ഭാര്യക്കു സമ്മാനമോ..?
എന്തേലും വാങ്ങിക്കണം എന്നു പറയുമ്പോ, നിനക്കിഷ്ടമുള്ളത് വാങ്ങിച്ചോ അല്ലെങ്കിൽ പിന്നെയാവട്ടെ എന്നൊക്കെ പറയുന്നതല്ലാതെ എനിക്കിഷ്ടപ്പെട്ടു എന്തെങ്കിലും വാങ്ങിച്ചു സമ്മാനമായി കൊടുത്തിട്ടില്ല ഇതുവരെ...
അങ്ങിനെ പറയുമ്പോ ചിലരു മുഖം ചുളിച്ചെന്നു വരാം...
ഭാര്യക്കു സമ്മാനമോ..?!
ഇവനൊന്നും വേറെ ഒരു പണിയുമില്ലേ.. എന്നൊക്കെ ചിന്തിക്കുന്നുണ്ടാവാം..
ശരിയാണ്...
ഞാനുമങ്ങിനെ തന്നെയാരുന്നു ഇന്നലെ വരെയും ചിന്തിച്ചത്...
മക്കൾക്ക് അവരാവശ്യപ്പെടാതെ തന്നെ പലതും വാങ്ങിച്ചു കൊടുക്കാറുണ്ടെങ്കിലും അവളെ പറ്റി ചിന്തിച്ചതേയില്ലായിരുന്നു...
പിന്നെ വാങ്ങിക്കാറുണ്ട്..
വീട്ടാവശ്യത്തിനുള്ള അരിയും മറ്റു സാധനങ്ങളും...
വല്യ കാര്യായ്പ്പോയി എന്നു പറയാതെ പറയുന്നുണ്ടാവും നിങ്ങളിൽ ആരെങ്കിലും.. എനിക്കറിയാം...
ഇനി കാര്യത്തിലേക്ക് വരാം...
ഇന്നലെ ഓഫീസ് സംബന്ധമായ ആവശ്യത്തിനു ടൌണിലേക്ക് പോവേണ്ടി വന്നപ്പൊ റോഡരികിലെ കൂറ്റൻ മാളിന് മുന്നിലെ കണ്ണാടിക്കൂട്ടിൽ ഡിസ്പ്ലേക്കു വെച്ചിരുന്ന പിങ്ക് ചുരിദാറിൽ കണ്ണൊന്നുടക്കി...
തിരികെ വരുമ്പോ വാങ്ങിക്കണം എന്നു മനസിൽ ഉറപ്പിക്കുകയും ചെയ്തു.
വിചാരിച്ചതിലും നെരത്തെ ജോലി കഴിഞ്ഞതു കൊണ്ടു ഒരു ഫ്രഷ് ജ്യൂസും കഴിച്ചു ഞാൻ അങ്ങോട്ടേക്കു വെച്ചു പിടിച്ചു...
പ്രതീക്ഷിച്ചതിലും കൂടുതൽ കാശായെങ്കിലും അതു സ്വന്തമാക്കുമ്പോ അറിയാത്തൊരു സന്തോഷമുണ്ടാരുന്നു മനസിൽ...
പാക്ക് ചെയ്തു ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞു വാങ്ങിച്ചു വണ്ടിയിൽ കയറുമ്പോ എങ്ങിനെയെങ്കിലും വീടെത്തിയാൽ മതിയെന്നാരുന്നു മനസ്സിൽ...
ചെന്നു കയറുമ്പോ എന്നിൽ നിന്നൊന്നും പ്രതീക്ഷിക്കാത്തതു കൊണ്ടു നിർജജീവമായ ഒരു ചിരിയെനിക്ക് സമ്മാനിച്ചു കൊണ്ടു അവൾ കിച്ചെനിലെക്കു പോയി...
മക്കൾക്കുള്ള പതിവു ക്വോട്ടയും കൊടുത്തു ഞാനും അടുക്കളയിലേക്കു നടന്നു...
സ്റ്റൗവിനു അഭിമുഖമായി നിന്നു പാത്രത്തിലേക്കു പാലൊഴിച്ചു തിളപ്പിക്കാനുള്ള ശ്രമത്തിലാരുന്നു അവൾ...
ശബ്ദമുണ്ടാക്കാതെ പിറകിലൂടെ ചെന്നു വട്ടം പിടിച്ചു ഞാനാ കവർ അവളുടെ കൈവെള്ളയിലേക്ക് വെച്ചു കൊടുത്തു..
ഒരു നിമിഷം..!!
അവൾ കവറിലേക്ക് നോക്കി...
പിന്നെ ആശ്ചര്യവും സന്തോഷവും കലർന്ന മുഖഭാവത്തൊടെ
എന്നെയും...
ശേഷം അതെന്താന്നു പോലും നോക്കാതെ നേരെയെന്റെ നെഞ്ചിലേക്കു ചാഞ്ഞു...
അപ്പൊഴെക്കും തിളപ്പിക്കാൻ വച്ചിരുന്ന പാൽ നുരഞ്ഞു പതഞ്ഞു പുറത്തേക്കൊഴുകാൻ തുടങ്ങിയിരുന്നു...
മനസ്സിലെ സന്തോഷവും പുറത്തേക്കൊഴുകി...
അവളുടെ നെറ്റിയെ ചുംബിച്ചു കൊണ്ടു ചേർത്തുപിടിച്ചു ഞാൻ അവളെ...
അവൾ എന്നെയും...
Post a Comment