സുൽത്താൻ സലാഹുദീൻ അയ്യൂബിയും ഖുദ്സ് വിമോചനവും.
ഇസ്ലാമിക ചരിത്രത്തിലെ വിശ്വപ്രസിദ്ധമായ പടയോട്ടമാണ് സുൽത്താൻ സലാഹുദ്ദീൻ്റെ നേതൃത്വത്തിൽ ഖുദ്സ് വിമോചനം സാധ്യമാക്കിയ ഹത്വീൻ യുദ്ധം.
ഈജിപ്തിലെ ഭരണാധികാരിയായിരുന്ന സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി,സിറിയയിലെ ഭരണാധികാരിയായ നൂറുദ്ദീൻ്റെ മരണശേഷം തൻ്റെ അധികാരം സിറിയയിലേക്കും വ്യാപിപ്പിച്ചു.യമനും ഹിജാസും സലാഹുദ്ദീൻ്റെ പരമാധികാരത്തെ അംഗീകരിക്കുകയും ചെയ്തു.പിന്നീട് അദ്ദേഹം തൻ്റെ ശ്രദ്ധ മുഴുവനും കുരിശുയുദ്ധക്കാർക്കെതിരെ കേന്ദ്രീകരിച്ചു.
മുസ്ലിംകളുടെ ആദ്യ ഖിബ്ലയായ ബൈത്തുൽ മുഖദ്ദസും വിശുദ്ധ ഭൂമിയായ ജറുസലേമിൻ്റെ അധികാരവും യൂറോപ്യൻ കുരിശുയുദ്ധക്കാരുടെ അധീനതയിലായിരുന്നു.
സലാഹുദ്ദീൻ അയ്യുബിയും ജറൂസലേം രാജാവ് ബാൾഡ്യിനും തമ്മിൽ ആക്രമണവിരുദ്ധ കരാർ നിലനിൽക്കെ ടംപ്ലാർ സൈനിക പ്രഭുവായ റെയ്നോൾഡ് പലതവണ കരാർ ലംഗിക്കുകയും ഹജ്ജ് തീർത്ഥാടകരെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തു.1182ൽ മദീനയിലെ മുഹമ്മദ് നബി(സ)യുടെ പുണ്യ റൗള തകർക്കുന്നതിന് സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു.
ഈ അധാർമ്മിക ചെയ്തികൾക്കെതിതിരെ സലാഹുദ്ദീൻ്റെ സൈന്യം കറക്ക് പടയോട്ടം നടത്തിയെങ്കിലും ജറുസലേം രാജാവ് ബാൾഡ്യിൻ നാലാമൻ്റെ അഭ്യർത്ഥന മാനിച്ച് സുൽത്താൻ്റെ സൈന്യം മടങ്ങുകയുണ്ടായി.
ബാൾഡ്യിൻ നാലാമൻ്റെ മരണശേഷം തടവുമോചിതനായ കുരിശ് സൈനികപ്രഭു റെയ്നോൾഡ് 1186-ൽ വീണ്ടും ഹജ്ജ് തീർത്ഥാടകരെ ആക്രമിച്ച് കൊലപ്പെടുത്തുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു.
റെയ്നോൾഡിൻ്റെയും കുരിശു സൈനീകരുടെയും ക്രൂരകൃത്യത്തിനെതിരെ 1187ൽ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി നടത്തിയ പടയോട്ടമാണ് ഹത്വീൻ യുദ്ധം.
സലാഹുദ്ദീൻ്റെ സൈന്യം പലസ്തീനിലെ ഹത്വീൻ താഴ്വരയിൽവെച്ച് ജറൂസലേമിലെ കുരിശുയുദ്ധക്കാരുമായി ശക്തമായ യുദ്ധം അരങ്ങേറി.ജൂലൈ മാസത്തിലായിരന്നു ഇത്.
സുൽത്താൻ സലാഹുദ്ദീൻ്റെയും സൈന്യാധിപൻ മുളഫറുദ്ദീൻ്റെയും നേതൃത്വത്തിൽ അറബ് സൈന്യം നടത്തിയ ശക്തമായ പോരാട്ടത്തിൽ, ജറുസലേം രാജാവായ ഗൈ ഓഫ് ലൂസിഗ്നൻ,സൈനീക തലവന്മാരായ റെയ്മോണ്ട്,റെയ്നോൾഡ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കുരിശുയുദ്ധക്കാർ പൂർണ്ണമായി പരാജയപ്പെട്ടു.
ഈ യുദ്ധത്തിൽ റെയ്നോൾഡ് അടക്കം അനവധി കുരിശുയുദ്ധപ്രമുഖരെ യുദ്ധത്തടവുകാരായി പിടിക്കപ്പെടുകയുണ്ടായി.
ഹജ്ജ് തീർത്ഥാടകർക്കെതിരെ അന്യായമായ ആക്രമണത്തിൽ പങ്കെടുത്ത മുഴുവൻ കുരിശുപോരാളികളെ വധിക്കുകയും ചെയ്തു.
ശിക്ഷ നടപ്പാക്കുന്നതിനായി പ്രത്യേകം തയാറാക്കിയ വേധിയിൽ പണ്ഡിതരും,സൂഫികളും,ഔലിയാക്കളും സന്നിഹിതരായിരുന്നു എന്ന് സുൽത്താൻ്റെ ഉദ്യോഗസ്ഥനായിരുന്ന ഇമാമുദീൻ്റെ ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.
ഈ വേധിയിൽ വെച്ച് സലാഹുദ്ദീൻ അയ്യൂബി നേരിട്ടുതന്നെയായിരുന്നു റെയ്നോൾഡിൻ്റെ വധശിക്ഷ നടപ്പിലാക്കിയതും.
ഹത്വീനിലെ പോരാട്ടത്തിൻ്റെ തുടർച്ചയായി ഇതേവർഷം സെപ്തംബറിൽ തന്നെ സലാഹുദ്ദീൻ്റെ സൈന്യം ജറൂസലേം ഉപരോധിക്കുകയും കോട്ട തകർത്ത് മുന്നേറുകയും ചെയ്തു.തടയാൻ ശ്രമിച്ച കുരിശുസൈന്യം പരാജയപ്പെടുകയും പൂർണ്ണമായും സുൽത്താന് കീഴടങ്ങുകയും ചെയ്തു.
സുൽത്താൻ്റെ സൈന്യാധിപനായ മുളഫറുദ്ദീൻ കുക്ബൂരിയുടെ നേതൃത്വത്തിൽ ഖുദ്സ് വിമോചനത്തിന് മുന്നോടിയായി നടന്ന ക്രെസൻ യുദ്ധത്തിൽ പ്രമുഖ കുരിശ് സൈന്യാധിപന്മാർ വധിക്കപ്പെട്ടു.
സുൽത്താൻ സലാഹുദ്ദീൻ തൻ്റെ മുന്നിൽ കീഴടങ്ങിയ സൈന്യത്തോട് പ്രതികാര നടപടിക്ക് മുതിരാതെ സഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കുകയും,യൂറോപ്യൻ കാതോലിക് സൈന്യത്തെ അവരുടെ നാടുകളിലേക്ക് പോകാൻ അനുവധിക്കുകയും ചെയ്തു.
ജറൂസലേം നിവാസികളായ ഓർത്തഡോക്സ് കൃസ്ത്യാനികൾക്കും,യഹൂദർക്കും മുസ്ലിംകൾക്കൊപ്പം താമസിക്കാൻ അനുവാധവും നൽകി.
യൂറോപ്യൻ കുരിശ് സൈന്യം തങ്ങളുടെ കുതിരാലയമാക്കിയിരുന്ന ദൈവത്തിൻ്റെ വിശുദ്ധ ഭവനമായ മസ്ജിദുൽ അഖ്സ തിരിച്ചുപിടിച്ചതോടെ മുസ്ലിംകൾ ആരാധനാ കർമ്മങ്ങൾ പുനരാരംബിച്ചു.സുൽത്താൻ സലാഹുദ്ദീൻ്റെ ആത്മീയ ഗുരുവും ഡമസ്കസ് ഖാസിയുമായിരുന്ന മുഹ്യുദ്ദീൻ അസ്സാക്കി(റ)യെ ജുമുഅ ഖുതുബ നടത്തുവാൻ ചുമതലപ്പെടുത്തി.
ശാഫിഈ കർമ്മസരണി സ്വീകരിച്ച സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി(റ) ശാഫിഈ ഇമാമി(റ)യോടുള്ള ബഹുമാനാർത്ഥം ഖുബ്ബത്തു ശാഫിഈ പണികയിപ്പിക്കുകയുണ്ടായി.
തസവ്വുഫിൻ്റെ മാർഗ്ഗത്തിൽ മുഹ്യുദ്ദീൻ ശൈഖ് അബ്ദുൽ ഖാദർ ജീലാനി(റ)യുടെ ഖാദിരിയാ സൂഫി സരണി ആത്മീയ വഴിയായി അദ്ദേഹം സ്വീകരിച്ചിരുന്നു.
1193ൽ ഡമസ്കസിൽ വെച്ച് വഫാത്തായി.ഡമസ്കസിലെ ഉമയ്യദ് മസ്ജിദിലാണ് അദ്ദേഹത്തിൻ്റെ ഖബർസ്ഥിതി ചെയ്യുന്നത്.
ഇസ്ലാമിക ലോകത്തിന് അഭിമാനകരമായ വിജയങ്ങൾ സമ്മാനിച്ച സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി(റ)യുടെ ചരിത്രം എക്കാലത്തും മുസ്ലിം ചരിത്രത്തിലെ ഇസ്സത്താർന്ന താളുകളായി തലമുറകളിലേക്ക് ആത്മവിശ്വാസം പകർന്നു കൊണ്ടിരിക്കുന്നു.
Post a Comment