‎‎‎‎‎‎സുന്ദരിയെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നത് തെറ്റാണോ..?

ഞാന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടി സുന്ദരിയായിരിക്കണമെന്നത് എന്നെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമാണ്. തന്റെ ഈ ആവശ്യം തെറ്റാണോ എന്ന സംശയം ചോദിച്ചാണ് അവന്‍ എന്റെയടുക്കല്‍ എത്തിയത്...

 ഞാന്‍ ചോദിച്ചു: എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം..? എന്റെ ഈ ആഗ്രഹം ഉമ്മയോട് പറഞ്ഞപ്പോള്‍ സൗന്ദര്യത്തിന് ഊന്നല്‍ കൊടുക്കുന്നത് തെറ്റാണെന്നും പെണ്‍കുട്ടിയുടെ ദീനീനിഷ്ഠയും സല്‍സ്വഭാവവുമാണ് പ്രധാനമെന്നുമാണ് അവര്‍ പറഞ്ഞത്.

 ഞാന്‍ ചോദിച്ചു: ഈ രണ്ട് കാര്യങ്ങളും ഒരാളില്‍ തന്നെയുണ്ടാവുക പ്രയാസകരമാണോ? നമസ്‌കാരത്തിലും നോമ്പിലും നിഷ്ഠപുലര്‍ത്തുകയും സല്‍സ്വഭാവിയുമായതിനൊപ്പം തന്നെ നിന്റെ കാഴ്ച്ചപ്പാടില്‍ സൗന്ദര്യവുമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൂടേ..?

 അവന്‍ പറഞ്ഞു: അതില്‍ പ്രയാസമൊന്നുമില്ല. എന്നാല്‍ സൗന്ദര്യത്തിന് ഊന്നല്‍ കൊടുക്കരുതെന്നും അത് നീങ്ങിപ്പോകുന്നതാണെന്നുമാണ് എന്റെ ഉമ്മ പറയുന്നത്. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായമറിയാന്‍ ഞാനാഗ്രഹിക്കുന്നു.

 ഞാന്‍ പറഞ്ഞു: വിവാഹം കഴിക്കുന്ന വ്യക്തിയുടെ താല്‍പര്യവും ആഗ്രഹവും സാക്ഷാല്‍കരിക്കപ്പെടുമ്പോഴാണ് ദാമ്പത്യം വിജയകരമാകുന്നത്. താങ്കളുടെ കാഴ്ച്ചപ്പാടില്‍ സൗന്ദര്യം പ്രധാനമായിരിക്കുന്നിടത്തോളം സൗന്ദര്യമുള്ള പെണ്‍കുട്ടിയെ തന്നെയാണ് വിവാഹത്തിന് തെരെഞ്ഞെടുക്കേണ്ടത്...

 എന്നാല്‍ അതൊടൊപ്പം തന്നെ അവരുടെ ദീനും സ്വഭാവവും പരിഗണിക്കണം. വിവാഹമെന്നത് താല്‍ക്കാലികമായ ഒന്നല്ല, സ്ഥായിയായ ബന്ധമാണെന്ന് ഓര്‍ക്കണം. വിവാഹമെന്നത് തമാശയല്ല, മറിച്ച് ജീവിതത്തില്‍ സ്വസ്ഥതയും സന്തോഷവും കൈവരിക്കാനുള്ളതാണ്.

 അവന്‍ പറഞ്ഞു: സന്തോഷവും സ്വസ്ഥതയും ഉണ്ടാവാനാണ് സൗന്ദര്യമുണ്ടായിരിക്കണമെന്ന് ഞാന്‍ നിബന്ധന വെക്കുന്നത്. എന്നാല്‍ ‘നാല് കാര്യങ്ങള്‍ക്ക് വേണ്ടി സ്ത്രീ വിവാഹം ചെയ്യപ്പെടുന്നു. സമ്പത്ത്, തറവാട്, ഭംഗി, ദീന്‍. ദീനുള്ളവളെ കൊണ്ട് വിവാഹം ചെയ്ത് നീ വിജയിക്കുക.’ എന്ന ഹദീസ്‌ ഉദ്ധരിച്ചുകൊണ്ട് ഉമ്മ എന്നെ ഉപദേശിക്കുകയാണ്. 

 ഞാനവനോട് പറഞ്ഞു: നിങ്ങളുടെ ഉമ്മയുടെ ഉപദേശം ശരിയാണ്. എന്നാല്‍ യുവാക്കളുടെ സൗന്ദര്യത്തോടുള്ള താല്‍പര്യം പ്രവാചകന്‍ ﷺ റദ്ദാക്കിയിട്ടില്ല. മാത്രമല്ല, യുവാക്കള്‍ക്ക് സമ്പത്തിനോടും തറവാടിനോടുമുള്ള താല്‍പര്യം പോലെ സൗന്ദര്യത്തോടുമുള്ള താല്‍പര്യത്തെ മാനിക്കുകയും പരിഗണിക്കുകയുമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ദീനിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച കാണിക്കരുതെന്നും മറ്റെല്ലാറ്റിനേക്കാളും മുന്തിയ പരിഗണന അതിന് നല്‍കണമെന്നുമാണ് യുവാക്കളോട് ഈ ഹദീസില്‍ ആവശ്യപ്പെടുന്നത്.

 അവന്‍ പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ എന്റെ അഭിപ്രായത്തോടൊപ്പമാണ്, കാരണം ഞാന്‍ സൗന്ദര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്.

 ഞാന്‍ പറഞ്ഞു: അതെ, ഞാന്‍ നിനക്കൊപ്പമാണ്. കാരണം സൗന്ദര്യത്തോട് നിനക്കുള്ള താല്‍പര്യവും ആവശ്യവും ഉണ്ടായിരിക്കുന്നിടത്തോളം ഇണയോടുള്ള അടുപ്പവും ബന്ധവും വര്‍ധിപ്പിക്കുന്ന ഘടകമാണത്. അവളുടെ സൗന്ദര്യം നിന്നെ സന്തോഷിപ്പിക്കും, സാമ്പത്തികവും മാനസികവുമായ പിന്തുണ നിനക്ക് സ്വസ്ഥത നല്‍കും. അവള്‍ മക്കളെ പ്രസവിക്കുമ്പോള്‍ അവളുമായുള്ള ബന്ധത്തെയത് കൂടുതല്‍ ശക്തമാക്കും. 

  പ്രിയ പത്‌നി ഖദീജ(റ)യെ കുറിച്ച് നബി ﷺ പറഞ്ഞത് വളരെ പ്രസക്തമാണ്: ”ഖദീജയേക്കാള്‍ ഉത്തമയായ ഭാര്യയെ എനിക്ക് കിട്ടിയിട്ടില്ല. എന്റെ ജനത എന്നെ അവിശ്വസിച്ചപ്പോള്‍ അവര്‍ എന്നില്‍ വിശ്വസിച്ചു. അവര്‍ എന്നെ കളവാക്കി തള്ളിയപ്പോള്‍ ഖദീജ എന്നെ സത്യവാനായി അംഗീകരിച്ചു. മറ്റുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചപ്പോള്‍ അവരുടെ സമ്പത്ത് കൊണ്ട് എനിക്ക് ആശ്വാസം നല്‍കി. അല്ലാഹു ﷻ എനിക്ക് സന്താനങ്ങളെ സമ്മാനിച്ചത് അവരിലൂടെയാണ്.” 

 ഇവിടെ അവരുടെ സമ്പത്തിനെയും സന്താനങ്ങളെയും കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചതായി കാണാം. നിങ്ങള്‍ പറഞ്ഞതും നിങ്ങളുടെ ഉമ്മ പറഞ്ഞതും ശരിയാണ്. അതുകൊണ്ട് രണ്ട് കാര്യങ്ങളും ഒത്ത് ചേര്‍ന്നത് തെരെഞ്ഞെടുക്കാന്‍ നീ താല്‍പര്യം കാണിക്കണം.

 അവന്‍ പറഞ്ഞു: എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം പെണ്‍കുട്ടിയുടെ മുഖം സുന്ദരവും ശരീരം ആകര്‍ഷകവുമായിരിക്കണം. 

 ഞാന്‍ പറഞ്ഞു: നിന്റെ ആവശ്യം ന്യായമാണ്. ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുന്നിടത്ത് ഇമാം ഗസാലി (റ) സൗന്ദര്യത്തെ എടുത്ത് പറഞ്ഞിരിക്കുന്നതായി കാണാം. സൗന്ദര്യം നോക്കി സ്ത്രീകളെ വിവാഹം ചെയ്യരുതെന്ന് പറയുന്നത് ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍ സൗന്ദര്യം പരിഗണിക്കുന്നതിനെ അടച്ച് ആക്ഷേപിക്കുകയല്ല, മറിച്ച് ദീന്‍ ഒട്ടും പരിഗണിക്കാതെ സൗന്ദര്യം മാത്രം മുഖവിലക്കെടുക്കുന്നതിനെ കുറിച്ചാണത് പറയുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കാണുന്നത് പ്രവാചകന്‍ ﷺ പ്രോത്സാഹിപ്പിച്ചത് നമുക്ക് കാണാന്‍ സാധിക്കും.

 അവന്‍ പറഞ്ഞു: അല്ലാഹുﷻവിന് സര്‍വസ്തുതിയും. എന്റെ ആവശ്യം തെറ്റല്ലെന്ന് എനിക്ക് മനസ്സിലായി. 

 ഞാന്‍ പറഞ്ഞു: അതൊരു തെറ്റല്ല, കാരണം മനുഷ്യമനസ്സ് പൊതുവെ സൗന്ദര്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ്. നല്ല ശബ്ദം, നല്ല രൂപം, നല്ല വസ്ത്രം തുടങ്ങിയ എല്ലാം അവനെ ആകര്‍ഷിക്കുന്നു. പിന്നെ ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍ സൗന്ദര്യത്തെ എങ്ങനെ മാറ്റി നിര്‍ത്താനാവും. എന്നാല്‍ സൗന്ദര്യത്തിന് വേണ്ടി ദീനി നിഷ്ഠയെ അടിയറ വെക്കരുത്. അപ്രകാരം സമ്പത്തിനോ തറവാടിനോ മുന്‍ഗണന നല്‍കിയും ദീനിനെ അടിയറ വെക്കരുത്. മറിച്ച് ദീനിനും സല്‍സ്വഭാവത്തിനും കൂടെ അവ കൂടെയുണ്ടാവണമെന്ന് നിബന്ധന വെക്കാം.

കടപ്പാട്