സാംക്രമിക രോഗങ്ങളും ജുമുഅ ജമാഅത്തും - എം.ടി അബൂബക്കർ ദാരിമി പനങ്ങാങ്ങര


എം. ടി അബൂബക്കർ ദാരിമി

ഉമർ (റ) ഒരു സംഘവുമായി ശാമിലേക്ക് പോയപ്പോൾ അവിടെ "ത്വാഊൻ" എന്ന രോഗം പിടിപെട്ടതായി അറിഞ്ഞു. എങ്കിൽ അങ്ങോട്ട്‌ പോകേണ്ടെന്ന് തീരുമാനിച്ചു തിരിച്ചുപോന്നു എന്ന് പറയുന്ന സംഭവത്തിലും അതുമായി ബന്ധപ്പെട്ട ഹദീസിലും പറഞ്ഞ രോഗം "ത്വാഊൻ'' ആണ്. ഇതു പിശാചുമായി ബന്ധപ്പെട്ട ഒരു പ്രത്യേക രോഗമാണ്. ത്വാഊനും ദജ്ജാലും മക്കയിലും മദീനയിലും പ്രവേശിക്കുകയില്ല എന്ന് നബി(സ) പറഞ്ഞിരിക്കുന്നു. അതേസമയം മദീനയെ സംബന്ധിച്ച് ആഇശ ബീവി പറഞ്ഞത് :-
قالَتْ: وقَدِمْنا المَدِينَةَ وهي أوْبَأُ أرْضِ اللَّهِ
മദീന വളരെയധികം സാംക്രമിക രോഗ ബാധയുള്ള സ്ഥലമെന്നാണ്. അതിൽനിന്നും മനസിലാക്കാം ത്വാഊൻ ഒരു പ്രത്യേക രോഗമാണെന്ന്. 

 ത്വാഊൻ ബാധിച്ച നാട്ടിലേക്ക് പോകലും അവിടെ നിന്ന് പുറത്തുപോകലും ഹറാമാണെന്ന വിധി മറ്റു സാംക്രമിക രോഗങ്ങൾക്ക് ബാധകമല്ല. ചികിത്സ പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ ത്വാഊനുള്ള നാട്ടിലേക്ക് പോകുന്നതിനോ അവിടെനിന്നും പുറത്തുപോകുന്നതിനോ യാതൊരു വിരോധവുമില്ല. ഒരു രാജ്യം മുഴുവൻ അല്ലെങ്കിൽ ഭൂമി മുഴുവൻ ത്വാഊൻ പരന്നിട്ടുണ്ടെങ്കിൽ പിന്നെ ആ രാജ്യത്തിൽ അല്ലെങ്കിൽ ഭൂമിയിൽ അങ്ങുമിങ്ങും പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനും വിരോധമില്ല. (ഫതാവൽ കുബ്‌റ 4-447 to 446 കാണുക)

കുഷ്ട രോഗിയിൽ നിന്ന് നീ ഓടിക്കോ എന്ന ഹദീസിന്റെ ഒരു അർത്ഥം അത്തരം രോഗികൾ ഉള്ളിടത്തു നിന്ന് നീ മാറുക. അങ്ങോട്ട്‌ ചെല്ലരുത് എന്നാണ്. പൊതുസ്ഥലങ്ങളിൽ ഉദാഹരണം, പള്ളി, അങ്ങാടി, പൊതു ഗതാഗത വാഹനങ്ങൾ പോലുള്ള സ്ഥലങ്ങളിൽ അത്തരക്കാർ വരുന്നത് ഒഴിവാക്കണമെന്നാണ്. (ഫതാവൽ കുബ്‌റ 1-212 കാണുക) അല്ലാതെ പൊതു സ്ഥലങ്ങളിൽ അത്തരക്കാർ വന്നാൽ മറ്റുള്ളവർ അവിടെ നിന്ന് മാറണം എന്നല്ല. അങ്ങനെ ഹദീസിനെ മനസ്സിലാക്കരുത്. നബി(സ) തന്നെ കുഷ്ഠ രോഗിയുടെ കൂടെ ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച ഹദീസുമുണ്ട്. 

പകർച്ച രോഗമുള്ളവനിൽ നിന്ന് വിട്ടുനിൽക്കണമെന്ന വിധി തന്നെയും, രോഗം പകരുമെന്ന ഊഹത്തിന്റെയോ തോന്നലിന്റെയോ അടിസ്ഥാനത്തിലാണെങ്കിലല്ല.  രോഗബാധയുണ്ടെന്നും അതു പകരുമെന്നും വ്യക്തമായ അനുമാനമോ  ഉറപ്പോ ഉണ്ടെങ്കിലാണ്. ഒരു വാഹനം നമുക്ക് നേരെ ചീറിവരുന്നുണ്ടെങ്കിൽ അവിടെ നിന്ന് ഓടണം. എന്നാൽ വാഹനം വരാമെന്ന് ഊഹിച്ചു ഓടണമെന്നല്ല.  അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിൽ പല പകർച്ച വ്യാധികളുമുണ്ടാകാറുണ്ട്. വിദ്യാലയങ്ങളിലൂടെയും മുതിർന്നവരിൽ നിന്നും കുട്ടികളിൽ രോഗം പകരാറുണ്ട്. അതിനാൽ അത്തരം സ്ഥലങ്ങളിൽ നിന്ന് സിംഹത്തിൽ നിന്ന് ഓടുന്നതുപോലെ ഓടണം, അവിടെ നിൽക്കൽ ഹറാമാണ് എന്ന് പറയാൻ പറ്റില്ലല്ലോ.

പറഞ്ഞുവരുന്നത്, ശർഇയ്യായ ഹറാം, വുജൂബ് എന്ന് വിധി പറയാൻ മേൽ ഹദീസുകൾ തെളിവല്ല. എന്നാൽ ജീവിത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നത്, ആ നിലയിൽ നല്ലതുമാണ്. എന്നാൽ അതു ജുമുഅ ജമാഅത്തുകൾ ഒഴിവാക്കാനുള്ള കാരണമല്ല.