പിണങ്ങോട് അബൂബക്കർ; ഒരു നാടിന്റെ നാമം അനശ്വരമാക്കിയ യുഗപ്രതിഭ - മമ്മുട്ടി നിസാമി തരുവണ എഴുതുന്നു
ചന്ദനക്കാറ്റിൻ സുഗന്ധസ്വരം മറഞ്ഞു പോയി.
കെ.മമ്മൂട്ടി നിസാമി തരുവണ
...................................................................
പിണങ്ങോട് അബൂബക്കർ .ഒരു നാടിന്റെ നാമം അനശ്വരമാക്കിയ യുഗപ്രതിഭ.
കതിരും, കാമ്പും വേണ്ടുവോളമുള്ള പ്രഭാഷണം കേൾക്കണമെങ്കിൽ പിണങ്ങോട് തന്നെ വേണമായിരുന്നു.
തുടക്കം മുതൽ തീരുന്നത് വരെ ഒറ്റയിരിപ്പിൽ കേൾക്കാൻ മാത്രം വശ്യമനോഹരമായിരുന്നു ആ അധരം പൊഴിക്കുന്ന വാഗ്ദോരണികൾ.
പുണ്യ പ്രവാചകരാണ് പ്രമേയമെങ്കിൽ പറയേണ്ടതില്ല.മക്കയും മദീനയും മരുഭൂമിയും പുണ്യവദനങ്ങളും കൺമുമ്പിൽ തെളിഞ്ഞു വരും. മന തലങ്ങൾ ഉഴുതുമറിച്ച് കണ്ണുകൾ മഴക്കാലമാകും.
മഹാരഥൻമാർ പിണങ്ങോടിന് ഒരു വീക്നെസ്സ് തന്നെയായിരുന്നു. വരക്കൽ തങ്ങളും, കണ്ണിയത്തോരും, ശംസുൽ ഉലമയും മുതൽ പരമ സൂക്ഷ്മരായ പരശ്ശതം സൂഫിയാക്കൾ അദ്ധേഹത്തിന്റെ നാവിലൂടെ പുനർജനിച്ചു നടന്നു വന്നു.
ത്യാഗനിർഭരമായ മഹാമനീഷികളുടെ സുകൃത ജീവിതം നനവു ചോരാതെ വിവരിച്ചു തരുമ്പോൾ വിതുമ്പാതെ കേട്ടിരിക്കാനാവുമായിരുന്നില്ല.
കേവലം പറച്ചിലിലൊതുക്കാതെ മഹത്തുക്കളുടെ കാലടിപ്പാടുകൾ അണു അളവ് തെറ്റാതെ അനുധാവനം ചെയ്യുന്നതിലും പിണങ്ങോട് പൂർണ്ണ വിജയം കൈവരിച്ചു.
പരമകാരുണികന്റെ അനുഗ്രഹ കൈയ്യൊപ്പ് നാവിലെന്ന പോലെ തൂലികത്തുമ്പിലും ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വവ്യക്തിത്വത്തിന്നടമയായിരുന്നു പിണങ്ങോട്. എണ്ണമറ്റ കപടവാദികളാണ് പിണങ്ങോടിന്റെ മൂർച്ചയേറിയ തൂലികക്ക് മുമ്പിൽ പിടഞ്ഞു വീണത് .
അൻപതിലധികം മഹൽ ഗ്രന്ഥങ്ങൾ അദ്ദേഹം ലോകത്തിന് സമർപ്പിച്ചു. എഴുതിത്തീർത്ത കാലികലേഖനങ്ങൾക്ക് കൈയ്യും കണക്കുമില്ല.
വായിച്ചു തുടങ്ങിയാൽ അന്ത്യാക്ഷരം കാണാതെ പേജ്മറിക്കുവാൻ ആർക്കും സാധ്യമാവില്ല. അത്ര മധുരമായിരുന്നു ആ വരികൾക്ക് .
ചരിത്രം, സാഹിത്യം, ശാസ്ത്രം, രാഷ്ട്രീയം, തത്വശാസ്ത്രം .. വിഷയം ഏതായാലും പിണങ്ങോടിന്റെ പേന മുനക്ക് സരളം,സുമോഹനം..
വാക്കിലും, എഴുത്തിലും പിണങ്ങോടിന് പകരം പിണങ്ങോട് മാത്രം.മലയാളത്തിന് പിണങ്ങോടിയൻ ശൈലി സമ്മാനിച്ച് ആ മന്ദമാരുതൻ പടിയിറങ്ങുമ്പോൾ ഹൃദയത്തിന്റെ ശോകമൂകമായ കനത്ത ഭിത്തിയിൽ ഓർമ്മകൾ ശക്തിയിലിടിച്ച് കലപില കൂട്ടുന്നു.
അവ നുറുങ്ങുന്ന വേദനകളായി തികട്ടിത്തികട്ടിവരുന്നു.
വക്കീല് തോറ്റു പോകുന്ന നിയമ പരിജ്ഞാനത്തിന്റെ വിശ്വവിജ്ഞാന കോശമായിരുന്നു അദ്ധേഹം.
സമസ്ത കുടുംബത്തിന് പിണങ്ങോടിനോളം ഉപകാരിയായ മറ്റൊരാൾ വേറെയുണ്ടോ എന്നത് സംശയമാണ്. സമസ്തയുടെ ചരിത്രവും വർത്തമാനവും ഇത്രമേൽ ഇഴചേർത്ത് പിടിച്ച മറ്റാരാളും ഇല്ലെന്നത് ഒരു വലിയ സത്യം തന്നെ.
ജംഇയ്യത്തുൽ മുഅല്ലിമീന്റെ പ്രവർത്തങ്ങൾ ഏറ്റവും ചിട്ടപ്പെട്ടതും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതും അദ്ധേഹം മാനേജരായിരുന്നപ്പോഴായിരുന്നുവല്ലോ.
എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി, ട്രഷറർ, സുപ്രഭാതം എഡിറ്റർ, അങ്ങിനെയങ്ങിനെ പിണങ്ങോടിന്റെ കൈവിരൽ പതിയാത്ത മേഖലകളില്ല.
തൊട്ടതെല്ലാം പൊന്നാക്കുവാൻ അദ്ധേഹത്തിന് സാധിച്ചു.
കേരള മുസ്ലിംകളുടെ ധാർമ്മിക രാഷ്ട്രീയ മുന്നേറ്റത്തിന് പിണങ്ങോട്ടുകാരുടെ സ്വന്തം അബൂബക്കർ ഹാജി തന്റേതായ സംഭാവനകൾ സമൃദ്ധമായി സമർപ്പിച്ചു. മുസ്ലിം ലീഗിന്റെ പച്ചക്കൊടിയും, സമസ്തയുടെ മൂവർണ്ണക്കൊടിയും അദ്ധേഹം ഒരുമിച്ചു പിടിച്ചു. പാണക്കാട് സാദാത്തീങ്ങളുടെ മനം കീഴടക്കിയ സ്നേഹഭാജനമാകുവാൻ അദ്ധേഹത്തിന് സാധിച്ചു.
പുണ്യങ്ങൾ പെയ്തിറങ്ങുന്ന വിശുദ്ധ റമളാനിൽ കരുണയുടെ പ്രഥമ പത്തിൽ ആ മഹാത്മാവിനെ പടച്ചവൻ തിരിച്ചുവിളിച്ചു.
എണ്ണമറ്റ പുണ്യങ്ങളാൽ ജീവിതം ധന്യമാക്കിയ അദ്ധേഹത്തിന്റെ റൂഹ് ഇല്ലിയീനിലെത്തിയിട്ടുണ്ടാവും.ഹൂറികൾ നാണം കുണുങ്ങി തങ്ങളുടെ പുതുമാരനെ കാത്തിരിക്കുന്നുണ്ടാകും.
അല്ലാഹു അദ്ധേഹത്തെ സ്വീകരിക്കട്ടെ
കെ.മമ്മൂട്ടി നിസാമി തരുവണ
Post a Comment