സൂറത്ത് യാസീൻ: ദാഹം തീർക്കും , ശിപാര്‍ശ ചെയ്യും
യാസീന്‍: മരണമടഞ്ഞവര്‍ക്കും സാന്ത്വനമേകുന്നു
മരണാസന്നരുടേയും വിയോഗം പ്രാപിച്ചവരുടേയും പ്രയാസങ്ങളെ പരിഗണിച്ചുകൊണ്ട് മയ്യിത്തിന്റെ സമീപത്തും ഖബറിടങ്ങളിലും കൂടാതെ യാസീന്‍ സൂറത്ത് അവരുടെ പേരില്‍ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം ഇന്നും നമ്മുടെ നാടുകളില്‍ സജീവതയോടെ നിലനില്‍ക്കുന്നുണ്ട്.
അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് ആരെങ്കിലും സൂറത്തുയാസീന്‍ ഓതിയാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അതിനാല്‍ മരണം ആസന്നമായരുടെ സമീപത്തുവെച്ചും മരണമടഞ്ഞവരുടെ അടുത്തും നിങ്ങള്‍ അത് പാരായണം ചെയ്യുക. (ബൈഹഖി, മിശ്കാത്ത്)
മരണാസന്നരുടെ സമീപം യാസീന്‍ ഓതിയാല്‍ മരണം പ്രയാസരഹിതമായിരിക്കുമെന്ന് നബി(സ്വ)പഠിപ്പിച്ചിട്ടുണ്ട്.(മിര്‍ഖാത് 2/331).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മരണപ്പെട്ടുപോയ ആളുകളുടെ മേല്‍ യാസീന്‍ ഓതുക. (അഹ്മദ്/മിശ്കാത്ത് 141).
നബി(സ്വ) പറയുന്നു: ഒരാള്‍ എല്ലാ വെള്ളിയാഴ്ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിച്ച് സൂറത്ത് യാസീന്‍ പാരായണം ചെയ്താല്‍ യാസീന്‍ സൂറത്തിലെ ഓരോ അക്ഷരത്തിനനുസൃതമായി അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (മിര്‍ഖാത്തുല്‍ മഫാതീഹ് 5/336, ഇആനത്ത് 2/223).
അബൂഹുറൈറ(റ) നിവേദനം: ആരെങ്കിലും ഖബറുകള്‍ക്കു സമീപത്തു പോയി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അതിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഖബറിനുള്ളിലെ വിഷമങ്ങള്‍ ലഘൂകരിക്കുന്നതാണ്.” (ഖുര്‍ത്വുബി 15/…)
മരണത്തിന്റെ മലക്ക് വരുന്ന സമയം വിശ്വാസിയുടെ സമീപത്തുവെച്ച് യാസീന്‍ പാരായണം നടത്തിയാല്‍ ഓരോ അക്ഷരത്തിന്റെ എണ്ണമനുസരിച്ചും പത്തു വീതം റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങും. അവര്‍ അവന്റെ മുന്നില്‍ അതിനായി നില്‍ക്കും. അദ്ദേഹത്തിനുവേണ്ടി ദുആ നടത്തുകയും പാപമോചനത്തിനു മാപ്പിരക്കുകയും ചെയ്യും. കുളിപ്പിക്കുന്നതിനു സാക്ഷികളാകും. ജനാസയെ പിന്തുടരും. അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കും. മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കാളിയാവും. (മുസ്‌നദ് ശിഹാസ് 4/91).
യാസീന്‍: ദാഹം തീര്‍ക്കുന്നു
മരണ വേദനയുടെ സമയത്ത് അവരുടെ ചാരത്തു നിന്ന് ഓതുന്ന യാസീന്‍ സൂറത്തിന്റെ ഫലമായി അവരുടെ റൂഹ് പിടിക്കുക റിള്‌വാന്‍(അ) സ്വര്‍ഗത്തില്‍ നിന്ന് ഒരു പാനീയം കൊണ്ടുവന്നതിനുശേഷമാണ്. അത് മരണാസന്നന്‍ കുടിക്കുന്നതാണ്. റൂഹ് പിടിക്കുന്ന സമയത്ത് ദാഹം തീര്‍ന്ന നില കൈവരുന്നതും ഖബറിലും ദാഹം തീര്‍ന്ന അവസ്ഥ ഉണ്ടാവുന്നതുമാണ്. അമ്പിയാക്കളുടെ ഒരാളുടെ ഹൗളിലേക്കും ഈ മനുഷ്യന് ആവശ്യം വരുന്നതല്ല. ദാഹം തീര്‍ന്നവനായി സ്വര്‍ഗം പുല്‍കുന്നതാണ്. (തഫ്‌സീറുല്‍ ബൈളാവി 5).
മുസ്‌ലിംകളെ മറമാടപ്പെട്ട സ്ഥലത്തുവെച്ച് ആരെങ്കിലും യാസീന്‍ പാരായണം ചെയ്താല്‍ അവിടെ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്കെല്ലാം ശിക്ഷ ലഘൂകരിക്കപ്പെടും. പാരായണക്കാരന് ഖബറാളികളുടെ എണ്ണം കണക്കേ പ്രതിഫലവും ലഭിക്കും. (റൂഹുല്‍ ബയാന്‍).
യാസീന്‍ പാപമോചനം തരുന്നു
നബി(സ്വ) പറഞ്ഞു: ഖുര്‍ആനില്‍ ഒരു സൂറത്തുണ്ട്. അത് ഓതുന്നവര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യും. അത് ശ്രദ്ധയോടെ കേള്‍ക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കും. ഓതാനറിയാത്തവര്‍ക്കു കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കാന്‍ശ്രമിക്കുക. (സ്വാവി 3/296).
മറ്റൊരു ഹദീസ് കാണുക: രാത്രിയില്‍ സൂറത്തുയാസീന്‍ പാരായണം ചെയ്തവന്‍ പ്രഭാതമാവുമ്പോഴേക്കും പാപമോചിതനാവും. (ഇബ്‌നുകസീര്‍ 3/524, അബൂഹുറയ്‌റ (റ)ല്‍ നിന്ന്. നബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ വിചാരിച്ച് രാത്രിയില്‍ ഓതിയ വ്യക്തിക്ക് രാത്രി ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ഖുര്‍ത്വുബി).
യാസീന്‍: അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും
രക്ഷപ്പെടാനുള്ള എല്ലാ വാതിലുകളും അടയുമ്പോള്‍ ഖുര്‍ആന്‍ പാരായണക്കാര്‍ക്കു വേണ്ടി ഖുര്‍ആന്‍ ശിപാര്‍ശ ചെയ്യുമെന്ന് നിരവധി ഹദീസുകളില്‍ കാണാന്‍ കഴിയും. ഖുര്‍ആന്റെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കുന്നതും പാരായണക്കാര്‍ അതിലൂടെ രക്ഷ പ്രാപിക്കുന്നതുമാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്റെ പാരത്രിക വിഷമങ്ങള്‍ അത് തടയും. അല്ലാഹുവിന്റെ കിതാബില്‍ നിന്ന് ഒരായത്ത് ഒരാള്‍ ശ്രദ്ധ കൊടുത്ത് കേട്ടാല്‍ അര്‍ശിന്റെ താഴ്ഭാഗം മുതല്‍ ഭൂമിയുടെ അറ്റം വരെയുള്ളവയില്‍ ഏറ്റവും ശ്രേഷ്ഠമായത് അവന് അവകാശപ്പെട്ടതാണ്. ഖുര്‍ആനില്‍ ‘അസീസ’ എന്നു പേരുള്ള ഒരു സൂറത്തുണ്ട്. അത് തന്റെ ആളുകള്‍ക്കു വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും. അതാണ് സൂറത്തുയാസീന്‍” (ഇമാം ഖുര്‍ത്വുബി ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ 15/13).
Post a Comment