ബിദ്അത്തുകാരന്റെ പേരിൽ അനുസ്മരണം?


മനുഷ്യർ മരിച്ചാൽ അവരുടെ പേരിൽ അനുസ്മരണങ്ങൾ നടത്താറുണ്ട്. ജാതി മത ഭേദമന്യേ ഇതു ഇന്നു സർവസാധാരണയാണ്. എന്നാൽ സുന്നികളെ സംബന്ധിച്ചേടത്തോളം മഹാന്മാരുടെ അനുസ്മരണങ്ങളും അനുസ്മരണ സമ്മേളനങ്ങളും നടത്താറുണ്ട്. ഔലിയാക്കളുടെ ആണ്ടുകളും ഉറൂസുകളും മൗലിദുകളും അവരുടെ പേരിലുള്ള അനുസ്മരണങ്ങളാണ്. നബി(സ്വ) പറഞ്ഞു: “നിങ്ങൾ നിങ്ങളിൽ നിന്ന് മരിച്ചവരുടെ നന്മകൾ പറയുക.”

അതിനാൽ നമ്മളിൽ നിന്ന് അഥവാ സുന്നികളിൽ നിന്ന് സുന്നികൾ സുന്നികളുടെ നന്മകൾ പറയുക. സുന്നികളല്ലാത്ത ബിദ്അത്തുകാരായ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയവരിൽ എന്തെങ്കിലും നന്മകളുണ്ടായാൽതന്നെ നാം പറയരുത്. കാരണം, അതു വിലക്കപ്പെട്ടതാണ്. സുന്നികളുടെ നന്മകൾ പറയൽ അഥവാ അനുസ്മരണം സുന്നത്തും അവരുടെ തിന്മകൾ പറയൽ ഹറാമുമാകുന്നു.

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: കുളിപ്പിക്കുന്നവനോ സഹായിയോ മയ്യിത്തിൽ നല്ല വാസനയോ മുഖപ്രസന്നതയോ പോലോത്ത എന്തെങ്കിലും നന്മ കണ്ടാൽ പറയൽ സുന്നത്താണ്. മയ്യിത്തിനു ദുആ ചെയ്യാനും നിസ്കാരത്തിൽ ആളുകൾ വർധിക്കാനും ഇതു കാരണമാകും. മയ്യിത്തിന്റെ മുഖം കറുത്തതാവുക, രൂപം മാറുക പോലോത്ത വെറുക്കുന്ന കാര്യങ്ങൾ കണ്ടാൽ പറയൽ ഹറാമാണ്. കാരണം അത് ഗീബത്താണ്. പറയുന്നതിൽ എന്തെങ്കിലും മസ്വ്ലഹത്ത് ഉണ്ടെങ്കിൽ ഹറാമല്ല (തുഹ്ഫ: 3/183).

മയ്യിത്തിൽ നന്മ കണ്ടാൽ പറയൽ സുന്നത്തും തിന്മ കണ്ടാൽ പറയൽ ഹറാമുമാണെന്ന് മേൽ ഉദ്ധരണിയിൽ നിന്ന് വ്യക്തമായി. സുന്നികളുടെ നന്മ പറയൽ സുന്നത്തും തിന്മ പറയൽ ഹറാമും. എന്നാൽ ബിദ്അത്തുകാരന്റേതോ, നമുക്കു നോക്കാം.

ഇമാം നവവി(റ) എഴുതുന്നു: മയ്യിത്ത് മുബ്തദിഉ ആണെങ്കിൽ കുളിപ്പിക്കുന്നവൻ വെറുക്കുന്ന കാര്യം കാണുകയും ചെയ്താൽ മയ്യിത്തിന്റെ ബിദ്അത്തിനെ തൊട്ട് ജനങ്ങൾ അകലാൻവേണ്ടി പ്രസ്തുത കാര്യം ജനങ്ങളോടു പറയണം (ശർഹുൽ മുഹദ്ദബ്: 5/186, 187).

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ബിദ്അത്തു കൊണ്ടോ ഫിസ്ഖ് കൊണ്ടോ പരസ്യമായവന്റെ വെറുക്കുന്ന കാര്യങ്ങൾ പറയൽ മസ്വ്ലഹത്താണ്. അവന്റെ ബിദ്അത്തിലേക്കും ഫിസ്‌ഖിലേക്കും ജനങ്ങൾ പോവാതിരിക്കാൻ വേണ്ടിയാണിത് (തുഹ്ഫ: 3/185).

ഇമാം ശിഹാബുദ്ദീൻ ഖൽയൂബി(റ) എഴുതുന്നു: ഇങ്ങനെ പറയൽ (ബിദ്അത്തുകാരന്റെ തിന്മകൾ) സുന്നത്താണ്. മയ്യിത്തിന്റെ ബിദ്അത്തിലേക്ക് ജനങ്ങൾ പോവുമെന്ന് ഭയപ്പെട്ടാൽ പറയൽ നിർബന്ധമാണ് (ഹാശിയത്തുൽ മഹല്ലി: 1/345).

ഇമാം മുഹമ്മദ് ശിർബീനി(റ) എഴുതുന്നു: മുബ്തദിഇലും ഫാസിഖിലും നല്ല അടയാളങ്ങൾ കണ്ടാൽ പറയാതിരിക്കൽ സുന്നത്താണ് (മുഗ്നി: 1/358).