വിവാഹ മോചനം

ഉപദേശം, കിടപ്പറയിൽ വെടിയൽ, അടിക്കൽ, ഉഭയകക്ഷി ചർച്ച എന്നിവ കൊണ്ടും പരിഹാരമായില്ലെങ്കിൽ മാത്രമേ വിവാഹമോചനത്തെക്കുറിച്ചു ചിന്തിക്കാവൂ...

 മേൽപ്പറഞ്ഞ പരിഹാര മാർഗ്ഗങ്ങൾ അവലംബിച്ചിട്ടും വഴങ്ങാത്ത സ്ത്രീയെ എന്തു ചെയ്യും.? അവളുമൊത്തുള്ള ജീവിതം പിന്നെ മുന്നോട്ടു കൊണ്ടുപോവുക പ്രയാസകരമായിരിക്കും. അത്തരമൊരു നിർബന്ധിത സാഹചര്യത്തിൽ മാത്രമാണ് വിവാഹമോചനം പരിഹാരമാവുന്നത്. 

 വളരെ ആലോചിച്ചും ചിന്തിച്ചും മാത്രം ഉപയോഗിക്കേണ്ടതാണ് വിവാഹമോചനമെന്ന ആയുധം. ഒരു വെട്ടിന് രണ്ട് എന്ന തരത്തിൽ എടുത്തുപയോഗിക്കാനുള്ളതല്ല അത്. വളരെ മാന്യമായും സാവകാശമായും മാത്രമേ അതുപയോഗിക്കാവൂ അല്ലെങ്കിൽ പിന്നീട് ഖേദത്തിലാവും കലാശിക്കുക. എടുത്തു ചാട്ടം കൊണ്ട് മൂന്ന് ത്വലാഖ് ചൊല്ലിപ്പോയി ഖേദത്തിൽ കഴിയുന്ന ഭർത്താക്കന്മാർ നിരവധിയുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണിന്ന്.

 ഒരിക്കലും ഒന്ന് രണ്ടാവുന്നതിനോട് ഇസ്ലാമിനു യോജിപ്പില്ല. ദമ്പതികളുടെ കാര്യത്തിൽ പ്രത്യേകിച്ചും ഇരുമെയ്യാണെങ്കിലും ഒരു മനവുമായിക്കഴിഞ്ഞവർ അല്ലറ ചില്ലറ അസ്വാരസ്യങ്ങളുടെയും പ്രശ്നങ്ങളുടെയും പേരിൽ രണ്ട് വഴിക്കാവുക എന്നത് അചിന്തനീയമാണല്ലോ.. അതുകൊണ്ട് തന്നെ ഇസ്ലാം വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുകയാണ്.

 നബി ﷺ പറഞ്ഞു: അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുﷻവിന് ഏറ്റവും കോപമുള്ളതാണ് വിവാഹമോചനം.
  (അബൂദാവൂദ്) 

 ത്വലാഖിന്റെ നിയമപരമായ വശം ഇങ്ങനെയാണ്: 

 *ഒന്ന്:* കറാഹത്ത്. കാരണം കൂടാതെ വിവാഹബന്ധം വേർപ്പെടുത്തൽ അനുവദനീയമാണെങ്കിലും അഭിലഷണീയമല്ല; കറാഹത്താണ്.

 *രണ്ട്:* ഹറാം. ഉദാഹരണം: തന്റെ മരണശേഷം ഭാര്യയെ വിവാഹമോചനം നടത്തുക ഇത് നിഷിദ്ധമാണ്. 

 ബിദഈ ത്വലാഖ്. 1) ആർത്തവ കാലത്തോ പ്രസവരക്തകാലത്തോ വിവാഹമോചനം നടത്തുക.
 2) ഗർഭധാരണത്തിനു  സാധ്യതയുള്ളവളുമായി ബന്ധപ്പെട്ട ശുദ്ധി കാലത്ത് വിവാഹമോചനം നടത്തുക ഇക്കാര്യങ്ങളിൽ ത്വലാഖ് നിഷിദ്ധമാണ്; കുറ്റകരമാണ് പക്ഷേ സാധുവാവുകയും വേർപ്പെടുകയും ചെയ്യും.

 *മൂന്ന്:* വുജൂബ് (നിർബന്ധം) ഉദാഹരണം: ഭാര്യയുമായി ബന്ധപ്പെടില്ലെന്ന് ഭർത്താവ് ശപഥം ചെയ്തു (ഈലാഅ്) നാലു മാസത്തിനുശേഷം ഭാര്യ ആവശ്യപ്പെട്ടിട്ടും ശപഥത്തിൽ നിന്നു പിന്മാറാനോ വിവാഹബന്ധം വേർപ്പെടുത്താനോ ഭർത്താവ് തയാറല്ല. എന്നാൽ ഖാസി നിർബന്ധപൂർവ്വം ത്വലാഖ് ചൊല്ലിക്കണം. 

 *നാല്:* സുന്നത്ത്. ഉദാഹരണം: 
1) ഭാര്യയുടെ അവകാശങ്ങൾ നിറവേറ്റിക്കൊടുക്കാൻ കഴിയാതെ വരിക.
 2) ഭാര്യ ചാരിത്ര്യവതി അല്ലാതിരിക്കുക.
 3) മാതാവോ പിതാവോ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുക എന്നാൽ തന്നെ വിഷമിപ്പിക്കാൻ വേണ്ടി മാത്രം ദുർവാശി പിടിച്ചുകൊണ്ടാവരുത്. 

 യോജിപ്പിന്റെ സർവകവാടങ്ങളും അടയുമ്പോഴുള്ള അനിവാര്യഘട്ടത്തിൽ ത്വലാഖ് ചൊല്ലുകയാണെങ്കിൽ തന്നെ അത് അവധാനതയോടെയായിരിക്കണം. ക്ഷിപ്രകോപവും ഭാര്യയെ പാഠം പഠിപ്പിക്കലുമൊന്നുമാവരുത്. ലക്ഷ്യങ്ങൾ ത്വലാഖിന്റെ മൂന്നു ഘട്ടവും ഒന്നിച്ച് ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവരുത്. മുന്നും ഒന്നിച്ചു ചൊല്ലിയാൽ പിന്നെ ഒരുപക്ഷേ ഖേദിക്കേണ്ടി വരും. ഓരോന്നായി ചൊല്ലിയാൽ ഒരു പക്ഷേ ഭാര്യയിലോ ഭർത്താവിലോ മാറ്റങ്ങൾ വന്നാൽ തിരിച്ചെടുക്കാനുള്ള അവസരമുണ്ട്. അപ്പോൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ് ത്വലാഖ് എന്നർത്ഥം.

 ത്വലാഖ് ചൊല്ലുമ്പോൾ ഒന്നു കൊണ്ട് മതിയാക്കണം. അതാണ് സുന്നത്ത്...
  (ഫത്ഹുൽ മുഈൻ) 

 ഒരാൾ തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയത് അറിഞ്ഞപ്പോൾ നബിﷺതങ്ങൾ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പറഞ്ഞു: ഞാൻ നിങ്ങൾക്കിടയിലുണ്ടായിരിക്കെ അല്ലാഹുവിന്റെ കിതാബ് കൊണ്ടവൻ കളിക്കുകയോ..? നബിﷺതങ്ങളുടെ ദേഷ്യം കണ്ടപ്പോൾ ഒരാൾ എഴുന്നേറ്റു കൊണ്ട് ചോദിച്ചു: നബിയേ, ഞാൻ അവനെ വധിക്കട്ടെയോ..? 
  (നസാഈ) 

 ഒന്ന് കൊണ്ട് മതിയാക്കുമ്പോൾ പൂർവബന്ധം പുനഃസ്ഥാപിക്കാൻ അവസരമൊരുങ്ങുന്നത് ചെറിയ കാര്യമല്ലല്ലോ 'അവരുടെ ഭർത്താക്കളാണ് മടക്കൽ കൊണ്ട് ഏറ്റവും ബന്ധപ്പെട്ടവർ' (ഖുർആൻ: ബഖറ 228) എന്നു ഖുർആൻ പറയുന്നു 'നിങ്ങൾ സ്ത്രീകളെ വിവാഹമോചനം നടത്തി അവധി (ഇദ്ദ) പൂർത്തിയായിക്കഴിഞ്ഞാൽ അവരുടെ ആ ഭർത്താക്കളെ വിവാഹം ചെയ്യുന്നതിൽ നിന്ന് നിങ്ങൾ അവരെ തടയരുത് ' (ഖുർആൻ: ബഖറ 232) 

 മഅ്ഖലുബ്നു യാസിർ (റ) വിന്റെ സഹോദരിയെ ഭർത്താവ് വിവാഹമോചനം നടത്തി. ഇദ്ദാ കാലം കഴിഞ്ഞു വീണ്ടും സഹോദരിയെ പൂർവഭർത്താവ് വിവാഹാന്വേഷണം നടത്തി അപ്പോഴാണ് പ്രസ്തുത സൂക്തമിറങ്ങുന്നത്...
  (അബൂദാവൂദ്)

 ബന്ധം പുനഃസ്ഥാപിച്ചശേഷം വീണ്ടും പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ മുൻ നടപടിക്രമങ്ങൾ (ഉപദേശം, കിടപ്പറ വെടിയൽ, അടി, ഉഭയകക്ഷി സംഭാഷണം) സ്വീകരിക്കണം വേറെ മാർഗമില്ലെങ്കിൽ അപ്പോഴും ത്വലാഖ് ചൊല്ലണം. ഒന്നിൽ ചുരുക്കിയാൽ ഇങ്ങനെ ബന്ധം പുനഃസ്ഥാപിക്കാൻ അവസരം ലഭിക്കും. ഇസ്ലാം മൂന്നു ത്വലാഖ് നിർണയിച്ചത് ഈ അവസരമൊരുക്കലിനു വേണ്ടിയാണ് ഖുർആൻ പറയുന്നു: 'ത്വലാഖ് രണ്ടു തവണയാവുന്നു പിന്നെ നല്ല വിധത്തിൽ പാർപ്പിക്കുകയോ നല്ല നിലയ്ക്ക് പിരിച്ചയയ്ക്കുകയോ ചെയ്യണം നിങ്ങൾ ഭാര്യമാർക്കു കൊടുത്തതിൽ നിന്ന് (മഹ്ർ) യാതൊന്നും തിരിച്ചു പിടിക്കാൻ നിങ്ങൾക്ക് അനുവാദമില്ല. അല്ലാഹുവിന്റെ പരിധികൾ പാലിക്കില്ലെന്നു ദമ്പതിമാർ ഭയപ്പെടുന്നുവെങ്കിൽ, അഥവാ അവർ ദൈവികപരിധികൾ പാലിക്കില്ലെന്ന് നിങ്ങൾക്ക് ശങ്കയുണ്ടെങ്കിൽ അവർ പ്രായശ്ചിത്തം നൽകുന്നതിൽ അവർക്ക് കുറ്റമൊന്നുമില്ല ഇതെല്ലാം അല്ലാഹുവിന്റെ അതിരുകളാവുന്നു അവയെ ആര് മറികടന്നുവോ അക്കൂട്ടർ തന്നെയാണ് അക്രമികൾ ' 
  (ഖുർആൻ: ബഖറ 229) 

 ഒരിക്കൽ ഒരു അൻസ്വാരി സ്വഹാബി തന്റെ ഭാര്യയോടു പറഞ്ഞത്രെ: 'ഞാൻ നിന്നെ പാർപ്പിക്കില്ല; എന്നാൽ പറഞ്ഞു വിടുകയുമില്ല' അവൾ ചോദിച്ചു: 'അതെങ്ങനെ..?' 'നിന്നെ ഞാൻ ത്വലാഖ് ചൊല്ലും ഇദ്ദ തീരും മുമ്പ് തിരിച്ചെടുക്കും വീണ്ടും ഇതാവർത്തിച്ചു കൊണ്ടിരിക്കും നൂറെണ്ണം ചൊല്ലേണ്ടി വന്നാലും ഞാൻ നിന്നെ വിടില്ല' പരാതിയുമായി സ്ത്രീ നബി ﷺ തങ്ങളെ സമീപിച്ചു. ത്വലാഖിനെ നിയന്ത്രിച്ചു കൊണ്ടുള്ള മേൽ സൂക്തം അവതരിപ്പിക്കുകയും ചെയ്തു...
  (നസാഈ) 

 മൂന്നാമതും വിവാഹബന്ധം വേർപ്പെടുത്തിയാൽ പിന്നെ തിരിച്ചെടുക്കാൻ പാടില്ല. തിരിച്ചെടുക്കണമെങ്കിൽ മറ്റൊരാൾ അവളെ വിവാഹം ചെയ്ത് അവർ തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം അയാൾ വിവാഹമോചനം നടത്തുകയും ഇദ്ദ കഴിയുകയും ചെയ്യണം. (ഇനി മൂന്നാമതും) അവളെ ഞാൻ വിവാഹബന്ധം വേർപ്പെടുത്തിയാൽ ശേഷം മറ്റൊരു പുരുഷൻ അവളെ വേൾക്കുന്നതു വരെ ബന്ധം വേർപ്പെടുത്തിയവന് അവൾ അനുവദനീയമല്ല എന്നാൽ രണ്ടാമൻ അവളെ വിവാഹമോചനം നടത്തിയാൽ ആദ്യഭർത്താവിനും അവൾക്കും പരസ്പരം (വിവാഹബന്ധത്തിലേക്ക്) മടങ്ങുന്നതിനു വിരോധമില്ല. അല്ലാഹുവിന്റെ നിയമങ്ങളെ അവർ നിലനിർത്തുമെന്ന് കരുതുന്നുണ്ടെങ്കിൽ ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാണ്. ഗ്രഹിക്കുന്ന ജനതയ്ക്ക് ഇതെല്ലാം അവൻ വിശദമാക്കിക്കൊടുക്കുന്നു...
  (ബഖറ 230) 

 ആഇശ (റ) പറയുന്നു: രിഫാഅത്തുൽ ഖുറളി (റ) യുടെ ഭാര്യ നബിﷺയുടെ അടുത്ത് വന്നുകൊണ്ട് പറഞ്ഞു: ഞാൻ രിഫാഅയുടെ ഭാര്യയായിരുന്നു. അദ്ദേഹം എന്നെ പറ്റെ (മൂന്ന്) ത്വലാഖ് ചൊല്ലി. അതിനു ശേഷം അബ്ദുറഹ്മാനുബ്നു സുബൈറുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ ലൈംഗികാവയവം തുണിക്കോന്തല പോലെയാണ്. നബി ﷺ ചോദിച്ചു: നീ രിഫാഅയിലേക്ക് തന്നെ മടങ്ങാൻ ആഗ്രഹിക്കുന്നുവോ..? എന്നാൽ രണ്ടാമത്തെ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ അതു സാധ്യമല്ല...
  (ബുഖാരി, മുസ്ലിം) 

 മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയാൽ അത് മൂന്നായാണോ അതോ രണ്ടായാണോ ഗണിക്കുക എന്ന വിഷയത്തിൽ കർമശാസ്ത്രപണ്ഡിതരുടെ പക്ഷം എങ്ങനെയെന്നു നോക്കാം... 

 മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയാൽ അത് മൂന്നായിത്തന്നെ കണക്കാക്കുമെന്നാണ് നാല് മദ്ഹബിന്റെ ഇമാമുകളും അഭിപ്രായപ്പെടുന്നത്. എന്നാൽ മൂന്നും ഒന്നിച്ചു ചൊല്ലൽ നിഷിദ്ധമാണെന്ന് ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) എന്നിവർ അഭിപ്രായപ്പെടുന്നു. ഇമാം ശാഫി (റ) പറയുന്നത് അത് സുന്നത്തിനെതിരാണെന്നാണ്... 

 ഇബ്നു അബ്ബാസ് (റ) വിനെ ഒരാൾ സമീപിച്ച് തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലി എന്നു പറഞ്ഞു. അൽപ്പനേരത്തെ മൗനത്തിനു ശേഷം ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നിങ്ങളിൽ ഒരാൾ വിഡ്ഢിത്തം പ്രവർത്തിക്കും എന്നിട്ട് പിന്നെ ഇബ്നു അബ്ബാസ്, ഇബ്നു അബ്ബാസ് എന്നു വിളിച്ചു കൊണ്ടു വരും നിശ്ചയം; അല്ലാഹു ﷻ പറഞ്ഞിരിക്കുന്നു; ആരെങ്കിലും അല്ലാഹുﷻവിനെ സൂക്ഷിച്ചാൽ അവന്ന് അല്ലാഹു ﷻ മോചനമാർഗം കാണിച്ചു കൊടുക്കും എന്ന്. നീ അല്ലാഹുﷻവിനെ സൂക്ഷിച്ചില്ല നീ നിന്റെ റബ്ബിന്റെ നിയമം ലംഘിച്ചു. നിന്റെ ഭാര്യ നിന്നിൽ നിന്ന് വേർപ്പെട്ടു...
  (അബൂദാവൂദ്)