റജബ് 17 ആണ്ട് : നാട്ടിക ഉസ്താദിനെ അനുസ്മരിച്ച് മകന്റെ ഹൃദയസ്പർശിയായ കുറിപ്പ്
"നാട്ടികയുടെ മകനാണെന്ന്" കൂടെയുള്ളവർ പരിചയപ്പെടുത്തികൊടുക്കുമ്പോൾ അണച്ചു പിടിച്ചു സ്നേഹം പങ്കിടുന്നവർ, തൊട്ടു മുമ്പത്തെ നിമിഷം വരെ തീർത്തും അപരിചിതരായവർ നിമിഷ നേരം കൊണ്ട് സുപരിചിതരാകുന്നതും , സ്വന്തക്കാരാകുന്നതും ഒരു കാലത്തു വാപ്പ ചെയ്ത നിസ്വാർത്ഥമായ ദീനി പ്രബോധനപ്രവർത്തനങ്ങളുടെ ഫലം ഞങ്ങൾ ആസ്വദിക്കുകയും അനുഭവിക്കുകയുമാണെന്ന് തിരിച്ചറിയുമ്പോൾ ഇസ്ലാമിന്ന് വേണ്ടി പ്രവർത്തിച്ചാൽ ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്നു പിറകിൽ നിന്ന് ആരോ പ്രോത്സാഹിപ്പിക്കുന്നത് പോലെ .
പ്രിയപ്പെട്ട_വാപ്പ.
ഉമ്മ ,ഉപ്പ, വലിയുമ്മ നാലു ആണ്മക്കൾ ഒരു പെൺകുട്ടി,വലിയ മകന്റെ ഭാര്യ - പതിനെട്ടു വർഷങ്ങൾക്ക് മുമ്പ് വാപ്പയുടെ അവസാന കാലത്ത് ഇവരൊക്കെയായിരുന്നു ഞങ്ങളുടെ കുടുംബാംഗങ്ങൾ. ഉമ്മയെ ബഹുമാനിച്ചും ഭാര്യയെ പരിഗണിച്ചും മക്കളെ ലാളിച്ചും എല്ലാവരെയും സംതൃപ്തിപ്പെടുത്തിയും കഴിയുന്ന വാപ്പയിലൂടെ ഒരു മാതൃകാ കുടുംബനാഥനെ നേരിട്ടനുഭവിച്ചു പഠിക്കുകയായിരുന്നു ഞങ്ങൾ .
പലരും സ്മരിക്കാറുള്ളത് പോലെ പൊതുപരിപാടികളുടെ ബാഹുല്യം കാരണത്താൽ പലപ്പോഴും വീട്ടിൽ ഒരു അതിഥിയുടെ റോൾ ആയിരുന്നു വാപ്പാക്ക് ഉണ്ടായിരുന്നത് .
എങ്കിലും വീട്ടിലുള്ള സമയത്ത് മക്കളോടൊത്ത് കളിച്ചും കളിപ്പിച്ചും ചിരിച്ചും ചിരിപ്പിച്ചും കൂടെ കൂടി ഒരു കൂട്ടുകാരൻ ആവാനായിരുന്നു വാപ്പാക് താല്പര്യം . അതിനാൽ ഒരു മണിക്കൂർ കൊണ്ട് തന്നെ ഒരു ദിവസം വാപ്പാനെ കിട്ടിയ തോന്നൽ മക്കളിൽ ഉണ്ടാക്കാൻ വാപ്പാക് സാധിച്ചിരുന്നു .അക്കാരണത്താൽ തന്നെ ആയിരിക്കണം വാപ്പ വീട്ടിൽ ഉണ്ടെന്ന് ഞങ്ങൾ മക്കളെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്നതായിരുന്നില്ല .പകരം ആനന്ദദായകവും ആവേശം നൽകുന്നതുമായിരുന്നു .
കെട്ടിപിടിച്ചു ഉമ്മ വെക്കുകയും അണച്ചു പിടിച്ചു കൂടെ കിടത്തുകയും നെഞ്ചിൻ ചൂട് മക്കളിലേക്ക് പകർത്തുകയും എല്ലാവരെയും ഒരുമിച്ചിരുത്തി തിന്നാൻ സ്നേഹപൂർവ്വം നിർബന്ധിച്ചു വയറു നിറയും വരെ ഭക്ഷണം വിളമ്പി തരികയും വീട്ടിലുള്ളപ്പോൾ ജമാഅത് ആയി നിസ്കരിച്ച് ഇമാമത്ത് നിൽക്കുകയും പഠനനിലവാരം പരിശോധിച്ചു ഉറപ്പ് വരുത്തുകയുമൊക്കെ ചെയ്തിരുന്ന വാപ്പ തന്നെ അത്യാവശ്യ സാഹചര്യങ്ങളിൽ കർക്കശക്കാരനാവുകയും വടിയെടുക്കുകയും ചെയ്തിട്ടുണ്ട് .
തന്നെ സന്ദർശിക്കാൻ വരുന്നത് ആരുമായിക്കൊള്ളട്ടെ - പൗരപ്രമുഖനോ രാഷ്ട്രീയക്കാരനോ സമ്പന്നനോ ഇതര മതസ്ഥനോ പണ്ഡിതനോ പാവപ്പെട്ടവനോ- ആരായാലും മക്കൾ അവരുമായി ഇടപഴകുന്നതിന് വാപ്പ ഒരു നിയന്ത്രണം വെച്ചതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല .ചില സമയങ്ങളിൽ അവരുടെ അടുത്തേക്ക് ഞങ്ങളെ വിളിക്കുകയും പരിചയപ്പെടുത്തികൊടുക്കുകയും പേരും പഠിക്കുന്ന ക്ലാസ്സുമൊക്കെ വാപ്പ തന്നെ പറയുകയോ ഞങ്ങളെ കൊണ്ട് പറയിപ്പിക്കുകയോ ഒക്കെ ചെയ്യുമായിരുന്നു .അതു കൊണ്ട് തന്നെ പലപ്പോഴും വാപ്പയുടെ സ്ഥിരം സന്ദർശകർ ഞങ്ങളുടെ കൂടി പരിചയക്കാരും അടുപ്പക്കാരുമായി തീരുകയായിരുന്നു. വൈകിയാണെങ്കിലും വരുമെന്നറിഞ്ഞാൽ ഉറക്കമൊഴിച്ചും ഞങ്ങൾ കാത്തിരിക്കും .ഇതു വരെ ഞങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നിട്ടുമില്ല. ഞങ്ങൾ പ്രതീക്ഷിക്കും പോലെ തന്നെ പലഹാരങ്ങളുടെയോ മധുര പാനീയങ്ങളുടെയോ ഓക്കേ കവറുമായിട്ടായി
രിക്കും വാപ്പ കയറി വരിക .മിക്കവാറും വാപ്പ തന്നെയായിരിക്കുംഓഹരി വെച്ച് എല്ലാവർക്കും തുല്യമായി എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക .
വാപ്പ ഞങ്ങളെ അതിരറ്റ് സ്നേഹിച്ചിരുന്നു. ഞങ്ങൾ തിരിച്ചു വാപ്പാനെയും . വാപ്പ ഞങ്ങളുടെ സ്വകാര്യസ്വത്ത് ആണെന്ന് ഭാവിക്കുകയും വാപ്പയുടെ മകനായതിൽ അഭിമാനിക്കുകയും ചെയ്തിരുന്നു .എന്നാൽ മരണശേഷം ഞങ്ങൾ തിരിച്ചറിഞ്ഞ ഒരു വസ്തുതയുണ്ട് , ഞങ്ങൾ വാപ്പാനെ സ്നേഹിച്ച അത്രയോ ഒരു പക്ഷെ അതിനെക്കാളുമൊക്കെ എത്രയോ അധികം വാപ്പയെ സ്നേഹിച്ചവർ പുറത്തുണ്ടായിരുന്നു . വാപ്പയുടെ ശിഷ്യനായതിൽ അഭിമാനിക്കുന്നവർ,വീട്ടിൽ വന്നു ഭക്ഷണം കഴിച്ചതിൽ ആനന്ദിക്കുന്നവർ ,മരണശേഷം ഒരുപാട് ദിവസം തുടർച്ചയായി വീട്ടിൽ വന്നു സമാശ്വസിപ്പിച്ചവർ, ഇപ്പോഴും "നാട്ടികയുടെ മകനാണെന്ന്" കൂടെയുള്ളവർ പരിചയപ്പെടുത്തികൊടുക്കുമ്പോൾ അണച്ചു പിടിച്ചു സ്നേഹം പങ്കിടുന്നവർ, തൊട്ടു മുമ്പത്തെ നിമിഷം വരെ തീർത്തും അപരിചിതരായവർ നിമിഷ നേരം കൊണ്ട് സുപരിചിതരാകുന്നതും , സ്വന്തക്കാരാകുന്നതും ഒരു കാലത്തു വാപ്പ ചെയ്ത നിസ്വാർത്ഥമായ ദീനി പ്രബോധനപ്രവർത്തനങ്ങളുടെ ഫലം ഞങ്ങൾ ആസ്വദിക്കുകയും അനുഭവിക്കുകയുമാണെന്ന് തിരിച്ചറിയുമ്പോൾ ഇസ്ലാമിന്ന് വേണ്ടി പ്രവർത്തിച്ചാൽ ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്നു പിറകിൽ നിന്ന് ആരോ പ്രോത്സാഹിപ്പിക്കുന്നത് പോലെ .
2001 ഒക്ടോബർ 2 ചൊവ്വാഴ്ച്ച ഗാന്ധിജയന്തി അവധി ദിവസത്തിൽ മഞ്ചേരിയിലുള്ള വാപ്പയെ ചികിൽസിക്കുന്ന സ്ഥലത്ത് ഞങ്ങൾ മക്കൾ പോയി കണ്ടു.ചെറിയ ഇടവേളയ്ക്കു ശേഷമുള്ള കാഴ്ചയായിരുന്നു അത്.അജ്മീർ സന്ദർശനം കഴിഞ്ഞ് ആശുപത്രിയിൽ പോയതായിരുന്നു ചികിത്സ സ്ഥലം രഹസ്യമായിരുന്നു.തിരക്കുകൾ ഒഴിവാക്കാനായി ആരും അങ്ങോട്ട് പോകാറില്ലായിരുന്നു.മക്കളെ മടിയിലിരുത്തിയും തമാശ പറഞ്ഞും കുറച്ച് നേരം ചെലവഴിച്ചു.ദാറുൽ ഹികമിനെ കുറിച്ച് സത്യധാരയിൽ വന്ന ഫീച്ചർ വായിച്ച് സന്തോഷം പ്രകടിപ്പിച്ചു.പിന്നെ രണ്ടാം ദിവസം ഒക്ടോബർ 4 വ്യാഴം മയ്യിത്താണ് ഞങ്ങൾ കാണുന്നത്.
ആ മഹാമനീഷിയുടെ സകല സൽകർമങ്ങളും നാഥൻ സ്വീകരിക്കുമാറാകട്ടെ ,പാപങ്ങൾ പൊറുത്തു കൊടുക്കുമാറാകട്ടെ ,സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ - ആമീൻ
Post a Comment