ഇത്രയും നല്ല കാഴ്ചപ്പാടുകളുള്ള ഒരു യുവജന നേതാവിനെ ഞാൻ കണ്ടിട്ടില്ല - സത്താർ പന്തല്ലൂരിനെക്കുറിച്ച് മുസ്ലിം ലീഗ് ജില്ലാ നേതാവ് നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു..


സത്താർ പന്തല്ലൂരിനെ
ക്രൂശിക്കാൻ ശ്രമിക്കുന്നവരോട്....

 മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ ശ്രദ്ദേയമായ കുറിപ്പ്

1991-ലെ ഒരു മധ്യവേനലവധി.
മലപ്പുറം ഗവൺമെന്റ് കോളേജ് അങ്കണത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു പ്രസംഗ മത്സര വേദിയിൽ സുമുഖനും ഊർജ്ജസ്വലനുമായ ഒരു വിദ്യാർത്ഥി സംഘാടകർ നൽകിയ വിഷയത്തിൽ ഒതുങ്ങി നിന്ന് കൊണ്ട് അഞ്ച് മിനിറ്റിനുള്ളിൽ അതിമനോഹരമായ ഒരു പ്രസംഗം കാഴ്ചവെക്കുകയാണ്. സംഘാടകരുടേയും ശ്രോതാക്കളുടേയും മുഴുവൻ ശ്രദ്ധയും തന്നിലേക്ക് ആകർഷിക്കുന്ന ആ പ്രസംഗപാടവം എല്ലാവരുടെയും പ്രശംസ പിടിച്ച് പറ്റുകയുണ്ടായി. ജൂനിയർ വിഭാഗത്തിൽ ഈ വിദ്യാർത്ഥി മത്സരിക്കുമ്പോൾ സീനിയർ വിഭാഗത്തിൽ മത്സരാർത്ഥിയായി ഞാനുമുണ്ടായിരുന്നു അവിടെ. പന്തല്ലൂർ സ്വദേശിയായ സത്താർ എന്ന  വിദ്യാർത്ഥിയായിരുന്നു അത്. അന്ന് മുതലാണ് സത്താർ പന്തല്ലൂരിനെ ഞാൻ കണ്ടു തുടങ്ങുന്നത്.  

മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റി "മാറ്റ്-91" എന്ന പേരിൽ സർഗധനരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് വേണ്ടി ശാഖാ തലം മുതൽ ജില്ലാ തലം വരെ നടത്തിയ കലാസാഹിത്യമത്സരങ്ങളുടെ വേദിയായിരുന്നു അത്. ആനക്കയം പഞ്ചായത്തിനെ പ്രതിനിധീകരിച്ചായിരുന്നു സത്താർ പന്തല്ലൂർ പങ്കെടുത്തത്. പിന്നീട്  മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് മോഡൽ ഹൈസ്കൂളിൽ വെച്ച് നടത്തിയ ജില്ലാതല മത്സരത്തിൽ വിജയിച്ചതും മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ച സത്താർ തന്നെയായിരുന്നു. 'സാമുദായിക രാഷ്ട്രീയത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലെ സംസാരമാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. 

അടുത്ത കാലത്തായി സത്താർ പന്തലൂരിനെതിരെ ചിലർ സൈബർ ആക്രമണം നടത്തുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെടാറുണ്ട്.  സത്താറുമായി ഒരിക്കലും ഇടപഴകാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തുവരുന്നതെന്ന് അവരുടെ പ്രചാരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. 

വർഷങ്ങളായി അടുത്ത ബന്ധമുള്ള എനിക്ക് അദ്ദേഹത്തെ ഒരു ലീഗ് വിരോധിയായി കാണാൻ കഴിയില്ല. മാത്രമല്ല പാർട്ടിക്ക് ഗുണകരമായ ധാരാളം ആശയങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹം ഞാനുൾപ്പടെയുള്ളവരുമായി  പലപ്പോഴും പങ്ക് വെച്ചിട്ടുമുണ്ട്.

ആനക്കയം പഞ്ചായത്തിൽ മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച പ്രധാനികളിലൊരാളാണ് ഇന്നും പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡൻ്റായ പാലപ്ര മുഹമ്മദ് മാസ്റ്റർ. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ്റെ മകനാണ് പ്രിയപ്പെട്ട സത്താർ. പാർട്ടിക്ക് വേണ്ടി വലിയ ത്യാഗം ചെയ്ത കുടുംബമാണ് അവരുടേത്. ഒരു സംഘർഷവുമായി ബന്ധപ്പെട്ട്
പാർട്ടി ശത്രുക്കൾ ഉണ്ടാക്കിയ കള്ളക്കേസിൻ്റെ പേരിൽ പാലപ്ര മുഹമ്മദ് മാസ്റ്റർ ഒന്നര വർഷം കണ്ണൂർ സെൻട്രൽ ജയിലിൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിച്ചു. ആ കേസുമായി ബന്ധപ്പെട്ട ഫയലുകളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന സത്താറിനെ പലപ്പോഴും കണ്ടിട്ടുണ്ട്. ജയിലിൽ നിന്നു തിരിച്ച് വന്നിട്ടും യാതൊരു മടിയുമില്ലാതെ പാർട്ടി പ്രവർത്തനത്തിൽ സജീവ സാന്നിധ്യമാണ് പാലപ്ര മാസ്റ്റർ.
 
ആനക്കയം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി വിശുദ്ധ റമളാനിൽ വർഷങ്ങളായി നടത്തി വരുന്ന പഠനക്യാമ്പിൽ ഒരു ക്ലാസ്സ് സത്താറിൻ്റേതായിരിക്കും. 
അവരുടെ കുടുംബത്തിൽ ആരും ലീഗ് രാഷ്ട്രിയത്തിൻ്റെ പുറത്തല്ല.
ഇതൊക്കെ ആർക്കും അന്വേഷണത്തിൽ മനസ്സിലാക്കാവുന്നതാണ്. മലപ്പുറം മണ്ഡലത്തിൽ, ആനക്കയം പഞ്ചായത്തിൽ സത്താറിനോളം പൊതു വിഷയങ്ങളിലും സാമുദായിക കാര്യങ്ങളിൽ കൃത്യമായ ധാരണയും നല്ല ധാരാളം കാഴ്ചപ്പാടുകളും ഉള്ള ഒരു യുവജന നേതാവിനെ ഞാൻ കണ്ടിട്ടില്ല. ഞാൻ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാർട്ടി ഘടന കാര്യക്ഷമമാക്കുവാനും കീഴ്ഘടകങ്ങളിൽ പ്രവർത്തകരെ ചിട്ടപ്പെടുത്താനും എൻ്റെ ആവശ്യപ്രകാരം സത്താർ ഒരു പ്രൊജക്ട് തന്നെ തയ്യാറാക്കി നൽകിയിരുന്നു. അത് ഒരു പരിധി വരെ വിജയകരമായി നടപ്പാക്കുകയും ചെയ്തു.

പിന്നെ അദ്ദേഹത്തിൻ്റെ വ്യക്തി ബന്ധങ്ങൾ ഒരു പോരായ്മയായല്ല, ഗുണമായാണ് കാണേണ്ടത്. തൻ്റെ ആശയങ്ങളിലും സംഘടനാ നിലപാടുകളിലും ഉറച്ച് നിൽക്കുമ്പോഴും വിവിധ മതവിഭാഗങ്ങൾ, മറ്റു മത സംഘടനാ നേതാക്കൾ, വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ, മാധ്യമ പ്രവർത്തകർ, മറ്റു പൊതുപ്രവർത്തകർ ഇങ്ങനെ നിരവധി പേരുമായി അദ്ദേഹത്തിന് വ്യക്തി ബന്ധങ്ങളുണ്ട്. എന്നാൽ അവരുടെ മുന്നിലൊന്നും അത് അടിയറ വെക്കുകയുമില്ല. സമസ്തയുടെ പ്രധാന പോഷക ഘടകമായ എസ് കെ എസ് എസ് എഫിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി മൂന്നാമതും ഐക്യഖണ്ഡേന തെരഞ്ഞെടുക്കപ്പെടുന്നത് സംഘടനാ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിൻ്റെ ഇടപെടലുകൾ എന്നും കൗതുകത്തോടെയാണ് ഞാൻ വീക്ഷിക്കാറുള്ളത്. പലരും ചില തെറ്റായ മുൻ വിധിയോടെ അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നത് ഖേദകരമാണ്. വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള നിരവധി വിദ്യാർത്ഥി യുവജനങ്ങൾ അണിനിരന്ന ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് അദ്ദേഹത്തിന് നിഷ്പക്ഷ നിലപാട്‌ സ്വീകരിക്കേണ്ടി വരുന്നതും സമുദായത്തിൻ്റെ ആവശ്യങ്ങൾ തുറന്ന് പറയേണ്ടി വരുന്നതും സ്വാഭാവികമാണ്. അത് ഇന്ന് വരെ അദ്ദേഹത്തിൻ്റെ സംഘടനയുടെ പാരമ്പര്യത്തിനും ആദർശത്തിനും എതിരായിട്ടില്ലൊന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ പലപ്പോഴും പറയാൻ സാധിക്കാതെ വരുന്ന കാര്യങ്ങൾ സത്താറിനെ പോലുള്ളവർ പറയുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. ഇങ്ങനെയൊരു വ്യക്തിയെ അനാവശ്യ വിവാദത്തിൽപ്പെടുത്തി ക്രൂശിക്കാൻ ശ്രമിക്കുന്നത് ഒരിക്കലും നീതികരിക്കാൻ കഴിയില്ല. നന്മയെ കാണാനും അതിനെ പ്രോത്സാഹിപ്പിക്കാനുമാണ് നല്ല മനസ്സുള്ളവർ ശ്രദ്ധിക്കേണത്.

നൗഷാദ് മണ്ണിശ്ശേരി.