തലപ്പാറ സംവാദ വ്യവസ്ഥയിൽ ജാറം കെട്ടി പൊന്തിക്കൽ ശിർക്കാണെന്ന വാദം എഴുതാനാവാതെ മുജാഹിദുകൾ പിന്മാറിയത് എന്തുകൊണ്ട് .?

കാലക്രമേണ പല ഉഗ്രവാദങ്ങളും തിരുത്തിയത് പോലെ മുജാഹിദിൽ ഇതാ വീണ്ടും ഒരു അപ്ഡേഷൻ. 
ജാറം കെട്ടി പൊന്തിക്കലും, ജാറത്തിലേക്ക് യാത്ര പോകലും ശിർക്കാണെന്ന് ഇത്രയും കാലം അണികളെ പറഞ്ഞും എഴുതിയും പഠിപ്പിച്ച മുജാഹിദുകൾ സംവാദ വ്യവസ്ഥയിൽ ഈ വാദത്തോട് പുറം തിരിഞ്ഞു നിന്നതിൽ നിന്ന് പഴയ നിലപാട് തിരുത്തി എന്നാണ് സൂചന ലഭിക്കുന്നത്.
മറുവിഭാഗം (സുന്നികൾ) എത്ര നിർബന്ധിച്ചിട്ടും വിവാദം എഴുതാൻ വഹാബികൾ തയ്യാറായില്ല എന്നത് കൗതുകകരമാണ്.
മാത്രമല്ല വ്യവസ്ഥയിൽ ഉടനീളം, മഖ്ബറകൾക്ക് മുകളിലുള്ള ഖുബ്ബ, ചുറ്റും കെട്ടി ഉയർത്തിയ എടുപ്പുകൾ തുടങ്ങിയവയെ പരാമർശിക്കാൻ തയ്യാറാവാതെ അതി സമർത്ഥമായി സംവാദത്തിൽ നിന്ന് ഒളിച്ചോടുക തന്നെയാണ് വഹാബികൾ ചെയ്തത്.

കാരണം, ജാറം കെട്ടി പൊന്തിക്കൽ ശിർക്കാണ് എന്ന വാദം കാലങ്ങളായി മുജാഹിദുകൾക്ക് നിലവിലുള്ളതാണ്. ഈ കാര്യം അവരുടെ പൂർവ്വ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.   

ഉമർ മൗലവി എഴുതുന്നത് കാണുക:
‘ബിദ്അത്തിനെ സംബന്ധിച്ച വിവരണത്തിൽ നിന്ന് ബിദ്അത്ത് മൂന്നു വിധമുണ്ടെന്ന് മനസ്സിലാക്കാം.
തനി ശിർക്കും കുഫ്റുമായിട്ടുള്ളത് ഒന്ന്: ഇസ്തിഗാസ,നേർച്ച, മാല, മൗലിദ്, റാത്തിബ്, ജാറം കെട്ടിപൊന്തിക്കൽ, ജാറത്തിലേക്കുള്ള യാത്ര മുതലായതൊക്കെ ഈ ഇനത്തിൽ പെടുന്നു.’ (ഫാത്തിഹയുടെ തീരത്ത് 131)

ഇതിൽ നിന്ന് മനസ്സിലാകുന്നത് ചില കാര്യങ്ങളാണ്. അണികളെ തെറ്റിദ്ധരിപ്പിക്കാൻ വേദികളിൽ ഘോരഘോരം പ്രസംഗിക്കുന്ന പല കാര്യങ്ങളും നേരിട്ട് സംവദിക്കുന്നതിന് മുജാഹിദുകൾക്ക് ധൈര്യം പോര.
പഴയതുപോലെ തൊള്ള പൂട്ട് മാത്രം പോര എന്നും എഴുതിയ വാദത്തിന് പ്രമാണം ഹാജരാക്കേണ്ടി വരുമെന്നുമുള്ള ബോധമാണ് ഇവരെ ഈ വിധത്തിലേക്ക് കൊണ്ടെത്തിച്ചത്.
പ്രമാണമില്ലാത്ത വിഷയങ്ങൾ തിരുത്തി ജനങ്ങളോട് മാപ്പ് പറഞ്ഞു തൗബ ചെയ്തു മടങ്ങിയാൽ അത് സ്വാഗതാർഹം തന്നെയാണ്.