ശൈഖ് ജീലാനി (റ) : ജീവിതവൂം സന്ദേശങ്ങളും

ശൈഖ് ജീലാനി (റ)
ജനനം : ഇറാനിലെ ജീലാനില്‍
ജനന വര്‍ഷം : ഹി. 470/ക്രി 1077
ജീലാനില്‍ : 18 വര്‍ഷം
ബഗ്ദാദില്‍ : 73 വര്‍ഷം
പഠന കാലം : 33 വര്‍ഷം
അധ്യാപന കാലം : 40 വര്‍ഷം
വഫാത്ത് : ഹിജ്‌റ 561/ ക്രി. 1165
മറവു ചെയ്യപ്പെട്ടത് : ബഗ്ദാദ്

അത്ഭുത ശിശു
ശൈഖ് ജീലാനി(റ) വിന്റെ ഉമ്മ പറയുന്നു: അബ്ദുല്‍ ഖാദിര്‍ കുഞ്ഞായിരിക്കുമ്പോള്‍ റമളാനിന്റെ പകലില്‍ മുല കുടിക്കാറില്ലായിരുന്നു. ഒരു റമളാനില്‍ മേഘം കാരണം മാസപ്പിറവി കാണനായില്ല. ചന്ദ്രോദയത്തെ കുറിച്ച് വല്ല വിവരവുമുണ്ടോ എന്നവര്‍ എന്നോട് അന്വേഷിച്ചു. ഇന്ന് പകലില്‍ എന്റെ കുഞ്ഞ് പാല് കുടിച്ചിട്ടില്ല എന്ന് ഞാനവരോട് പറഞ്ഞു. ആ ദിനം റമളാനില്‍ പെട്ടതായിരുന്നുവെന്ന് പിന്നീട് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെ എന്റെ കുഞ്ഞ് നാട്ടില്‍ പ്രസിദ്ധനായി. (1)
(1) ത്വബഖാത്തു ശഅറാനി 126/1

കളി സ്ഥലം
കുട്ടി പ്രായത്തിലെ ശൈഖിന് അല്ലാഹു പ്രത്യേകം സംരക്ഷണം നല്‍കിയിട്ടുണ്ട്. മഹാനവറുകളുടെ നാട്ടില്‍ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രവും കളിസ്ഥലവും ഉണ്ടായിരുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി പോകുമ്പോള്‍ വലിയ ആവേശത്തിലായിരിക്കും ബാലനായ ശൈഖ്. മറിച്ച് കളിസ്ഥലമാണ് ഉദ്ദേശിച്ചതെങ്കില്‍ എന്തോ വെറുപ്പ് ഉള്ളത് പോലെ ആ ബാലന് അനുഭവപ്പെടും.
മഹാനവര്‍കള്‍ പറയുന്നു: ഞാന്‍ പത്ത് വയസ്സുള്ള ബാലനാണ്. എന്റെ നാട്ടിലെ ലൈബ്രറിയിലേക്ക് ഞാന്‍ പോകാറുണ്ട്. അവിടെ മലക്കുകള്‍ ഇറങ്ങുന്നത് എനിക്ക് അനുഭവപ്പെടാറുണ്ട്. അല്ലാഹുവിന്റെ വലിയ്യിന് നിങ്ങള്‍ സൗകര്യം ചെയ്യൂ എന്ന അവരുടെ വാക്കുകള്‍ ഞാന്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടിക്കാലത്ത് പലപ്പോഴും കൂട്ടുകാരോടൊന്നിച്ച് കളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഒരശരീരി: ഓ മുബാറക് ഇങ്ങോട്ടു വരൂ… ഞാന്‍ ഭയന്ന് ഉമ്മയിലേക്ക് ഓടിച്ചെല്ലാറാണ് പതിവ്.
ഖലാഇദുല്‍ ജവാഹിര്‍

ബഗ്ദാദിലേക്ക്
ചെറുപ്പത്തിലേ അറിവിനോട് ആര്‍ത്തിയായിരുന്നു ശൈഖവര്‍കള്‍ക്ക്. തന്റെ ആഗ്രഹം നിറവേറ്റാന്‍ മതിയായ പണ്ഡിതര്‍ ജീലാനില്‍ ഇല്ലായിരുന്നു. ആഗ്രഹം ഉമ്മയോട് പറഞ്ഞു. ബഗ്ദാദ് എല്ലാ നിലക്കും അനുയോജ്യമാണ്. അബ്ബാസീ ഭരണമാണവിടെ. മകന്റെ ഭാവിയോര്‍ത്ത് ആ മാതാവ് സമ്മതം നല്‍കി. വിട പറയും നേരത്ത് ആ ഉമ്മ പറഞ്ഞു: മോനേ.. അല്ലാഹുവിന് വേണ്ടി നാം വേര്‍പിരിയുന്നു. ഒരു പക്ഷെ, നാം ഇനി കണ്ടെന്ന് വരില്ല. പിതാവില്‍ നിന്ന് അനന്തരം ലഭിച്ച നാല്‍പത് ദീനാറുമായി ശൈഖവര്‍കള്‍ യാത്ര തിരിച്ചു. ഒരു കച്ചവട സംഘത്തോടൊപ്പം യാത്രാ സംഘം ഹമദാനിലേക്കുള്ള വഴിയിലെത്തി. പെടുന്നനെ ഒരു കവര്‍ച്ച സംഘം ചാടി വീണു. സംഘത്തെ കവര്‍ച്ച ചെയ്തു. അവര്‍ ബാലനായ ശൈഖിനെ ചോദ്യം ചെയ്തു.
എടോ ദരിദ്രാ….. നിന്റെ കയ്യിലെന്തുണ്ട്?
നാല്‍പത് ദീനാര്‍.
എന്നാല്‍… എവിടെ..?
അതെന്റെ കക്ഷത്തിന് താഴെ തുന്നി വെച്ചിരിക്കുകയാണ്.
തന്നെ പരിഹസിക്കുകയാണെന്ന് കരുതി അയാള്‍ തിരിച്ച് നടന്നു. മറ്റൊരുത്തന്‍ കൂടി കുട്ടിയെ ചോദ്യം ചെയ്തു. അയാളും കുട്ടിയുടെ വാക്കുകള്‍ പരിഗണിച്ചില്ല. രണ്ടു പേരും വിഷയം കൊള്ളത്തലവനോടുണര്‍ത്തി. തലവന്‍ കുട്ടിയെ വിളിപ്പിച്ചു. സംഘം കവര്‍ച്ച മുതല്‍ ഓഹരി വെക്കുകയായിരുന്നു. തലവന്റെ ചോദ്യം.
എന്തുണ്ടെടോ?
നാല്‍പത് ദീനാര്‍..
എവിടെ..?
വസ്ത്രത്തില്‍ തുന്നിയിട്ടിരിക്കുകയാണ്.
അവര്‍ കുട്ടിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചു. ദീനാറുകള്‍ കണ്ട് അവര്‍ അന്ധാളിച്ചു. തലവന്‍ ചോദിച്ചു:
മോനേ.. നീ എന്തേ ഇങ്ങനെ പറയാന്‍ കാരണം?
ഒരിക്കലും കളവു പറയരുതെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. എനിക്ക് എന്റെ ഉമ്മയെ വഞ്ചിക്കാനാവില്ല.
കൊള്ളത്തലവന്റെ മനസ്സില്‍ പശ്ചാത്താപം. അയാള്‍ കരയാന്‍ തുടങ്ങി. എന്നിട്ടയാള്‍ പറഞ്ഞു: നീ നിന്റെ ഉമ്മയെ പോലും വഞ്ചിക്കുന്നില്ല. എത്ര കാലമായി ഞാന്‍ എന്റെ നാഥനെ തന്നെ വഞ്ചിക്കുന്നു. കുട്ടിയുടെ കരങ്ങള്‍ പിടിച്ച് അയാള്‍ തൗബ ചെയ്തു. കൊള്ള സാധനങ്ങള്‍ തിരികെ നല്‍കി. കൊള്ള സംഘം മുഴുവനും സന്മാര്‍ഗികളായി, ആ ബാലനെ കൊണ്ട്.

വിശന്ന് വലഞ്ഞ്
ശൈഖവറുകളുടെ സൂക്ഷ്മത കാരണം പലപ്പോഴും കഠിന വിശപ്പ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇടക്കിടെ ഉമ്മ പ്രിയ പുത്രന് കുറച്ച് സമ്പത്ത് കൊടുത്തയക്കാറുണ്ടായിരുന്നു. പലതും ശൈഖിലേക്കെത്താറില്ലായിരുന്നു. കൃത്യമായ വിലാസമില്ലാത്തതായിരുന്നു പ്രധാന ഹേതു. അതുകൊണ്ട് തന്നെ പലപ്പോഴും പച്ചില ഭക്ഷിച്ച് അവിടുന്ന് വിശപ്പടക്കി.
ഒരിക്കല്‍ ശൈഖവര്‍കള്‍ ഹലാലായ ഭക്ഷണം കിട്ടാതെ വിശന്നു വലഞ്ഞു. യാത്രയിലായിരുന്നു. വിശപ്പു കാരണം മരിക്കുമോ എന്നു പോലും തോന്നി. വഴിയരികില്‍ കണ്ട ഒരു പള്ളിയില്‍ അഭയം തേടി. തത്സമയം അനറബിയായ ഒരു യുവാവ് കടന്നു വന്നു. അയാളുടെ കയ്യില്‍ ഭക്ഷണമുണ്ട്. അയാള്‍ ഭക്ഷിക്കാനാരംഭിച്ചു. ശൈഖിനെ അയാള്‍ ശ്രദ്ധിക്കുന്നേയില്ല. അങ്ങിനെ ഓരോ ഉരുളകള്‍ വായയില്‍ വെക്കുമ്പോഴും ശൈഖ് വായ തുറക്കാന്‍ ശ്രമിച്ചു. ഭക്ഷിക്കുന്നതിനിടയില്‍ അയാള്‍ ശൈഖിനെ ശ്രദ്ധിച്ചു. അവശനായ ശൈഖിലേക്ക് അയാള്‍ ഭക്ഷണം നീട്ടി. ശൈഖ് വിസമ്മതിച്ചു. അവസാനം അയാളുടെ നിര്‍ബന്ധപ്രകാരം ശൈഖ് അല്‍പം ഭക്ഷണം കഴിച്ചു. ആഗതന്‍ ചോദിച്ചു:
നിങ്ങള്‍ എന്തു ചെയ്യുന്നു? എവിടെ നിന്നാ വരുന്നത്?
ജീലാനില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയാണ്.
ഞാനും ജീലാനുകാരനാണ്. അബ്ദുല്‍ ഖാദിര്‍ എന്ന യുവാവിനെ നിങ്ങള്‍ക്കു പരിചയമുണ്ടോ?
ഞാനാണാ വ്യക്തി.
ആഗതന്റെ മുഖം വിവര്‍ണമായി. അയാള്‍ കാര്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. ഓ സഹോദരാ.. ഞാനീ ബാഗ്ദാദിലെത്തുമ്പോള്‍ എന്റെ കയ്യില്‍ ആവശ്യത്തിന് ഭക്ഷണമുണ്ടായിരുന്നു. ഞാന്‍ താങ്കളെ അന്വേഷിച്ച് വന്നതാണ്. ഒരാളും നിങ്ങളെ എനിക്ക് കാണിച്ചു തന്നില്ല. മൂന്ന് ദിവസമായി ഞാന്‍ അലഞ്ഞു നടക്കുന്നു. ഭക്ഷണം തീര്‍ന്ന് വിശപ്പു സഹിക്കാനാകാതെ വന്നപ്പോഴാണ് നിങ്ങളുടെ പണം കൊടുത്ത് ഞാനിത് വാങ്ങിയത്. ഇത് നിങ്ങള്‍ക്കുള്ളതാണ്. ശുദ്ധമായ ഭക്ഷണം.
എവിടുന്ന് കിട്ടി ഇത്? ശൈഖ് ചോദിച്ചു.
നിങ്ങളുടെ ഉമ്മ എന്റെ കയ്യില്‍ എട്ട് ദീനാര്‍ ഏല്‍പിച്ചതായിരുന്നു.
ആഗതന്റെ മറുപടി കേട്ട് ശൈഖിന് സന്തോഷമായി. ഒരു വിഹിതം വന്നയാള്‍ക്ക് നല്‍കുകയും ചെയ്തു.

ആദരവ്
മഹാന്മാരെ സന്ദര്‍ശിക്കലും അവരില്‍ നിന്ന് ബറകത്തെടുക്കലും ശൈഖിന്റെ പതിവായിരുന്നു. അബൂ സഈദ് അബ്ദുല്ലാഹിബ്‌നു അബീ ഉസ്‌റൂന്‍ തന്റെ അനുഭവം വിവരിക്കുന്നു:
ഞാനും ഇബ്‌നു സഖിയ്യും അബ്ദുല്‍ ഖാദിറും കൂട്ടുകാരായിരുന്നു. ഞങ്ങള്‍ പലപ്പോഴും മഹാന്മാരെ സന്ദര്‍ശിക്കാറുണ്ട്. ഒരിക്കല്‍ ബഗ്ദാദില്‍ ഗൗസാണെന്ന് പറയപ്പെടുന്ന ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടു. അയാളെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇബ്‌നു സഖ പറഞ്ഞു. ഞാന്‍ അയാളെ ഉത്തരം മുട്ടിക്കും. ഞാന്‍ പറഞ്ഞു: അയാള്‍ എന്താണ് പറയുക എന്ന് നോക്കട്ടെ. പക്ഷെ ശൈഖ് അബ്ദുല്‍ ഖാദിറിന്റെ വാക്കുകള്‍ മറിച്ചായിരുന്നു. അല്ലാഹു കാക്കട്ടെ.. ഞാന്‍ ബറകത്തെടുക്കലേ ഉദ്ദേശിക്കുന്നുള്ളൂ.
അങ്ങനെ ഞങ്ങള്‍ ആ വലിയ്യിനെ സമീപിച്ചു. ഇബ്‌നു സഖയോട് വളരെ ദേശ്യപ്പെട്ടാണ് അയാള്‍ പെരുമാറിയത്. എന്നിട്ട് പറഞ്ഞു: എന്നെ ഉത്തരം മുട്ടിക്കാനാണ് നീ വന്നതല്ലേ..? നിനക്കു നാശം. ഇബ്‌നു സഖ കരുതിയ ചോദ്യവും ഉത്തരവും അയാള്‍ പറഞ്ഞു. നിന്റെ മുഖത്ത് കുഫ്‌രിയ്യത്ത് കാണുന്നുണ്ട് എന്ന് കൂടെ അയാള്‍ കൂട്ടിച്ചേര്‍ത്തു.
ശേഷം എന്നിലേക്കദ്ദേഹം തിരിഞ്ഞു. ഞാന്‍ എന്താണ് പറയുക എന്ന് നോക്കാന്‍ വന്നതാണല്ലേ. അയാളുടെ ചോദ്യം: ഞാന്‍ കരുതിയ ചോദ്യവും ഉത്തരവും പറഞ്ഞ് അയാള്‍ തുടര്‍ന്നു. ഇങ്ങനെ അപമര്യാദ കാണിക്കുന്നവനാണെങ്കിള്‍ ദുനിയാവിന്റെ ആളാവുന്നതാണ് നിനക്ക് നല്ലത്. പിന്നീട് അബ്ദുല്‍ ഖാദിറിനെ നോക്കിയിട്ട് പറഞ്ഞു. നിങ്ങളുടെ അദബ് കാരണം അല്ലാഹുവും റസൂലും നിങ്ങളെ പൊരുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ബഗ്ദാദുകാരോട് വഅള് പറയുന്നത് ഞാന്‍ കാണുന്നുണ്ട്. മാത്രമല്ല, എല്ലാ വലിയ്യുകളും എന്റെ കാല്‍ക്കീഴിലാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ എല്ലാവരും അനുസരിക്കുന്നതും ഞാന്‍ കാണുന്നുണ്ട്.
ഇബ്‌നു അബീ ഉസ്‌റൂന്‍ വീണ്ടും വിവരിക്കുന്നു. ആ വലിയ്യ് പറഞ്ഞതു പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചു. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഉന്നതങ്ങളിലെത്തി. ഇബ്‌നു സഖ പണ്ഡിതന്മാര്‍ക്കിടയില്‍ തിളങ്ങി നിന്നെങ്കിലും ഒരു പെണ്ണിനാല്‍ വശീകരിക്കപ്പെട്ട് അവന്‍ അവളെ വിവാഹം കഴിക്കാന്‍ വേണ്ടി ക്രൈസ്തവനാകേണ്ടി വന്നു. വലിയ്യ് പറഞ്ഞ പ്രകാരം അവന്‍ കാഫിറായി ചത്തു പോയി. എന്റെ കാര്യവും മറിച്ചായിരുന്നില്ല. ശൈഖ് പറഞ്ഞതു പോലെ ഞാനൊരു കൊട്ടാര പരിചാരകനായി. ഭൗതികതയുടെ പിന്നില്‍ കൂടേണ്ടിവന്നു.
ഫതാവല്‍ ഹദീസിയ്യ – 225

രാത്രികളില്‍
അബുല്‍ ഫതഹുല്‍ ഹറവി(റ) വിവരിക്കുന്നു: ശൈഖ് ജീലാനി(റ)വിന് ഞാന്‍ നാല്‍പത് കൊല്ലം സേവനം ചെയ്തു. ആ കാലഘട്ടത്തിലെല്ലാം ഇശാഇന്റെ വുളൂഅ് കൊണ്ടാണ് അവിടുന്ന് സുബ്ഹി നിസ്‌കരിച്ചിരുന്നത്. അശുദ്ധി ഉണ്ടായാല്‍ ഉടനെ വുളൂഅ് എടുക്കുന്ന ആളായിരുന്നു അവിടുന്ന്. ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ മഹാന്‍ ഏകാന്തവാസത്തിലായിരിക്കും. ആ സമയം ഒരാള്‍ക്കും മഹാനിലേക്കടുക്കാനാകുമായിരുന്നില്ല. രാത്രിയില്‍ ശൈഖിനെ കാണാനെത്തിയ ഖലീഫക്കു പോലും സുബ്ഹിക്കാണ് കൂടിക്കാഴ്ച നടത്താനായത്.

വിജ്ഞാനം
ഒരിക്കല്‍ ഇറാഖിലെ പണ്ഡിതരെ കുഴക്കിയ ഒരു ചോദ്യം ഒരാള്‍ ഉന്നയിച്ചു. വിഷയം ശൈഖ് ജീലാനി(റ)വിലെത്തി. ചോദ്യം ഇപ്രകാരമായിരുന്നു: ജനങ്ങളോട് കൂടെ ആയിരിക്കുമ്പോള്‍ തനിച്ചു ചെയ്യാവുന്ന ഒരാരാധന എന്താണ്? ചോദ്യം കേള്‍ക്കേണ്ട താമസം ശൈഖവറുകള്‍ പറഞ്ഞു: അവന്‍ തനിച്ചു ത്വവാഫ് ചെയ്യട്ടെ. മറുപടി കേട്ട ഇറാഖി പണ്ഡിതര്‍ അത്ഭുതം കൂറി. ഖുതുബാകുന്നതു വരെ ഞാന്‍ വിജ്ഞാനം നുകര്‍ന്നു കൊണ്ടിരുന്നു എന്ന് ശൈഖ് പറയാറുണ്ടായിരുന്നു.

മരണ വിവരം

അഹ്മദുബ്‌നുല്‍ മുബാറക് പറയുന്നു. ശൈഖ് ജീലാനിയുടെ ദര്‍സില്‍ ഉബയ്യ് എന്ന പേരുള്ള ഒരനറബി ഉണ്ടായിരുന്നു. ബുദ്ധി വളരെ കുറവായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് കാര്യങ്ങള്‍ ഗ്രഹിച്ചിരുന്നത്. ഉബയ്യ് ദര്‍സിലുള്ള സമയത്താണ് ഇബ്‌നു സംഹല്‍ ശൈഖിനെ കാണാനെത്തുന്നത്. ഉബയ്യിനോടുള്ള ശൈഖിന്റെ ക്ഷമയില്‍ ഇബ്‌നു സംഹല്‍ ആശ്ചര്യവാനായി. ശൈഖിനോടദ്ദേഹം പറഞ്ഞു: ഉബയ്യിനോട് കാണിക്കുന്ന ക്ഷമയില്‍ എനിക്കത്ഭുതം തോന്നുന്നു. ഉടനെ ശൈഖ് പറഞ്ഞു. ഇനി ഒരാഴ്ചയിലധികം ഞാന്‍ ക്ഷമിക്കേണ്ടി വരികയില്ല. അദ്ദേഹത്തിന്റെ അവധി എത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് അത്ഭുതം വര്‍ധിച്ചു. ഞങ്ങള്‍ ദിനങ്ങള്‍ എണ്ണിക്കൊണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വിടപറയുകയും ചെയ്തു. ഇബ്‌നു സംഹല്‍ ജനാസ നിസ്‌കാരത്തില്‍ പങ്കെടുത്തു. ശൈഖിന്റെ വാക്കുകള്‍ അപ്പോഴുമദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.
ഖലാഇദുല്‍ ജവാഹില്‍