പ്രവാചകത്വത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചറിയാൻ വന്ന ജൂത പണ്ഡിതൻ തിരു സന്നിധിയിൽ ഇസ്‌ലാം പുൽകാൻ കാരണമായ സംഭവം
ജൂത പണ്ഡിതനായ സെയ്ദ് ഇബ്‌നു സഅ്‌ന പ്രവാചകനി ﷺ ല്‍ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചറിയാന്‍ വേണ്ടി പരിശ്രമിക്കുന്ന സമയം. ഒരുദിനം അദ്ദേഹം പ്രവാചകനോടൊത്ത് നില്‍ക്കവെ ഒരാള്‍ തന്റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്‌ലിംകള്‍ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം അദ്ദേഹം പ്രവാചകനോട് പറഞ്ഞു. അവരെ സഹായിക്കാനുള്ള സമ്പത്ത് പ്രവാചകന്റെ കയ്യിലില്ലായിരുന്നു. അദ്ദേഹം തന്റെ കൂടെയുള്ള അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: 'സമ്പാദ്യമായി ഒന്നും അവശേഷിക്കുന്നില്ല.' ആ സമയം സെയ്ദ് ഇബ്‌നു സഅ്‌ന പ്രവാചകന്റെ അടുത്തുചെന്ന് പറഞ്ഞു: 'ഇതാ എണ്‍പത് സ്വര്‍ണനാണയങ്ങള്‍. നിര്‍ണിത തീയതിയായാല്‍ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടം വീട്ടിയാല്‍ മതി.' പ്രവാചകന്‍ ﷺ അത് സ്വീകരിക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏല്‍പിക്കുകയും ചെയ്തു. പ്രവാചകന്‍ ﷺ അയാളോട് പറഞ്ഞു: 'ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.'
സെയ്ദ് ഇബ്‌നു സഅ്‌ന പറയുന്നു: 'വ്യവസ്ഥ പ്രകാരം ബാധ്യത തീര്‍ക്കുവാന്‍ രണ്ടുമൂന്ന് നാളുകള്‍ ശേഷിക്കുന്നുണ്ട്. പ്രവാചകന്‍ ﷺ ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് ക്വബ്ര്‍സ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരില്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ) എന്നിവരും മറ്റും അദ്ദേഹത്തോടൊപ്പമുണ്ട്.
ജനാസ നമസ്‌കരിച്ച പ്രവാചകന്‍ ﷺ ചാരിയിരിക്കുവാന്‍ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ കുപ്പായ മാറും ശിരോവസത്രവും കൂട്ടി അദ്ദേഹത്തെ കടന്നുപിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി.
ഞാന്‍ പറഞ്ഞു: 'മുഹമ്മദ്! എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ? നിങ്ങള്‍ അബ്ദുല്‍ മുത്വലിബിന്റെ മക്കള്‍ ബാധ്യത തീര്‍ക്കുന്നതില്‍ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലില്‍ എനിക്ക് നിങ്ങളെയെല്ലാം നന്നായി അറിയാം.'
ഞാന്‍ ഉമര്‍(റ)വിനെ നോക്കി. കോപാകുലനായ അദ്ദേഹത്തിന്റെ ഇരുകണ്ണുകളും ഗോളങ്ങള്‍ക്ക് സമാനമായി അദ്ദേഹത്തിന്റെ മുഖത്ത് കറങ്ങുന്നു! എന്നെ നോക്കി ഉമര്‍(റ) പറഞ്ഞു: 'ശത്രൂ, അല്ലാഹുവിന്റെ തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹുവാണെ, ഞാന്‍ ചില കാര്യങ്ങള്‍ ഭയക്കുന്നില്ലായിരുന്നുവെങ്കില്‍ എന്റെ ഈ വാളുകൊണ്ട് നിന്റെ തല ഞാന്‍ കൊയ്യുമായിരുന്നു.'
എന്നാല്‍ തിരുദൂതരാകട്ടെ തീര്‍ത്തും ശാന്തനാണ്. തികഞ്ഞ അടക്കത്തോടെ അദ്ദഹം എന്നെ നോക്കുന്നു. അദ്ദേഹം ഉമര്‍(റ)വിനെ വിളിച്ചു: 'ഉമര്‍! ഞാനും സെയ്ദ് ഇബ്‌നു സഅ്‌നയും നിങ്ങളുടെ കോപം മൂത്ത പെരുമാറ്റം ആവശ്യമുള്ളവരല്ല. പ്രത്യുത, നല്ല നിലയ്ക്ക് ബാധ്യത തീര്‍ക്കുവാന്‍ എന്നോടും നല്ല രീതിയില്‍ അത് സ്വീകരിക്കുവാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ഉമര്‍! നിങ്ങള്‍ അദ്ദേഹത്തിന്റെകൂടെ പോയി അദ്ദേഹത്തിന്റെ ബാധ്യത തീര്‍ക്കുക. നിങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്യുക.'
സെയ്ദ് ഇബ്‌നു സഅ്‌ന പറയുകയാണ്: 'ഉമര്‍(റ) എന്നെയുംകൂട്ടി നടന്നു. ശേഷം എന്റെ കടം വീട്ടി. ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചയ്തു.'
ഞാന്‍ ചോദിച്ചു: 'ഏറെ നല്‍കിയത് എന്തിനാണ്?'
ഉമര്‍(റ): 'ഞാന്‍ നിങ്ങളെ ഭയപ്പെടുത്തിയതിന് പകരമായി കൂടുതല്‍ നല്‍കുവാന്‍ തിരുദൂതര്‍ ﷺ പറഞ്ഞതാണ്.'
ഞാന്‍ പറഞ്ഞു: 'ഉമര്‍, താങ്കള്‍ക്ക് ഞാന്‍ ആരെന്ന് അറിയുമോ?'
ഉമര്‍(റ): 'ഇല്ല, ആരാണ് താങ്കള്‍?'
ഞാന്‍ പറഞ്ഞു: 'സെയ്ദ് ഇബ്‌നു സഅ്‌നയാണ്.'
ഉമര്‍(റ): 'വേദപണ്ഡിതന്‍?'
ഞാന്‍ പറഞ്ഞു: 'അതെ, വേദപണ്ഡിതന്‍!'
ഉമര്‍(റ): 'തിരുദൂതരോട് പരുഷമായി പെരുമാറുവാനും സംസാരിക്കുവാനും നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?'
ഞാന്‍ പറഞ്ഞു: ''ഉമര്‍, തിരുദൂതരുടെ മുഖത്തേക്ക് ഒരു നോക്ക് നോക്കിയപ്പോള്‍ തന്നെ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തില്‍ ഒത്തതായി ഞാന്‍ മനസ്സിലാക്കി. ശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്; അവയെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചില്ല. വിവേകം അദ്ദേഹത്തില്‍ മികച്ച് നില്‍ക്കും. അദ്ദേഹത്തോടുള്ള അവിവേകിയുടെ പെരുമാറ്റം അദ്ദേഹത്തെ കൂടുതല്‍ വിവേകമുള്ളവനാക്കും. ഇവയായിരുന്നു അവ രണ്ടും. ഇതോടെ അവ രണ്ടും തീര്‍ച്ചയായും ഞാന്‍ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. ഉമര്‍, താങ്കളെ ഞാന്‍ സാക്ഷിയാക്കുന്നു: തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ആരാധ്യനായും ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ പ്രവാചകനായും തൃപ്തിപ്പെട്ടിരിക്കുന്നു.''
സെയ്ദ് ഇബ്‌നു സ്അ്‌ന വീണ്ടും പറഞ്ഞു: 'ഉമര്‍, താങ്കളെ ഞാന്‍ സാക്ഷിയാക്കുന്നു. ഞാന്‍ വലിയ സമ്പന്നനാണ്. എന്റെ സമ്പത്തിന്റെ പകുതി ഞാന്‍ മുസ്‌ലിംകള്‍ക്ക് ദാനമായി നല്‍കുന്നു.'
ഉമര്‍(റ)പറഞ്ഞു: 'മുസ്‌ലിംകളില്‍ ചിലര്‍ക്ക് നല്‍കുക. കാരണം, താങ്കളുടെ സമ്പത്ത് അവര്‍ക്കെല്ലാവര്‍ക്കും തികയില്ല.'
ഞാന്‍ പറഞ്ഞു: 'എങ്കില്‍ അവരില്‍ ചിലര്‍ക്ക്.'
അങ്ങനെ അവരിരുവരും തിരുദൂതരുടെ അടുത്തേക്ക് മടങ്ങി. സെയ്ദ് തിരുദൂതരുടെ മുമ്പില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: 'അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വറസൂലുഹു' (യഥാര്‍ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരും ഇല്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു).'
ഈ സംഭവത്തില്‍നിന്നും മനസ്സിലാക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്.
ഒന്ന്) സെയ്ദ് ഇബ്‌നു സഅ്‌ന(റ)യുടെ സത്യാന്വേഷണത്തിന്റെ പരിസമാപ്തിയും ഇസ്‌ലാം ആശ്ലേഷണവും.
രണ്ട്) പ്രവാചകന്‍ ﷺ യുടെ വിനയവും വിവേകവും പ്രവാചക മഹത്ത്വം വിളിച്ചറിയിക്കുന്നു.
മൂന്ന്) കടം വാങ്ങിയത് തിരിച്ച് കൊടുക്കുമ്പോള്‍ കാണിക്കേണ്ട മര്യാദ, ലഭിച്ചതിനെക്കാള്‍ കൂടുതല്‍ തിരിച്ച് നല്‍കല്‍ ഉത്തമമാണ്.
നാല്) ദാനധര്‍മം നല്‍കുന്നതിലെ താല്‍പര്യം.
رواه ابن حبان في صحيحه (1 / 521) ، والطبراني✒️ في " المعجم الكبير " (5 / 222) ، والحاكم في " المستدرك " (3 / 604) ،
Also read ⤵️
Post a Comment