മുസ്‌ലിംകൾ തള്ളിയ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം എടുത്ത് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കരുത്, ലൗ ജിഹാദ് വെറും മിഥ്യ - അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
ലവ് ജിഹാദ്?
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
പ്രണയം നടിച്ച് അന്യമതസ്ഥരെ ഇസ്ലാമിലേക്കു മതപരിവർത്തനം നടത്തുന്ന നിഗൂഢമായ പ്രവർത്തനമാണത്രെ ലവ് ജിഹാദ്! വല്ലാത്ത കഷ്ടം! 'ലവ്' എന്നാൽ പ്രണയമെന്നാണർത്ഥം. പ്രണയമുണ്ടാകണമെങ്കിൽ അന്യ സ്ത്രീപുരുഷൻമാർ വികാരപരമായി നോക്കണം, ശൃംഗ രിക്കണം തുടർന്ന് ക്രമാനുഗതമായി മനസ്സിൽ നാമ്പിടുന്ന വികാരമാണ് പ്രണയം. അന്യ സ്ത്രീപുരുഷന്മാർ നോക്കുന്നത് തന്നെ ഇസ്ലാമിൽ വിലക്കപ്പെട്ടതാണ്. തുടർന്നുണ്ടാകുന്ന ഓരോ പ്രവർത്തനങ്ങളും അല്ലാഹുവിൻറെ ശാപത്തിന് വിധേയമാകുന്ന കടുത്ത കുറ്റങ്ങളാണ്. പിന്നെങ്ങനെയാണ് ഒരു മുസ്ലിം ഇസ്ലാമിനുവേണ്ടി അന്യ മതസ്ഥരുമായി പ്രണയത്തിന് പോവുക?
സർക്കാരും കോടതിയും ഇല്ലെന്ന് കണ്ടെത്തിയ സാങ്കല്പികമായ ലവ് ജിഹാദ് ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് കേരളത്തിൽ ചിലരുടെ നീക്കം!
' ജിഹാദ്' എന്ന പദത്തിന് അർത്ഥം 'അല്ലാഹുവിൻറെ മതത്തിൻറെ ഉന്നമനത്തിനുവേണ്ടി നാവു കൊണ്ടും ശരീരം കൊണ്ടും സാധ്യമായ മറ്റു മാർഗങ്ങൾ ഉപയോഗിച്ചും പരിശ്രമം നടത്തലാണ്'! സത്യമതമായ ഇസ്ലാമിൻറെ പ്രചരണമാണ് ഉദ്ദേശ്യം. ആദർശ പ്രചാരണത്തിന് സാധ്യമായ തും നിയമവിധേയവുമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനെന്താണ് തെറ്റ്? ഇന്ത്യൻ ഭരണഘടന പോലും അനുവദിക്കുന്ന കാര്യമല്ലേ അത്? വിശുദ്ധ പ്രവർത്തനമായ ജിഹാദിനെ എന്തിനാണിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്?
കേരള കോൺഗ്രസ് എം നേതാവ് ജോസ്.കെ മാണി ലവ് ജിഹാദ് അന്വേഷിക്കണമെന്ന് പറയുന്നു. ചില ക്രിസ്ത്യൻ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ വല്ലാതെ വിഷം ചീറ്റുന്നു. കഴിഞ്ഞ കുറച്ചു കാലമായി സംഘപരിവാർ ശക്തികൾ ക്രിസ്ത്യൻ സഹോദരങ്ങൾക്കിടയിൽ നടത്തിയ അപകടകരമായ നുണപ്രചരണമാണിതിന് നിമിത്തമായതന്നാണ് സത്യം. ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ ക്രിസ്ത്യൻ പുരോഹിതന്മാരെ സമീപിച്ച് പരസ്യമായി മുസ്ലിംകൾക്കെതിരെ വികാരമുണ്ടാക്കും വിധം വ്യാജ പ്രചരണം നടത്തുന്നു.
മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവരും ഹൈന്ദവരും ഇതൊന്നും അംഗീകരിക്കുന്നില്ല എന്നതാണ് സമാധാനം.
ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കുന്നത് ഇസ്ലാമിൻറെയോ യഥാർത്ഥ മുസ്ലീങ്ങളുടെ യോ പ്രവർത്തനങ്ങളല്ല. ജുമുഅ ഖുതുബ മലയാളത്തിൽ ആക്കിയാൽ പത്തുവർഷത്തിനകം കേരളം ഇസ്ലാമിക രാജ്യമാക്കാം എന്ന മുജാഹിദ് പ്രഭാഷകന്റെ വീഡിയോ ക്ലിപ്പാണ് ഒന്ന്. ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന കാഞ്ഞിരപ്പള്ളിയിൽ എൻ ഡി എഫിന്റെ പുതിയ പതിപ്പായ പോപ്പുലർഫ്രണ്ട് ഫ്രീഡം മാർച്ച് നടത്തിയതാണ് മറ്റൊന്ന്.
മുജാഹിദ് ബാലുശ്ശേരിയാണ് ഈ വിവാദ പ്രഭാഷകൻ. ഇദ്ദേഹത്തിൻറെ പല പ്രഭാഷണങ്ങളും മുസ്ലിം സമുദായത്തിനും ഇസ്ലാമിനുമുണ്ടാക്കിയ ദുരന്തങ്ങൾ ചെറുതല്ല. ഇദ്ദേഹം മുജാഹിദ് ഗ്രൂപ്പുകളിൽ ഒന്നായ ജിന്ന് വിഭാഗത്തിലെ രണ്ടാം ഗ്രൂപ്പിൻറെ നേതാവാണ്. മുസ്ലിങ്ങളിലെ 99.9 ശതമാനവും ഇയാളെ അംഗീകരിക്കുന്നില്ല.
എൻഡിഎഫിന്റെ തുടക്കം മുതൽ എതിർക്കുകയും തള്ളിപ്പറയുകയും ചെയ്തവരാണ് കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും.
പൂർവ്വകാല ഇസ്ലാമിക ഭരണകൂടങ്ങൾ മുതൽ ഇന്നത്തെ ഇസ്ലാമിക രാജ്യങ്ങൾ വരെ ഇതര മതസ്ഥർക്ക് എല്ലാവിധ സംരക്ഷണവും മത സ്വാതന്ത്ര്യവും അനുവദിച്ചു വരുന്നുവെന്നത് തന്ന ഇസ്ലാമിൻറെ ഇതര മതങ്ങളോടുള്ള സമീപനം വ്യക്തമാകുന്നില്ലെ?
തീവ്രതയും ഭീകരതയും ഇസ്ലാമല്ല. ഇസ്ലാമിൻറെ മുഖം വികൃതമാക്കാൻ ഇസ്ലാമിക വിരുദ്ധർ സൃഷ്ടിച്ചതാണ് വ്യാജ ജിഹാദും നിരപരാധികളുടെ കൊലപാതകങ്ങളും.
നബി (സ) പറഞ്ഞു: മുസ്‌ലിംകളുമായി അനുരജ്ഞനത്തിൽ കഴിയുന്ന ഒരു അമുസ്ലിമിനെ ഒരാൾ വധിച്ചാൽ സ്വർഗ്ഗത്തിലെ പരിമണം പോലും അവന് ആസ്വദിക്കാൻ കഴിയില്ല.
01-04-2021
അമ്പലക്കടവ്
Post a Comment