“സ്വല്ലൂ ഫീ രിഹാലിക്കും” പി.ടി.എ റഹീമിന് എം.ടി അബൂബക്കർ ദാരിമിയുടെ മറുപടി



Adv. പിടിഎ റഹീം എംഎൽഎയോട് ബഹുമാനപുരസ്സരം.

എന്താണ് സ്വല്ലൂ ഫീ രിഹാലികും? 
********************************

കഴിഞ്ഞ 9 ആം തിയ്യതി താങ്കൾ നിയമ സഭയിൽ നടത്തിയ പ്രസംഗത്തിൽ മതപരമായ ഗുരുതര പിഴവ് സംഭവിച്ചത് ചൂണ്ടിക്കാണിക്കട്ടെ. 

ശക്തമായ മഴ, കൊടുംകാറ്റ്, കൂരിരുട്ട് പോലുള്ള സന്ദർഭത്തിൽ വാങ്ക് പൂർത്തിയായ ശേഷമോ, "ഹയ്യഅലസ്സ്വലാ...ഹയ്യഅലൽ ഫലാഹി"നു ശേഷമോ രണ്ടു തവണ صَلُّوا في رحالِكم എന്ന  വാക്യത്തിന് താങ്കൾ നൽകിയ അർത്ഥം വസ്തുതാവിരുദ്ധമാണ്. 

"എവിടെയാണോ നിങ്ങൾ താമസിക്കുന്നത് അവിടെ നിസ്കരിക്കുന്നതാണ് നിങ്ങൾക്കുത്തമം." എന്നാണ് താങ്കൾ അർത്ഥം പറഞ്ഞത്. താങ്കൾ മനസ്സിലാക്കണം, അതല്ല അതിന്റെ അർത്ഥം. പിന്നെയോ? 

ആദ്യം നാലു പ്രാവശ്യം ഹയ്യഅലസ്സ്വലാ...ഹയ്യഅലൽ ഫലാഹ് (നിങ്ങൾ നിസ്കാരത്തിലേക്ക് വരൂ, വിജയത്തിലേക്ക് വരൂ) എന്ന് വിളിച്ചു പറയുന്നു. ഇതു الدعوة التامة (സമ്പൂർണ്ണ ക്ഷണം) ആണ്.

തുടർന്ന്, "നിങ്ങൾ നിങ്ങളുടെ വീടുകളിൽ / ഷെഡുകളിൽ നിസ്കരിക്കൂ" എന്ന് സാരമുള്ള വാക്യം രണ്ടു പ്രാവശ്യം പറയുന്നു.  

അതിന്റെ താല്പര്യം താങ്കൾ പറഞ്ഞതല്ല. ഇമാം ഇബ്നു ഹജർ(റ) തുഹ്ഫ 1-481ൽ പറയുന്നു:
تخفيفا عنهم
(ഇത് ഇളവു നൽകലാണ്.) അല്ലാതെ ഉത്തമമാക്കിയതല്ല. ഹാഫിളുൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരി 2-113ൽ പറയുന്നു. 
معنى الصلاة في الرحال رخصةٌ لمن أراد أن يترخص ومعنى هلموا إلى الصلاة ندبٌ لمن أراد أن يستكمل الفضيلة ولو تحمل المشقة 
(ഷെഡുകളിൽ / ഭവനങ്ങളിൽ നിസ്കരിക്കുക എന്നതിന്റെ താല്പര്യം ആ ഇളവ് എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇളവ് നൽകലാണ്. എന്നാൽ 'നിസ്കാരത്തിലേക്ക് വരുവിൻ' എന്ന് നാലു തവണ ക്ഷണിക്കുന്നതിന്റെ താല്പര്യം, പ്രയാസം സഹിച്ചുകൊണ്ടെങ്കിലും പൂർണ്ണശ്രേഷ്ഠത നേടാൻ ഉദ്ദേശിക്കുന്നവരെ പള്ളിയിൽ വരാൻ പ്രോത്സാഹിപ്പിക്കലാണ്.)

നോക്കൂ. വീടുകളിൽ നിസ്കരിക്കുവിൻ എന്നത് ഉത്തമമാക്കലല്ല. മറിച്ചു ഇളവാണ്. പ്രോത്സാഹനമല്ല. പള്ളിയിൽ വരൂ എന്നത് പ്രോത്സാഹനവും, അതാണുത്തമം എന്ന് ഉണർത്തലുമാണ്. വീട്ടിൽ നിസ്കരിക്കലാണ് ഉത്തമമെങ്കിൽ പള്ളിയിൽ വരാൻ ക്ഷണിക്കുന്നത് വൈരുധ്യമല്ലേ. 

അതേസമയം താങ്കൾ പറഞ്ഞതോ, നേരെ തിരിച്ചും. താങ്കൾ ഒരു അഡ്വക്കേറ്റാണല്ലോ. താങ്കൾക്കറിയാമല്ലോ, നിയമ ഭാഷയുടെ പദങ്ങളും അക്ഷരങ്ങളും മാറിപ്പോയാലുള്ള ഭവിഷ്യത്തെന്താണെന്ന്. എഗ്രിമെന്റ് പേപ്പറിൽ, വെണ്ടകൃഷി 'വേണ്ടകൃഷി'യായാലെങ്ങനെയിരിക്കും?

നിയമസഭാ പരിസരത്തെ പള്ളിയിൽ നിന്ന് صَلُّوا في رحالِكم എന്ന് വിളിച്ചുപറയുന്നുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ താല്പര്യം ഇപ്പോൾ മനസ്സിലായില്ലേ. നിലവിൽ ഗവണ്മെന്റ് നിയന്ത്രണവും നടപടിയും ഉള്ളതിനാൽ വീട്ടിൽ വെച്ചു നിസ്കരിക്കാമെന്ന ഇളവു മാത്രമാണത്. അല്ലാതെ അതാണ് ഉത്തമം എന്നല്ല. 

കൊവിഡ് പശ്ചാത്തലത്തിലുള്ള ഗവണ്മെന്റ് നിരോധം നീങ്ങുന്ന വരേയ്ക്കുമുള്ള ഇളവാണത്. അതുകൊണ്ടാണ് മുസ്‌ലിംകൾ മൊത്തം, എല്ലാ മേഖലയും തുറന്നുകൊടുത്ത സാഹചര്യത്തിൽ പള്ളികൾ തുറയ്ക്കാനുള്ള അനുമതിക്കായി മുറവിളി കൂട്ടുന്നത്. സഹോദര മതസ്ഥർ ക്ഷേത്രങ്ങളും ചർച്ചുകളും തുറന്നുകൊടുക്കാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. 

ഗവണ്മെന്റ് നിരോധനം, നടപടി എന്ന ഉദ്ർ ആണ് തല്ക്കാലം ജുമുഅ-ജമാഅത്തുകൾ നിർത്തി വയ്ക്കാനുള്ള വിശ്വാസികളുടെ മാനദണ്ഡം. സർവ്വ മേഖലയും ലോക്കാകുമ്പോൾ സ്വാഭാവികമായുണ്ടായ സമീപനമാണത്. അല്ലാതെ, പള്ളിയുടെ പുറത്ത് അങ്ങാടികളിൽ, ബസ്സുകളിൽ, ഓഫീസുകളിൽ, കള്ളുഷാപ്പുകളിൽ, രാഷ്ട്രീയ വേദികളിൽ, ഗവണ്മെന്റ് തലങ്ങളിലെല്ലാം അപരിചതരടക്കമുള്ളവരുടെ ആൾകൂട്ടം. അതേസമയം, ഏറ്റവും അച്ചടക്കവും സുരക്ഷിതത്വവും വൃത്തിയും നിയന്ത്രണവുമുള്ള പള്ളികളിൽ ജുമുഅയ്ക്കെങ്കിലും ക്രമാനുസ്രതമായ അനുമതിയുടെ നിഷേധവും. അത്‌ അനീതിയല്ലേ? അയുക്തിപരമല്ലേ? 

എംടി അബൂബക്ർ ദാരിമി 
18 / 06 / 2021