“ബല്ലിഗ്നാ റമളാൻ” or “ബല്ലിഗ്നാ ഷഹ്റ റമളാൻ” ഏതാണ് ശരി?


അനസ് (റ) ല്‍ നിന്നു നിവേദനം: നബി (സ) റജബ് മാസം സമാഗതമായാല്‍  "അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വ ശഅ്ബാന വ ബല്ലിഗ്നാ റമളാൻ"  എന്നു പ്രാര്‍ത്ഥിച്ചിരുന്നു എന്ന് പ്രമുഖ സ്വഹാബി അനസുബ്‌നു മാലിക് (റ) വിൽ നിന്ന് ഇമാം ബൈഹഖി (റ) തന്റെ  അദ്ദഅവത്തുല് കബീറില്‍  നിവേദനം ചെയ്തിട്ടുണ്ട്.

ഇമാം ഇബ്നുസ്സുന്നി (റ)   അമലുൽ യൗമി വല്ലൈലത്തി  എന്ന ഗ്രന്ധത്തിൽ ഉദ്ധരിച്ച ഹദീസിൽ  "വബല്ലിഗ്‌നാ ശഹ്റ റമളാന" എന്നുണ്ട്. അപ്പോൾ ഈ പ്രാര്‍ത്ഥന നിർവഹിക്കുമ്പോൾ "ബല്ലിഗ്‌നാ റമളാന എന്നോ ബല്ലിഗ്‌നാ ശഹ്റ റമളാന" എന്നോ പ്രാർത്ഥിക്കാം. രണ്ടും ഹദീസില്‍ വന്നിട്ടുള്ളതാണ്.

പുണ്യദിനരാത്രികളില്‍, ഇബാദത്ത് ചെയ്യാന്‍വേണ്ടി ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കല്‍ സുന്നത്താണെന്നു ഈ ഹദീസ് ഉദ്ധരിച്ചു പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. റമളാനിലേക്ക് ഞങ്ങളെ എത്തിക്കണേ എന്നാണല്ലോ ഈ പ്രാര്‍ത്ഥനയിലെ അവസാനത്തിലുള്ളത്. പ്രസ്തുത പ്രാര്‍ത്ഥനയ്ക്കുശേഷം പലരും പ്രാര്‍ത്തിക്കുന്ന വ വഫ്ഫിഖ്‌നാ ലിസ്സിയാമി ووفقنا للصيام والقيام وتلاوة القرآن…................. എന്ന വാക്യം ഹദീസില്‍ വന്നതായി കണ്ടിട്ടില്ല, എങ്കിലും അങ്ങനെ പ്രാർത്ഥിക്കുന്നതിന് യാതൊരു വിരോധവുമില്ല.