അർദ്ധരാത്രിയിൽ പെരുമഴയത്ത് ആ കടത്തിണ്ണയിൽ ശിഹാബ് തങ്ങൾ... വൈറലായ ആ കുറിപ്പ് ഒരിക്കൽ കൂടി
കേരള മുസ്‌ലിംകള്‍ക്ക് പതിറ്റാണ്ടുകള്‍ സൗമ്യശാന്തമായി വഴികാട്ടിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഊഷ്മളമായ ഓര്‍മകള്‍ പേറുന്ന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ കുറിപ്പ് ഒരിക്കൽ കൂടി വായിക്കാം. പാതിരാത്രി ആരോരുമില്ലാതെ പെരുമഴയത്ത് പെട്ടുപോയ പൂര്‍ണ ഗര്‍ഭിണിയായ മകള്‍ക്കും വൃദ്ധമാതാവിനും തങ്ങള്‍ തുണയായ അപൂര്‍വ്വാനുഭവമാണ് കുറിപ്പ് പങ്കിടുന്നത്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും വൈറലായത് റിയാസ് ടി.അലി എഴുതിയ കുറിപ്പ്.
കുറിപ്പ് താഴെ
അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ട്. മകള്‍ക്കു പെട്ടെന്നു പ്രസവ വേദനയനുഭവപ്പെട്ടപ്പോള്‍ ആ വൃദ്ധ മാതാവിനു വല്ലാത്ത ആധിയായി. ഹോസ്പിറ്റലില്‍ വേഗം എത്തണം. പരിസരത്തൊന്നും വീടുമില്ല. സഹായത്തിനൊരാളുമില്ല. പുറത്താണെങ്കില്‍ കോരിച്ചൊരിയുന്ന മഴ...! ഈ പെരുമഴയത്ത് ആരെ വിളിക്കാന്‍ ...? വിളിച്ചാല്‍ത്തന്നെ ആരു വരാന്‍ ...? ഇങ്ങനെയുള്ള വിഷമചിന്തകള്‍ അവരെ വല്ലാതെയലട്ടി.
പൂര്‍ണഗര്‍ഭിണിയായ മകള്‍ കഠിനവേദനയാല്‍ കരയുന്നു. അമ്മ വലതുകൈയിലൊരു കുടയും ഇടതു കൈയില്‍ മകളെ ചേര്‍ത്തുപിടിച്ചും മുറ്റത്തേക്കിറങ്ങി. ഒരു കിലോമീറ്ററോളം നടന്ന്
മെയിന്‍ റോഡിലെത്തി. കോഴിക്കോട് പാലക്കാട് റൂട്ടില്‍ അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും വാഹനത്തിരക്കിനൊരു കുറവുമില്ല. ലോഡ് കയറ്റിയ അശോക് ലൈലാന്‍ഡ് തമിഴന്‍ ഗുഡ്‌സ് വാഹനങ്ങളും ടാങ്കര്‍ ലോറികളും ഏങ്ങിയും വലിഞ്ഞും മുരണ്ടും കടന്നു പോകുന്നു. വിലകൂടിയ പുത്തന്‍ മോഡലുകളിലുള്ള കാറുകളും ഇടക്കിടെ ചീറിപ്പായുന്നുണ്ട്. അമ്മ വാഹനങ്ങളേതാണെന്നൊന്നും നോക്കിയില്ല. കൈകാണിക്കാന്‍ തുടങ്ങി. ഒന്നും നിര്‍ത്തുന്നില്ല. തങ്ങളെ പുച്ഛിച്ചുകൊണ്ടാണ് അവ കടന്നുപോകുന്നതെന്നു പോലും തോന്നി അവര്‍ക്ക്....
സമയം വൈകുകയാണ്. മകളുടെ വേദനക്കൊപ്പം മാതൃഹൃദയത്തിന്റെ വേദനയും ശതഗുണീഭവിച്ചു. മകളെയും താങ്ങി ഒരമ്മ റോഡരികില്‍ നില്‍ക്കുന്നു. അവശയായ മകള്‍, ആ അമ്മയുടെ തോളിലേക്കു ചാഞ്ഞു കൊണ്ടു വേദന കടിച്ചമര്‍ത്തി. വരുന്ന വാഹനങ്ങള്‍ക്കൊക്കെ അവര്‍ കൈകാണിക്കുന്നുണ്ട്. 'മക്കളേ, ഒന്നു നിര്‍ത്തണേ...' അമ്മ ആരോടെന്നില്ലാതെപറയുന്നു. ദൈന്യമായ മുഖത്തോടെയും പരിഭ്രമത്തോടെയും ആ പെണ്‍കുട്ടിയും കരഞ്ഞുകൊണ്ട് കാണിക്കുന്ന ദയനീയ രംഗം! വാഹനങ്ങള്‍ പലതും കടന്നു പോയി. അപ്പോഴും തുള്ളിക്കൊരുകുടമായി മഴ പെയ്തുകൊണ്ടിരുന്നു...
'അമ്മേ.. ഇനിയെന്താ ചെയ്യാ.. ഒരു വണ്ടീം നിര്‍ത്തുന്നില്ലല്ലോ....!' വേദനയേറി വയറിന്മേല്‍ ഇരുകൈകളും ചേര്‍ത്തുപിടിച്ചുകൊണ്ട് പെണ്‍കുട്ടി നിലത്തിരുന്നുപോയി. മുളന്തണ്ട് കീറുന്ന ശബ്ദത്തിലുള്ള നിലവിളി പെരുമഴയത്തലിഞ്ഞില്ലാതെയായി. വൃദ്ധമാതാവിന്റെ ഉള്ള ധൈര്യവും ചോര്‍ന്നുതുടങ്ങി. നിസ്സഹായതയുടെ നിമിഷങ്ങള്‍ ....!
ദൂരെ നിന്നൊരു വാഹനം മെല്ലെ വരുന്നുണ്ട്. പ്രതീക്ഷയോടെ വീണ്ടുമവര്‍ കൈകാണിച്ചു. വാഹനം അവരുടെ സമീപത്തേക്കു ഒതുങ്ങിനിന്നു. സൈഡ് വിന്‍ഡോ താഴ്ത്തപ്പെട്ടു. ഡ്രൈവറും വേറെയൊരാളും മാത്രമാണ് കാറില്‍. സുസ്‌മേരവദനനായിഅദ്ദേഹം കാര്യമന്വേഷിച്ചു. വിവരങ്ങളറിഞ്ഞതില്‍ പിന്നെ ഒട്ടും താമസിച്ചില്ല. അവര്‍ക്കായി ആ വാഹനത്തിന്റെ വാതില്‍ തുറക്കപ്പെട്ടു.തൂവെള്ള വസ്ത്രധാരിയായ ആ മനുഷ്യന്‍ കാറില്‍ നിന്നിറങ്ങി. ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നു. എല്ലാം തലയാട്ടി സമ്മതിച്ച് ഡ്രൈവര്‍ ആ അമ്മയോടും മകളോടും കയറാന്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന ആ മനുഷ്യനെ വിജനമായ നടുറോഡില്‍ തനിച്ചാക്കി വാഹനം മലപ്പുറത്തെ ഒരു ഹോസ്പിറ്റലിലേക്കു പാഞ്ഞു.
ചെറുപ്പക്കാരനായ ആ ഡ്രൈവര്‍ അവരെ ഹോസ്പിറ്റലിലാക്കി അവരുടെ അത്യാവശ്യ കാര്യങ്ങളിലൊക്കെ ഇടപെട്ട് പെണ്‍കുട്ടി പ്രസവിച്ച വാര്‍ത്തയുമായാണ് തിരിച്ചെത്തിയത്. ഒരു മണിക്കൂറിലധികം നേരം വിജനമായ സ്ഥലത്ത് പെരുമഴയുള്ള രാത്രിയില്‍ ഒരു കടത്തിണ്ണയില്‍ ഏകനായി അദ്ദേഹം കഴിച്ചുകൂട്ടി. ഡ്രൈവര്‍ തിരിച്ചെത്തുമ്പോഴും അവരുടെ വിവരങ്ങള്‍ക്കായി കാത്തിരുന്ന് അല്‍പം പോലും മുഷിപ്പുകാണിക്കാത്ത ആ മഹാ മനീഷി മറ്റാരുമായിരുന്നില്ല, കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനായ നേതാവ് ശിഹാബ് തങ്ങളായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍...!
ഡ്രൈവര്‍ മുജീബ് പറയുന്നു: വഴിയില്‍ ഇങ്ങനെയൊരു രംഗം കണ്ടപ്പോള്‍ ശിഹാബ് തങ്ങള്‍ വാഹനം നിര്‍ത്താനും കാര്യം മനസ്സിലായപ്പോള്‍ അവരെ വേഗം ഹോസ്പിറ്റലിലെത്തിക്കാനും ആവശ്യപ്പെട്ടു. വഴിയിലിറങ്ങി നിന്ന തങ്ങളോട് 'തങ്ങളേ, അങ്ങിവിടെ ഒറ്റയ്ക്ക്.....' പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുമ്പേ ശാസനപോലെ പറഞ്ഞുവത്രേ, മുജീബേ, നീയവരെ ഹോസ്പിറ്റലിലാക്കി വാ..! എന്ന്.
പോകുമ്പോള്‍ സാമ്പത്തികമായോ മറ്റോ സഹായമെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതു ചെയ്തുകൊടുക്കാനും അതിനായുള്ള തുകയും തങ്ങള്‍ മുജീബിനെ ഏല്‍പിച്ചിരുന്നുവത്രേ...!
മറ്റു വാഹനങ്ങളിലെ മനുഷ്യരെപ്പോലെ അദ്ദേഹത്തിനും ചീറിപ്പാഞ്ഞു പോകാമായിരുന്നു, ആരുമറിയാതെ..! പക്ഷേ, മറ്റുള്ളവരില്‍ നിന്ന്, മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനായിരുന്നു തങ്ങള്‍. ആ ജീവിതവും സഹജീവികളോടുള്ള പെരുമാറ്റവും ഇന്നും മങ്ങാത്തൊരോര്‍മയാണ്, ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ചില സുഗന്ധമലരുകള്‍ ...!
തങ്ങളേ, പ്രാര്‍ത്ഥനകള്‍ ...!.....അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
Post a Comment