ചരിത്രത്തിൽ നിന്ന് തലവെട്ടാൻ കഴിയില്ല.
✒️വി.പി ശ്രീധരൻ
ചരിത്രത്തെ സനാതന ധർമ്മവാദികൾ ഏറെ ഭയപ്പെട്ടിരുന്നു എന്നും അതിന്റെ ഫലമായി ഇന്ത്യയിൽ ചരിത്രം രേഖപ്പെടുത്തി വെക്കുന്ന ഒരു സമ്പ്റദായവും ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ട് ഇന്ത്യയുടെ പഴയകാലം ഇരുളടഞ്ഞതായി മാറുകയും പുതിയ തലമുറകൾക്ക് പുരാതന ഇന്ത്യയുടെ ചരിത്രം അജ്ഞാതമാവുകയും അങ്ങിനെ ഓരോ വർത്തമാനകാലത്തേയും ഐതിഹ്യങ്ങളുടേയും കെട്ടുകഥകളുടേയും അരങ്ങാക്കി മാറ്റി ജനങ്ങളെ സഹസ്രാബ്ദങ്ങൾ അടിമകളാക്കി മാറ്റി ചാതുർവർണ്യ സംസ്കൃതിയെ ബ്രാഹ്മിണിസം രക്ഷിച്ചെടുത്തു.
ചരിത്രത്തിൽ നടന്ന ഏത് വിപ്ലവങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും അതിന്റെ മുഖ്യ പാതയും അതിൽ നിന്ന് വ്യതിചലിച്ചുള്ള ചില കൈവഴികളും ഉണ്ടായിട്ടുണ്ട്.
1921ലെ മലബാർ കലാപം ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വ വാഴ്ച്ചയ്ക്കും എതിരായ ജനകീയ പോരാട്ടമായിരുന്നു. അത് നയിച്ചത് വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജി ആയത് കൊണ്ട് അത് സ്വാതന്ത്ര്യ സമരം അല്ലാതാവുന്നില്ല. ഹിന്ദു ജന്മിമാർക്കെതിരായ പോരാട്ടം ആയത് കൊണ്ട് അത് ഹിന്ദുക്കൾക്കെതിരായ മതവിരുദ്ധ പോരാട്ടമാവുന്നില്ല.
മതവിരുദ്ധമായ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം ആ ജനകീയ സമരത്തെ ജന്മിമാർ മതവിരുദ്ധ വർഗ്ഗീയ കലാപമാക്കി മാറ്റിയത് കൊണ്ടുണ്ടായതാണ്.
ചരിത്രത്തിൽ വളരെ അപൂർവ്വം മാത്രം കാണപ്പെട്ട അസാമാന്യ ധീരതയുടേയും ദേശാഭിമാനത്തിന്റേയും ഉദാത്തമായ മാനവികതയുടേയും ജ്വലിക്കുന്ന പ്രതീകമാണ് വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജി. മലയാളികളുടെ ഭഗത്സിങ്ങ് എന്ന പദവിക്ക് അർഹനായ അദ്ദേഹത്തേക്കാൾ പ്രമുഖനായ മറ്റൊരാളേയും കേരള ചരിത്രത്തിൽ കാണാൻ കഴിയില്ല.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് പേരു വെട്ടിയാൽ ചരിത്രവും അതിലെ ജ്വലിക്കുന്ന ധീരനേതാക്കളും അപ്രത്യക്ഷമാവുമെന്ന് കരുതുന്ന ജീർണ്ണിച്ച ഹൈന്ദവ വർഗ്ഗിയതയുടെ ഇത്തരം വികൃത വേലകൾ കാലം കറിയിൽ നിന്ന് കറിവേപ്പിലപോൽ എടുത്ത് കളയുമെന്ന് അവിവേകികളായ അവരെ അറിയിക്കട്ടെ.
Post a Comment