സൂറത്ത് യൂസുഫ്; മരണവേദന കുറയ്ക്കും ദുഃഖം അകറ്റും



സൂറത്തുകളുടെ സവിശേഷതകൾ -6

സൂറത്തുയൂസുഫ്: ശ്രേഷ്ഠതയും പ്രാധാന്യവും
യൂസുഫ് സൂറത്ത് വിശുദ്ധ ഖുര്‍ആനിലെ പന്ത്രണ്ടാമത്തെ സൂറത്താണ്. 111 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്ത് ധാരാളം ശ്രേഷ്ഠതകള്‍ നിറഞ്ഞതാണ്. യൂസുഫ് നബി(അ)ന്റെ സംഭവ ബഹുലമായ ചരിത്ര വിശകലനമാണ് പ്രതിപാദ്യ വിഷയം. യൂസുഫ് നബി(അ)ന്റെ മനക്കരുത്തും ത്യാഗ മനോഭാവവും ജീവിത വിശുദ്ധിയും വളരെ വ്യക്തമായി ഈ സൂറത്തില്‍ വിവരിക്കുന്നുണ്ട്.
യൂസുഫ് നബി(അ)ന്റെ തിരോധാനത്തെ തുടര്‍ന്ന് പിതാവ് യഅ്ഖൂബ് നബി(അ)ന് അനുഭവിക്കേണ്ടി വന്ന വിരഹദു:ഖവും സ്വന്തം സഹോദരങ്ങളുടെ ചതിപ്രയോഗങ്ങളും പിന്നീട് അസീസ് രാജാവിന്റെ സുന്ദരിയായ പത്‌നി സ്വകാര്യ നിമിഷങ്ങളില്‍ തന്റെ കാമാസക്തി ശമിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ അല്ലാഹുവിന്റെ പൊരുത്തം മാത്രം ലക്ഷ്യം വെച്ച് അവളുടെ ഇംഗിതത്തിനു വഴിപ്പെടാതെ ചെറുത്ത് നിന്ന് തന്റെ പരിശുദ്ധി പൂര്‍ണ്ണമായി സംരക്ഷിച്ച യൂസുഫ് നബി(അ) പിന്നീട് അനുഭവിച്ച ജയില്‍ വാസവും മറ്റുമെല്ലാം അല്ലാഹുവിന്റെ വിധിയാണെന്നുറക്കെ പ്രഖ്യാപിച്ച് സന്തോഷം കൈകൊള്ളുകയും ഇരുമ്പഴിക്കുള്ളില്‍ നിന്ന് ഈജിപ്തിന്റെ രാജ പദവിയിലേക്കുയരുകയും യൂസുഫ് നബിയെയും നഷ്ടപ്പെട്ട ബിന്‍യാമീന്‍ എന്ന പുത്രനെയും പിതാവിന്റെ അരികിലേക്ക് തിരിച്ചെത്തിയപ്പോള്‍ യഅ്ഖൂബിനുണ്ടായ സന്തോഷം കഥ പോലെ വിവരിക്കുന്ന സംഭവബഹുലമായ ചരിത്രമുള്‍കൊള്ളുന്ന മഹത്തായ സൂറത്താണിത്. ചില പ്രത്യേകതകള്‍ ചുവടെ വിവരിക്കാന്‍.

മരണ വേദന കുറയാന്‍ വഴിയൊരുക്കുന്നു
ഉബയ്യുബ്‌നു കഅ്ബ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു, നിങ്ങളുടെ അടിമകള്‍ക്ക് നിങ്ങള്‍ സൂറത്തുയൂസുഫ് പഠിപ്പിക്കുക. ഈ സൂറത്ത് പാരായണം ചെയ്യുകയോ തന്റെ കുടുംബത്തേയോ അടിമകളെയോ പഠിപ്പിക്കുകയോ ചെയ്ത ഏതൊരു മുസ്‌ലിമിനും അല്ലാഹു മരണ വേദനയില്‍ ലഘൂകരണം നല്‍കുന്നതാണ്. ഒരു മുസ്‌ലിമിനോടും അസൂയ തോന്നാതിരിക്കാനുള്ള വിശാല മനസ്‌കതയും അവനു നല്‍കുന്നതാണ്. (ഇബ്‌നുകസീര്‍ 2/423).

ദു:ഖിതനെ സന്തോഷിപ്പിക്കുന്നു
ശൈഖ് അഹ്മദുസ്വാവി(റ) വിവരിക്കുന്നതു കാണുക. ‘അതിമഹത്തായ ഫലങ്ങളും സവിശേഷമായ വിധികളും ധാരാളം ഉള്‍കൊള്ളുന്ന സൂറത്താണിത്. അതുകൊണ്ടാണ്; ഖാലിദുബ്‌നു മഅ്ദ്ദാന്‍(റ) സൂറത്തുയൂസുഫും സൂറത്തുമറിയമും സ്വര്‍ഗവാസികള്‍ സ്വര്‍ഗീയ ലോകത്ത് ആസ്വദിക്കുമെന്നു പറഞ്ഞത്. ദു:ഖിതന്‍ സൂറത്ത് യൂസുഫ് കേള്‍ക്കുന്നതു കാരണമായി അവനു മന:ശാന്തി ലഭിക്കുമെന്ന് അത്വാഅ്(റ) പറഞ്ഞിട്ടുണ്ട്. (തഫ്‌സീറുസ്വാവി 2/217).