിക
2012 ഒക്ടോബർ പേജ് 31)
കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :
"മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ സലഫി ആയിരുന്നില്ല "
(പേജ് : 58)
കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്ലാമും കേരളത്തിലെ സാമൂഹ്യ പരിവർത്തന പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തിൽ നിന്ന് :
"അദ്ദേഹത്തെ(ചാലിലകത്തിനെ) പ്രഗൽഭനായ ഒരു മത വിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ, ഒരു മതപരിഷ്കർത്താവ് (ഇസ്‌ലാഹി നേതാവ് ) എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. "
(പേജ് : 12)
ഇത്രയും വ്യക്തമായി അവർക്ക് തന്നെ അറിയാവുന്ന ഒരു യാഥാർത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് പരമ്പര ഒപ്പിക്കാൻ മൗലാനാ ചാലിലകത്തിലേക്ക് ചേർത്തു നോക്കിയത്.
Post a Comment