തയമ്മും ചെയ്ത നിസ്കാരം മടക്കേണ്ടതും മടക്കേണ്ടാത്തതും

മടക്കേണ്ട അവസ്ഥകള്‍ :-

പ്ലാസ്റ്റര്‍ തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍
(മുഖത്തിലും രണ്ടു കൈകളിലുമാണെങ്കില്‍)

കാരണം വുള്വൂഉം പകരമുള്ള തയമ്മുമും അപൂര്‍ണ്ണമാണ്.

പ്ലാസ്റ്റര്‍ തയമ്മുമിന്റെ അംഗത്തിലല്ലെങ്കില്‍ അത് പിടിച്ചു നില്‍ക്കാനാവശ്യമായതിലപ്പുറം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്ററില്‍ ഉള്‍പ്പെടുക.വലുതോ ചെറുതോ ആയ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്താതെ പ്ലാസ്റ്ററിടുക.


മടക്കേണ്ടതില്ലാത്ത അവസ്ഥകള്‍ :-

ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ അവസ്ഥയില്‍ പ്ലാസ്റ്റര്‍ ഇടുമ്പോള്‍ അത് പിടിച്ചു നില്‍ക്കാനായ സ്ഥലം മാത്രം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് ഉള്‍പ്പെടുന്ന അവസ്ഥ.

ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്തിയില്ലെങ്കിലും മുറിവിന്റെ അപ്പുറം തീരെ പ്ലാസ്റ്ററില്‍ ഉള്‍പ്പെടാത്ത അവസ്ഥ.
പ്ലാസ്റ്റര്‍ ഇട്ടത് തയമ്മുമിന്റെ അവയവം അല്ലാത്ത കാലിനും തലക്കും ആകുമ്പോഴാണ് നിസ്‌ക്കാരം മടക്കേണ്ടതില്ലായെന്നു പറയുന്ന ഈ രണ്ട് അവസ്ഥകള്‍ പരിഗണിക്കപ്പെടുന്നത്.  പ്ലാസ്റ്റര്‍ മാറ്റി വുള്വൂഅ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയക്കുന്ന സമയത്താണ് തയമ്മും അനുവദിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

രോഗം കാരണം തയമ്മും ചെയ്തവരും കെട്ടോ പ്ലാസ്റ്ററോ ഇല്ലാത്ത മുറിവിനു വേണ്ടി തയമ്മും ചെയ്തവരും നിസ്‌ക്കാരം മടക്കേണ്ടതില്ല.  എന്നാല്‍ കെട്ടാത്ത മുറിവില്‍ ധാരാളം രക്തമുണ്ടാവുകയും അത് കഴുകിക്കളയുന്നത് ഭയക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിര്‍വ്വഹിച്ച നിസ്‌ക്കാരം മടക്കേണ്ടതാണ്.

ശക്തമായ തണുപ്പുള്ളപ്പോള്‍ തണുപ്പ് മാറ്റാനോ വെള്ളം ചൂടാക്കാനോ സൗകര്യം ലഭിക്കുന്നതോടൊപ്പം തയമ്മും ചെയ്തു നിസ്‌ക്കരിക്കാന്‍ പാടില്ല.  എന്നാല്‍ അതിന് അസൗകര്യം നേരിട്ടാല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.

സാധാരണ വെള്ളം കിട്ടുന്ന ഒരു സ്ഥലത്ത് അപൂര്‍വ്വമായി വെള്ളം കിട്ടാതെ വരുമ്പോള്‍ അവിടെയും തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.

ഹറാമായി ഗണിക്കപ്പെടുന്ന യാത്ര ചെയ്യുന്നവരും തയമ്മും ചെയ്തു നിസ്‌ക്കരിച്ചാല്‍ മടക്കേണ്ടതാണ്.  (ഹറാമായ യാത്രക്ക് ഉദാഹരണം : സുന്നത്തായ ഹജ്ജ് ഉംറ, സിയാറത്ത് തുടങ്ങിയക്കു വേണ്ടിയാണെങ്കില്‍ പോലും ഭര്‍ത്താവോ വിവാഹബന്ധം ഹറാമായ മഹ്‌റമോ കൂടെ ഇല്ലെങ്കില്‍ മറ്റു സ്ത്രീകള്‍ സംഘത്തിലുണ്ടെങ്കിലും ശരി അവളുടെ യാത്ര ഹറാമാണ്.  സുന്നത്തായ ഇബാദത്തുകള്‍ക്കു വേണ്ടിയുള്ള യാത്രയെക്കുറിച്ചാണ് ഈ പറഞ്ഞതെങ്കില്‍ അനുവദനീയമായ മറ്റു യാത്രകളെക്കുറിച്ച് പറയേണ്ടതുണ്ടോ? ഇത്തരം സ്ത്രീകള്‍ക്ക് ഖസ്ര്‍ ജംഇന്റെ ആനുകൂല്യവും ഇല്ല.  കാരണം ജംഉം ഖസ്‌റും ആക്കാനുള്ള ഒരു നിബന്ധന കുറ്റകരമായ യാത്ര ആകരുതെന്നാണ്.)

തയമ്മുമിന്റെ അവയവത്തിലാണ് കെട്ട്, ബാന്റേജ് പോലോത്തവ ഉള്ളതെങ്കില്‍ തയമ്മും ചെയ്ത് നിര്‍വ്വഹിച്ച എല്ലാ നിസ്‌കാരവും നിര്‍ബന്ധമായും മടക്കി നിസ്‌കരിക്കേണ്ടതാണ്. കെട്ട്‌കെട്ടുമ്പോള്‍ശുദ്ധഇയുള്ളവനായാലും ഇല്ലെങ്കിലും ശരി.
എന്നാല്‍ മുഖവും കൈയ്യുമല്ലാത്ത മറ്റു അവയവങ്ങളിലാണ് ഈ കെട്ടോ ബാന്റേജോ ഉള്ളതെങ്കില്‍ കെട്ടുന്ന സമയത് ശുദ്ധിയുള്ളവനാണെങ്കില്‍ നിസ്‌കാരങ്ങള്‍മടക്കേണ്ടതില്ല. മറിച്ച് കെട്ടുന്ന സമയത്ത് ശുദ്ധിയില്ലെങ്കില്‍ തയമ്മും ഉപയോഗിച്ചുള്ള എല്ലാ നിസ്‌കാരങ്ങളും മടക്കേണ്ടതാണ്. (മുകളിൽ അവസ്ഥകൾ വിശദീകരിച്ചിട്ടുണ്ട്)