ഭാര്യയുടെ വസ്ത്രം, ചെരിപ്പ്

‎‎‎‎‎‎‎‎‎ 
       ഭാര്യയ്ക്കുള്ള വസ്ത്രവും ഭർത്താവിന്റെ മേൽ ബാധ്യതയാണ്. എല്ലാ ആറു മാസത്തിന്റെ ആരംഭത്തിലും ഭാര്യയ്ക്ക് തടിയിലും നീളത്തിലും മതിയാവുന്നവ വാങ്ങിക്കൊടുക്കൽ ഭർത്താവിന് (അവൻ ദരിദ്രനാണെങ്കിൽ പോലും) നിർബന്ധമാകുന്നു...

 ഖമീസ്വ് (നീളക്കുപ്പായം), അരയുടുപ്പ്, കാലുറ, മക്കന (അടിമസ്ത്രീക്കു പോലും മക്കന നിർബന്ധമാണ്), പാദരക്ഷ മുതലായവ വാങ്ങിക്കൊടുക്കണം അവൾ തട്ടവും തുണിയും ഉപയോഗിക്കൽ പതിവുള്ളവരിൽ പെട്ടതാണെങ്കിൽ ഖമീസ്വിനു പുറമെ അവ രണ്ടും വാങ്ങിക്കൊടുക്കൽ നിർബന്ധമാണെന്നാണ് ന്യായയുക്തമായ അഭിപ്രായം.

 പാദരക്ഷയുടെ ഇനത്തിൽ നാട്ടുനടപ്പാണ് പരിഗണിക്കേണ്ടത്. എങ്കിലുമവൾ വീട്ടിൽ നിൽക്കുമ്പോൾ കാലിലൊന്നും ധരിക്കൽ  പതിവില്ലാത്തവരിൽ പെട്ടവളാണെങ്കിൽ പാദരക്ഷ നിർബന്ധമല്ലെന്ന് ഇമാം മാവർദി (റ) പറഞ്ഞിട്ടുണ്ട്.
  (ഫത്ഹുൽ മുഈൻ) 

 'മേൽ പറയപ്പെട്ട വസ്ത്രത്തിനു പുറമെ തണുപ്പുള്ളപ്പോൾ അത് ശൈത്യകാലത്തല്ലെങ്കിലും ആവശ്യമായി വരുന്ന പുതപ്പും നിർബന്ധമാണ്. ശൈത്യകാലത്ത് പഞ്ഞി നിറച്ച ജുബ്ബ കൂടി നൽകണം. ഉഷ്ണരാജ്യങ്ങളിൽ തണുപ്പില്ലാത്ത ഘട്ടത്തിൽ അത് ശൈത്യകാലത്താണെങ്കിൽ പോലും പുതപ്പിനു പകരം മേൽ തട്ടമോ തത്തുല്യമായതോ കൊടുക്കേണ്ടതാണ്. അവൾ തണുപ്പില്ലാത്തപ്പോൾ സാധാരണ വസ്ത്രത്തിനു പുറമെ മേൽപ്പുടവ കൂടി ധരിക്കൽ പതിവുള്ളവരിലോ വസ്ത്രം അഴിച്ച് മേൽപ്പുടവ മാത്രം ധരിച്ച് ഉറങ്ങൽ പതിവുള്ളവരിലോ പെട്ടവളാണെങ്കിലാണിത്. ഉറങ്ങാൻ മേൽപ്പുടവ ധരിക്കൽ പതിവുള്ളവളല്ലെങ്കിൽ ഇതു നിർബന്ധമില്ല. ഉറങ്ങുമ്പോൾ വസ്ത്രം മാറ്റൽ പതിവുള്ളതാണെങ്കിൽ അതിനുള്ള വസ്ത്രം കൊടുക്കൽ നിർബന്ധമാണെന്ന് ഫുഖഹാക്കൾ ചിലർ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഭർത്താവിന്റെ കഴിവും കഴിവില്ലായ്മയും അനുസരിച്ച് വസ്ത്രത്തിന്റെ മികവിലും മികവില്ലായ്മയിലും വ്യത്യാസമുണ്ടാവാം. വസ്ത്രത്തിന്റെ അനുബന്ധങ്ങളായ കുപ്പായക്കുടുക്ക്, കാലുറ കെട്ടുന്ന ചരട്, നൂൽ, തുന്നൽക്കൂലി മുതലായവയും നിർബന്ധമാണ്. ഉറങ്ങുവാനുള്ള വിരിപ്പും തലയിണയും കട്ടിലിൽ ഉറങ്ങി ശീലിച്ചവളാണെങ്കിൽ കട്ടിലും കൊടുക്കൽ നിർബന്ധം തന്നെ'
  (ഫത്ഹുൽ മുഈൻ)