വഹാബികൾ പടച്ചുവിട്ട നബിദിന സ്റ്റാറിൽ വഞ്ചിതരാവാതിരിക്കുക...മീലാദുന്നബി ആഗതമായാൽ മാത്രം നുരഞ്ഞു പൊന്തുന്ന കാപട്യം തിരിച്ചറിയുക... വഹാബി ബാന്ധവം നിങ്ങളറിയാതെ നിങ്ങളുടെ തലച്ചോറ് തിന്നുന്നതാണെന്ന് ശ്രദ്ധിക്കുക..
റബീഉൽ അവ്വൽ മാസമായാൽ കുറച്ച് ഓൺലൈൻ മുത്തവ്വമാർ പ്രത്യക്ഷപ്പെടും. ഉള്ളതും ഇല്ലാത്തതുമായ കഥകൾക്ക് നിറം പിടിപ്പിച്ച് ചാണിന് ചാണും മുഴത്തിന് മുഴവുമായി കേരളത്തിലെ സുന്നികളെ ഇസ്ലാമിൽ നിന്ന് പുറം തള്ളാതെ പിന്നീട് അവർക്ക് ഉറക്കമില്ല. സുന്നികളുടെ വിശ്വാസത്തിൽ കളങ്കം വരുന്നതിൽ എന്തൊരു ജാഗ്രതയാണ് ഇവർക്കെന്നോ..!
ഉള്ളിൽ കങ്ങിക്കരിഞ്ഞ വഹാബിസം ബഹിർഗമിക്കുന്ന ഇത്തരം സ്യൂഡോ മുത്തവ്വമാർ ഇപ്രാവശ്യം കൊണ്ടാടുന്ന സ്കിറ്റാണ് എവിടേയോ വിൽക്കാൻ വെച്ച നബിദിന സ്പെഷ്യൽ നക്ഷത്ര വിളക്കുകൾ. ഇത് ആരുടെ കുബുദ്ധിയാണെന്നോ ഏത് സ്ഥലത്താണെന്നോ എന്നൊന്നും വെരിഫൈ ചെയ്യേണ്ട ഉത്തരവാദിത്തമൊന്നും ഈ മഹാളികൾക്കില്ല. നക്ഷത്രവും പച്ചയും മീലാദുന്നബി അച്ചടിയുമുണ്ടോ.. ? എങ്കിൽപ്പിന്നെ കേരളീയ സുന്നീ സമൂഹം മുശ്രിക്കായി, മാപ്പ് പറഞ്ഞേ മതി വരൂ.
വിവരമില്ലാത്ത മുസ്ലിംകളുടെ പണം പറ്റാൻ മുമ്പ് കാലത്ത് വഹാബി ഓഫ്സെറ്റ് പ്രസ്സ് അച്ചടിച്ച് വിറ്റിരുന്ന ഒരു അയ്‌റ്റമായിരുന്നു കിരീടം വെച്ച പെണ്ണിൻ്റെ തലയും ചിറകു വിടർത്തിയ വെളുത്ത പശുക്കുട്ടിയുടെ ഉടലും. അതാണ് പിന്നീട് പല ജാഹിലീങ്ങളുടെ വീട്ടിലും ബുറാഖായി ചുമരിൽ തൂങ്ങിയത്. എന്നത് പോലെ, ഏത് ജൂത - വഹാബിയുടെ മുകുരത്തിൽ തെളിഞ്ഞ മൊതലാണാവോ ഈ നബിദിന സ്പെഷൽ സ്റ്റാർ..!
അല്ലെങ്കിലും ഇവന്മാരുടെ ദീനി കാര്യങ്ങളിലുള്ള റബീഅ് ശുഷ്കാന്തിയാണ് ബഹുരസം.
സുന്നി-അസുന്നി പള്ളി മിനാരങ്ങളിൽ കാലം മുഴുവനും ദീപാലങ്കാരത്തിൽ കുളിച്ചു നിൽക്കുന്ന ചന്ദ്രക്കലയിൽ റബീഅ് മുത്തവ്വമാർ ചാണോ മുഴമോ കാണുന്നില്ല.
അറബ് രാജ്യങ്ങളിൽ റമദാൻ സന്തോഷം വരവേൽക്കുന്ന വിളക്കുമാടങ്ങളും ബഹുവർണ്ണ ദീപങ്ങൾ കൊണ്ടലങ്കൃതമായ വഴിയോരങ്ങളിലെ നിശാ നക്ഷത്രങ്ങളും ജ്വലിക്കുന്ന അർദ്ധ ചന്ദ്രാംഗിത തെരുവുകളും റബീഅ് മുത്തവ്വമാർക്ക് വിശ്വാസ വ്യതിചലനമേ ഉണ്ടാക്കുന്നില്ല.
കാനഡയിൽ പീസക്ബറിൻ്റെ മകൻ കേക്ക് മുറിച്ച് പ്രിയതമയെ ജീവിതത്തിലേക്ക് വരവേൽക്കുമ്പോൾ റബീഅ് മുത്തവ്വമാരുടെ വീറുറ്റ ദീൻ ചത്ത് കിടപ്പായിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ അത്തപ്പൂക്കളമിട്ട് സെൽഫി പിടിക്കാനും ഓണപ്പാട്ട് പാടാനും ആശംസ നേരാനും സദ്യ ഉണ്ണാനും തങ്ങളുടെ രാഷ്ട്രീയ മത നേതാക്കന്മാർ മത്സരിച്ച് മുന്നേറിയപ്പോൾ കള്ള ബടുവൻ മുത്തവ്വമാരുടെ ഇസ്ലാം വികാരം ഹിജ്റ പോയതായിരുന്നു.
നല്ലവനായൊരു രാഷ്ട്രീയക്കാരൻ മരിച്ചു പിരിഞ്ഞ ആദരവും അനുസ്മരണവും കഴിഞ്ഞ് പിന്നെയും അദ്ദേഹത്തിൻ്റെ ഖബറിൽ പോയി കുമ്പിട്ട് നിൽക്കുന്ന ഹുസൈൻ മടവൂരി, മുസ്ലിംകൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് ചോദിക്കാൻ സീസണൽ മുത്തവ്വമാർക്ക് വകുപ്പില്ല.
കല്യാണ/ബർത്ത്ഡേ മാമാങ്കങ്ങൾ സ്റ്റാറും ബലൂണും നിശാ ഗസലും പകലിനെ വിസ്മയിപ്പിക്കുന്ന പ്രകാശ രാത്രിയും വിഭിന്നങ്ങളായ ഭക്ഷണവും കൊണ്ട് മജയാകുന്ന പന്തലിൽ പോയി മൂക്കറ്റം തിന്നു തിമിർക്കുന്ന മുത്തവ്വക്ക് റബീഇൽ നാല് ബൾബ് കണ്ടാൽ ആഫ്രിക്കയിലെ പട്ടിണി തികട്ടി വരും.
ശിഷ്യൻ്റെ കോടികളുടെ വില വരുന്ന വാഹനത്തിൽ നടക്കുന്ന (മുരീദേ, ഓട്ടോറിക്ഷ എത്ര നല്ല വാഹനമാണ്, ഈ വണ്ടി വിറ്റു ബാക്കി പണം ഒരു കോളേജ് റൂം പണിഞ്ഞൂടെ എന്ന് ചോദിക്കുന്നതിൽ ത്രില്ലില്ല) റബീഅ് ചൊറിച്ചിൽ മൗലവിക്ക് സുന്നികൾ മൗലിദ് സദസ്സിൽ വിളമ്പുന്ന ഭക്ഷണവും അവിടെ കത്തുന്ന ബൾബും കണ്ടാൽ മറ്റൊരു സ്ഥാപനം കെട്ടാനുള്ള സ്രോതസ് ഓർത്ത് സങ്കടം വരും. എന്നാൽ ഞമ്മൻ്റെ സംഘടനാ കലോത്സവങ്ങൾ, പാർട്ടി സമ്മേളനങ്ങൾ, സൗധങ്ങൾ ഇവക്ക് വേണ്ടി പൊടിക്കപ്പെടുന്ന കോടികളിൽ നിന്ന് ഒരു വക്ക് പൊട്ടിച്ച് ദീനി സ്ഥാപനം കെട്ടാനുള്ള റോക്കറ്റ് ചിന്ത ഇജ്ജന്മത്തിൽ ഉണ്ടാവില്ല, കാരണം നമ്മുടെ അടിസ്ഥാന പ്രശനം ഇസ്രാഫല്ല, റബീഉൽ അവ്വലാണ്.
റബീഅ് മുത്തവ്വമാരിൽ പെട്ട ഒരുത്തനിൽ നിന്ന് മിനിഞ്ഞാന്നുണ്ടായ രസകരമായ സംഭവം പറയട്ടെ. തൻ്റെ മൊബൈലിൽ മർഹൂം അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്‌ലിയാരുടെ ഒരു ക്ലിപ്പ് കാണിച്ച് നബിദിനം ഇസ്രാഫ് ആണെന്ന് വരുത്താൻ ആവത് ശ്രമിക്കുന്നു. ചുള്ളൻ ഇസ്രാഫാണെന്ന് എന്നെ ബോധ്യപ്പെടുത്താൻ തെളിവ് കാണിക്കുന്ന അവൻ്റെ കൈയിലെ ഡിവൈസ് 1.5 ലക്ഷം വില വരുന്ന ഐ ഫോൺ 14. ധൂർത്തിനെതിരെ വാദിക്കാൻ അവൻ ഭൂമിയിൽ ചവിട്ടി നിൽക്കുന്ന ഷൂവിന് 200 ദിർഹം. അള്ളാണെപ്പേടി കൊണ്ട് സമയം നോക്കാൻ അവനണിഞ്ഞ സ്മാർട് വാച്ചിന് ഏകദേശം 250 ഡോളർ. അവൻ ഉടുത്ത ബ്രാൻഡ് കുപ്പായവും പാൻ്റും ഇന്നറും എത്രയാണ് വിലയെന്ന് ബ്രാൻഡ് അണിയാത്ത എനിക്കറിയില്ല. നാട്ടിൽ ഇസ്രാഫ് മുത്തവ്വയുടെ പോർച്ചിൽ മാസങ്ങൾ ഉറങ്ങുന്ന കാറും ഇവിടെ വിദേശത്ത് ഓട്ടുന്ന വാഹനവും വിറ്റാൽ ചുരുങ്ങിയത് ഒരു മാസം അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നൂറ് പേർക്ക് ആട് മന്തി കഴിക്കാം. നബിദിനമായാൽ അത്തിപ്പറ്റ സ്നേഹം വിടരുന്ന പലരിൽ പെട്ട ഇവനോട് അത്തിപ്പറ്റ ഉസ്താദ് ഉപയോഗിച്ച ഫോൺ, വാച്ച്, വസ്ത്രം, വാഹനം, ചെരിപ്പ്, വീട്... മുത്തവ്വ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതുമായി കമ്പെയർ ചെയ്യാൻ ആരാഞ്ഞു. ഇളിച്ചു കാട്ടിയപ്പോൾ മനസ്സ് കൊണ്ട് എണീറ്റ് പോകാൻ പറഞ്ഞു.
ചുരുക്കത്തിൽ, റബീഅ് കാല മുത്തവ്വമാർ അവനവൻ്റെ വിശ്വാസവും വ്യക്തി ജീവിതവും നന്നാക്കുക. അതോടൊപ്പം, മീലാദുന്നബി ആഗതമായാൽ മാത്രം നുരഞ്ഞു പൊന്തുന്ന കാപട്യം നിറഞ്ഞ ജാഗ്രത ദീനല്ല, വഹാബി ബാന്ധവം നിങ്ങളറിയാതെ നിങ്ങളുടെ തലച്ചോറ് തിന്നുന്നതാണെന്ന് തിരിച്ചറിയുക.
ഏവർക്കും അല്ലാഹുവിൻ്റെ കാഇനാത്തിൽ പെട്ട നക്ഷത്ര സമാനമായ നബിദിനാശംസകൾ നേർന്നു കൊള്ളുന്നു..
Copy
Post a Comment