ദൈവത്തിന്റെ വിളിയും ബലിയും: ഈ മതത്തെ കുരിതി കൊടുക്കരുത്


മാനവരാശിയെ ഞെട്ടിക്കുന്ന ഒരു സംഭവം കൂടി വാർത്തകളിൽ ഇന്ന് ഇടംപിടിച്ചു കഴിഞ്ഞു.
സ്വന്തം ഗർഭത്തിൽ പിറന്ന ആറുവയസ്സുകാരനായ പൊന്നുമോനെ മാതാവ് കഴുത്തറുത്ത് കൊന്നിരിക്കുന്നു.
അതിനായി ഉമ്മ പറഞ്ഞ കാരണമാണ് ഏറെ കൗതുകകരം.
എന്റെ മകനെ ഞാൻ ദൈവത്തിന് ബലി നൽകിയിരിക്കുന്നു എന്നാണ് മത അധ്യാപിക കൂടിയായ സ്ത്രീയുടെ ആശ്ചര്യപ്പെടുത്തിയ പ്രതികരണം.

ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിശുദ്ധ ഇസ്ലാമിനെ കൊഞ്ഞനം കുത്താൻ ചിലർ ആയുധമാക്കിയിരിക്കുന്നത്.
കൊല്ലാനും അറുക്കാനും പഠിപ്പിക്കുന്ന മതമാണ് ഇസ്ലാമെന്നും മക്കളെ ബലിയറുക്കാൻ ഇസ്ലാം പഠിപ്പിക്കുന്നുണ്ടെന്നുമാണ് ചില ഇസ്ലാം വിരോധികളുടെ പ്രചരണം.
ഇത് കേട്ട് വിശ്വസിക്കുന്ന കുറേ നിഷ്കളങ്കരേയും കാണാം.

സന്താനങ്ങളെ വളരെ ലാളിത്യത്തോടെ വളർത്താൻ പഠിപ്പിക്കുകയും അങ്ങനെ വളർത്തിയവർക്ക് സ്വർഗം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം.
വിവരമില്ലാത്തതിന്റെ പേരിലോ, സുഖമില്ലാത്തതിന്റെ പേരിലോ ആരെങ്കിലും ചെയ്യുന്ന നെറികേടുകളെ മതത്തിന്റെ പേരിൽ വെച്ച് കെട്ടരുത്.

മക്കളെ ബലി നൽകാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. മാത്രമല്ല അത് ക്രൂരവും കഠിന ദോഷവുമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ജനിച്ചുവീണ പെൺമക്കളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ആറാം നൂറ്റാണ്ടിൽ ആ നരാധമന്മാർക്കെതിരെ രംഗത്തുവന്ന മതമാണ് ഇസ്‌ലാം.
“ദാരിദ്ര്യം ഭയന്ന്  നിങ്ങൾ മക്കളെ വധിക്കരുത്. കാരണം ആകാശഭൂമികളിൽ അല്ലാഹു ഭക്ഷണം നൽകിയിട്ടില്ലാത്ത ഒരു ജീവിയുമില്ല” എന്നാ വിശുദ്ധ ഖുർആനിലെ പ്രഖ്യാപനം വളരെ ശ്രദ്ധേയമാണ്.

ഈ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ച് ആരെങ്കിലും ചെയ്യുന്ന നീച കൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഇസ്ലാമിനെ ബലിയാടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.