പുതിയ രീതിയിലുള്ള പെണ്ണുകാണൽ ചടങ്ങ് വിവാദമാകുന്നു
മലബാറിലെ മുസ്ലിം വിവാഹത്തിന് മുന്നോടിയായി രൂപം കൊണ്ട പെണ്ണുകാണൽ ചടങ്ങിനെതിരെ പരക്കെ ആക്ഷേപം ഉയരുന്നു. കെട്ടാൻ പോകുന്ന പെണ്ണിനെ കാണാൻ വരന്റെ വീട്ടുകാരും ബന്ധുക്കളും ഒന്നിച്ച് വധുവിന്റെ വീട്ടിലെത്തുന്ന പുതിയ സമ്പ്രദായമാണ് വിമർശിക്കപ്പെടുന്നത്. വരന്റെ ബന്ധുക്കളും, അയൽവാസികളും, കൂട്ടുകാരുമടങ്ങുന്ന സംഘത്തിൻറെ കൈകളിൽ പതിനായിരങ്ങൾ വിലവരുന്ന വർണ്ണാഭമായ മിഠായികളും, ഈന്തപ്പഴം, പിസ്ത, കശുവണ്ടി, പരിപ്പ് തുടങ്ങിയ നട്സുകളും വധുവിന് ആഭരണവും വസ്ത്രവും മൊബൈൽ ഫോണും കൂടെ കൊണ്ടുവരും. അണിഞ്ഞൊരുങ്ങി നിൽക്കുന്ന മണവാട്ടി പിന്നെ കേക്ക് മുറിക്കാൻ തുടങ്ങും, അവൾ അത് വന്നിരിക്കുന്ന സംഘത്തിന് കൈമാറും. പിന്നീട് വധുവിനെ വീട്ടുകാർ തയ്യാറാക്കിയ ഭക്ഷണങ്ങൾ തീൻമേശയിൽ നിറയും. ഈ സമ്പ്രദായം എങ്ങനെയാണ് സമുദായത്തിൽ കടന്നുകൂടിയതെന്ന് അറിയില്ല. എതിർക്കപ്പെടേണ്ടതും അനാവശ്യവുമായ ഈ ചടങ്ങിനെതിരെ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ..
വിവാഹ ചടങ്ങിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് നടക്കുന്ന ഈ പുതിയ രീതി സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയാണ്. നിശ്ചയം നിക്കാഹ് വിവാഹസൽക്കാരം ഇവയൊക്കെ പരമാവധി ലളിതമാക്കാൻ മാതൃകാപരമായി നടത്തുന്നതിനുവേണ്ടിയും മതസംഘടനകൾ ശക്തമായി ഇടപെടേണ്ടതുണ്ട്.
കല്യാണത്തിന്റെ രണ്ടുനാൾ മുമ്പ് വീട്ടുകാരും ബന്ധുക്കളും ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കുന്ന രീതിയും ചിലയിടങ്ങളിലുണ്ട്. വസ്ത്രത്തിന്റെ നിറത്തിലാണ് കല്യാണം ദിവസത്തിൻറെ പേരറിയപ്പെടുന്നതും. കൊവിഡ് കാലം നൽകിയ ലളിതമായ വിവാഹ രീതി പാടെ മറിഞ്ഞു തുടങ്ങിയിരിക്കുകയാണ്. പുതിയ രീതിയിലുള്ള പെണ്ണുകാണൽ ചടങ്ങിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും സജീവ ചർച്ച നടന്നുവരികയാണ്.
Post a Comment