“രാഷ്ട്രീയ കുചേലൻ്റെ അവിൽപ്പൊതി ഭഗവാൻ സ്വീകരിക്കും” ഗുരുതര വാക്ക് , കെ.എൻ.എ കാദർ നിലപാട് വ്യക്തമാക്കണം - ശുഹൈബുൽ ഹൈതമി


മതം ഇസ്ലാമായ പൗരനെയാണ് മതേതരത്വബോധം മുസ്ലിം എന്ന് മനസ്സിലാക്കുന്നത്. ഭരണാഘടനാപരമായി  ഇസ്ലാം വിട്ടവരെക്കൂടി മുസ്ലിം എന്ന പദം ഉൾക്കൊള്ളുന്നുണ്ട് . മുസ്ലിം ലീഗിലെ മുസ്ലിം ആദ്യത്തേതാണ്. കോൺഗ്രസ് ആനുപാതികമായ പ്രാതിനിധ്യം മുസ്ലിംകൾക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വകയിരുത്താത്തത് മുന്നണിയുടെ ഭാഗമായ മുസ്ലിം ലീഗ് ആ വിടവ് നികത്താനുണ്ടെന്ന ന്യായത്തിലാണ്. കേരളാ കോൺഗ്രസ് ഉണ്ടല്ലോയെന്ന് പറഞ്ഞ്,ജനറൽ കോൺഗ്രസ്സിൽ ക്രിസ്ത്യൻ കോട്ട കുറച്ചിരുന്നില്ലല്ലോ എന്ന് ചോദിക്കരുതെന്ന് മാത്രം .
കാരണം , തെരെഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയാൽ പിന്നെ അനീതി കണ്ടാലും മിണ്ടരുത് ,അസ്ഥിത്വം ഓർക്കരുത് എന്നാണല്ലോ പഥ്യം . ആയിക്കൊള്ളട്ടെ. 

പക്ഷെ ,  സംവരണ സ്ഥാനാർത്ഥികളല്ലാത്ത മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ ഇസ്ലാം അനുഷ്ഠിക്കുന്നവരായിരിക്കണം. 
മുസ്ലിംകളെ രാഷ്ട്രീയപരമായി സംരക്ഷിക്കാൻ കോൺഗ്രസ് ധാരാളം ഉണ്ടായിരിക്കേ , കൂടെ നിന്ന് സ്വന്തമാക്കിയാൽ ഇടതുപക്ഷം അപ്പണിക്ക് പറ്റുമെന്നിരിക്കേ , മുസ്ലിം ലീഗ് എന്ന മതാധീന മതേതര പ്രസ്ഥാനം രൂപീകരിച്ചത് സമുദായത്തിൻ്റെ സാംസ്ക്കാരിക - വിശ്വാസ സ്വത്വം ഉയർത്തിപ്പിടിച്ച് കൊണ്ട് തന്നെ ബഹുസ്വരതയുടെ ഭാഗമാവാനാണ് .
വിവിധ മതവിശ്വാസങ്ങളെ ഒന്നിച്ചുൾക്കൊള്ളാനുള്ള ദേശീയ ബോധമാണ് മതേതരത്വം. എല്ലാം കൂടിക്കുഴഞ്ഞ് ഒന്നായാൽ ഇന്ത്യ ഇന്ത്യയല്ലാതായി. 

അനുഗ്രഹ പ്രതീക്ഷയും പ്രാർത്ഥനയും വഴിപാടും ഇസ്ലാമിൽ അല്ലാഹുവിനോട് മാത്രമേ പറ്റൂ . മറ്റ് ദൈവങ്ങൾ ഇസ്ലാമിക വിശ്വാസത്തിൽ ആരാധനക്കർഹരല്ല . ഒന്നുകിലവ കേവല സങ്കൽപ്പങ്ങളോ അല്ലെങ്കിൽ അചേതന ദ്രവ്യങ്ങളോ അതുമല്ലെങ്കിൽ  മൂർത്തികളായ പിശാചുക്കളോ ആണ്. എന്നാൽ , മറ്റുള്ളവരുടെ വിശ്വാസത്തെ അവമതിക്കാനോ ഇകഴ്ത്താനോ ഇസ്ലാം സമ്മതിക്കുന്നുമില്ല. 
മുസ്ലിം രാഷ്ട്രീയത്തെ മതേതരത്വത്തോട് ചേർത്ത് നിർത്തുന്നവരുടെ ചുമതല ഇസ്ലാമിനെ കൂടി ഭാരതീയതയോട് തുടർത്തിനിർത്തുന്ന ചരിത്രപരമായ കണ്ണികളാവുക എന്നതാണ് .
കെ. എൻ .എ ഖാദർ ഗുരുവായൂർ ക്ഷേത്രത്തിലെത്തി കാണിച്ചിത് മുസ്ലിം ലീഗുകാർക്ക് സ്വന്തം പക്ഷ പ്രകടനമായി  അംഗീകരിക്കാനാവില്ല, രാഷ്ട്രീയാധികാരത്തേക്കാൾ മുസ്ലിംലീഗിന് വലുത് വിശ്വാസസംരക്ഷണമാണ് ,ആവണം .അല്ലെങ്കിൽ ഈ മഹാരഥ്യസാരഥി ഖാഇദേ മില്ലത് മുഹമ്മദ് ഇസ്മാഈൽ സാഹിബിൻ്റെ ആത്മാവ് പൊറുക്കില്ല .

" രാഷ്ട്രീയ കുചേലൻ്റെ അവിൽപ്പൊതി ഭഗവാൻ സ്വീകരിക്കും , ഭഗവാൻ എൻ്റെ മനസ് കാണാതിരിക്കില്ല " തുടങ്ങിയ അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ ഇസ്ലാമികമായി ഗുരുതര സ്വഭാവമുള്ളതാണ് .സമാദരണീയ നേതൃത്വം  ഈ അബദ്ധം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തോട് വിശദീകരണം തേടണം , അദ്ദേഹം നിലപാട് വ്യക്തമാക്കണം .