വാപ്പയെ ഓർക്കുമ്പോൾ…..!! പ്രഗൽഭ പണ്ഡിതൻ മർഹും ആനമങ്ങാട് അബ്ദുറഹ്മാൻ മുസ്‌ലിയാരെ കുറിച്ച് മകൻ എഴുതുന്നു..


വാപ്പയെ ഓർക്കുമ്പോൾ…..

✒️ഇസ്ഹാഖ് നിസാമി ആനമങ്ങാട് 
…….. ……. ………

കഴിഞ്ഞവർഷം റബീഉൽ അവ്വൽ 29 ന് വാപ്പ എന്നോട് നിർബന്ധമായും “കുടിയിരിക്കണം” എന്ന് പറഞ്ഞു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആ ദിവസത്തിൽ തന്നെ പുതിയവീട്ടിലേക്ക് മാറുകയും ചെയ്തു. ഇന്ന് റബീഉൽ അവ്വൽ 29 ന് വാപ്പ എന്നന്നേക്കുമായി ആ വീട്ടിൽ നിന്ന് ഇറങ്ങി.
ഒരു പിടി ഓർമ്മകളും സമ്മാനിച്ചു കൊണ്ട്…

ചെറുപ്പത്തിൽ വാപ്പയെ കാണാൻ കിട്ടുമായിരുന്നില്ല.. കുട്ടിയാകുമ്പോൾ വാപ്പ രാത്രിവരുമ്പോൾ കൊണ്ടുവരാറുള്ള മലപ്പുറം മിഠായി ഓർക്കുന്നു. രണ്ടാം ക്ലാസിൽ നിന്ന് എനിക്ക് കിട്ടിയ സർട്ടിഫിക്കേറ്റ് ബോംബെയിൽന്ന് മരച്ചട്ടയിൽ ഭംഗിയായി ഫ്രൈം ചെയ്ത് കൊണ്ടുവന്നിരുന്നു…

കൗമാരകാലത്ത് ബാപ്പെയെ ഭയങ്കര പേടിയായിരുന്നു… ബാപ്പ വീട്ടിലുള്ള ദിവസം കോലായിൽ പോകില്ല… (പേടിയുടെ പ്രധാന കാരണം എന്റെ കയ്യിലിരിപ്പ് തന്നെ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…!)

ജമാഅത്തിനു പള്ളിയിലെത്തെണമെന്ന് ബാപ്പക്ക് വലിയ നിർബന്ധമായിരുന്നു… ബാപ്പ പള്ളിയിലേക്ക് വരുമ്പോൾ താഴെ പറമ്പിൽ ഞങ്ങൾ ക്രിക്കറ്റ് കളിക്കുകയായിരിക്കും . ബാപ്പയുടെ തലവെട്ടം കാണുമ്പോൾ ഞാൻ പള്ളിയിലേക്കും കൂട്ടുകാർ ഇണ്ണീൻ കാക്കയുടെ പാടത്തേക്കും ഓടും…
ഞാൻ പള്ളിയിൽ ജമാഅത്തനു കൃത്യമായി എത്തുന്നുണ്ടോ എന്ന് നോക്കാനായി എന്നും പള്ളിയിൽ വരാറുള്ള കുഞ്ഞാപ്പു കാക്ക(സൈദ്ക്കയുടെയും കുട്ടിക്കോയാക്കാന്റെയും ഉപ്പ)യെ ശട്ടം കെട്ടിയിരുന്നു…
ബാപ്പ വരുന്ന ദിവസം എന്റെ മുമ്പിൽ വെച്ച് അദ്ദേഹത്തോട് ചോദിക്കും…
കുഞ്ഞാപ്പു കാക്ക എന്നെന്നു നോക്കും. പിന്ന അദ്ദേഹം പറയും “മിക്കവാറും എല്ലാ ദിവസവും എത്താറുണ്ട്..!…!  
( അല്ലാഹു അദ്ദേഹത്തിനു മേൽ കാരുണ്യം വർഷിക്കട്ടേ….)

എന്നാൽ ഞങ്ങൾ പാപ്പ എന്ന് വിളിക്കുന്ന ചേക്കാമു കാക്ക ബഹുത്ത് സ്ട്രോങ്ങാ….

അദ്ദേഹം കൃത്യമായി തന്നെ ഹാജറെടുത്തിരുന്നു…
ഈ കൗമാരക്കാരനിലെ പ്രതിഷേധം പലവാക്കുകളിലായി ഒരു ദിവസം പുറത്ത് വന്നു…ബാപ്പ വന്ന ദിവസം വള്ളി പുള്ളി വിസർഗ്ഗം വിടാതെ പാപ്പ പറഞ്ഞു കൊടുത്തു… 
അന്ന് നേരത്തെ മഗ്രിബിനു പള്ളിയിലെത്തിയ എന്നെ ഉസ്താദിന്റെയും ദർസുകുട്ടികളുടെയും മുന്നിൽ വെച്ച് ബാപ്പ ചോദ്യം ചെയ്തു…
ഞാൻ പറഞ്ഞു “അയാൾ” വെറുതെ പറയുകയാ..

ഉടനെ ബാപ്പ എന്നെ ചെവിയിൽ തൂക്കി നീ പാപ്പയെ “അയാൾ “എന്ന് വിളിക്കുന്നോ….!

അസൈനുക്കുക്കാക്കയുടെ സമയോചിത ഇടപെടൽ കൊണ്ട് ചെവിയോടൊപ്പം സുരക്ഷിതമായി ഭൂമിയിൽ ലാന്റ് ചെയ്തു..!

ബാപ്പ അടിച്ചിട്ടുണ്ടോ….?

ഉണ്ട്. സത്യത്തിൽ പാതിരാ നേരത്ത് വാപ്പ വരുന്നത് ഞങ്ങൾ അറിയാറില്ല. വാപ്പ വരുന്ന ദിവസം സുബ്ഹി ബാങ്കു കൊടുക്കുമ്പോൾ തന്നെ ഉമ്മ ഞങ്ങളെ എഴുന്നേൽപിക്കും
ഇത് വാപ്പ മനസ്സിലാക്കിയിരുന്നു…
ഒരു ദിവസം ബാപ്പ വന്നപ്പോൾ ഉമ്മ വിളിച്ചില്ല..വിളിക്കരുതെന്ന് ഉമ്മയോട് പറഞ്ഞിരുന്നു….
വാപ്പ സുബ്ഹിക്കു പള്ളിയിൽ പോയി വന്നപ്പോഴും സുഖമായി ഉറങ്ങുന്ന എന്നെ കണ്ടപ്പോൾ ദേഷ്യം വന്നു. തലേന്ന് ഹോക്കി കളിച്ച് മുറ്റത്ത് ഞാനിട്ട വടിയെടുത്ത് കൊണ്ട് വന്ന് അടിച്ചു..!
ഞെട്ടി ഉണർന്ന ഞാൻ കാണുന്നത് വെള്ള കമീസ് ധരിച്ച് തലയിൽ നിന്ന് താഴേക്കി തൂക്കിയിട്ട ഷാളുമായി നിൽക്കുന്ന ബാപ്പയെ… സത്യം ജിന്നാണ് എന്ന് തന്നെ കരുതി ബദ്രീങ്ങളേ വിളിച്ച് ഒരോട്ടമോടി… രണ്ടാമത്തെ അടി കട്ടിൽ കൊള്ളുന്ന ശബ്ദം വ്യക്തമായി കേട്ടു….

(പിന്നെ ഞാൻ താഴെ ഉറങ്ങാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു… മുകളിലെ റൂമിലേ കിടക്കൂ…!)

പത്താം ക്ലാസ് പരീക്ഷ എഴുതി കഴിഞ്ഞ ഉടനെ തന്നെ എന്നെ ആലത്തൂർപ്പടി ദർസിൽ ചേർത്തു..
ഇവനെയെങ്കിലും ഭൗതിക പഠനത്തിനയക്കണമെന്ന് മറ്റു കുടുംബാംഗങ്ങൾ ബാപ്പയെ നിർബന്ധിച്ചിരുന്നു…ബാപ്പ അത് ചെവി കൊണ്ടില്ല…അന്ന് ബാപ്പ അന്തമാനിലാണ്

പത്താം ക്ലാസ് റിസൽട്ട് വന്നപ്പോൾ ആരുമറിയാതെ ഞാൻ പ്ലസ് വൺനു അപേക്ഷിച്ചു. സ്കൂളിൽ സീറ്റ് കിട്ടി എന്നറിയിച്ച് കത്തു വന്നു. ഞാൻ ഉമ്മയോട് പറഞ്ഞു … ഞാൻ ഇനി ദർസിൽ പോകുന്നില്ല… ഉമ്മ കരഞ്ഞു… ബാപ്പയുടെ മറുപടി വരട്ടേ… എന്നായി… ഫസ്റ്റ്ക്ലാസ് ഉണ്ടെങ്കിൽ ബാപ്പയോട് സംസാരിക്കാമെന്ന് ശറഫു പറഞ്ഞിരുന്നു….!
ഫസ്റ്റ് ക്ലാസ്!!!!( അന്ന് സ്കൂളിലെ വിജയശതമാനം 18 % ആണ്)
“മര്യാദക്ക് ദർസിൽ പോയിക്കോ…” ബാപ്പയുടെ കൽപ്പനെയെത്തി….
ഒരാഴ്ച കഴിഞ്ഞ ദർസിലേക്ക് ഒരു മണിയോഡറും…!
SSLC വിജയിച്ചതിന് ബാപ്പയുടെ വക 200 രൂപ! (2001 ലാണ്)

ദർസിൽ പഠിക്കുമ്പോൾ ബാപ്പ എപ്പോഴും ക്യാഷ് തരും . കീമീസിനു താഴെ ധരിച്ചിരിക്കുന്ന പൈജാമയിൽ നിന്ന് എടുത്തു തരുന്നത് എന്റെ കൂട്ടുകാർക്ക് കൗതുക കാഴ്ച്ചയായിരുന്നു…
അത്പോലെ ബാപ്പ ജോലി ചെയ്യുന്ന സ്ഥലത്ത് പോയാൽ നമ്മളെ അതിഥികളെ പോലെ സൽക്കരിക്കും….
ചർച്ചകളിൽ തുറന്ന് അഭിപ്രായം പറയാനും എതിർക്കാനുമൊക്കെ ബാപ്പ സ്വാതന്ത്ര്യം ഞങ്ങൾ മക്കൾക്ക് തന്നിരുന്നു….
എല്ലാവരും വീട്ടിലുണ്ടാകുമ്പോൾ നടക്കുന്ന സംസാരം നല്ല രസകരമായിരിക്കും…തമാശകളുടെ മാലപ്പടക്കം തന്നെയുണ്ടാകും…
എല്ലാം കഴിഞ്ഞ് ഉമ്മ പണ്ടെന്നോ നേർച്ചയാക്കിയ ഖുത്ബിയത്തോ മൗലൂദോ ചൊല്ലി പിരിയും…(ഉമ്മയും ബാപ്പയും എല്ലാ മക്കളും ഒന്നിച്ചുണ്ടാകുന്നത് വളരേ അപൂർവ്വമാണ്..)

കല്യാണം
…………….
മക്കൾക്ക് പറ്റിയോ അത് മാത്രമേ ബാപ്പ നോക്കാറുള്ളൂ….
മക്കൾക്ക് പറ്റിയാൽ മാത്രമേ കുട്ടിയെ കാണാൻ പോകൂ… അത് തന്നെ നിർബന്ധിക്കണം….

പക്ഷേ… നികാഹിനു തന്റെ സാന്നിധ്യം ഉറപ്പ് വരുത്തും…. (പലരക്ഷിതാക്കളും മകന്റെ നികാഹ് ചടങ്ങിൽ പങ്കെടുക്കാറില്ലല്ലോ…)
നികാഹിന്റെ സീഗ കറക്ട് പറഞ്ഞില്ലേ എന്ന് ഉറപ്പ് വരുത്തും..നികാഹിന്റെ ക്യാഷ് ബാപ്പയുടെ വകയാണ്…

കല്യാണം കഴിഞ്ഞാൽ ഭാര്യയെ കൂട്ടി ടൂറ് പോകാൻ നിർബന്ധിക്കും … കഴിഞ്ഞ ലീവിൽ വന്നപ്പോഴും അവളേയും കുട്ടികളേയും കൂട്ടി ടൂറ് പോകാൻ പറഞ്ഞു…
മരുമക്കളെ വളരെ സ്നേഹിക്കുമായിരുന്നു ബാപ്പ തിരിച്ച് അവർക്കും…തങ്ങളുടെ ഉപ്പമാരേക്കാൾ അവർ ബാപ്പയെ സ്നേഹിച്ചു….ഖിദ്മത്തെടുത്തുബാപ്പയോട് തമാശപറഞ്ഞും കളിയാക്കിയും പരസ്പരം ട്രോളിയുമുള്ള ബന്ധമായിരുന്നു….(എനിക്ക് പണ്ടേയുള്ള പേടിയുടെ അസ്കിത തികട്ടിവരുന്നത് ഭാര്യ കളിയാക്കും)
(മരണത്തോടൊപ്പവും അനന്തര ചടങ്ങുകൾക്കൊപ്പവും അവരു കൂടെയുണ്ടായത് അവർ തമ്മിലെ പൊരുത്തമായിരിക്കാം)

ബാപ്പയുടെ ഉപദേശങ്ങൾ
………………………………
1) എവിടെ പോയി ജോലിയെടുത്താലും ദീനിനു വേണ്ടി എന്തെങ്കിലും ചെയ്യണം
( എന്റെ പഠനം കഴിഞ്ഞ ഉടനെ ഗൾഫിൽ ഒരു ടൈപിസ്റ്റായി ഒരു ജോലി ഒത്തു വന്നു. ഞാൻ ബാപ്പയോട് വിവരം പറഞ്ഞു.
ബാപ്പ പറഞ്ഞു : എത്ര വർഷം നീ സമുദായത്തിന്റെ ചോറ് തിന്നോ അത്ര വർഷം നീ ദീനിന് സേവനം ചെയ്തിട്ട് പൊയ്ക്കോളൂ…..
അങ്ങനെ അഞ്ച് വർഷം വിവിധ അറബി കോളേജുകളിൽ ജോലി ചെയ്തു. അതിനു ശേഷം അത്തിപ്പറ്റ ഉസ്താദിന്റെ നേതൃത്വത്തിലുള്ള അൽ ഐനിലെ ദാറുൽ ഹുദ ഇസ്ലാമിക് സ്കൂളിൽ ഒരു ജോലി വന്നപ്പോൾ ബാപ്പ സമ്മതിച്ചു. ബാപ്പ കരുതിയത് അവിടെയുള്ള മദ്റസയിൽ പഠിപ്പിക്കാനായിരിക്കുമെന്നായിരുന്നു… ടീച്ചറുടെ ജോലിയാണെന്ന് പിന്നെ അറിഞ്ഞപ്പോൾ അനിഷ്ടം രേഖപ്പെടുത്തി… 
(അപ്പോൾ നൽകിയ ഉപദേശമാണിത്)
പിന്നെ മദ്റസയിൽ കൂടി ജോലി കിട്ടിയപ്പോഴാണ് സന്തോഷമായത്.

2) ജോലി സ്ഥലത്ത് ഒരാളുമായി മാത്രമേ ക്യാഷ് ഇടപാട് നടത്താവൂ…(കടം വാങ്ങൽ)

3) തിരിച്ച് കിട്ടില്ല എന്ന് ഉറപ്പുള്ളവർക്ക് കൊടുക്കുമ്പോൾ പൊറുക്കാൻ പറ്റുന്നത് കൊടുക്കുക. എന്നാൽ വിഷമിക്കേണ്ടി വരില്ലല്ലോ

4) എത്ര നിസ്കാരം ജമാഅത്തായി നിസ്കരിച്ചോ അത്രയായിരിക്കും സ്വർഗ്ഗീയ വിഭവങ്ങൾ…

5) അഞ്ച് വയസ്സ് വരേ കുട്ടികൾ ചോദിക്കുന്നതൊക്കെ വാങ്ങിക്കൊടുക്കുക.
അഞ്ച് വയസ്സിനു ശേഷം യാഥാർഥ്യം പറഞ്ഞ് ആവശ്യമുള്ളത് വാങ്ങി കൊടുക്കുക.

6) കുമ്പിട്ട് എടുക്കണം ഏന്തി വലിഞ്ഞ് വെക്കണം(വൈവാഹികം)

7) അല്ലാഹു നമുക്ക് ചെയ്യാൻ കഴിവ് നൽകുന്നത് അപ്ലക്കപ്ലേയാണ്… മുൻകൂട്ടി തരുന്നതല്ല. കഴിവ് തന്നിട്ടുണ്ടോ എന്നറിയണമെങ്കിൽ ചെയ്ത് നോക്കണം…ചെയ്യാതെ എനിക്ക് കഴിയില്ലെന്ന് പറയരുത്

വാപ്പ തന്ന വരം
……..
ജ്ജ് വെഷമിക്കൂലടാ……