ഈ ചിത്രം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ തന്നെ എന്ന് എന്താണ് ഉറപ്പ് ? 1959 ൽ സ്ഥാപിക്കപ്പെട്ട ദി ഗാർഡിയൻ പത്രത്തിൽ എങ്ങനെ 1921 ലെ ചിത്രം വരും ?

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത് വിട്ടപ്പോൾ ഉണ്ടായ സംശയങ്ങളെ കുറിച്ചും ദുഷ്പ്രചരണങ്ങളെ കുറിച്ചും റമീസ് മുഹമ്മദ് സംസാരിക്കുന്നു..

ഇപ്പോൾ പുറത്തുവിട്ട ചിത്രത്തിൽ നിന്ന് വ്യത്യസ്തമാണ് ചരിത്രത്തിൽ വാരിയൻകുന്നന്റെ ആകാരവടിവ് സംബന്ധിച്ചുള്ള വിവരണങ്ങളെന്ന് അവകാശപ്പെട്ട് ചിത്രത്തിന്റെ ആധികാരികതയിൽ പ്രമുഖ ചരിത്രകാരൻ അടക്കമുള്ളവർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 
നേരത്തെ വാരിയൻകുന്നന്റേതെന്ന് അവകാശപ്പെട്ട് ഒന്നിലധികം ചിത്രങ്ങളും പ്രചരിച്ചിരുന്നു... ?

ഫ്രഞ്ച് മാഗസിനിൽനിന്നാണ് ചിത്രം കണ്ടുകിട്ടിയത്. ചിത്രം പിന്നീട് ചരിത്രകാരന്മാർ , വിദഗ്ധർ, ഫൊറൻസിക് മേഖലയിലുള്ളവർ തുടങ്ങിയവരുമായി ചർച്ചചെയ്തും വിശകലനം ചെയ്തും കൃത്യമായ പഠനം നടത്തിയുമാണ് സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ ഫോട്ടോ സംബന്ധിച്ച് ഇ. മൊയ്തു മൗലവി പറയുന്നുണ്ട് വാരിയൻകുന്നനെ നേരിട്ട് കണ്ട വ്യക്തിയാണ് മൗലവി. മുഖത്ത് ധീരതയും ഗാംഭീര്യവും സംഭരിച്ച മനുഷ്യൻ എന്നാണ് ഹാജിയാരെക്കുറിച്ച് അദ്ദേഹം പറയുന്നത്. മാധവൻ നായർ ഹാജിയാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ദൃക്സാക്ഷിവിവരണമാണ്. അദ്ദേഹം നേരിട്ട് കണ്ടിട്ടില്ല . മാത്രമല്ല , മാധവൻ നായർ മരിച്ച് 38 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പുസ്തകം ഇറങ്ങുന്നത്. അതിനാൽ മൗലവിയുടെ വിവരണത്തിനാണ് വിശ്വാസ്യത കൂടുതൽ. മൗലവി വിവരിച്ച രൂപത്തോട് ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന് സാദൃശ്യമുണ്ട്. ഫോട്ടോയുടെ ആധികാരികത സംബന്ധിച്ച് ഹാജിയാരുടെ പേരമക്കളും സാക്ഷ്യപ്പെടുത്തി. ഒരു എളാപ്പയുടെ മുഖവും ഇതുപോലെയാണെന്ന് കുടുംബക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങളിൽ ചിലർക്ക് ഇതുപോലെ സാദൃശ്യമുണ്ടെന്നും പറയുകയുണ്ടായി. അതിനെക്കാൾ വലിയ എന്ത് തെളിവാണ് ഇനി വേണ്ടത് ? 

 ഹാജിയാരെ പരാമർശിക്കുന്ന ദി ഗാർഡിയൻ 1959 ൽ മാത്രമാണ് സ്ഥാപിച്ചതെന്നതടക്കമുള്ള വാദങ്ങൾ ചൂണ്ടിക്കാട്ടി പുതിയ കണ്ടെത്തലുകളെ ഒരുവിഭാഗം നിഷേധിക്കുന്നുണ്ട്. ?

അതിൽ വാസ്തവമില്ല. ദി ഗാർഡിയൻ പത്രം മാഞ്ചസ്റ്റർ ഗാർഡിയൻ എന്ന പേരിൽ 1821 ൽ സ്ഥാപിക്കപ്പെട്ടതാണ്. പുസ്തകത്തിന്റെ ഉള്ളിൽ ഗാർഡിയനിലെ ചില കട്ടിങ്ങുകളുടെയും റിപ്പോർട്ടുകളുടെയും പകർപ്പ് കൊടുത്തിട്ടുണ്ട്. അവിടെയെല്ലാം മാഞ്ചസ്റ്റുർ ഗാർഡിയൻ എന്ന് തന്നെയാണ് കൊടുത്തത്. പക്ഷേ ഇപ്പോൾ പുറത്തിറങ്ങിയ പുസ്തകത്തിന്റെ പുറംചട്ടയിൽ ഗാർഡിയൻ എന്നേ കൊടുത്തിട്ടുള്ളൂ . പണ്ട് ദീപിക പത്രത്തിന്റെ പേര് നസ്രാണി ദീപിക എന്നായിരുന്നു . ഇപ്പോൾ നമ്മൾ ദീപികയെക്കു റിച്ച് പറയുമ്പോൾ നസ്രാണി ദീപിക എന്ന് പറയാറില്ലല്ലോ.!?

കടപ്പാട് : സുപ്രഭാതം