1974 ൽ ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സേട്ടു സാഹിബ് നടത്തിയ സുന്നീ വിരുദ്ധ പ്രസ്താവനക്കെതിരെയും,1985 ൽ സി.പി.ഐ(എം)അഖിലേന്ത്യ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാട് നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്താവനക്കെതിരെയും സമസ്ത മുശാവറ അവയുടെ ഗൗരവത്തിനൊത്ത് പ്രതികരിച്ചിട്ടുണ്ട്. സമസ്തക്ക് ഒരു പ്രത്യേക രാഷ്ട്രീയമില്ല - സത്താർ പന്തല്ലൂർ

സമസ്തയുടെ രാഷ്ട്രീയം

2018 ൽ സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക്ക് വാളിൽ പങ്കുവെച്ച പോസ്റ്റ് ഒരിക്കൽ കൂടി വായിക്കാം..
Facebook post link⬇️
https://m.facebook.com/story.php

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒരു മത സംഘടനയാണ്. അതിനു രാഷ്ട്രീയമില്ല. അതിലെ അംഗങ്ങൾക്കു ഇഷ്ടമുള്ള ഏതു രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കാം. ഇതാണ് ഇതപര്യന്തമുള്ള നിലപാട്.

ഈ സ്വാതന്ത്യം ഉപയോഗിച്ചു സമസ്തയിലെ ഭൂരിപക്ഷവും സാമുദായിക രാഷ്ട്രീയത്തെ തിരഞ്ഞെടുത്തവരാണ്. അങ്ങനെയാണ് മുസ് ലിം ലീഗിലെ ഭൂരിപക്ഷവും സമസ്തക്കാരും, സമസ്തയിലെ ഭൂരിപക്ഷം ലീഗുകാരുമാവുന്നത്. സ്വാഭാവികമായും അതൊരു നല്ല ബന്ധമായി വളർന്നു. നേതാക്കളിൽ ചിലരും അണികളിൽ പലരും രണ്ടിലും സജീവമായി. അങ്ങനെ ലീഗിനും സമസ്തക്കുമിടയിൽ ഒരുമയുടെ ഒരു അന്തർധാര നിലനിന്നു. ഇത് സമുദായത്തിന് നിരവധി നല്ല ഫലങ്ങൾ നൽകി. പാരസ്പര്യത്തിന്റെ ഈ നന്മ മരം വാടാതെ കാലാന്ത്യം വരെ നിലനിൽക്കട്ടെ എന്നു പ്രാർഥിക്കാം.

അതോടൊപ്പം ചേർത്തുവെക്കേണ്ട ഒരു സത്യമുണ്ട്. എല്ലാ ലീഗുകാരും സമസ്തക്കാർ അല്ലാത്ത പോലെ, എല്ലാ സമസ്തക്കാരും ലീഗുകാരുമല്ല. ബാഫഖി തങ്ങളെ പോലുള്ള ലീഗ് നേതാക്കളും ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെ പോലുള്ള അനുഭാവികളും സമസ്തയിൽ സജീവമായ കാലത്തു തന്നെ, ലീഗ് മുന്നണിയിൽ ഇല്ലാത്ത ഘട്ടത്തിലും കോൺഗ്രസുകാരനായി ശംസുൽ ഉലമയും അനുഭാവിയായി താജുൽ ഉലമ സ്വദഖത്തുല്ല മൗലവിയും സമസ്തയിൽ സജീവമായിരുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യമായിരുന്നു അത്. അതൊന്നും ഈ ആത്മീയ സംഘത്തെ ബാധിക്കുന്ന പ്രശ്നമായിരുന്നില്ല.

1954ൽ കോൺഗ്രസ് നേതാവ് കേളപ്പൻ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനക്കെതിരെയും, 07.03.1974 ൽ ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സേട്ടു സാഹിബ് നടത്തിയ സുന്നീ വിരുദ്ധ പ്രസ്താവനക്കെതിരെയും,1985 ൽ സി.പി.ഐ(എം)അഖിലേന്ത്യ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാട് നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്താവനക്കെതിരെയും സമസ്ത മുശാവറ അവയുടെ ഗൗരവത്തിനൊത്ത് പ്രതികരിച്ചതു കാണാം. രാഷ്ട്രീയ ബന്ധങ്ങൾ സമസ്തയുടെ ആദർശത്തെയും നയനിലപാടുകളെയും ബാധിക്കാറില്ലെന്നു സാരം.

ഈ പാരമ്പര്യമാണ് ഇന്നും സമസ്തയുടേത്. നേതാക്കളിലും അണികളിലും രാഷട്രീയ പരമായി മഹാ ഭൂരിപക്ഷവും മുസ് ലിം ലീഗുകാർ. പാർട്ടിയുമായി വളരെ നല്ല ബന്ധം. അതോടൊപ്പം മറ്റു പാർട്ടികളിലും സജീവമായി പ്രവർത്തിക്കുന്ന നിരവധി ആളുകൾ. ആ പാർട്ടികളുമായും ഈ സംഘ സംവിധാനത്തിന് നല്ല ബന്ധം. സമുദായ താൽപര്യം മാത്രം പരിഗണിച്ചു കൊണ്ടുള്ള ബന്ധം. സമസ്തയുടെ കൊടിയും ബാനറും ഉപയോഗിച്ച് ആരും ഒരു പാർട്ടിക്കും അനുകൂലമായും പ്രതികൂലമായും പണിയെടുക്കേണ്ട. അല്ലാതെ പ്രവൃത്തിക്കാൻ വ്യക്തികൾക്ക് ഇവിടെ സമ്പൂർണ സ്വാതന്ത്ര്യമുണ്ട്. എത്ര മനോഹരമാണീ നിലപാട് !