അവളുടെ പിണക്കം മാറ്റുക

‎‎‎‎‎‎‎‎‎‎‎
       പരസ്പരം ഒരുമയോടെയും ഇണക്കത്തോടെയും ജീവിക്കണമെന്നാണ് ദമ്പതികൾ ആഗ്രഹിക്കുന്നത്... 

 പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും കഴിയുമ്പോൾ അതിനു സാധിക്കുന്നു. വ്യത്യസ്തമായ രണ്ടു പ്രദേശങ്ങളിൽ കഴിഞ്ഞിരുന്നവരാണ് ഒരു നിമിഷത്തിൽ വിവാഹമെന്ന സ്വപ്നത്തിലേക്കു കാലെടുത്തു വയ്ക്കുന്നത്. രണ്ട് പിതാക്കന്മാരുടെ മക്കളാണവർ. അവരുടെ ചിന്തകളിലും സ്വപ്നങ്ങളിലും സ്വഭാവങ്ങളിലുമെല്ലാം വിഭിന്നതയുണ്ടാവാം. എന്നാൽ ദാമ്പത്യജീവിതത്തിൽ ഇവ കണ്ടറിയാനുള്ള മാനസിക ഐക്യം രൂപപ്പെടണം. അപ്പോഴേ ദാമ്പത്യജീവിതം ഉലയാതെ, പതറാതെ മുന്നോട്ടു കൊണ്ടുപോവാനാവൂ...

 ഇങ്ങനെയൊക്കെയാണെങ്കിലും അസ്വാരസ്യങ്ങളും പ്രശ്നങ്ങളുമൊക്കെ ദാമ്പത്യത്തിൽ സ്വാഭാവികമാണ്. പരസ്പരം പിണങ്ങാത്ത ദമ്പതികൾ കുറവായിരിക്കും. മാതൃകാ ദമ്പതികളായ പുണ്യപ്രവാചകരുടെയും (ﷺ) അവിടുത്തെ പ്രിയപത്നികളുടെയും ഇടയിൽ വരെ മനുഷ്യസഹജമായ പ്രശ്നങ്ങളുണ്ടായതായിക്കാണാം. എന്നാൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ അത് പർവതീകരിക്കാതെ നോക്കേണ്ട ബാധ്യതയാണ് ഭാര്യാ ഭർത്താക്കന്മാർക്കുള്ളത്. ഭർത്താവിന്റെ ഭാഗത്തു നിന്നാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായിത്തീരുന്നത്.

 പുരുഷന്റെ ഭാഗത്തു നിന്നുണ്ടാവുന്ന പൊട്ടിത്തെറികൾ വിവാഹമോചനത്തിൽ വരെ കലാശിക്കാം. മുന്നോട്ട് വന്നശേഷം പിന്തിരിയുക, മുഖത്ത് സന്തോഷഭാവം പ്രകടമാക്കിയവൾ മുഖം ചുളിക്കുക, മാർദ്ദവസ്വരത്തിൽ സംസാരിച്ചിരുന്നവൾ പരുഷസ്വരത്തിൽ സംസാരിക്കുക മുതലായവ പിണക്കത്തിന്റെ അടയാളങ്ങളാകുന്നു...
  (ഫത്ഹുൽ മുഈൻ)