ഉള്ഹിയ്യത്തിന് ഇത്രയും പുണ്ണ്യമോ? ഉള്ഹിയ്യത്ത് അറുക്കുന്ന ഒരാൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ !!

വലിയ പെരുന്നാളില്‍ നിര്‍വഹിക്കപ്പെടുന്ന വളരെ ശ്രേഷ്ഠമായ കര്‍മമാണ് ഉള്ഹിയ്യത്ത്. ഈ സത്കര്‍മം പരിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. മറ്റു സുന്നത്തായ സ്വദഖകളേക്കാള്‍ ശ്രേഷ്ഠതയുണ്ട് ഉള്ഹിയ്യത്തിന്. തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആളുകള്‍ക്കും പെരുന്നാള്‍ ദിവസത്തില്‍ ചെലവിന്നാവശ്യമായ സമ്പത്ത് കഴിച്ച് ഉള്ഹിയ്യത്ത് നിര്‍വഹിക്കാന്‍ ശേഷിയുള്ളവന് ഇത് സുന്നത്താണ്. ഒഴിവാക്കല്‍ കറാഹത്താണ്. ഹനഫീ മദ്ഹബില്‍ ഈ കര്‍മം നിര്‍ബന്ധവും ഒഴിവാക്കല്‍ കുറ്റകരവുമാണ്.

ഒന്നിലധികം അംഗങ്ങളുള്ള വീട്ടുകാർക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫയാണ് . കൂട്ടത്തിൽ ഒരാൾ അറുത്താൽ എല്ലാവർക്കു വേണ്ടിയും അതു മതിയാകുന്നതാണ് . ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ് . കുടുംബത്തിൽ ഒരാൾ മാത്രം അറുത്താൽ തേട്ടം ഒഴിവായിക്കിട്ടുമെങ്കിലും പ്രതിഫലം മറ്റുള്ളവർക്ക് ലഭിക്കുകയില്ല . ഒരാളുടെ കർമത്തിന്റെ പുണ്യത്തിൽ മറ്റുള്ളവരെ കൂടി പങ്കുചേർത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ് .


മഹത്വവും പുണ്യവും

നബി ( സ ) പറഞ്ഞു : രക്തമൊലിപ്പിക്കുന്നതിനെക്കാൾ അല്ലാഹിവിനു ഇഷ്ടമുള്ള മറ്റൊരു കർമവും ബലിപെരുന്നാളിൽ മനുഷ്യനില്ല . തീർച്ചയായും , ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളിൽ ആഗതമാകും . അതിന്റെ രക്തം ഭൂമിയിൽ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കൽ ഉന്നതമായ ഒരിടത്തതു സംഭവിച്ചിരിക്കും . അതിനാൽ ഉള്ഹിയ്യത്തറുത്ത് നിങ്ങൾ ശുദ്ധരായി കൊള്ളട്ടെ . ( തുർമുദി , അബൂദാവൂദ് ) ബലിമൃഗങ്ങളെ നിങ്ങൾ ബഹുമാനിക്കണം . കാരണം അവ സ്വിറാത്ത് പാലത്തിൻമേൽ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ് .

ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കുന്ന അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നല്ല മനസ്സോടെ പ്രതിഫലം കാംക്ഷിച്ച് ആരെങ്കിലും ഉള്ഹിയ്യത്ത് നിര്‍വഹിച്ചാല്‍ അത് നരകത്തെ തടയുന്നതാണ്. നിങ്ങളുടെ ഉള്ഹിയ്യത്ത് മൃഗത്തിനെ നിങ്ങള്‍ നന്നാക്കുവീന്‍. കാരണം അത് നിങ്ങള്‍ക്ക് സ്വിറാത്ത് പാലം കടക്കാനുള്ള വാഹനമാണ് (ഹദീസ്). പെരുന്നാള്‍ ദിനത്തില്‍ മനുഷ്യന്‍ ചെയ്യുന്ന സുന്നത്തായ സത്കര്‍മങ്ങളില്‍ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് ബലി അറുക്കലാണ്. ബലി മൃഗങ്ങള്‍ അവയുടെ കുളമ്പുകളും രോമങ്ങളും കൊമ്പുകളുമായി പരലോകത്ത് വരും. ബലി മൃഗത്തിന്റെ രക്തം ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് അല്ലാഹുവിന്റെ അരികില്‍ വലിയ സ്ഥാനം പ്രാപിക്കുന്നതാണ്(ഹദീസ്). ബലി മൃഗത്തിന്റെ ആദ്യ രക്തത്തുള്ളി ഭൂമിയില്‍ പതിക്കുന്നതോടെ മുഴുവന്‍ ദോഷങ്ങളും പൊറുക്കപ്പെടും. ബലി മൃഗത്തിന്റെ മാംസവും രക്തവുമെല്ലാം എഴുപത് ഇരട്ടിയായി മീസാന്‍ എന്ന തുലാസില്‍ കൊണ്ടുവരപ്പെടുന്നതാണ്(ഹദീസ്). ബലി മൃഗത്തിന്റെ ഓരോ രോമം കണക്കെ പുണ്യം ലഭിക്കുന്നു(ഹദീസ്). സൗകര്യമുണ്ടായിരിക്കെ ഉള്ഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ എന്റെ മുസ്വല്ലയോട് അടുക്കരുതെന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു. ഇങ്ങനെ അനേകം ഹദീസുകളില്‍ ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചില ഹദീസുകൾ നമുക്ക് കാണാം
عن أنس بن مالك -رضي الله عنه- أنّه قال: (ضَحَّى النبيُّ صَلَّى اللهُ عليه وسلَّمَ بكَبْشينِ أمْلَحَيْنِ أقْرَنَيْنِ، ذَبَحَهُما بيَدِهِ، وسَمَّى وكَبَّرَ، ووَضَعَ رِجْلَهُ علَى صِفَاحِهِمَا)

روى الترمذي وابن ماجه عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم: ما عمل ابن آدم يوم النحر أحب إلى الله من إهراق الدم، وإنه ليؤتى يوم القيامة بقرونها وأشعارها وأظلافها، وإن الدم ليقع من الله بمكان قبل أن يقع بالأرض، فطيبوا بها نفسا


أن النبي صلى الله عليه وسلم قال لفاطمة: قومي إلى أضحيتك فاشهديها، فإنه يغفر لك عند أول قطرة من دمها كل ذنب عملتيه، وقولي: إن صلاتي ونسكي ومحياي ومماتي لله..... إلى قوله من المسلمين - حاكم

عن زيد بن أرقم قال: قال أصحاب رسول الله صلى الله عليه وسلم: يا رسول الله ما هذه الأضاحي؟ قال: سنة أبيكم إبراهيم عليه الصلاة والسلام، قالوا: فما لنا فيها يا رسول الله؟ قال: بكل شعرة حسنة، قالوا: فالصوف يا رسول الله؟ قال: بكل شعرة من الصوف حسنة