ഇസ്‌ലാമും കമ്മ്യൂണിസവും - മാണിയൂർ അഹ്‌മദ്‌ മുസ്‌ല്യാർ

 


 "ഇസ്‌ലാമും കമ്മ്യൂണിസവും"

മാണിയൂർ അഹ്‌മദ്‌ മുസ്‌ല്യാർ

   കമ്മ്യൂണിസത്തോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും ഇസ്ലാം പൂർണ്ണമായും എതിരാകുന്നു . ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ഒരിക്കലും ഒരു മുസ്ലിമായിരിക്കുകയില്ല . അതുപോലെ ഒരു മുസ്ലിം യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനാകാനും നിർവ്വാഹമില്ല . ഇസ്ലാമും കമ്മ്യൂണിസവും തമ്മിൽ ഒരിക്കലും ഒരു വിധത്തിലും പൊരുത്തപ്പെട്ടു പോകുക സാധ്യമല്ല . കാരണം എല്ലാ മുസ്ലിംകളും സ്രഷ്ടാവും സർവ്വശക്തനുമായ അല്ലാഹുവിൽ വിശ്വസിക്കുന്നു . മുസ്ലിമിന്റെ അഖില ജീവിതമണ്ഡലങ്ങളെയും നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഈ വിശ്വാസമാണ് . അതുകൊണ്ടുതന്നെ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിലുള്ള വിശ്വാസം ഭാഗിഗമോ ആകസ്മികമായോ അല്ല , മറിച്ച് സമഗ്രവും യാഥാർത്ഥ്യവുമാണ് . അതുപോലെ തന്നെ ഐഹീകവും പാരത്രികവുമായ ജീവതത്തെയും ഭൗതികവും അഭൗതീകവുമായ വശങ്ങളെയും ഉൾകൊള്ളുന്ന സമഗ്രമായ ജീവിത പദ്ധതിയാണ് ഇസ്ലാം , മനുഷ്യ ജീവതത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ സമസ്ത പ്രശ്നങ്ങൾക്കും ഇസ്ലാം പരിഹാരം നിർദ്ദേശിക്കുന്നുണ്ട് . അതാകട്ടെ കൂടുതൽ പ്രായോഗികവും ശാസ്ത്രീയവുമാമാണ്‌ താനും.


എന്നാൽ, കമ്മ്യൂണിസം ഒരു രാഷ്ട്രീയ നയം മാത്രമല്ല , ഒരു ജീവിതദർശനം തന്നെയാണ് . മനുഷ്യന്റെ മതം , വിശ്വാസം , ആരാധന , നന്മ , തിന്മ തുടങ്ങിയവയെ സംബന്ധിച്ചെല്ലാം കമ്മ്യൂണിസത്തിനും വ്യക്തമായ ചില ധാരണകളുണ്ട് . അതു മുഴുവനും ഇസ്ലാമിന് കടകവിരുദ്ധമാണ് . കമ്മ്യൂണിസത്തിന്റെ ഉത്ഭവം തന്നെ ധാർമ്മിക സിദ്ധാന്തങ്ങളോടുള്ള വിരോധത്തിലധിഷ്ഠിതമാണ് . അതിന്റെ സ്ഥാപക നേതാക്കളുടെ പ്രസ്ഥാവനകളും ആധികാരിക ഗ്രന്ഥങ്ങളും അത് വ്യക്തമാക്കുന്നു . ചില ഉദാഹരണങ്ങൾ കാണുക .

" നാം ( കമ്മ്യൂണിസ്റ്റുകാർ ) മതത്തെ എതിർക്കുക തന്നെ വേണം . ഇതാണ് മാർക്സിസത്തിന്റെ ബാലപാഠം . ഒരു മാർക്സിസ്റ്റ് തികഞ്ഞ മതദ്രോഹിയായിരിക്കണം

നമ്മുടെ പരിപാടിയുടെ ഒരു അത്യാവശ്യ ഘടകമാണ് നിരീശ്വരത്യ പ്രചരണം . ( ലെനിൻ ദി റിലിജിയൻ പേജ് - 16 )


 മാർക്സിസത്തിന്റെ അടിസ്ഥാന തത്വം മാർക്സസും ഏംഗൽസും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് . "മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദമാണ് . അത് നിരീശ്വരത്വമാണ് . അതു കൊണ്ടു സർവ്വ മതങ്ങൾക്കും അത് എതിരാണ്." ( മാർക്സിസം പേജ് 298 )


 "മതവിശ്വാസങ്ങളിൽ നിന്ന് സ്വതന്ത്രമാകാത്ത കാലത്തോളം ഒരു യുവാവിനൊ യുവതിക്കൊ കമ്മ്യൂണിസ്റ്റ് ആവുക സാധ്യമല്ല." 

( പ്രവദ് . 18 - 10- 1947 ) )


 "മാർക്സിന്റെയും ഏംഗൽസിന്റെയും വൈരുദ്ധ്യാത്മിക ഭൗതീക വാദം സ്രഷ്ടാവായ ഈശ്വരനെ കാലഹരണപ്പെടുത്തി ."

 ( വൈരുദ്ധ്യാത്മിക ഭൗതിക വാദം പേജ് : 55 )


" പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ട് എന്നതും മാർക്സിസം അംഗീകരിക്കുന്നില്ല ."

 ( മാർക്സിസം ഒരു പഠനം പേജ് 128 ) , 


ഇങ്ങനെ സ്രഷ്ടാവിനെയും അവന്റെ മാർഗത്തെയും പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനേയുമെല്ലാം തീരെ നിഷേധിക്കുന്നതിൽ പടുത്തുയർത്തപ്പെട്ട ഒരു ജീവിത ദർശനമാണ് കമ്മ്യൂണിസം . എല്ലാവസ്തുക്കൾക്കും പ്രാഥമികമായിട്ടുള്ളത് പദാർത്ഥമാണെന്നും പദാർത്ഥം അനശ്വരമാണെന്നും കമ്മ്യൂണിസ്റ്റുകാർ സിദ്ധാന്തിക്കുന്നു . ഇത് ഇസ്ലാമിന് കടക വിരുദ്ധമായ ഒരു സിദ്ധാന്തമാണെന്ന് തെളിവുകൾ ഉദ്ധരിക്കേണ്ടതില്ലാത്ത വിധം സുവ്യക്തമാണ് . ഈ പ്രപഞ്ചം ഒരു കാലത്ത് ഉണ്ടായിരുന്നില്ല എന്നും പിന്നീട് സ്യഷ്ടിക്കപ്പെട്ടതാണ് എന്നും ഇതിന്റെ സ്രഷ്ടാവ് അല്ലാഹുവാണ് എന്നുമുള്ള ഇസ്ലാമിന്റെ മഹത്തായ ആദർശമാണ് ശരിയും ശാസ്ത്രീയവുമായിട്ടുള്ളത് . ഈ പ്രപഞ്ചത്തിന് ഒരു ജനന തീയ്യിതി ഉണ്ടെന്ന കാര്യത്തിൽ ശാസ്ത്രജ്ഞൻമാരുടെ ഇടയിൽ പക്ഷാന്തരമില്ല . അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകളുടെ പദാർത്ഥ വാദം ബാലിശവും അശാസ്ത്രീയവും കൂടിയാണ് .


 കമ്മ്യൂണിസത്തിന്റെ മറ്റൊരു സിദ്ധാന്തമാണ് വിധിവിവാദം . ഇതിനാണ് കമ്മ്യൂണിസ്റ്റുകാർ വൈരുധ്യാത്മക ഭൗതീക വ്യാഖ്യാനം എന്നൊക്കെ പറയുന്നത് . ചരിത്രത്തിലെ മാറ്റങ്ങളെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഭൗതീകങ്ങളാണെന്നാണ് കമ്മ്യൂണിസ്റ്റുകാരുടെ വാദഗതി . ഇതിന് മുസ്ലിം അംഗീകാരം നൽകില്ലെന്ന് പയേണ്ടതില്ലാത്തതിന് പുറമെ ഇസ്ലാമിന്റെ വളർച്ചതന്നെ ഈ വാദഗതിയുടെ മുന്നിൽ ഒരു ചോദ്യചിഹ്നം കൂടിയാണ് . ഇസ്ലാമിന്റെ ആവിർഭാവത്തിനും അതിന്റെ വളർച്ചയ്ക്കും പിന്നിൽ എന്തെങ്കിലും ഭൗതീക സാമ്പത്തിക കാരണങ്ങൾ കണ്ടെത്തുക സാധ്യമല്ല . സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ ആസ്തിക്യത്തിലും ഏകത്വത്തിലും ഉള്ള വിശ്വാസത്തിനും ബഹുദൈവാരാധനയിൽ മുഴുകിയിരുന്ന ജനസഞ്ജയത്തെ ഏകനും അദൃശ്യനുമായ അല്ലാഹുവിൽ വിശ്വസിക്കുന്നവരാക്കി മാറ്റിയെടുത്ത ഇസ്ലാമിന്റെ ശക്തി സാമ്പത്തിക മാറ്റങ്ങളായിരുന്നുവെന്ന് ആരെങ്കിലും പറയുമോ ? വർണ്ണ - വർഗ്ഗ- വംശ - വിവേചനങ്ങൾക്കതീതമായി എല്ലാ മനുഷ്യരും ഒരേ ഒരു അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ചു ജീവിച്ചു കൊള്ളണമെന്ന് ശാസിക്കുകയും അത് പൂർണ്ണമായ രൂപത്തിൽ നടപ്പിൽ വരുത്തുകയും ചെയ്ത ഇസ്ലാമിന്റെ വിജയത്തിന്റെ പിന്നിൽ എന്തു ഭൗതീക സാമ്പത്തീക മാറ്റങ്ങളായിരുന്നു ഉണ്ടായത് ? അടിമകളെ മോചിപ്പിക്കാൻ വേണ്ടി അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത ഇസ്ലാമിന്റെ അസൂയാവഹമായ മുന്നേറ്റത്തിന് പിന്നിൽ ഭൗതീക മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല . സ്ത്രീ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി ആഹ്വാനം ചെയ്ത് അത് നേടിയെടുത്ത തത്വശാസ്ത്രമാണല്ലോ ഇസ്ലാം അതിന്റെ പിന്നിലും കമ്മ്യൂണിസ്റ്റുകൾ പറയുന്ന സാമ്പത്തിക ചലനങ്ങൾ കാണപ്പെടുകയില്ല . മനുഷ്യരുടെ മേൽ സാമൂഹികമായ അനീതിയും അടിമത്വവും അടിചേൽപ്പിക്കുന്ന പലിശയെ ഇസ്ലാം കർശനമായി നിരോധിച്ചിരിക്കുന്നു . മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ മാനദണ്ഡങ്ങളേയും ധാർമിക സദാചാര മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ ഇസ്ലാമിന്റെ വിജയത്തിന് പിന്നിൽ യാതൊരു സാമ്പത്തിക ഘടകവും ദർശിക്കുക സാധ്യമല്ല . ചുരുക്കത്തിൽ ഇസ്ലാമിന്റെ ഉത്തമ വിശ്വാസാചാരങ്ങളും സാമുഹികവും സാമ്പത്തിക ധാർമിക സമീപനങ്ങളും കമ്മ്യൂണിസ്റ്റുകളുടെ ഭൗതിക വാദത്തിന് എതിരും അതിനെ പാടെ പരാജയപ്പെടുത്തുന്നതുമാണ് . അതു കൊണ്ട് തന്നെ ഇസ്ലാമും കമ്മ്യൂണിസവും ഒരു വ്യക്തിയിൽ ഒരേ സമയത്ത് സംഭവിക്കൽ അസംഭവ്യമാണ് . 


ഒരു മുസ്ലിം യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആകുന്നതോടുകൂടി ഇസ്ലാമിൽ നിന്ന് പുറത്തുപോകുന്നു . അതുനു പുറമെ കമ്മ്യൂണിസം മനുഷ്യ സമൂഹത്തെ പൊതുവിൽ ബാധിക്കുന്നതും പല അപകടങ്ങൾ വരുത്തി വെക്കുന്നതുമായ ഒരു സിദ്ധാന്തമാണ് . പടച്ചവനിലുള്ള വിശ്വാസമോ പരലോക ചിന്തയോ ഇല്ലാത്ത ഭൗതീക സുഖം മാത്രം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന മനുഷ്യരുടെ ( കമ്മ്യൂണി സ്റ്റുകാരുടെ ) ജീവിതത്തിൽ യാതൊരു നിയന്ത്രണവും ഉണ്ടാവില്ല . അവർ മറ്റുള്ളവരുടെ സുഖങ്ങൾ തട്ടിയെടുത്തു സ്വയം സുഖിക്കാൻ ശ്രമിക്കുകയാണ് ചെയ്യുക . 


അതുപോലെ തന്നെ കമ്മ്യൂണിസ്റ്റ് ഭരണം സ്വേച്ഛാധിപത്യമാണ് . ഭരണകർത്താക്കൾ ഇഷ്ടപ്പെടാത്തവരെ വധിച്ചുകളയുകയും ജയിലിൽ അടയ്ക്കുകയുമാണ് അവരുടെ പതിവ് . ഭരണ കർത്താക്കളുടെ ഏത് ചെയ്തികളേയും ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നവർക്ക് മാത്രമേ പാർട്ടിയിൽ പോലും രക്ഷ ഉണ്ടാവുകയുള്ളൂ . കമ്മ്യൂണിസ്റ്റുകാരുടെ ആദർശം തന്നെ വിപ്ലവമാണ് . വിപ്ലവത്തിൽ മാത്രമേ അവർക്ക് വിശ്വാസമുള്ളൂ . സമാധാനപരമായ പരിവർത്തനത്തെ കുറിച്ച് അവർ ചിന്തിക്കാറില്ല എന്ന് മാത്രമല്ല അത് കേൾക്കുന്നത് പോലും അവർക്കപഹാസ്യമാണ് . അതിനാൽ കമ്മ്യൂണിസം ഇസ്ലാമിന് കടക വിരുദ്ധമാണെന്നതിന് പുറമെ അബദ്ധങ്ങൾ നിറഞ്ഞതും ആപൽക്കരവുമാണ് .


 കമ്മ്യൂണിസം സകലമതങ്ങൾക്കും എതിരായ മത സമാന്തര പ്രസ്ഥാനമാണെങ്കിലും അവരുടെ വിപ്ലവം വിജയിക്കുന്നതിന് സഹായകമായിത്തീരാൻ വേണ്ടി വഞ്ചനയിലൂടെ മതവിശ്വാസികളെ പാട്ടിലാക്കുന്ന ലജ്ജാവഹമായ ഒരു രീതിയുണ്ട് അവർക്ക് . റഷ്യയിൽ നടന്ന കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാണ് . അവിടെ മുസ്ലിംകളെ വഞ്ചിച്ചു ഡിസംബർ 7 ന് ലെനിനും സ്റ്റാലിനും സംയുക്തമായി പുറപ്പെടുവിച്ച് ഒരു പ്രസ്ഥാവനയിൽ അവർ മുസ്ലിംകളോട് പറഞ്ഞു .

 " മുസ്ലിംകളെ , സാർ ചക്രവർത്തി നിങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഖലീഫ ഉസ്മാന്റെ രക്തം പുരണ്ട് മുസ്ഹഫ് നിങ്ങൾക്ക് തിരിച്ചു കിട്ടണം . റഷ്യൻ ചക്രവർത്തിമാർ നിങ്ങളുടെ പള്ളികളുടെയും മഖ്ബറകളുടെയും പവിത്രത നഷ്ട പ്പെടുത്തിക്കളഞ്ഞിരിക്കുന്നു . നിങ്ങളുടെ വിശ്വാസാചാര ങ്ങൾക്കെതിരെ അവർ കടന്നാക്രമണം നടത്തിയിരിക്കുന്നു . നമ്മുടെ വിപ്ലവം വിജയിച്ചാൽ ഖലീഫാ ഉസ്മാൻ ഓതാനുപയോഗിച്ച് മുസ്ഹഫ് നിങ്ങൾക്ക് തിരിച്ചു കിട്ടും . നിങ്ങളുടെ പള്ളികളുടെയും മഖ്ബറകളുടെയും പവിത്രത കാത്തു സൂക്ഷിക്കാം . നിങ്ങളുടെ വിശ്വാ സാചാരങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കും . നിങ്ങളുടെ സാംസ്കാരിക സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർ ത്തിക്കാം . " ഈ വാഗ്ദത്തം മുസ്ലികളെ വലയിൽ വീഴ്ത്തി . അവരെ ആവേശഭരിതരാക്കി . ദീർഘ ദൃഷ്ടിയുള്ള പണ്ഡിതന്മാർ മുസ്ലിംകളെ താക്കീത് ചെയ്തെങ്കിലും ഫലപ്പെട്ടില്ല . മറ്റു ചിലർ വിപ്ലവത്തിന് അനുകൂലമായ ഫത് വ: നൽകി . അങ്ങിനെ സാർ ഭരണത്തിൽ നിന്ന് റഷ്യ മോചിതമായി . പിന്നീട് എന്തു സംഭവിച്ചു . 1918 ഏപ്രിലിൽ റഷ്യയിലെ മുസ്ലിംകൾക്കെതിരെ കടന്നാക്രമണം നടത്താൻ ലെനിൻ ഉത്തരവിട്ടു . അത്യാധുനിക പടക്കോപ്പുകളുമായി റഷ്യൻ സേന മുസ്ലിം പ്രദേശങ്ങളിലേക്ക് നുഴഞ്ഞു കയറി .


 ടുർക്കുമാനിൽ മാത്രം ഒരു ലക്ഷം മുസ്ലിംകളെ കൊന്നു . മൂന്ന് ലക്ഷം പേരെ നാടുകടത്തി . അഞ്ച് ലക്ഷം മുസ്ലിംകളെ അറസ്റ്റുചെയ്തു . മുസ്ലിംകളുടെ കൃഷി ഭൂമി കയ്യേറിയതുകാരണം പട്ടിണി കിടന്ന് ലക്ഷങ്ങൾ മരിച്ചു . ഉലമാക്കളെ തിരഞ്ഞു പിടിച്ചു കൊല ചെയ്തു . മതപഠനം നിരോധിക്കപ്പെട്ടു . ഇന്ന് അല്പം ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും വലിയ പണ്ഡിതന്മാർ ഇല്ലാത്തത് കാരണം മുസ്ലിംകൾ നിർജ്ജീവമായി തന്നെ നീങ്ങുകയാണ് . 


മുമ്പ് മാവറാഹുന്നഹ്ർ എന്ന പേരിൽ അറിയപ്പെട്ട പ്രദേശമാണ് . റഷ്യയിലെ ആർക്കുമാൻ ഇമാം മുസ്ലിം , ഇമാം ദമഖ്ശരീ , ഇമാം നസഫീ , ശൈഖ് അബ്ദുൽ ഖാഹിർ , ഇമാം തഫ്താസാനീ , ഇമാം സക്കാക്കി , ഇമാം ഫാറാബി , ഇബ്നു സീനാ , ഇമാം ബൽഖി , ഇമാം മാതുരീദീ , ഇമാം സർകശി തുടങ്ങിയ ഇമാമുകളുടെ ആ നാട്ടിൽ ഒരു ആലിമില്ലാത്ത അവസ്ഥ എങ്ങനെയുണ്ടായി ? സുന്നിക്ക് കമ്മ്യൂണിസ്റ്റാകാമെന്ന് ഫത് വ: നൽകുന്നവർ ചിന്തിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും വേണം .


 മുസ്ലിമിന് കമ്മ്യൂണിസ്റ്റാകാമോ എന്ന ചോദ്യത്തിന് ഖൈറോവിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിലെ ഡോക്ടർ ശൈഖ് അബ്ദുൽ ഹലീം മഹ്മൂദിന്റെ ഒരു ഫത്വയുടെ അവസാന ഭാഗം കൂടി ഉദ്ധരിച്ചുകൊണ്ട് ഈ ചെറു കുറിപ്പിനു വിരാമമിടാം .

 ' യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് ഒരു മുസ്ലിം സ്ത്രീ ഭാര്യയായി അനുവദനീയമല്ല . വിവാഹ ശേഷമാണ് അവൻ കമ്മ്യൂണിസ്റ്റ് ആയത് എങ്കിൽ തൽസമയം അവൾ ഹറാമായിത്തീരുന്നു . യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ മരിച്ചാൽ അവന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കൽ ഹറാമാണ് . മുസ്ലിംകളുടെ മഖ്ബറയിൽ മറവ് ചെയ്യരുത് . മുസ്ലിമിന്റെ അനന്തരസ്വത്തിൽ അവനോ അവൻ മരിച്ചാൽ മുസ്ലിമിന്നോ അവകാശം ലഭിക്കുകയില്ല ' ( അൽ ഫത്താവ അനിയുഇയ്യ : പേജ് 94 )


 ആദ്യം ഒരു ജൂതൻ കൂടിയായിരുന്ന കാറൽ മാർക്സ് ഇസ്ലാമിനെ നശിപ്പിക്കാമെന്ന വ്യാമോഹത്തോടെ പടച്ചുണ്ടാക്കിയ ഒരു ദർശനവും ഇസ്ലാമും തമ്മിലുള്ള അന്തരം തുറന്നു കാട്ടുന്നതാണ് ഈ ഫത് വ.

__________________________