തയമ്മുമിന്റെ ഫർളുകളും സുന്നത്തുകളും

തയമ്മുമിന്‍റെ ഫര്‍ളുകള്‍ 

തയമ്മുമിന് അഞ്ചു ഫര്‍ളുകളാണുള്ളത്.

1. നിയ്യത്ത്
: ഫര്‍ളു നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതുക. മണ്ണെടുക്കുന്നതുമുതല്‍ നിയ്യത്തുണ്ടാവണം. മുഖം തടകുന്നതുവരെ നിയ്യത്ത് നീണ്ടു നില്‍ക്കുകയും വേണം.അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ മറ്റോ നിയ്യത്ത് ചെയ്‌താല്‍ മതിയാവുകയില്ല.

നിസ്‌കാരത്തെ ഹലാലാക്കുന്നു എന്നാണ് കരുതേണ്ടത്. നിയ്യത്തിനാല്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന ഹദീസാണിതിന്നവലംബം. ഏതൊരു കാര്യത്തിനും ഇസ്‌ലാമില്‍മനസ്സില്‍ നിയ്യത്ത് വേണം. അശുദ്ധിയെ ഉയര്‍ത്താന്‍ ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് കരുതിയാല്‍ ശരിയാവില്ല. കാരണം തയമ്മും കൊണ്ട് അശുദ്ധി ഉയരുന്നില്ല. മറിച്ച്, നിസ്‌കാരം ഹലാലാവുന്നു എന്നു മാത്രമെ ഉള്ളൂ.

അംറുബ്‌നുല്‍ ആസ് (റ) ഒരിക്കല്‍ ജനാബത്ത്കാരനായി. ശക്തമായ തണുപ്പ് കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം തയമ്മും ചെയ്ത് ശുദ്ധിവരുത്തി. നിസ്‌കാരം നിര്‍വ്വഹിച്ചു. ഇതറിഞ്ഞ പ്രവാചകന്‍ (സ) അംറിനോട് പറഞ്ഞു: ജനാബത്തുകാരനായിരിക്കെ തന്നെ നീ ജനങ്ങളോടു കൂടെ നിസ്‌കരിച്ചു അല്ലേ....? (ഫതഹുല്‍ ബാരി 1-454)


അതായത് തയമ്മും കൊണ്ട് നിസ്‌കാരം ഹലാലാകുന്നുവെങ്കിലുംവലിയ അശുദ്ധിയില്‍ നിന്നും പരിപൂര്‍ണ അര്‍ഥത്തില്‍ മുക്തനാവുന്നില്ല എന്ന് സാരം.


അതുകൊണ്ട് നിസ്‌കാരത്തെ ഹലാലാക്കാന്‍ വേണ്ടി എന്നേ നിയ്യത്ത് വെക്കാവൂ.

നിയ്യത്ത് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട്. കാരണം നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് കരുതുമ്പോള്‍ തന്നെ വ്യത്യസ്തമായ നാല് അവസ്ഥകള്‍ ഇവിടെ വരുന്നുണ്ട്.

1. ഫര്‍ള് നിസ്‌കാരത്തെയും സുന്നത്ത് നിസ്‌കാരത്തെയും ഹലാലാക്കുന്നുവെന്ന് കരുതല്‍.

ഇങ്ങനെ ചെയ്താല്‍ ~ഒരാള്‍ക്ക് ഒരു ഫര്‍ളിന് കൂടെ എത്രയും സുന്നത്തുകള്‍ നിസ്‌കരിക്കാവുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന് മുമ്പോ ശേഷമോ ആ വഖ്തിലോ വഖ്തിന് പുറത്തോ ഒക്കെ ഇദ്ദേഹത്തിന് ഈ തയമ്മും കൊണ്ട് സുന്നത്ത് നസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണ്.

2. ഫര്‍ള് നിസ്‌കാരത്തെ ഹലാലാക്കാന്‍ എന്ന് മാത്രം കരുതല്‍. ഇങ്ങനെചെയ്താലും മേല്‍ പറഞ്ഞ പ്രകാരം ഫര്‍ളിന്റെ കൂടെ എത്രയും സുന്നത്തുകള്‍ നിസ്‌കരിക്കാവുന്നതാണ്. കാരണം, ഫര്‍ള് നിസ്‌കാരം എന്ന് കരുതിയാല്‍ തന്നെ അതിന് കീഴിലായി സുന്നത്ത് നിസ്‌കാരങ്ങള്‍ ഉള്‍പ്പെടുന്നതാണ്.

3.സുന്നത്ത് നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് മാത്രം കരുതല്‍. ഇങ്ങനെകരുതിയാല്‍ ആ തയമ്മും ഉപയോഗിച്ച് ഫര്‍ള് നിസ്‌കാരം നിർവഹിക്കാവുന്നതല്ല . കാരണം, സന്നത്ത് നിസ്‌കാങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അയാള്‍ തയമ്മും കരുതിയത്.

4. ഫര്‍ളാണോ സന്നത്താണോ എന്നൊന്നും നിര്‍ണ്ണയിക്കാതെ, വ്യക്തമാക്കാതെ വെറും നിസ്‌കാരം എന്ന് മാത്രംകരുതുക. ഈയവസ്ഥയിലും മേല്‍പറഞ്ഞത് പോലെയാണ്. അഥവാ, സുന്നത്ത് നിസ്‌കാരങ്ങള്‍മാത്രമേ നിര്‍വ്വഹിക്കാവൂ.
അതുപോലെ ഒരാള്‍ ഖുര്‍ആന്‍ ഓതാന്‍ വേണ്ടി എന്ന നിയ്യത്തോടെ തയമ്മും ചെയ്താല്‍ അതുപയോഗിച്ച് നിസ്‌കരിക്കാന്‍ പറ്റുന്നതല്ല. ഖുര്‍ആന്‍ പാരായണം നടത്താന്‍ മാത്രമേ അത് ഉപകരിക്കുകയുള്ളു.

2. മണ്ണ് അടിച്ചെടുക്കുക. (കാറ്റടിച്ചതു മൂലം പൊടിമണ്ണ് മുഖത്താവുകയും അത് തടവുകയും ചെയ്‌താൽ തയമ്മും ആവുകയില്ല .കാരണം മണ്ണ് അടിച്ചെടുത്തിട്ടില്ല . ഒരാളുടെ സമ്മതത്തോടെ മറ്റൊരാൾ  തയമ്മും ചെയ്തു കൊടുത്താൽ മതിയാവുന്നതാണ് . സമ്മതം കൊടുത്തവൻ തന്നെ നിയ്യത്തു ചെയ്യണം )

3. മുഖം തടകുക.

4. രണ്ടാമതും മണ്ണ് അടിച്ചെടുത്ത് രണ്ടു കൈകളും മുട്ട് ഉള്‍പ്പടെ തടകുക.

5. ഈ കര്‍മങ്ങള്‍ ഈ പറഞ്ഞ ക്രമത്തില്‍ തന്നെ നിര്‍വഹിക്കുക.  


ശ്രദ്ധിക്കുക :-
ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള്വ് മാത്രമേ നിസ്‌ക്കരിക്കാവൂ.  അപ്പോള്‍ തയമ്മും ചെയ്ത് ജംആക്കി നിസ്‌ക്കരിക്കുന്നവര്‍ ഒരു നിസ്‌ക്കാരം കഴിഞ്ഞ് രണ്ടാമത്തെ നിസ്‌ക്കാരത്തിന് വേണ്ടിയും തയമ്മും ചെയ്യണം.  എന്നാല്‍ ഒരു തയമ്മും കൊണ്ട് ഒന്നിലധികം സുന്നത്ത് നിസ്‌ക്കാരങ്ങളും മയ്യിത്ത് നിസ്‌ക്കാരങ്ങളും നിര്‍വ്വഹിക്കാം.  വുളൂഇനു പകരം തയ്യമ്മും ചെയ്യുന്നതുപോലെ കുളിക്കു പകരവും തയമ്മും ചെയ്യാം. 


തയമ്മുമിന്‍റെ സുന്നത്തുകള്‍ 

             ഫര്‍ളുകള്‍ മാത്രം നിര്‍വഹിച്ചാല്‍ തന്നെ തയമ്മുമിന്‍റെ ചെറിയ രൂപമായി.എന്നാല്‍ വുളുവിനും കുളിക്കും എന്നപോലെ തയമ്മുമിനും ചില സുന്നത്തുകളുണ്ട്. അവ തയമ്മുമിനെ പൂര്‍ണതയില്‍ എത്തിക്കുന്നു.
തയമ്മുമിന്‍റെ സുന്നത്തുകള്‍ താഴെ പറയുന്നു.


1. " ബിസ്മില്ലാഹി ......... " എന്ന് ചൊല്ലിക്കൊണ്ട് തയമ്മും തുടങ്ങുക.

2. തയമ്മും ചെയ്യുമ്പോള്‍ ഖിബ് ലയെ അഭിമുഖീകരിക്കുക.

3. മുഖത്തിന്‍റെ മേല്‍ഭാഗം കൊണ്ട് തയമ്മും ചെയ്തു തുടങ്ങുക.

4. ഇടതു കയ്യിനേക്കാള്‍ വലതു കൈ മുന്തിക്കുക.

5. മണ്ണുപൊടി നേരിയതാവുക.

6. മണ്ണ് അരിച്ചെടുക്കുമ്പോള്‍ വിരലുകളെ അകറ്റിപ്പിടിക്കുക.

7. തയമ്മുമിന്‍റെ കര്‍മങ്ങള്‍ വഴിക്കുവഴിയായി നിര്‍വഹിക്കുക.