ഹൈളിനുശേഷം നിസ്കാരം തുടങ്ങാൻ വൈകുന്ന സ്ത്രീകൾ മനസ്സിലാക്കാൻ ഒരു സഹോദരി എഴുതിയ കുറിപ്പ്


മിഅ്റാജിൽ വരാനിരിക്കുന്ന നരകവാസികളെ മുത്തുനബി(ﷺ)യ്ക്ക് കാണിക്കപ്പെട്ടതിൽ അധികവും സ്ത്രീകളാണ്.
 
അല്ലാഹുവിനു എന്തെ സ്ത്രീകളോട് വിദ്വേഷമാണോ..? 
എന്ന് യുക്തിയില്ലാത്തവന്മാരും, മുസ്ലിം വിരോധികളും മാത്രമല്ല, നമ്മിൽ പെട്ട അല്പം സ്ത്രീകളെങ്കിലും ചിന്തിക്കാതില്ല. 

 നമ്മുടെ നാരികൾ ചിന്തിക്കേണ്ടതും, അറിഞ്ഞിരിക്കേണ്ടതുമായ ഗൗരവമേറിയ ശാരീരിക മസ്അലകൾ നാം ഗൗരവമായെടുക്കാറില്ല.

വൈകുന്നേരം 6 മണിയ്ക്ക് ഹൈളിൽ നിന്നും മുക്തി നേടിയവൾ, ശുദ്ധിയായി അന്നത്തെ മഗ്‌രിബ് അല്ലാതെ അസർ നിസ്‌ക്കരിക്കാറുണ്ടോ..?
അസ്തമയം 6.30നു ആണെങ്കിൽ അതിനു മുന്നേ അസർ അവൾക്ക് മേൽ നിർബന്ധമല്ലേ ..?

ഇവിടെ നമ്മൾ അസർ മാത്രം വീടിയാൽ മതിയോ..?
ഒരിക്കലുമല്ല. 
യാത്രയിലൊക്കെ അസറിനോട് ജംആക്കി നമ്മൾ ളുഹർ നിസ്‌ക്കാറില്ലേ..? അതുപോലെ 6 മണിയ്ക്ക് ശുദ്ധിയായവളുടെ മേൽ അസർ എന്നപോലെ ളുഹറും നിർബന്ധമാണ്.

രാത്രി 12 മണിയ്ക്ക് ഹൈളിൽ നിന്നും മുക്തി നേടിയവൾക്ക് ഇശാഅ് നിർബന്ധമാണ്, എന്ന് മാത്രമല്ല.. ഇശാഇനോട് ജംആക്കാൻ പറ്റുന്ന മഗ്‌രിബും നിർബന്ധമാണ്.   

രാത്രി മുക്തി നേടിയവൾ, ശുദ്ധിയാകാൻ മടിച്ചു സുബഹി പോലുമില്ല,  ഉച്ചയൂണിന്റെ ജോലിയെല്ലാം കഴിഞ്ഞു, 3 മണിയ്ക്ക് ശുദ്ധിയായി അസർ മുതൽ നിസ്ക്കാരം ആരംഭിക്കും. ഫലത്തിൽ കഴിഞ്ഞ മഗ്‌രിബ്, ഇശാഅ്, സുബഹി, ളുഹർ കടക്കാരിയല്ലേ..?

നമ്മൾ ശുദ്ധിയാകുന്ന സമയമല്ല അള്ളാഹു പരിഗണിക്കുന്നത്. അള്ളാഹു ശുദ്ധീകരിച്ചതിനെ നമ്മൾ ഉടനടി ശുദ്ധിയായി ഇബാദത് തുടങ്ങണം. 

അള്ളാഹുവേ... കഴിഞ്ഞ ഒരാഴ്ച കാലയളവിൽ നിനക്കായി ഇബാദത് ചെയ്യാൻ കഴിഞ്ഞില്ലല്ലോ... എന്ന് മനസ് തേങ്ങുന്ന നാരികൾ എത്രയുണ്ട് നമുക്കിടയിൽ..? അങ്ങനെയുള്ളവർ മുത്തഖീങ്ങൾ... 
അവർ എത്രയും പെട്ടെന്ന് നിസ്‌ക്കരിക്കാനായി വെമ്പൽ കൊള്ളുകയും, അവസരമായാൽ ഉടനടി ശുദ്ധിയായി പടച്ചവന്റെ മുന്നിൽ കുമ്പിടും..
അവരെ ഇടാനുള്ള സ്ഥലമല്ല നരകം... 
എന്ന ബോധം നമ്മുടെ സ്തീകൾക്കുണ്ടാകട്ടെ...!

ഈ രീതിയിൽ അസ്തമനത്തിനു മുന്നേ അസറിനു മുമ്പായി ളുഹർ കൂടി നിസ്‌ക്കരിക്കൽ നിർബന്ധം. ളുഹറിന്റെ നിയ്യത്ത് 'അദാഅ്' തന്നെയാണ്. ഹൈള് വേളയിലെ നോമ്പ് മാത്രമേ ഖളാഅ് വീടേണ്ടതുള്ളൂ, നിസ്ക്കാരം ഖളാഅ് വീടണ്ടല്ലോ.  ളുഹ്റിനെ അസറിനോട് ജംആക്കാൻ സാധിക്കും എന്ന നിയമമാണിവിടെ ഈയൊരവസ്ഥയിൽ മാത്രം അദാഅ് ആകാൻ കാരണം.  
രാത്രി 12 മണിക്ക് ശുദ്ധിയായാൽ, മഗ്‌രിബ് 'അദാഅ്' ആയി വിടണം, ഒപ്പം ഇശാഉം.  

‘കട്ടിലിനടിയിലെ പഴങ്ങൾ തീരുന്നതാണ് നിസ്‌ക്കരിക്കാനുള്ള സമയം..’ 
പ്രസവം കഴിഞ്ഞു കിടക്കുന്നവളുടെ ഉമ്മ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. 40, 60, 90 എന്ന ചടങ്ങുകൾ ഓരോ നാട്ടിലെയും മാമൂലുകളാണ്. അതൊക്കെ നിസ്‌കാരത്തിന്റെ മാനദണ്ഡമാക്കുന്ന ഉമ്മയും, മകളും നരകത്തിൽ മുത്തുനബി(ﷺ) കണ്ടെങ്കിൽ എന്തതിശയം..?

പ്രസവ രക്തം നിൽക്കുന്നതെപ്പോഴാണോ... അതാണ് നിസ്‌കാരത്തിന്റെ സമയം. ചിലർക്ക് മണിക്കൂറുകൾ, ചിലർക്ക് അതിനും താഴെ ഏതാനും നിമിഷങ്ങൾ, ചിലർക്ക് പരമാവധി 60 ദിനം.  
പിന്നെവിടെന്നു കിട്ടി 90 ദിനത്തെ നിസ്‌കാര വിശ്രമം..?
ദീനിലില്ലാത്ത ഇത്തരം മാമൂലുകളുടെ പേരിൽ നിസ്ക്കാരം നഷ്ടപ്പെടുത്തുന്നവർ, അള്ളാഹുവിനോട് കണക്ക് പറയേണ്ടി വരും എന്നത് വാസ്തവം.  

നേടുന്ന അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതും നമ്മുടെ ബാധ്യതയാണ്. 
കാര്യങ്ങൾ വേണ്ടവിധം മനസിലാക്കി അമലുകൾ ചെയ്യാനും, സന്താനങ്ങളിലൂടെ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനും നമ്മുടെ സഹോദരിമാർക്കെല്ലാം പടച്ചവൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ..